തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനെപ്പറ്റി ഫെയ്സ് ബുക്കില്‍ വിവാദപരാമര്‍ശം നടത്തിയ തൃത്താല എം.എല്‍.എ. സാമൂഹിക മാധ്യമങ്ങളില്‍ ഇടത് അണികളുടെ "പൊങ്കാല" നേരിടുന്നതിനിടെ, കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. എന്നാല്‍, അതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കു ബല്‍റാം മറുപടി നല്‍കിയത്.
ബല്‍റാമിന്റെ പരാമര്‍ശത്തോടു യോജിപ്പില്ലെന്നു പറഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസുകാരോടുള്ള സാരോപദേശത്തിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മന്ത്രിമാരെ നിലയ്്ക്കു നിര്‍ത്തണമെന്നും നിലപാടെടുത്തു.
നെഹ്റു കുടുംബത്തിനെതിരേ അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധത പറഞ്ഞ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആദ്യം മാപ്പുപറയട്ടെ എന്നു നിലപാടെടുത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെപ്പോലെ ചുരുക്കം ചിലര്‍ മാത്രമാണ് ബല്‍റാമിനു പൂര്‍ണപിന്തുണ നല്‍കിയത്.
എ.കെ.ജിയെപ്പറ്റിയുള്ള ബല്‍റാമിന്റെ പരാമര്‍ശം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ലെന്നും എ.കെ.ജിയെന്നല്ല, ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ മറ്റുള്ളവരെ പുലഭ്യം പറയുന്നത് മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വളര്‍ന്നുവരുന്ന കോണ്‍ഗ്രസ് നേതാവിനു ചേര്‍ന്നതല്ല ബല്‍റാമിന്റെ അഭിപ്രായമെന്നും അതേസമയം, വീണുകിട്ടിയ അവസരം ഉപയോഗിച്ച് അദ്ദേഹത്തെ ചവിട്ടി മുക്കാമെന്ന് ആരും കരുതേണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. പറഞ്ഞു. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആദരവാര്‍ജിച്ച എ.കെ.ജിയെ ആക്ഷേപിക്കുന് വിധത്തിലുള്ള പ്രസ്താവന തെറ്റാണെന്നും അതു പാര്‍ട്ടി നിലപാടോ അഭിപ്രായമോ അല്ലെന്നും ഹസന് വ്യക്തമാക്കി. ബല്‍റാമിന്റെ പരാമര്‍ശങ്ങളോട് വിയോജിക്കുകയാണെന്നും മറ്റു പാര്‍ട്ടികളെ ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശൈലിയെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിയോജിപ്പ് അറിയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിന് അതേ നാണയത്തിലുള്ള തിരിച്ചടിയുമായി ബല്‍റാം ഫെയ്സ് ബുക്കില്‍ മറുകുറിപ്പെഴുതിയത്. വിവാദം അടങ്ങുന്ന ലക്ഷണമില്ലതന്നെ.