Monday, January 08, 2018 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.20 AM

ഓഹരി റിവ്യൂ : റെക്കോഡില്‍ മുത്തമിട്ട്‌ പുതുവര്‍ഷം

ഇന്ത്യന്‍ ഓഹരി വിപണി പുതുവര്‍ഷത്തിന്റെ ആദ്യ വാരം റെക്കോര്‍ഡ്‌ പ്രകടനം കാഴ്‌ചവച്ചത്‌ നിക്ഷേപകരെ കോരിതരിപ്പിച്ചു. ബോംബെ സൂചികയും നിഫ്‌റ്റിയും തിളങ്ങിയത്‌ നിക്ഷേപകരുടെ വിശ്വാസം ഉയര്‍ത്തി. ബി.എസ്‌.ഇ. 97 പോയിന്റും നിഫ്‌റ്റി 28 പോയിന്റും പ്രതിവാര നേട്ടം സ്വന്തമാക്കി. ബോംബെ സൂചിക സര്‍വകാല റെക്കോര്‍ഡായ 34,189 പോയിന്റ്‌ വരെയും നിഫ്‌റ്റി റെക്കോര്‍ഡായ 10,566 പോയിന്റ്‌ വരെയും ഉയര്‍ന്നു.
വിദേശ ഫണ്ടുകള്‍ ബ്ലൂചിപ്പ്‌ ഓഹരികളില്‍ നിക്ഷേപത്തിന്‌ ഉത്സാഹിച്ചത്‌ കുതിപ്പിന്‌ വേഗത പകര്‍ന്നു. പോയവാരം അവര്‍ 1666 കോടി രൂപയുടെ ഓഹരി ശേഖരിച്ചു. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയുടെ കുതിപ്പ്‌ കണ്ട്‌ ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പ്‌ നടത്തി. ഏതാണ്ട്‌ 933 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റുമാറി.
നിഫ്‌റ്റി സൂചിക 10,404 ല്‍ നിന്നുള്ള മുന്നേറ്റത്തില്‍ മുന്‍വാരം സൂചിപ്പിച്ച 10,565 ലേയ്‌ക്ക്‌ ഉയര്‍ന്നു. മാര്‍ക്കറ്റ്‌ ക്ലോസിങ്‌ നടക്കുമ്പോള്‍ സൂചിക 10,559 പോയിന്റിലാണ്‌. നിഫ്‌റ്റിക്ക്‌ ഈ വാരം തടസം 10,615-10,671 ലാണ്‌. വില്‍പ്പന സമ്മര്‍ദമുണ്ടായാല്‍ 10,453-10,347 ലേയ്‌ക്ക്‌ തിരുത്തല്‍ കാഴ്‌ചവയ്‌ക്കാം.
ബോംബെ സൂചിക 33,703ല്‍ നിന്ന്‌ റെക്കോര്‍ഡായ 34,189 വരെ ഉയര്‍ന്നു. ഈ മേഖലയില്‍ തടസം അനുഭവപ്പെടുമെന്ന കാര്യം മുന്‍ വാരം ഇതേ കോളത്തില്‍ സൂചിപ്പിച്ചിരുന്നു. വാരാന്ത്യം സെന്‍സെക്‌സ്‌ 34,153 ലാണ്‌. 34,327-34,501 ലേയ്‌ക്ക്‌ ഉയരാനാവും വിപണിയുടെ ശ്രമം. സൂചികയ്‌ക്ക്‌ തളര്‍ച്ച നേരിട്ടാല്‍ 33,841-33,529 പോയിന്റില്‍ താങ്ങ്‌ പ്രതീക്ഷിക്കാം.
മെറ്റല്‍ ഇന്‍ഡക്‌സ്‌ 4.76 ശതമാനം കഴിഞ്ഞവാരം ഉയര്‍ന്നപ്പോള്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഇന്‍ഡക്‌സ്‌ 4.66 ശതമാനം വര്‍ധിച്ചു. കാപ്പിറ്റല്‍ ഗുഡ്‌സ്‌, പവര്‍, പി.എസ്‌.യു, ഹെല്‍ത്ത്‌കെയര്‍, റിയാലിറ്റി, ബാങ്കിങ്‌ ഇന്‍ഡക്‌സുകളും മുന്നേറി. അതേസമയം ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, ഓട്ടോമൊെബെല്‍, ടെക്‌നോളജി വിഭാഗങ്ങള്‍ക്ക്‌ തളര്‍ച്ച നേരിട്ടു.
മുന്‍നിരയിലെ 31 ഓഹരികളില്‍ 18 എണ്ണത്തിന്റെ നിരക്ക്‌ ഉയര്‍ന്നപ്പോള്‍ 13 ഓഹരികള്‍ക്ക്‌ തിരിച്ചടി നേരിട്ടു. കോള്‍ ഇന്ത്യന്‍ ഓഹരി വില ആറ്‌ ശതമാനം ഉയര്‍ന്ന്‌ 278 രൂപയായി. യെസ്‌ ബാങ്ക്‌, ടാറ്റാ സ്‌റ്റീല്‍ എന്നിവ അഞ്ച്‌ ശതമാനം മുന്നേറി. എല്‍ ആന്‍ഡ്‌ ടി ഓഹരി വില 1314 രൂപയായി കയറി. അതേസമയം മാരുതി സുസുക്കി ഓഹരിവില മുന്ന്‌ ശതമാനം കുറഞ്ഞ്‌ 9434 ലേയ്‌ക്ക്‌ താഴ്‌ന്നപ്പോള്‍ ഇന്‍ഫോസീസ്‌ ടെക്‌നോളജി 1012 രൂപയായും ബജാജ്‌ ഓട്ടോ 3277 രൂപയായും വിപ്രോ 309 രൂപയായും താഴ്‌ന്നു.
ബി.എസ്‌.ഇയില്‍ പിന്നിട്ടവാരം 25,393 കോടി രൂപയുടെ ഇടപാടുകള്‍ നടന്നപ്പോള്‍ എന്‍.എസ്‌.ഇയില്‍ 1,68,820 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു. തൊട്ട്‌ മുന്‍വാരം ഇത്‌ യാഥാക്രമം 21,021,39 കോടിയും എന്‍.എസ്‌.ഇയില്‍ 1,37,358 കോടി രൂപയായിരുന്നു.
വിനിമയ വിപണിയില്‍ ഡോളറിന്‌ മുന്നില്‍ രൂപയുടെ മൂല്യം 50 െപെസ പോയവാരം വര്‍ധിച്ച്‌ 63.37 ലേയ്‌ക്ക്‌ കയറി. പിന്നിട്ട 32 മാസത്തിനിടയില്‍ രൂപയ്‌ക്ക്‌ ഇത്രയേറെ തിളക്കം അനുഭവപ്പെടുന്നത്‌ ആദ്യമാണ്‌. ഡോളര്‍ വിറ്റുമാറാന്‍ ചില ബാങ്കുകളും കയറ്റുമതിക്കാരും കഴിഞ്ഞ ദിവസങ്ങളില്‍ മത്സരിച്ചു. 2017 ല്‍ രൂപയുടെ വിനിമയ മൂല്യം ഡോളറിന്‌ മുന്നില്‍ ആറ്‌ ശതമാനം ഉയര്‍ന്നിരുന്നു.
രാജ്യത്തിന്റെ വിദേശനാണ്യശേഖരം 4.444 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന്‌ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 409.366 ബില്യന്‍ ഡോളറിലെത്തിയതായി ആര്‍.ബി.ഐ. വ്യക്‌തമാക്കി.
ഏഷ്യന്‍ ഓഹരി വിപണികളെല്ലാം നേട്ടത്തിലാണ്‌ വാരാന്ത്യം. യുറോപ്യന്‍ ഓഹരി ഇന്‍ഡക്‌സുകളും തിളങ്ങി. അമേരിക്കയില്‍ ഡൗ ജോണ്‍സ്‌, നാസ്‌ഡാക്‌, എസ്‌ ആന്‍ഡ്‌ പി ഇന്‍ഡക്‌സുകള്‍ പിന്നിട്ട ഒരു വ്യാഴവട്ടത്തിനിടയില്‍ ആദ്യമായി പുതു വര്‍ഷത്തെ ആദ്യവാരത്തില്‍ മികവ്‌ കാണിച്ചു.

കെ.ബി. ഉദയഭാനു

Ads by Google
Monday 08 Jan 2018 02.20 AM
YOU MAY BE INTERESTED
TRENDING NOW