Thursday, February 22, 2018 Last Updated 16 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.02 AM

സമ്മാനത്തുക ഗുരുദക്ഷിണ : അഞ്‌ജലിക്കു ജീവിതം പോരാട്ടം

uploads/news/2018/01/181628/k6.jpg

തൃശൂര്‍ : ലളിതഗാന മത്സരവേദിയില്‍ നിറഞ്ഞു പാടുമ്പോഴും അവളുടെ മനസ്‌ അറിയാതെ വിതുമ്പി. സാമ്പത്തികപ്രതിസന്ധി വരിഞ്ഞുമുറുക്കിയപ്പോള്‍ ആദ്യം പാട്ടുപഠനത്തിനു 'സുല്ലി'ട്ടതാണ്‌. ഓട്ടോഡ്രൈവറായ പിതാവിന്റെ തുഛവരുമാനത്തില്‍ നിന്നു പാട്ടുപഠിക്കാന്‍ തുക മാറ്റിവെക്കുന്നത്‌ അഞ്ചംഗ കുടുംബത്തിന്‌ സ്വപ്‌നം പോലും കാണാനാകാത്ത കാര്യം. പാട്ടിനോടുള്ള കമ്പം മൂത്തു വീണ്ടും രംഗത്തിറങ്ങി. മുമ്പു കാസറ്റില്‍ പാടിയതിനു ലഭിച്ച സമ്മാനത്തുകയെടുത്ത്‌ ഗുരുദക്ഷിണ സംഘടിപ്പിച്ചു. എങ്കിലും പ്രതിസന്ധികള്‍ക്കു നീളമേറി. കലോത്സവത്തിനു വരാന്‍ വണ്ടിക്കൂലിക്കു തുകയൊപ്പിക്കാനാകാതെ യാത്ര മുടങ്ങുമെന്ന ആശങ്കയായിരുന്നു. ഒടുവില്‍ വീടിനടുത്തുള്ള നെഹ്‌റു ആര്‍ട്‌സ് ക്ലബുകാരുടെ സാമ്പത്തിക സഹായത്താലാണു തൃശുരിലേക്കുള്ള യാത്രാവഴി തുറന്നത്‌. കോഴിക്കോട്‌ വാണിമേല്‍ ക്രസന്റ്‌ എച്ച്‌.എസ്‌.എസ്‌ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനി അഞ്‌ജലി പൊരുതാനുള്ള മനസു കൈവിട്ടില്ല.
മത്സരിച്ചു മികവു കാട്ടാതെ നാട്ടിലേക്കു മടങ്ങുന്ന അവസ്‌ഥയോര്‍ത്താണ്‌ അഞ്‌ജലി നെടുവീര്‍പ്പിട്ടത്‌. ജീവിതം അത്രമേല്‍ കഠിനമാണെന്ന തിരിച്ചറിവിനിടയിലും അവളെ ചേര്‍ത്തുപിടിച്ചത്‌ കുടുംബത്തിന്റെ സ്‌നേഹത്തണല്‍. മറ്റു മത്സരാര്‍ഥികള്‍ സകുടുംബം എത്തിയപ്പോള്‍ പിതാവ്‌ ജിജിയായിരുന്നു അഞ്‌ജലിക്കു കൂട്ട്‌. അമ്മ ആലീസും ചേച്ചി അലീനയും അനുജത്തി അലിന്‍ഡയും അഞ്‌ജലിക്കു വേണ്ടി വീട്ടിലിരുന്നു പ്രാര്‍ഥിച്ചു. 'മൃദുമന്ദഹാസം മലര്‍മഴയാക്കിയ മുകില്‍വര്‍ണനെന്നേ മറന്നതെന്തേ?' എന്ന വരികള്‍ ഇന്നലെ മോഡല്‍ബോയ്‌സ് ഹൈസ്‌കൂളിലെ വേദിയില്‍ പാടിയത്‌ ഈശ്വരനോടുള്ള ചോദ്യം കൂടിയായിരുന്നു. ഹൃദയം ചേര്‍ത്തുപിടിച്ച ചോദ്യം. ദു:ഖത്തെ ആനന്ദക്കണ്ണീരാക്കാനുള്ള രാസത്വരകമായി സംഗീതത്തെ അവള്‍ മാറ്റിയെടുത്തു.
ശാലോം ടി.വിയില്‍ മുമ്പു പാടി അഭിനയിച്ചിട്ടുണ്ട്‌ ഈ മിടുക്കി. ഈശനേ കൈതൊഴാം തുടങ്ങി രണ്ടു ഭക്‌തിഗാന കാസെറ്റുകള്‍ക്കു വേണ്ടി പാടിയതിനാണു സമ്മാനമെന്ന പേരില്‍ തുക ലഭിച്ചത്‌. വിജയക്കുതിപ്പു നടത്തിയാല്‍ കുറച്ചുകൂടി അവസരങ്ങള്‍ ലഭിക്കുമെന്ന സന്തോഷം ചെറുതല്ല. 2012 ല്‍ ചെറുപുഷ്‌പം ലീഗ്‌ നടത്തിയ സംസ്‌ഥാന ഗാനമത്സരത്തില്‍ അഞ്‌ജലിക്കായിരുന്നു ഒന്നാംസ്‌ഥാനം. അഞ്ചുവര്‍ഷം മുമ്പാണ്‌ സാമ്പത്തികദുരിതം മൂലം അഞ്‌ജലി പാട്ടു പഠനം നിര്‍ത്തിയത്‌. കുഗ്രാമമായതിനാല്‍ ദൂരേക്കു പോയല്ലാതെ പാട്ടുപഠിക്കാനാകില്ല. യാത്രാക്കൂലിയും കൂടി താങ്ങാനായില്ല. ഒടുവില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എ ഗ്രേഡു നേടിയപ്പോള്‍ അവളേക്കാള്‍ സന്തോഷിച്ചത്‌ പിതാവ്‌ ജിജി.

കെ. കൃഷ്‌ണകുമാര്‍

Ads by Google
Monday 08 Jan 2018 02.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW