ലക്നൗ: ഹജ്ജ് ഹൗസിനു കാവി പൂശിയതിനു പിന്നാലെ പോലീസ് സ്റ്റേഷനുകള്‍ക്കും കാവി പൂശാനൊരുങ്ങി യോഗി സര്‍ക്കാര്‍. പ്രതിഷേധം ശക്തമായതോടെ കാവിപൂശിയ ഉത്തര്‍പ്രദേശിലെ ഹജ് ഹൗസിന് വീണ്ടും വെള്ള പെയിന്റടിച്ചു വിവാദം കെട്ടടങ്ങിയതിനു പിന്നാലെയാണ് വീണ്ടും കാവി വിവാദം ഉയര്‍ന്നത്.
യുപിയുടെ തലസ്ഥാനത്തെ 80 വര്‍ഷം പഴക്കമുള്ള പോലീസ് സ്റ്റേഷനാണ് ആദ്യ ഘട്ടത്തില്‍ കാവി നിറം പൂശുന്നത്. മഞ്ഞയും, ചുവപ്പും നിറമുള്ള പെയിന്റ് നീക്കിയാണ് കാവി നിറം അടിക്കുന്നത്. പോലസ് സ്റ്റേഷന്റെ വാര്‍ഷികാഘോഷ പരിപാടിക്കു മുമ്പ് കാവി പൂശാനാണ് നിര്‍ദേശം. അതിശൈത്യം ഒന്നടങ്ങിയതിനു ശേഷമേ കാവി പൂശല്‍ ജോലികള്‍ പുനരാരംഭിക്കൂ എന്ന് ഐജി ഡികെ ഉപാധ്യായ പറയുന്നു.
കാവി പെയിന്റടിച്ചതിന്റെ ഉത്തരവാദിത്തം കരാറുകാരന് നല്‍കിയാണ് ഹജ് ഹൗസിന് യുപി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വെള്ള പെയിന്റ് പൂശിയത്. ഹജ് ഹൗസിന് കാവിപൂശിയതിനു പിന്നാലെ സംസ്ഥാനത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടി രംഗത്തെത്തിയിരുന്നു.
പെയിന്റിങ്ങിന്റെ കരാറെടുത്ത വ്യക്തിയോട് വ്യത്യസ്തമായ കളര്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി യുപിയിലെ സംസ്ഥാന ഹജ് കമ്മിറ്റി സെക്രട്ടറി ആര്.പി. സിങ് പറയുന്നു. എന്നാല്‍, അയാള്‍ കാവി കളറാണ് തിരഞ്ഞെടുത്തതെന്നും സിങ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
സംസ്ഥാന നിയമസഭാ മന്ദിരത്തിനു കാവിനിറമടിച്ചതിനു പിന്നാലെ, രാത്രി എതിര്‍വശത്തു സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശ് ഹജ് ഹൗസിന്റെ പുറംമതിലിനും കാവി പൂശിയത് കടുത്ത വിമര്‍ശനം വരുത്തിവച്ചിരുന്നു.