Saturday, November 17, 2018 Last Updated 10 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.08 AM

ആഷസ്‌ ക്രിക്കറ്റ്‌ പരമ്പര : അഞ്ചാം ടെസ്‌റ്റിലും ഇംഗ്ലണ്ട്‌ തോല്‍വിയിലേക്ക്‌

uploads/news/2018/01/181636/s1.jpg

സിഡ്‌നി: ആഷസ്‌ ക്രിക്കറ്റ്‌ പരമ്പരയിലെ അഞ്ചാം ടെസ്‌റ്റിലും ഇംഗ്ലണ്ടിനു രക്ഷയില്ല. 303 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്‌ വഴങ്ങിയ അവര്‍ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ നാലിന്‌ 93 റണ്‍സ്‌ എന്ന നിലയില്‍ തോല്‍വിയുടെ വക്കിലാണ്‌.
ഓപ്പണര്‍മാരായ അലിസ്‌റ്റയര്‍ കുക്ക്‌ (10), മാര്‍ക്ക്‌ സ്‌റ്റോണ്‍മാന്‍ (0), ജയിംസ്‌ വിന്‍സ്‌ (18), ഡേവിഡ്‌ മലന്‍ (അഞ്ച്‌) എന്നിവരാണ്‌ പുറത്തായത്‌.
നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 42 റണ്‍സുമായിനായകന്‍ ജോ റൂട്ടും 17 റണ്‍സുമായി വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയുമാണ്‌ ക്രീസില്‍. ആറു വിക്കറ്റും ഒരു ദിനവും മാത്രം ശേഷിക്കെ ഓസീസിന്റെ ലീഡ്‌ മറികടക്കാന്‍ ഇനിയും 210 റണ്‍സ്‌ കൂടി ഇംഗ്ലണ്ടിനു വേണം. ഇതോടെ ഇത്തവണത്തെ ആഷസ്‌ പരമ്പരയില്‍ ഒരു ആശ്വാസ ജയം പോലും സന്ദര്‍ശകര്‍ക്ക്‌ ലഭിക്കില്ലെന്ന്‌ ഉറപ്പായി.
നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 346നു മറുപടിയായി ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 649 റണ്‍സ്‌ നേടിയ ഓസീസ്‌ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മധ്യനിര താരം ഉസ്‌മാന്‍ ക്വാജ(171), ഷോണ്‍ മാര്‍ഷ്‌(156), മിച്ചല്‍ മാര്‍ഷ്‌ (101) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ്‌ അവരെ കൂറ്റന്‍ സ്‌കോറിലേക്കു നയിച്ചത്‌.
ക്വാജ മൂന്നാം ദിനം സെഞ്ചുറി തികച്ചിരുന്നു. ഇന്നലെ നാലിന്‌ 479 റണ്‍സ്‌ എന്ന നിലയില്‍ ബാറ്റിങ്‌ പുനരാരംഭിച്ച ഓസീസിനായി തുടക്കത്തില്‍ തന്നെ ഷോണ്‍ മാര്‍ഷ്‌ സെഞ്ചുറി പൂര്‍ത്തിയാക്കി. ഓസീസ്‌ സ്‌കോര്‍ 540 പിന്നിട്ടതിനു പിന്നാലെ മിച്ചല്‍ മാര്‍ഷും മൂന്നക്കം കടന്നു. സെഞ്ചുറി തികച്ചതിനു പിന്നാലെ മിച്ചലിനു വിക്കറ്റും നഷ്‌ടമായി.
141 പന്തില്‍ നിന്ന്‌ 15 ബൗണ്ടറികളും രണ്ടു സിക്‌സറും സഹിതം 101 റണ്‍സാണ്‌ മിച്ചല്‍ നേടിയത്‌. സഹോദരന്‍ മടങ്ങിയിട്ടും ബാറ്റിങ്‌ തുടര്‍ന്ന ഷോണ്‍ 291 പന്തുകള്‍ നേരിട്ട്‌ 18 ബൗണ്ടറികളോടെ 156 റണ്‍സെടുത്താണ്‌ പുറത്തായത്‌. വാലറ്റത്ത്‌ മിച്ചല്‍ സ്‌റ്റാര്‍ക്ക്‌(11), ടിം പെയ്‌ന്‍(38), പാറ്റ്‌ കമ്മിന്‍സ്‌(24) എന്നിവര്‍ ചേര്‍ന്നാണ്‌ ഓസീസിനെ 600 കടത്തിയത്‌.
ലീഡ്‌ 300 കടന്നതിനു പിന്നാലെയാണ്‌ ഓസീസ്‌ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തത്‌. തുടര്‍ന്ന്‌ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്‌ രണ്ടാമിന്നിങ്‌സിലും ബാറ്റിങ്‌ തകര്‍ച്ച നേരിടുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ്‌ എത്തുമ്പോഴേക്കും അവര്‍ക്ക്‌ ഓപ്പണര്‍മാരെ നഷ്‌ടമായിരുന്നു.
മൂന്നാം ഓവറില്‍ തന്നെ സ്‌റ്റോണ്‍മാനെ പേസര്‍ മിച്ചല്‍ സ്‌റ്റാര്‍ക്ക്‌ വിക്കറ്റിനു മുന്നില്‍ കുരുക്കി. രണ്ടോവറിനകം കുക്കിനെ സ്‌പിന്നിര്‍ നഥാന്‍ ലിയോണ്‍ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്‌തതോടെ രണ്ടിന്‌ 15 എന്ന നിലയിലായി ഇംഗ്ലണ്ട്‌.
മൂന്നാം വിക്കറ്റില്‍ ജയിംസ്‌ വിന്‍സിനൊപ്പം ചേര്‍ന്ന നായകന്‍ റൂട്ട്‌ ടീമിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സ്‌കോര്‍ 43-ല്‍ നില്‍ക്കെ വിന്‍സും തൊട്ടുപിന്നാലെ മലനും പുറത്തായതോടെ നാലിന്‌ 68 എന്ന നിലയിലേക്ക്‌ സന്ദര്‍ശകര്‍ വീണു.
പിന്നീട്‌ അഞ്ചാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോയെ കൂട്ടുപിടിച്ചു കൂടുതല്‍ നഷ്‌ടങ്ങളില്ലാതെ റൂട്ട്‌ നാലാം ദിനം അവസാനിപ്പിക്കുകയായിരുന്നു. 124 പന്തില്‍ നിന്നാണ്‌ റൂട്ടിന്റെ 42 റണ്‍സ്‌. പ്രതിരോധത്തിലേക്കു വലിഞ്ഞ ഇംഗ്ലീഷ്‌ നായകന്റെ ബാറ്റില്‍ നിന്ന്‌ ഒരു ബൗണ്ടറി പോലും പിറന്നില്ല. 45 പന്തില്‍ നിന്ന്‌ മൂന്നു ബൗണ്ടറികളോടെയാണ്‌ ബെയര്‍സ്‌റ്റോ 17 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നത്‌.

Ads by Google
Monday 08 Jan 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW