Sunday, July 22, 2018 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.25 AM

ഇവിടെ സംവരണം ആര്‍ക്കാണ്‌ ?

uploads/news/2018/01/181650/bft3.jpg

മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഊതിക്കത്തിക്കരുത്‌ വീണ്ടും ആ "ചാരം" എന്ന പരമ്പരയാണ്‌ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്‌. പട്ടിക ജാതി/ പട്ടിക വര്‍ഗക്കാരെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണ്‌ സംവരണം. ഇത്തരക്കാര്‍ക്കു സംവരണം ലഭിക്കുന്നുണ്ടോയെന്ന്‌ സര്‍ക്കാരുകള്‍ അന്വേഷിച്ചിട്ടില്ല. നൂറുകണക്കിന്‌ സമുദായ സംഘടനകളുണ്ടെങ്കിലും അവയ്‌ക്കും ഇക്കാര്യങ്ങളില്‍ ശ്രദ്ധയില്ല. സമുദായത്തിലെ ന്യൂനപക്ഷത്തിനു മാത്രമാണ്‌ സര്‍ക്കാര്‍ ജോലിയും ഉയര്‍ന്ന ജീവിത നിലവാരവുമുള്ളത്‌.
പട്ടിക ജാതിക്കാരുടെ ഉന്നമനത്തിനായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിനു രൂപയാണ്‌ അനുവദിക്കുന്നത്‌. വീടില്ലാത്തവര്‍, വസ്‌തുവില്ലാത്തവര്‍, ശൗചാലയങ്ങള്‍ ഇല്ലാത്തവര്‍ അനവധിയുള്ളപ്പോഴും ഈ തുക പാഴായിപ്പോകുന്നു. പതിറ്റാണ്ടുകളായി കൈവശം വച്ചനുഭവിച്ചും വീടുവെച്ചു താമസിച്ചും വീട്ടുകരം ഒടുക്കിയും വരുന്നവരെ മണ്ടന്‍മാരാക്കി വന്‍ തുക കൈക്കൂലി വാങ്ങി തൊട്ടടുത്ത വസ്‌തു ഉടമയുടെ പേരില്‍ ബി.ടി.ആറും ടി.പി.ആറും തയാറാക്കി തണ്ടപ്പേര്‍ നല്‍കുന്ന റവന്യൂ-സര്‍വേ അധികൃതരാണുള്ളത്‌. കിടപ്പാടവും താമസിക്കാന്‍ വീടും ഒരു നേരത്തെ ആഹാരവുംപോലും ഇല്ലാത്ത പട്ടിക ജാതിക്കാര്‍ക്ക്‌ എ.പി.എല്‍. റേഷന്‍ കാര്‍ഡ്‌ ലഭിക്കുന്നു. പട്ടികജാതിക്കാരുടെ ദുരിതങ്ങള്‍ക്ക്‌ അവസാനമില്ല.
മാനസിക-ശാരീരിക പീഡനങ്ങള്‍, ജാതി പറഞ്ഞുള്ള ആക്ഷേപങ്ങള്‍, പൊതുനിരത്തുകളില്‍ തടഞ്ഞു നിര്‍ത്തി ആക്ഷേപിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഓഫീസുകളിലെ പീഡനങ്ങള്‍ എന്നിവയും ഏറെയാണ്‌. ഇത്തരം സംഭവങ്ങള്‍ അന്വേഷണ വിധേയമാക്കി നടപടി സ്വീകരിക്കാന്‍ സിവില്‍ കോടതിക്ക്‌ തുല്യപദവിയുള്ള സംസ്‌ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്‍, പട്ടികജാതി ദേശീയ കമ്മിഷന്‍ എന്നിവ നിലവിലുണ്ടെങ്കിലും ഫലത്തില്‍ വരുന്നില്ല. തിരുവനന്തപുരം തൈക്കാട്ടുള്ള ദേശീയ പട്ടികജാതി കമ്മിഷനില്‍ പരാതികള്‍ നല്‍കിയാല്‍ സ്വീകരിക്കാറില്ലെന്ന പരാതി വ്യാപകമാണ്‌. പണ-ജാതി-മത- രാഷ്‌ട്രീയമാണ്‌ എവിടെയും മുന്നില്‍. ഇൗ കാരണത്താല്‍ പട്ടികജാതിക്കാരുടെ കേസുകള്‍ തള്ളപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു. പട്ടികജാതി ഗോത്ര വര്‍ഗ കമ്മിഷനില്‍ പരാതി നല്‍കിയാല്‍ പരാതിക്കാരെ തേജോവധം ചെയ്യുന്ന പതിവുണ്ടെന്നും പരാതിയുണ്ട്‌.
പട്ടിക ജാതിക്കാരല്ലാത്തവര്‍ക്ക്‌ വാര്‍ഷിക വരുമാന പരിധി 6.5 ലക്ഷം രൂപയായി ഉയര്‍ത്തിയപ്പോള്‍ പട്ടിക ജാതിക്കാരുടെ വാര്‍ഷികവരുമാന പരിധി വെറും ഒരുലക്ഷം രൂപ മാത്രം. മെഡിക്കല്‍, എന്‍ജിനീയറിങ്‌ പ്രവേശനത്തിന്‌ 68 സമുദായങ്ങളുള്ള പട്ടിക ജാതിക്കാര്‍ക്ക്‌ എട്ടു ശതമാനവും 36 സമുദായങ്ങളുള്ള പട്ടിക വര്‍ഗക്കാര്‍ക്ക്‌ രണ്ടു ശതമാനവും സംവരണം നല്‍കുമ്പോള്‍ ഈഴവര്‍ക്ക്‌ ഒന്‍പതു ശതമാനവും മുസ്ലിംകള്‍ക്ക്‌ എട്ടു ശതമാനവുമാണു സംവരണം.
ഉദ്യോഗ സംവരണത്തില്‍ 12 മുതല്‍ 14 ശതമാനം വരെ മുസ്ലിംകള്‍ക്കും ഈഴവര്‍ക്കും ലഭിക്കുമ്പോള്‍ 104 സമുദായങ്ങളുള്ള പട്ടിക ജാതി/പട്ടിക വര്‍ഗക്കാര്‍ക്ക്‌ 10 ശതമാനം മാത്രം. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്ന ഇനത്തില്‍ പട്ടിക ജാതി/പട്ടിക വര്‍ഗക്കാര്‍ക്ക്‌ ലഭിക്കുന്നതിനേക്കാള്‍ അഞ്ചു മടങ്ങ്‌ കൂടുതലാണ്‌ മറ്റു സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന വാര്‍ഷിക സ്‌കോളര്‍ഷിപ്‌.
സംവരണങ്ങളും ആനുകൂല്യങ്ങളും മറ്റ്‌ സമുദായക്കാര്‍ കൈയടക്കുമ്പോള്‍ മണ്ണിന്റെ മക്കളായ പട്ടിക ജാതി/പട്ടിക വര്‍ഗക്കാര്‍ക്ക്‌ ഇവയൊക്കെ സര്‍ക്കാര്‍ ഉത്തരവില്‍ മാത്രം. മറ്റ്‌ സമുദായങ്ങളിപ്പെട്ടവര്‍ പറയുന്നതു സംവരണവും ആനുകൂല്യങ്ങളും പട്ടിക ജാതിക്കാര്‍ക്കാണെന്നാണ്‌. യഥാര്‍ഥത്തില്‍ പട്ടിക ജാതി/പട്ടിക വര്‍ഗക്കാര്‍ക്ക്‌ സംവരണമുണ്ടോ?

ഡോ. തേമ്പാംമൂട്‌ സഹദേവന്‍

(ഹ്യൂമെന്‍റൈറ്റ്‌സ്‌ പ്ര?ട്ടക്ഷന്‍ ഫോറം കണ്‍വീനറാണ്‌ ലേഖകന്‍)

Ads by Google
Monday 08 Jan 2018 02.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW