Monday, June 17, 2019 Last Updated 15 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 04.05 PM

മകന്‍ എന്നും ചിരിച്ചുകൊണ്ട് ഉറങ്ങണം

മലയാളി മനസുള്ള ആന്ധ്രാസ്വദേശിനി രോഹിണിയുടെ ജീവിതം
uploads/news/2018/01/181748/Weeklyrohini080118b.jpg

പഞ്ചായത്ത് ഓഫീസറായിരുന്ന അപ്പാ റാവൂ നായിഡുവിന്റെ മനസില്‍ ചെറുപ്പം മുതല്‍ക്കേ അഭിനയമോഹം കലശലായിരുന്നു. ചാന്‍സുകള്‍ ചോദിച്ച് പോകാത്ത സ്ഥലങ്ങളില്ല. എന്നാല്‍ എവിടെയും അദ്ദേഹത്തിന് അനുകൂലമായ മറുപടികള്‍ കിട്ടിയില്ല.

എങ്കിലും സിനിമ തന്നെ വിളിക്കുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം ലൊക്കേഷനുകളിലേക്കുള്ള യാത്ര തുടര്‍ന്നു. ഒരിക്കല്‍ ലൊക്കേഷനിലേക്ക് പോകുമ്പോള്‍ ആറ് വയസുകാരിയായ മകളും ഒപ്പമുണ്ടായിരുന്നു.

കുഞ്ഞുടുപ്പിട്ട് അച്ഛന്റെ കൈയില്‍ തൂങ്ങി വന്ന ആ പെണ്‍കുട്ടിയെ കണ്ടിഷ്ടപ്പെട്ട അണിയറപ്രവര്‍ത്തകര്‍ അടുത്ത സിനിമയിലേക്ക് അവളെ സെലക്ട് ചെയ്തു. ഒരായുഷ്‌ക്കാലത്തെ സ്വപ്നം തന്റെ മകളിലൂടെ സാധിച്ചതോര്‍ത്തപ്പോള്‍ ആ അച്ഛനും സന്തുഷ്ടനായി.

ഇതൊന്നുമറിയാതെ അച്ഛനൊപ്പം നിന്ന കുട്ടിയാണ് പിന്നീട് മലയാളസിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ രോഹിണി. മാതൃഭാഷ തെലുങ്കാണെങ്കിലും മലയാളത്തെ അത്രകണ്ട് സ്‌നേഹിച്ച ഈ പെണ്‍കുട്ടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു.

ശാരദയ്ക്ക് ശേഷം മലയാളസിനിമയില്‍ സ്വീകാര്യത കിട്ടിയ തെലുങ്ക്‌നടികൂടിയാണ് രോഹിണി . അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ്, സാമൂഹികപ്രവര്‍ത്തക എന്നീ റോളുകള്‍ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന രോഹിണിയുമായി ഒരു സല്ലാപം.

മലയാളികളുടെ പ്രിയനായികയായിരുന്ന കാലം?


കാമ്പുള്ള കഥകളും കരുത്തുറ്റ കഥാപാത്രങ്ങളും കാതിന് ഇമ്പമേകുന്ന ഗാനങ്ങളുമടങ്ങിയ സുവര്‍ണകാലഘട്ടമായിരുന്നു മലയാളസിനിമയില്‍ അന്ന്. ഇപ്പോഴത്തെ മലയാള സിനിമ മോശമാണെന്നല്ല, എങ്കിലും ഞാനൊക്കെ അഭിനയിച്ചിരുന്ന കാലമെന്ന് പറയുമ്പോള്‍ തന്നെ ഒരു പിടി നല്ല ഓര്‍മ്മകള്‍ മനസിലേക്ക് ഓടിയെത്തും.

ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ആരും മിണ്ടാതെ ഇരിക്കണമെന്നാണ് സംവിധായകരുടെ നിര്‍ദ്ദേശം. അല്ലാത്തപ്പോള്‍ എല്ലാവരും ഒരു കുടുംബം പോലെയാണ്. അന്നൊക്കെ മെ സ്സില്‍ നിന്ന് ആഹാരം കൊണ്ടുവരുന്നതിനേക്കാള്‍ കൂടുതല്‍ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് തന്നെയായിരുന്നു എല്ലാം പാകം ചെയ്തിരുന്നത്.

എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. അപ്പോള്‍ ഒരുപാട് തമാശകളും പറയും. ഒരുകുടുംബം പോലെ കഴിഞ്ഞിട്ട് ഷൂട്ടിംഗ് തീരുന്ന ദിവസം വളരെ സങ്കടത്തോടെ പിരിയുന്നത് ചിന്തിക്കാനേ വയ്യ, പക്ഷേ ആ സങ്കടം അടുത്ത സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ തന്നെ തീരും.

കാരണം മുമ്പ് പായ്ക്കപ്പ് ആയ സിനിമയിലെ അഭിനേതാക്കളില്‍ ഭൂരിഭാഗംപേരും പുതിയ സിനിമയില്‍ ഉണ്ടാകും. അവരെ വീണ്ടും കാണുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. എന്നാല്‍ അന്നത്തെപ്പോലുള്ള കൂട്ടായ്മ അഭിനേതാക്കള്‍ക്കിടയില്‍ ഇല്ലെന്നും അതിന് കാരണം കാരവന്റെ കടന്നുവരവാണെന്നും മിക്കവരും പറയും.

എന്നാല്‍ അത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. കാരണം എന്റെയൊക്കെ സമയത്ത് പാട്ടുസീനിലും മറ്റും അടിക്കടി വേഷം മാറേണ്ടതായിട്ടുണ്ട്. ആ സമയത്ത് സിനിമയുടെ അണിയറ പ്രവര്‍ത്തകരായ നാലുപേര്‍ കട്ടിയുള്ള ബെഡ്ഷീറ്റ് മറയാക്കി പിടിക്കും, അതിനുള്ളില്‍ നിന്നാണ് ഞാന്‍ വസ്ത്രം ധരിച്ചിരുന്നത്.

വസ്ത്രം മാറുന്നതുവരെ ആ മറയും പിടിച്ച് പയ്യന്‍മാരും ഒരേ നില്‍പ്പാണ്. എന്നാല്‍ ഇന്ന് അങ്ങനെയാണോ? വസ്ത്രം മാറണമെങ്കില്‍ എല്ലാവിധ സൗകര്യങ്ങളോട് കൂടിയ കാരവനുണ്ട്. അങ്ങനെ നോക്കിയാല്‍ കാരവന്‍ നല്ലതോ, ചീത്തയോ? പിന്നെ സംസാരിക്കാന്‍ സാധിക്കുന്നില്ലായെന്നതാണ് കാരണമെങ്കില്‍ അതവരുടെ തന്നെ പ്രശ്‌നമാണ്.

ഞാനൊക്കെ വസ്ത്രം മാറ്റാന്‍ വേണ്ടി മാത്രമാണ് കാരവനില്‍ ഇരിക്കുന്നത്. അല്ലാത്തപക്ഷം ഞങ്ങള്‍ അഭിനേതാക്കളെല്ലാം ഒരുമിച്ചാണ് ഇപ്പോഴും ഇരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും.

താരങ്ങള്‍ക്കൊപ്പമുള്ള എക്‌സ്പീരിയന്‍സ്?


മലയാളത്തിലെ ഒട്ടുമുക്കാല്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാന്‍ സാധിച്ചു. അതില്‍തന്നെ എടുത്തുപറയേണ്ടത് റഹ്മാനെയാണ്. ഒരുകാലത്തെ സൂപ്പര്‍ പ്രണയജോടികളെന്ന വിശേഷണവും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. അതോടൊപ്പം ഞങ്ങളെച്ചേര്‍ത്ത് ഗോസിപ്പുകളും ഉണ്ടായിട്ടുണ്ട്.

ആദ്യമൊക്കെ അങ്ങനെ കേട്ടപ്പോള്‍ റഹ്മാനോട് മിണ്ടാതെ നടന്നിരുന്നു. ഷൂട്ട് ഉള്ളപ്പോള്‍ മാത്രം സംസാരിക്കൂം. എന്നിട്ടും ഗോസിപ്പുകള്‍ക്ക് കുറവുണ്ടായില്ല. ഒടുവില്‍ റഹ്മാന്‍ തന്നെയാണ് ഗോസിപ്പുകള്‍ തമാശയായി കണ്ടാല്‍ മതിയെന്നും അത്രകണ്ട് പ്രാധാന്യം കൊടുക്കേണ്ടെന്നും പറഞ്ഞത്. എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് റഹ്മാന്‍.

പിന്നെ മോഹന്‍ലാലിന്റെ കാര്യവും പറയേണ്ടതാണ്. വില്ലനായും ജ്യേഷ്ഠനായും കാമുകനായും അദ്ദേഹം എന്നോടൊപ്പം അഭിനയിച്ചു. മമ്മൂക്കയുടെ ജോഡിയായി മാത്രം അഭിനയിക്കാന്‍ സാധിച്ചില്ല. എന്നോടൊപ്പം അഭിനയിച്ച തിലകന്‍ സാര്‍, സുകുമാരിയമ്മ എന്നിവരാകട്ടെ, ഇന്ന് ഈ ലോകത്തിലേ ഇല്ല.

അഭിനയം, സംവിധാനം, ഡബ്ബിംഗ്, ഗാനരചന എന്നീ മേഖലകളിലെ നൈപുണ്യം?


അറിവായി തുടങ്ങുന്നതിന് മു മ്പ് സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ ഒരാളാണ് ഞാന്‍. അങ്ങനെ ഞാന്‍ പോലുമറിയാതെ എന്റെയുള്ളില്‍ അഭിനയത്തോടുള്ള ഇഷ്ടം വര്‍ധിച്ചു. പതിയെ ഡബ്ബിംഗിലേക്കു കടന്നു. മണിരത്‌നം സാറിന്റെ സിനിമകളിലെ നായികമാര്‍ക്കാണ് കൂടുതലും ഡബ്ബ് ചെയ്തിട്ടുള്ളത്.

'ബോംബെയിലെ മനീഷ കൊയ്‌രാളെ, രാവണിലെ ഐശ്വര്യാറായ്, ജെന്റില്‍മാനിലെ മധുബാല' എന്നിവര്‍ക്കെല്ലാം ഞാനാണ് ശബ്ദം നല്‍കിയത്. സിനിമയ്ക്ക് വേണ്ടി പാട്ടെഴുതിയതും അപ്രതീക്ഷിതമായിട്ടായിരുന്നു.

സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ എല്ലാവരും മികച്ച അഭിപ്രായങ്ങളും വിളിച്ചുപറഞ്ഞു. എല്ലാ ജോലിക്കും അതിന്‍േറതായ ടെന്‍ഷന്‍ ഉണ്ട്. എന്നെ സംബന്ധിച്ച് വളരെ ത്രില്ലോടെയാണ് ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്.

uploads/news/2018/01/181748/Weeklyrohini0801181a.jpg
രോഹിണിയും മകന്‍ റിഷിയും

യഥാര്‍ത്ഥജീവിതത്തില്‍ അമ്മയുടെ റോളില്‍?


എന്റെ മകന്‍ റിഷി വരന്‍ സംസാരിക്കാന്‍ തുടങ്ങിയ സമയം മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ്. അവനോട് പറയാത്ത ഒരുകാര്യങ്ങളും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അവന്റെയടുത്ത് കാര്‍ക്കശ്യക്കാരിയായ അമ്മയല്ല, മറിച്ച് കുട്ടിക്കുറുമ്പുള്ള അമ്മയാണ് ഞാന്‍. എന്നും വൈകിട്ട് അവന്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കും.

ഷൂട്ടിംഗ് തിരക്കുകളില്‍പെട്ട് എത്ര ദൂരെയാണെങ്കിലും ഫോണില്‍വിളിച്ച് തമാശകള്‍ പറയും. അവനെന്നും ചിരിച്ചുകൊണ്ട് കിടക്കണമെന്നത് എനിക്ക് നിര്‍ബന്ധമാണ്. പ്രായത്തില്‍ കവിഞ്ഞ പക്വത ചെറുപ്പം മുതല്‍ക്കേ അവനുണ്ട്. അവന്റെ പ്രായത്തില്‍ എനിക്കും ഇങ്ങനെതന്നെയായിരുന്നു. അവന്റെതായ കാര്യങ്ങളിലൊന്നും യാതൊരുതരത്തിലുള്ള നിര്‍ബന്ധങ്ങളും നിര്‍ദ്ദേശങ്ങളും ഞാന്‍ വച്ചിട്ടില്ല. .

ഞാനഭിനയിച്ചിരുന്ന പഴയ സിനിമകള്‍ ടിവിയില്‍ വരുമ്പോള്‍ അത് കാണുന്ന അവന്റെ കൂട്ടുകാര്‍ മോനെ വിളിച്ച് പറയും. അപ്പോള്‍ വന്ന് 'അമ്മേ, ആ സിനിമയില്‍ അങ്ങനെ ചെയ്തിട്ടുണ്ടോ, ഇങ്ങനെ ചെയ്തിട്ടുണ്ടോ' എന്നൊക്കെ ചോദിക്കുമെന്നല്ലാതെ അവനായിട്ട് പഴയ സിനിമകള്‍ കാണാറില്ല. സിനിമാനടിയായ രോഹിണിയെയല്ല, മറിച്ച് അവന്‍ സ്‌നേഹിക്കുന്നത് അവന്റെ അമ്മയെയാണ്.

സിനിമയില്‍ തുടര്‍ച്ചയായി അഭിനയിച്ചുകൊണ്ടിരുന്ന ഞാന്‍ ഒരമ്മയായപ്പോഴാണ് അഭിനയത്തില്‍ നിന്നും മാറിനിന്നത്. ആ സമയത്ത് അവനൊപ്പം ഞാന്‍ വേണമായിരുന്നു. ഇപ്പോള്‍ അവന് 19 വയസായി. പാരീസ് യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി ചെയ്യുന്നു. ആള് നല്ലൊരു കുക്ക് കൂടിയാണ്. വെക്കേഷന് വീട്ടില്‍ വന്നാല്‍പ്പിന്നെ റിഷിയുടെ ചില പ്രത്യേക പാചകപരീക്ഷണങ്ങള്‍ ഉണ്ടാകും. ഞാന്‍ പാചകത്തില്‍ അത്ര കണ്ട് മിടുക്കിയാണെന്ന് പറയാന്‍ പറ്റില്ല.

ബാക്കിനില്‍ക്കുന്ന സ്വപ്നം?


മലയാളം, തമിഴ്. തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായി ഒട്ടനവധി കഥാപാത്രങ്ങള്‍ ഇതിനോടകം എനിക്ക് ചെയ്യാന്‍ സാധിച്ചു. ഇതില്‍തന്നെ എടുത്തുപറയേണ്ട ഒന്നായിരുന്നു ലോകസിനിമയില്‍ വിസ്മയം തീര്‍ത്ത ബാഹുബലി. സിനിമയുടെ തുടക്കത്തിലും അവസാനഭാഗത്തും മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും പ്രാധാന്യമര്‍ഹിക്കുന്ന കഥാപാത്രമായിരുന്നു എന്‍േറത്.

അത്തരമൊരു കഥാപാത്രം ഇനിയും ചെയ്യണമെന്ന ആഗ്രഹമുണ്ട്. അതുപോലെ നക്‌സലൈറ്റായ അജിതയുടെ കഥ സിനിമയാക്കിയാല്‍ ചെയ്യണമെന്നത് വളരെ നാളത്തെ ആഗ്രഹമാണ്.

'1983' എന്ന സിനിമയിലേക്ക് എനിക്ക് ക്ഷണം കിട്ടിയിരുന്നു. എന്നാല്‍ അതേസമയം 'ക്യൂ' എന്ന ഹിന്ദി സിനിമയിലേക്കും വിളിച്ചു. കഥ കേട്ടപ്പോള്‍ ക്യൂ ചെയ്യാമെന്ന് തീരുമാനിച്ചു. ആ വിവരം ഞാന്‍ എബ്രിഡ് ഷൈനോട് പറഞ്ഞപ്പോള്‍ അദ്ദേഹവും ഓക്കെ പറഞ്ഞു.

എന്നാല്‍ ഷൈന്റെ രണ്ടാമത്തെ ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവില്‍ ഒരു വീട്ടുവേലക്കാരിയുടെ വേഷമായിരുന്നു എനിക്ക്. ഇതിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ ഷോക്കായി. കഥാപാത്രം ചെറുതാണെങ്കില്‍ക്കൂടി കഥയ്ക്കും കഥാപാത്രത്തിനുമുള്ള പ്രാധാന്യം നോക്കിയാണ് ഞാന്‍
സിനിമ സെലക്ട് ചെയ്യുന്നത്.

യാത്രകളും സൗഹൃദങ്ങളും?


തനിച്ച് യാത്രകള്‍ ചെയ്യുന്നത് ചുരുക്കമാണ്. ഏറിയപങ്കും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാനാണ് താല്‍പ്പര്യം. സൗഹൃദങ്ങള്‍ കൂടുതലും സിനിമയ്ക്ക് പുറത്താണ്. അവരുമൊത്ത് യാത്രകള്‍ ചെയ്യാന്‍ രസമാണ്. കൂടുതലും ക്ഷേത്രങ്ങളിലേക്കാണ് പോവുക.

വെറുമൊരു സന്ദര്‍ശനത്തിന് വേണ്ടിയല്ല, മറിച്ച് അതിരാവിലെ എണീറ്റ് കുളിച്ച് പുണ്യപുരാതന ക്ഷേത്രങ്ങളില്‍ പോയി അവിടത്തെ പൂജകളില്‍ പങ്കെടുക്കുമ്പോള്‍ മനസ് ശാന്തമാകും. മന്ത്രങ്ങള്‍ കേള്‍ക്കുന്നത് പണ്ടുമുതല്‍ക്കേ എനിക്കിഷ്ടമാണ്.

(വിശേഷങ്ങള്‍ പറഞ്ഞുതീരാറായപ്പോഴേക്കും രോഹിണിയുടെ മൊബൈല്‍ റിംഗ് ചെയ്തു. ലൊക്കേഷനിലേക്ക് പോകാനുള്ള വണ്ടി ഹോട്ടലിലേക്ക് അയച്ചിട്ടുണ്ടെന്നുള്ള സന്ദേശം മറുതലയ്ക്കല്‍ നിന്നും കൈമാറി. ഹൈദരാബാദിലെ തിരക്കുള്ള മൂന്ന് സിറ്റികളിലായി മൂന്ന് തെലുങ്ക് ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുകയാണ്. ഈ മൂന്ന് ചിത്രങ്ങളിലും രോഹിണി ഒരേ സമയം അഭിനയിക്കുന്നുണ്ട്. അഭിമുഖം അവസാനിപ്പിച്ച് ഡോര്‍ ലോക്ക് ചെയ്ത് ഹാന്‍ഡ്ബാഗുമെടുത്ത് പ്രിയനായിക തനിക്കയച്ച കാറില്‍ കയറുമ്പോഴും ആ മുഖത്തെ ചിരി മായാതെ നില്‍പ്പുണ്ടായിരുന്നു)

ദേവിന റെജി

Ads by Google
Ads by Google
Loading...
TRENDING NOW