Tuesday, February 19, 2019 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.02 AM

എ.കെ.ജി. വിവാദം : കോണ്‍ഗ്രസിനെ ആക്രമിച്ച്‌ മുഖ്യമന്ത്രി; അതേ വാക്കുകളില്‍ ബല്‍റാമിന്റെ മറുപടി

uploads/news/2018/01/181627/k5.jpg

തിരുവനന്തപുരം: മണ്‍മറഞ്ഞ കമ്യൂണിസ്‌റ്റ്‌ നേതാവ്‌ എ.കെ.ജിയെപ്പറ്റി ഫെയ്‌സ്‌ബുക്കിലൂടെ വിവാദ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എം.എല്‍.എയെ കോണ്‍ഗ്രസ്‌ സംരക്ഷിക്കുകയാണെന്നു കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റ്‌. അടിയും തിരിച്ചടിയുമായി സാമൂഹിക മാധ്യമങ്ങളില്‍ യുദ്ധം തുടരുന്നതിനിടെയുള്ള മുഖ്യമന്ത്രിയുടെ കുറിപ്പിന്‌ അതേ വാക്കുകള്‍ കൊണ്ടുതന്നെ ബല്‍റാം മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ "എ.കെ.ജി" എന്ന്‌ എഴുതിയിടത്തെല്ലാം "മന്‍മോഹന്‍ സിങ്‌" എന്നു ചേര്‍ത്താണു ബല്‍റാം തിരിച്ചടിച്ചത്‌.
പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയെ അവഹേളിച്ച എം.എല്‍.എയെ കോണ്‍ഗ്രസ്‌ സംരക്ഷിക്കുന്നത്‌ ആ പാര്‍ട്ടിയുടെ ജീര്‍ണതയാണു തെളിയിക്കുന്നതെന്നു പരാമര്‍ശത്തിലൂടെയാണ്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌.
"ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീനഭാഷയില്‍ അധിക്ഷേപിച്ച എം.എല്‍.എയ്‌ക്ക്‌ കോണ്‍ഗ്രസിന്റെ ചരിത്രമോ എ.കെ.ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്‌മയും വിവരക്കേടുമാണത്‌. ആ വകതിരിവില്ലായ്‌മയാണോ കോണ്‍ഗ്രസിന്റെ മുഖമുദ്ര എന്നു വിശദീകരിക്കേണ്ടത്‌ ആ പാര്‍ട്ടിനേതൃത്വമാണ്‌. എ.കെ.ജി. ഈ നാടിന്റെ വികാരമാണ്‌, ജനഹൃദയങ്ങളില്‍ മരണമില്ലാത്ത പോരാളിയാണ്‌, പാവങ്ങളുടെ പടത്തലവനാണ്‌.
ആ മഹദ്‌ ജീവിതത്തിന്റെ യശസില്‍ ഒരു നുള്ള്‌ മണല്‍ വീഴ്‌ത്തുന്നത്‌ ഇന്ത്യയിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേല്‍പ്പിക്കുന്ന പരുക്കാണ്‌. വിവരദോഷിയായ എം.എല്‍.എയ്‌ക്ക്‌ അതു പറഞ്ഞുകൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ലെന്നതാണ്‌ ആ പാര്‍ട്ടിയുടെ ദുരന്തം. ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍ കണ്ടെങ്കിലും അത്തരം ബോധം വരാത്തതില്‍ സഹതപിക്കുന്നു.
അറിവില്ലായ്‌മയും ധിക്കാരവും പ്രശസ്‌തിക്കുവേണ്ടിയുള്ള ആര്‍ത്തിയും ഒരു ജനതയുടെ, ജനകോടികളുടെ ഹൃദയവികാരത്തെ ആക്രമിച്ചുകൊണ്ടാകരുത്‌ എന്ന്‌ നെഹ്‌റുവിനെയും സ്വാതന്ത്ര്യസമരത്തെയും മറന്ന നിര്‍ഗുണ ഖദര്‍ധാരികള്‍ ഓര്‍ക്കുന്നതു നന്ന്‌. എ.കെ.ജിയെയും സഖാവിന്റെ പത്‌നി, തൊഴിലാളി വര്‍ഗത്തിന്റെ പ്രിയനേതാവ്‌ സുശീല ഗോപാലനെയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെത്തന്നെയാണു മുറിവേല്‍പ്പിച്ചതെന്നു മനസിലാക്കാനുള്ള ഔചിത്യം കോണ്‍ഗ്രസിനുണ്ടാകട്ടെ" എന്ന്‌ മുഖ്യമന്ത്രി കുറിച്ചു.

ബല്‍റാമിന്റെപുതിയ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റ്‌...
"ഡോ. മന്‍മോഹന്‍ സിങ്ങിനെ അവഹേളിച്ച മന്ത്രിയെ സി.പി.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത്‌ ആ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ജീര്‍ണത തെളിയിക്കുന്നു. ഇന്ത്യന്‍ സാമ്പത്തികവിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനുവേണ്ടി പടപൊരുതിയ മഹാനായ മുന്‍ പ്രധാനമന്ത്രിയെ ഹീനഭാഷയില്‍ അധിക്ഷേപിച്ച മന്ത്രിക്ക്‌ ഈ രാജ്യത്തിന്റെ ചരിത്രമോ മന്‍മോഹന്‍ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം.
വകതിരിവില്ലായ്‌മയും വിവരക്കേടുമാണത്‌. ആ വകതിരിവില്ലായ്‌മയാണോ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റേയും മുഖമുദ്ര എന്നു വിശദീകരിക്കേണ്ടത്‌ ആ പാര്‍ട്ടി/ഭരണ നേതൃത്വങ്ങളാണ്‌. ഡോ. മന്‍മോഹന്‍ സിങ്‌ ഈ നാടിന്റെ വിവേകമാണ്‌, ജനഹൃദയങ്ങളില്‍ സാമ്പത്തികവിപ്ലവ പോരാളിയാണ്‌, ലോകത്തേറ്റവും കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്നു മിഡില്‍ക്ല ാസിലേക്കുയര്‍ത്തിയ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയാണ്‌. ആ നിലയ്‌ക്ക്‌ ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ്‌. ആ മഹദ്‌ ജീവിതത്തിന്റെ യശസില്‍ ഒരു നുള്ള്‌ മണല്‍ വീഴ്‌ത്തുന്നത്‌ ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേല്‍പ്പിക്കുന്ന പരുക്കാണ്‌. വിവരദോഷിയായ മന്ത്രിക്ക്‌ അതു പറഞ്ഞുകൊടുക്കാന്‍ വിവേകമുള്ള നേതൃത്വം സി.പി.എമ്മിനും സര്‍ക്കാരിനുമില്ല എന്നതാണ്‌ ആ പാര്‍ട്ടിയുടെയും കേരള സംസ്‌ഥാനത്തിന്റേയും ദുരന്തം.
ഉയര്‍ന്നുവന്നതും സി.പി.എമ്മിനെപ്പേടിച്ച്‌ ഉയര്‍ന്നുവരാത്തതുമായ പ്രതികരണങ്ങള്‍ കണ്ടെങ്കിലും അത്തരം ബോധം വരാത്തതില്‍ സഹതപിക്കുന്നു.
അറിവില്ലായ്‌മയും ധിക്കാരവും കൈയേറ്റഭൂമിക്കുവേണ്ടിയുള്ള ആര്‍ത്തിയും ഒരു ജനതയുടെ, ജനകോടികളുടെ ഹൃദയവികാരത്തെ ആക്രമിച്ചുകൊണ്ടാകരുതെന്ന്‌ ഹര്‍കിഷന്‍സിങ്‌ സുര്‍ജിത്തിനെയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥയുടെ ചരിത്രത്തെയും മറന്ന നിര്‍ഗുണ സഖാക്കള്‍ ഓര്‍ക്കുന്നതു നന്ന്‌. ഡോ. മന്‍മോഹന്‍സിങ്ങിനെയും അദ്ദേഹത്തിന്റെ പ്രസ്‌ഥാനത്തെയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെത്തന്നെയാണു മുറിവേല്‍പ്പിക്കുന്നതെന്ന്‌ മനസിലാക്കാനുള്ള ഔചിത്യം സി.പി.എമ്മിനും കേരള സര്‍ക്കാരിനുമുണ്ടാകട്ടെ എന്നാശംസിക്കുന്നു."

Ads by Google
Monday 08 Jan 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW