നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ കീര്‍ത്തന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ആശുപത്രിയില്‍ എത്തിയത്. ആ സമയം കീര്‍ത്തന അതീവ ഗുരുതരാവസ്ഥയില്‍ ഐ.സി.യുവിലായിരുന്നു.
ഡോക്ടറെ കാത്ത് ഐ.സി.യുവിന് പുറത്ത് നില്‍ക്കുമ്പോഴാണ് കരഞ്ഞ് തളര്‍ന്നിരിക്കുന്ന കീര്‍ത്തനയുടെ മാതാപിതാക്കളെ കണ്ടത്. നടന്ന സംഭവത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ രക്ഷിതാക്കളെ സമീപിച്ചു, അവര്‍ പറഞ്ഞതിങ്ങനെ:
''ഞങ്ങള്‍ക്ക് രണ്ട് പെണ്മക്കളാണ്. കീര്‍ത്തനയും കാര്‍ത്തികയും. സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ കീര്‍ത്തനയ്ക്ക് നഴ്സ് ആകണമെന്നായിരുന്നു ആഗ്രഹം. പ്ലസ്ടുവിന് തൊണ്ണൂറുശതമാനം മാര്‍ക്ക് നേടി വിജയിച്ചതുകൊണ്ട് നാട്ടില്‍ തന്നെ അഡ്മിഷന് ലഭിച്ചു.
പക്ഷേ നഴ്സിംഗിന് വിടാനുളള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. എങ്കിലും മോളുടെ ആഗ്രഹം കണക്കിലെടുത്തും പഠനത്തിനുശേഷം ജോലി കിട്ടുമെന്നുളളതു കൊണ്ടും ലോണെടുത്ത് അവളെ പഠിക്കാന്‍ വിട്ടു. അ
വിടെ ചെന്നപ്പോള്‍ മുതല്‍ സീനിയേഴ്സിന്റെ വക റാഗിങ് ആയിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം വൈകിട്ട് കീര്‍ത്തന വിളിച്ചു, റാഗിങ് കാരണം അവിടെ നില്ക്കാന് പറ്റുന്നില്ല അതുകൊണ്ട് തിരിച്ച് വരുകയാണെന്ന് പറഞ്ഞു.
വീട്ടിലെ ബുദ്ധിമുട്ട് കാരണം എങ്ങനെയും അവിടെ പിടിച്ച് നില്ക്കാന് ഞങ്ങള്‍ പറഞ്ഞു. ലോണ്‍ എടുത്തും മറ്റുളളവരോട് കടം വാങ്ങിയുമാണ് അവളെ പഠിക്കാന്‍ അയച്ചത്. അതുകൊണ്ടാണ് ഞങ്ങള്‍ അങ്ങനെ പറഞ്ഞത്. ഞങ്ങള്‍ പറഞ്ഞതനുസരിച്ച് അവള് അവിടെ തന്നെ നിന്നു.
രാവിലെ ഹോസ്റ്റലില്‍ നിന്ന് വിളിച്ച് പറയുമ്പോഴാണ് കീര്‍ത്തന ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ഞങ്ങള്‍ അറിയുന്നത്. കൂടുതലൊന്നും അറിയില്ല. ഒരിക്കലും അവള് ആത്മഹത്യയ്ക്ക് ശ്രമിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. മന:പൂര്‍വ്വം ആരെങ്കിലും അവളെ അപായപ്പെടുത്താന്‍ ശ്രമിച്ചതാകും.
ഞങ്ങളുടെ കുട്ടിക്ക് എന്താ സംഭവിച്ചതെന്ന് കണ്ടെത്തണം സാര്‍'' എന്ന് കീര്‍ത്തനയുടെ രക്ഷിതാക്കള്‍ പറഞ്ഞു. ഇത് കേട്ട് നിന്ന കോളേജ് അധികൃതര്‍ പറഞ്ഞത് പ്രണയനൈരാശ്യം കാരണം കീര്‍ത്തന ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ്. അവരുടെ സംസാരം ആ രക്ഷിതാക്കളെ കൂടുതല്‍ വിഷമിപ്പിച്ചു.
അപ്പോഴേക്കും ഡോക്ടര്‍ ഞങ്ങളുടെ അരികിലേക്ക് വന്നു. കീര്‍ത്തനയുടെ അവസ്ഥയെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ കഴിയാതെ ഒന്നും പറയാനാവില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഞങ്ങള്‍ തിരിച്ച് സ്റ്റേഷനിലേക്ക് മടങ്ങി.
പിറ്റേദിവസം കീര്‍ത്തനയ്ക്ക് ബോധം വീണു എന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹോസ്പിറ്റലിലെത്തി കീര്‍ത്തനയുടെ മൊഴിയെടുത്തു. കീര്‍ത്തന മൊഴി നല്‍കിയത് ഇങ്ങനെ:
''ക്ലാസ് തുടങ്ങിയ അന്നുമുതല്‍ കോളേജില്‍ വച്ചും ഹോസ്റ്റലില്‍ വച്ചും ഡാന്‍സ് കളിക്കാനും പാട്ട് പാടാനും സീനിയേഴ്സ് പറയുമായിരുന്നു. ആദ്യമൊക്കെ അവര്‍ പറയുന്നത് പോലെ
എല്ലാം ചെയ്തു. പിന്നീട് അവര്‍ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ടവ്വല്‍ കൊണ്ട് അവരുടെ കാല് തുടപ്പിച്ചു. പേടിച്ചിട്ട് ആരോടും ഒന്നും പറഞ്ഞില്ല.
അവര്‍ പറഞ്ഞതെല്ലാം അനുസരിച്ചു. ദിവസവും ഇത് തുടര്‍ന്നപ്പോള്‍ ഞാനതിനെ എതിര്‍ത്തു. കോളേജ് അധികൃതരോട് പരാതിപ്പെടുമെന്ന് പറഞ്ഞു. അതോടെ അവര്‍ക്ക് വാശിയായി.
പിന്നീട് എന്നെ മാത്രം നിരന്തരമായി ഉപദ്രവിച്ചു. കോളേജ് അധികൃതരോട് പരാതി പറഞ്ഞെങ്കിലും അവര്‍ക്കെതിരെ നടപടിയെടുത്തില്ല.
ഇതിനിടെ പഠനം നിര്‍ത്തി വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചെങ്കിലും വീട്ടിലെ സാഹചര്യം മോശമായതുകൊണ്ട് വേണ്ടെന്ന് വച്ചതാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ഹോസ്റ്റലില്‍ വച്ച് എ
ന്നെ ടെറസിലേക്ക് വിളിപ്പിച്ചു. ഞാനവിടെ ചെന്നു. ഓരോന്നു പറഞ്ഞ് അവരെന്നെ കളിയാക്കി.
അതിനുശേഷം എന്റെ വസ്ത്രം ഊരി അവരുടെ എല്ലവരുടെയും കാല് തുടയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്ത് സംഭവിച്ചാലും ഞാനത് ചെയ്യില്ലെന്ന് തീര്‍ത്തു പറഞ്ഞു. ബലമായിട്ട് ചെയ്യിപ്പി
ക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ കുതറി ഓടി. അതിനിടെ കാലുതെന്നി താഴെ വീണു. പിന്നെ ഒന്നും ഓര്‍മ്മയില്ല. ബോധം വീണപ്പോള്‍ ഈ കിടക്കയിലാണ് സാര്‍.''
കീര്‍ത്തനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെന്ന് ആരോപിച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തി. അവര്‍ക്കെതിരെ മറ്റുകുട്ടികളും പരാതിയുമായി വന്നു.
കുറ്റം ചെയ്തു എന്ന് ബോധ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കോളേജിനെതിരെയും നിയമനടപടികള്‍ സ്വീകരിച്ചു.