Thursday, November 15, 2018 Last Updated 30 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.20 AM

മാര്‍ക്കറ്റ്‌ റിവ്യൂ : കുരുമുളകിന്‌ 'എരി' കുറഞ്ഞു

uploads/news/2018/01/181645/f1.jpg

വിപണിയില്‍ കഴിഞ്ഞവാരം വില്‍പനയ്‌ക്ക്‌ കര്‍ഷകര്‍ കൊണ്ടുവന്ന കുരുമുളകിന്‌ വിലത്തകര്‍ച്ച. കിലോയ്‌ക്ക് 19 രൂപ വില കുറഞ്ഞപ്പോള്‍ ഇടനിലക്കാര്‍ ഉള്‍പ്പെടെയുള്ള ചെറുകിട കര്‍ഷകര്‍ക്ക്‌ െകെ പൊള്ളി. കര്‍ണാടകയില്‍നിന്ന്‌ ഉത്തരേന്ത്യയില്‍ വലിയതോതില്‍ കൊച്ചി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ കുരുമുളക്‌ വിറ്റുതുടങ്ങിയതോടെ കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ കുരുമുളക്‌ ക്വിന്റലിന്‌ 19000 രൂപയാണ്‌ കുത്തനെ കുറഞ്ഞത്‌.
ഇറക്കുമതി ചെയ്‌ത മുളക്‌ കൂട്ടിക്കലര്‍ത്തിയാണ്‌ കര്‍ണാടകയിലെ ഗൂര്‍ഖില്‍നിന്ന്‌ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ കുരുമുളക്‌ വിറ്റുവരുന്നത്‌. കഴിഞ്ഞവാരം കര്‍ണാടകയാണ്‌ കുരുമുളകിന്‌ വില്ലനായത്‌.
കൊച്ചിയില്‍ കുരുമുളക്‌ കിലോയ്‌ക്ക് 452 രൂപ നിരക്കില്‍ വില്‍പന തുടര്‍ന്നിരിക്കെയാണ്‌ കര്‍ണാടക കിലോക്ക്‌ 380 മുതല്‍ 390 രൂപ നിരക്കില്‍ വിറ്റുതുടങ്ങിയത്‌. കിലോക്ക്‌ 720 രൂപവരെ വില ഉയര്‍ന്നിരിക്കെ കുരുമുളക്‌ 500 രുപ നിരക്കില്‍ ഇറക്കുമതി നിരക്ക്‌ ഏര്‍പ്പെടുത്തിയതോടെയാണ്‌ വില കുതിച്ചുകയറിയത്‌. കുരുമുളകിന്റെ വിലക്കയറ്റത്തിന്‌ കടിഞ്ഞാണിടാന്‍ വന്‍കിട ഇറക്കുമതി ലോബികള്‍ രംഗത്തിറങ്ങി. കുരുമുളക്‌ പൊടിച്ചു വില്‍ക്കുന്നവരും സത്ത്‌ നിര്‍മ്മാതാക്കളുമാണ്‌ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയത്‌.
ഇറക്കുമതി മുളകിന്റെ 500 രൂപയെന്ന തോത്‌ കുറക്കണമെന്നാണ്‌ ഇറക്കുമതി ലോബികളുടെ ആവശ്യം. രൂപ ശക്‌തമായതോടെ രാജ്യാന്തര വിപണിയില്‍ ഇന്ത്യയിലെ കയറ്റുമതിക്കാര്‍ കുരുമുളക്‌ ടണ്ണിന്‌ 100 ഡോളര്‍ വിലകുറച്ചു. ടണ്ണിന്‌ 7600 ല്‍ നിരക്ക്‌ രേഖപ്പെടുത്തിയ കയറ്റുമതിക്കാര്‍ 7500 ആയി വിലകുറച്ചു. മറ്റ്‌ ഉല്‍പാദക രാജ്യങ്ങളേക്കാള്‍ ഇന്ത്യയുടെ മുളകിന്‌ വില ഉയര്‍ന്നിരിക്കെ കയറ്റുമതിക്ക്‌ സാധ്യതയില്ല.
ഇന്ത്യയിലേക്ക്‌ വലിയതോതില്‍ വിയറ്റ്‌നാം ശ്രീലങ്ക വഴി ഇറക്കുമതി ചെയ്യുന്നതിന്‌ 3300 മുതല്‍ 3500 ഡോളര്‍ നിരക്കാണ്‌ രേഖപ്പെടുത്തിയത്‌. ഇതേ നിരക്കില്‍ വിയറ്റ്‌നാം അമേരിക്കയ്‌ക്കും പശ്‌ചിമേഷ്യന്‍ യൂറോപ്പ്‌ രാജ്യങ്ങളിലേക്കും ഓഫര്‍ ചെയ്‌തെങ്കിലും കയറ്റുമതിക്ക്‌ കരാറായില്ല. കേരളത്തില്‍ കുരുമുളകിന്റെ വിളവെടുപ്പ്‌ തുടങ്ങാറായി.
ടെര്‍മിനല്‍ വിപണിയില്‍ വില്‍പനക്ക്‌ കുരുമുളക്‌ വരവ്‌ കൂടും. വില വീണ്ടും കുറയാനാണ്‌ സാധ്യത. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 43300 രൂപ. ഗാര്‍ബിള്‍ഡ്‌ മുളക്‌ 45300 രൂപ.

റബറിനു ഭീഷണി അവധിക്കച്ചവടം

അവധിക്കച്ചവടക്കാര്‍ റബര്‍ വിലകുറച്ചു. റബര്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ 130ല്‍ വിറ്റുനിര്‍ത്തിയത്‌ കഴിഞ്ഞയാഴ്‌ചയുടെ തുടക്കത്തില്‍ 132 രൂപവരെ വില ഉയര്‍ന്നു.വാരാന്ത്യം അവധിക്കച്ചവടക്കാര്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ 129 രൂപയായി വിലകുറച്ചു. അത്യാവശ്യക്കാരായ ടയര്‍ കമ്പനികള്‍ 130 രൂപയിലും വാങ്ങി. അവധിക്കച്ചവടക്കാര്‍ തയ്യാര്‍ നിരക്ക്‌ കുറച്ച്‌ ഫെബ്രുവരി, മാര്‍ച്ച്‌ അവധികള്‍ക്ക്‌ വില ഉയര്‍ത്തി. മാര്‍ച്ച്‌ അവധി 133 രൂപവരെ വില ഉയര്‍ത്തിയിട്ടുണ്ട്‌.
തെളിഞ്ഞ കാലാവസ്‌ഥയില്‍ ടാപ്പിങ്‌ പൂര്‍ണമാണ്‌. വില്‍പനക്ക്‌ റബര്‍ വരവ്‌ കൂടി. കൊച്ചിയില്‍ 250 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്പനികള്‍ക്ക്‌ വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ രണ്ടായിരം ടണ്‍ റബര്‍ വാങ്ങി. റബര്‍ ഐ.എസ്‌.എസ്‌. ക്വിന്റലിന്‌ 12100-12700ല്‍ നിന്ന്‌ 12000-12400 ആയി വിലകുറഞ്ഞു.
ചെറുകിട ടയര്‍ കമ്പനികളാണ്‌ റബര്‍ ഐ.എസ്‌.എസിന്‌ കിലോയ്‌ക്ക് ഒരു രൂപ മുതല്‍ മൂന്നു രൂപവരെ വിലകുറച്ചത്‌. ആര്‍.എസ്‌.എസ്‌. നാല്‌ ക്വിന്റലിന്‌ 13000ല്‍ നിന്ന്‌ 12900 രൂപയായി വിലകുറഞ്ഞു. ക്വിന്റലിന്‌ 100 രൂപയാണ്‌ വാരാന്ത്യം വില ഇടിഞ്ഞത്‌.

സ്വര്‍ണത്തിളക്കം

ഡോളര്‍ ദുര്‍ബലമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ആഭ്യന്തര വിപണിയിലും പ്രതിഫലനം. കഴിഞ്ഞവാരം ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമായിരുന്നു. വാരാന്ത്യം പവന്‌ 120 രൂപ ഉയര്‍ന്നാണ്‌ വിപണി അടച്ചത്‌. രാജ്യാന്തര വിപണിയില്‍ ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന്‌ (31.100 മില്ലിഗ്രാം) 1302 ഡോളറില്‍ നിന്ന്‌ 1318 ഡോളറായി വിലകൂടി.
നിക്ഷേപകര്‍ ഡോളറില്‍ നിന്ന്‌ പിന്മാറി സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതോടെയാണ്‌ രാജ്യാന്തര വിപണിയില്‍ കഴിഞ്ഞവാരം സ്വര്‍ണം ഔണ്‍സിന്‌ 16 ഡോളര്‍ വില കൂടി. ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പവന്‌ 21760ല്‍ നിന്ന്‌ 21880 രൂപയായി വില ഉയര്‍ന്നു.

മറ്റുള്ളവ

വെളിച്ചെണ്ണ വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ പാം ഓയില്‍ ക്വിന്റലിന്‌ 160 രൂപ വിലകൂടി. പാംഓയില്‍ ക്വിന്റലിന്‌ 6530 രൂപ. വെളിച്ചെണ്ണ ക്വിന്റലിന്‌ മില്ലിങ്‌ 20400, തയ്യാര്‍ 19600, കൊപ്ര 14300, പിണ്ണാക്ക്‌ എക്‌സ്‌പെല്ലര്‍ 3000, റോട്ടറി 3800 രൂപ.
പഞ്ചസാര ക്വിന്റലിന്‌ 3720 ല്‍ നിന്ന്‌ 3700 ആയി വിലകുറഞ്ഞു. ചുക്ക്‌ മീഡിയം ക്വിന്റലിന്‌ 12500, ചുക്ക്‌ ബെസ്‌റ്റ്‌ 13500 രൂപയിലും മഞ്ഞള്‍ 11500 രൂപയിലും അടക്ക 2000-21000 രൂപയിലും വറ്റല്‍മുളക്‌ 8000-15000 രൂപയിലും ജാതിപത്രി 550-600 രൂപയിലും പച്ചരി 2100-2450 രൂപയിലും വില മാറ്റമില്ല. പുഴുക്കലരി ജയ 3600-3700 ല്‍ നിന്ന്‌ 3700-3750 ആയി വിലകൂടി.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google
Monday 08 Jan 2018 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW