Friday, January 18, 2019 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.26 AM

ഇത്‌ ചീരപ്പന്‍ചിറ തറവാട്‌ , വിവാദം ഇവിടെ പടിക്കു പുറത്ത്‌

uploads/news/2018/01/181652/bft1.jpg

ഇത്‌ മുഹമ്മയിലെ ചീരപ്പന്‍ചിറ തറവാട്‌. ആയില്യത്ത്‌ കുറ്റ്യാരി ഗോപാലന്‍ നമ്പ്യാര്‍ എന്ന കമ്യൂണിസ്‌റ്റ്‌ നേതാവ്‌ എ.കെ.ജിയുടെ പത്‌നി സുശീലാ ഗോപാലന്റെ ജന്മഗൃഹം. ഏറെക്കാലമായി അടച്ചിട്ടിരിക്കുകയാണിവിടം. തൊട്ടടുത്തു സുശീലയുടെ സഹോദരിയുടെ പുത്രന്‍ ജി. വേണുഗോപാലും കുടുംബവും താമസിക്കുന്നു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗമായ വേണുഗോപാല്‍ ഇപ്പോള്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുകൂടിയാണ്‌.
എ.കെ.ജിയെയും സുശീല ഗോപാലനെയും കുറിച്ച്‌ വി.ടി. ബല്‍റാം എം.എല്‍.എ. ഉയര്‍ത്തിവിട്ട വിവാദങ്ങളോടു ചീരപ്പന്‍ചിറ തറവാട്ടിലെ പിന്മുറക്കാര്‍ക്കും നാട്ടുകാര്‍ക്കുമുള്ളത്‌ കടുത്ത പ്രതിഷേധം. അനവസരത്തില്‍, തികച്ചും ആക്ഷേപിക്കുന്ന തരത്തിലാണു ബല്‍റാമിന്റെ പരാമര്‍ശങ്ങളെന്നും അതെല്ലാവരെയും വേദനിപ്പിക്കുന്നതുമാണെന്നായിരുന്നു ജി. വേണുഗോപാലിന്റെ പ്രതികരണം. എ.കെ.ജിയെ സുശീലാ ഗോപാലന്‍ വിവാഹം കഴിച്ചത്‌ 23-ാമത്തെ വയസിലായിരുന്നു. ഇപ്പോള്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന്‌ അദ്ദേഹം പറയുന്നു.
നാട്ടിലെ പഴമക്കാര്‍ക്കും ഇതേ അഭിപ്രായംതന്നെ. എ.കെ.ജി. മുഹമ്മയില്‍ ഒളിവില്‍ കഴിഞ്ഞ കാലത്തെക്കുറിച്ച്‌ വ്യക്‌തമായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഒളിവില്‍ കഴിഞ്ഞുവെന്നല്ലാതെ ഏതുവര്‍ഷമാണെന്നു പറയാന്‍ കഴിയുന്നില്ല. 1952-ലായിരുന്നു എ.കെ.ജി- സുശീല വിവാഹം. ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയശേഷമാണ്‌ എ.കെ.ജി. സുശീലയെ ജീവിത സഖിയാക്കിയതെന്നു പഴമക്കാര്‍ പറയുന്നു. താനുമായുളള ബന്ധം വേര്‍പ്പെടുത്തിയശേഷം ആദ്യ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്‌തതിനെക്കുറിച്ച്‌ എ.കെ.ജി. തന്നെ പില്‍ക്കാലത്ത്‌ എഴുതിയിട്ടുണ്ട്‌.
1939ല്‍ കേരളത്തില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ രൂപം കൊണ്ടപ്പോള്‍ എ.കെ.ജി. അതില്‍ അംഗമായി. പാര്‍ട്ടിക്ക്‌ നിരോധനം വന്നപ്പോള്‍ ഒളിവില്‍പോയി. ഇക്കാലത്താണ്‌ മുഹമ്മയിലെത്തിയതെന്നാണ്‌ ഒരു വാദം. എന്നാല്‍ 1940ല്‍ തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളിയിലാണ്‌ എ.കെ.ജി. ഒളിവില്‍ കഴിഞ്ഞതെന്നും അവിടെ അന്നു റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിച്ചെന്നുമാണ്‌ മറുവാദം. 1941 മാര്‍ച്ച്‌ 24ന്‌ തൃശിനാപ്പള്ളിയില്‍ അറസ്‌റ്റിലായ എ.കെ.ജിയെ വെല്ലൂര്‍ ജയിലിലാണ്‌ തടവില്‍ പാര്‍പ്പിച്ചതെന്നും സെപ്‌റ്റംബര്‍ 25 അര്‍ധരാത്രി അദ്ദേഹവും കൂട്ടരും വെല്ലൂര്‍ ജയിലിലെ മതില്‍ തുരന്ന്‌ തടവുചാടി ഉത്തരേന്ത്യയിലേക്ക്‌ രക്ഷപ്പെട്ടെന്നും ഈ വാദത്തിന്‌ അനുബന്ധമായി ചൂണ്ടിക്കാട്ടുന്നു.
മുംബയിലേക്കും അവിടുന്ന്‌ കാണ്‍പൂരിലേക്കും തുടര്‍ന്ന്‌ കൊല്‍ക്കത്തയിലേക്കും കടന്നു. കൊല്‍ക്കത്തയിലെ ഇഷ്‌ടിക ചൂളയില്‍ ദുരിതപൂര്‍ണമായി ജോലി ചെയ്‌തിരുന്നവരെ സംഘടിപ്പിച്ചതിനെക്കുറിച്ച്‌ എ.കെ.ജി. വിശദമായി എഴുതിയിട്ടുണ്ട്‌. പിന്നീട്‌ കേരളത്തിലേക്ക്‌ മടങ്ങിവന്നത്‌ 1946ലെ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്‌ മത്സരിക്കാനായിരുന്നെന്നും ആ കാലത്താണ്‌ സുശീലാ ഗോപാലന്റെ വീട്ടില്‍ ഒളിവില്‍ താമസിച്ചതെന്നുമാണ്‌ അവര്‍ സമര്‍ഥിക്കുന്നത്‌.
എ.കെ.ജി. മൂന്നുമാസത്തോളം സുശീലയുടെ വീട്ടില്‍ താമസിച്ചു. അന്ന്‌ 16 വയസുണ്ടായിരുന്ന സുശീല കോളജ്‌ വിദ്യാര്‍ഥിനിയായിരുന്നു. അക്കാലത്ത്‌ നാട്ടില്‍ ശരാശരി വിവാഹപ്രായം 15-16 വയസായിരുന്നു. 1946ല്‍ ഒളിവ്‌ ജീവിതം കഴിഞ്ഞുവന്ന എ.കെ.ജി. അറസ്‌റ്റിലായി. 1947ല്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന എ.കെ.ജിയെ സുശീല സന്ദര്‍ശിക്കുകയും അവിടെവച്ച്‌ വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഇതേക്കുറിച്ച്‌ എ.കെ.ജിയുടെ ആത്മകഥയില്‍ പറയുന്നതിങ്ങനെ:- ഞാന്‍ ഒളിവില്‍നിന്നു പുറത്തുവന്നപ്പോള്‍ ഒരു സഖാവ്‌ എന്നെ അറിയിച്ചു. സുശീല ഫോട്ടോയുംവച്ച്‌ കാത്തിരിക്കുന്നു. അങ്ങ്‌ എഴുത്ത്‌ എഴുതാത്തതില്‍ അവള്‍ ദുഃഖിതയാണ്‌. അവളെ കാണണമെന്ന്‌ ഞാന്‍ തീരുമാനിച്ചു. സഖാവ്‌ കൃഷ്‌ണപിള്ള എന്റെ കൂടെ വരാമെന്ന്‌ പറഞ്ഞു. എന്നാല്‍ എനിക്കത്‌ ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ അറസ്‌റ്റു ചെയ്യപ്പെട്ടു. ഞാന്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുമ്പോള്‍ അവള്‍ എന്നെ കാണാന്‍ വന്നു.
നാട്ടില്‍ വളര്‍ന്നുവരുന്ന പ്രസ്‌ഥാനത്തോടൊപ്പം വളരുന്ന അവളോട്‌ എനിക്ക്‌ കൂടുതല്‍ മമത തോന്നി. ഞാന്‍ ജയിലില്‍ നിന്ന്‌ പുറത്തുവന്നാലുടനെ വിവാഹിതരാകണമെന്ന്‌ ഞങ്ങള്‍ അവിടെവച്ച്‌ അപ്പോള്‍തന്നെ തീരുമാനിച്ചു. ഈ സമയത്ത്‌ സുശീലയ്‌ക്ക്‌ 19 വയസായിരുന്നു പ്രായം. 18-ാം വയസില്‍ സുശീല സജീവ പാര്‍ട്ടി പ്രവര്‍ത്തകയായി.
എ.കെ.ജിയുമായുളള വിവാഹത്തെ തുടര്‍ന്നു പിന്നീട്‌ 1980ല്‍ ആലപ്പുഴയില്‍നിന്നും 91ല്‍ ചിറയന്‍കീഴില്‍ നിന്നുമായി രണ്ടുതവണ ലോക്‌സഭ അംഗമായി. പലതവണ സംസ്‌ഥാന മന്ത്രിയായി. കാസര്‍ഗോഡ്‌ എം.പി: പി. കരുണാകരന്റെ ഭാര്യ ലൈലാ ഗോപാലനാണ്‌ എ.കെ.ജി - സുശീല ദമ്പതികളുടെ ഏക മകള്‍.

ജി. ഹരികൃഷ്‌ണന്‍

Ads by Google
Monday 08 Jan 2018 02.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW