തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തില്‍ ഇളവു ലഭിച്ചവര്‍ ഭൂമി മറിച്ചുവില്‍ക്കുന്നതു നിയന്ത്രിക്കാനായി റവന്യു വകുപ്പ് ലക്ഷ്യമിട്ട നിയമഭേദഗതി നിയമവകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്നു മരവിപ്പിച്ചു. വിദഗ്ധ നിയമോപദേശത്തിനുശേഷം തുടര്‍നടപടി മതിയെന്നാണ് റവന്യു വകുപ്പിന്റെ തീരുമാനം. ഇതോടെ തോട്ടം ഭൂമിയടക്കം മറ്റാവശ്യങ്ങള്‍ക്കായി മറിച്ചുവിറ്റവര്‍ നിയമനടപടികളില്‍നിന്നു തല്ക്കാലം രക്ഷപ്പെടും.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, ആരാധനാലയങ്ങള്‍, തോട്ടമുടമകള്‍, ജീവകാരുണ്യസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, വ്യവസായസ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കു നിശ്ചിത ആവശ്യത്തിനായി കൈവശംവയ്ക്കാന്‍ അനുമതി ലഭിച്ച അധികഭൂമി മറ്റാവശ്യത്തിനായി മറിച്ചുവിറ്റാല്‍ സര്‍ക്കാരിലേക്കു കണ്ടുകെട്ടുന്നതടക്കമുള്ള നിര്‍ദേശങ്ങളാണു റവന്യു വകുപ്പ് മുന്നോട്ടുവച്ചത്.
ഭൂപരിഷ്കരണനിയമത്തില് ഭേദഗതി കൊണ്ടുവരാനുള്ള റവന്യു വകുപ്പിന്റെ നീക്കത്തെ നിയമവകുപ്പ് തുടക്കത്തിലേ എതിര്‍ത്തിരുന്നു. തുടര്‍ന്നു നിയമവകുപ്പ് മുന്‍ സ്പെഷല്‍ സെക്രട്ടറി സി.ജെ. പത്മാകരനെ സ്പെഷല്‍ ഓഫീസറായി നിയമിച്ചാണു റവന്യു വകുപ്പ് നിയമഭേദഗതിയുടെ കരടു തയാറാക്കിയത്.
നിശ്ചിത ആവശ്യത്തിനായിത്തന്നെയാണു ഭൂമി മറിച്ചുവില്ക്കുന്നതെങ്കില് തെറ്റില്ലെന്നും മറ്റാവശ്യങ്ങള്ക്കായാണു വില്‍പ്പനയെങ്കില്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നായിരുന്നു നിര്‍ദേശം. തോട്ടം നടത്തിപ്പിനായല്ലാതെ തോട്ടം ഭൂമി വില്‍ക്കാനോ വാങ്ങാനോ കഴിയില്ലെന്ന് ഉദാഹരണം.
ഇതനുസരിച്ച് കരടു വിജ്ഞാപനം തയാറാക്കാന്‍ റവന്യു വകുപ്പ് ആവശ്യപ്പെട്ടെങ്കിലും നിര്‍ദിഷ്ട ഭേദഗതി നിയമവിരുദ്ധമാണെന്നാണ് നിയമവകുപ്പിന്റെ നിലപാട്. ഈ ആവശ്യത്തിന് നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമാണെന്നും ഭേദഗതി അവയെ ദുര്‍ബലപ്പെടുത്തുമെന്നും നിയമവകുപ്പ് പറയുന്നു. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിവിധ ഉത്തരവുകളെ അസ്ഥിരപ്പെടുത്തുന്ന നിയമഭേദഗതി കോടതിയില്‍ ചോദ്യംചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയ നിയമവകുപ്പ് കരടു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി.
അതേസമയം, ചില തോട്ടമുടമകള്‍ കോടതിയെ സമീപിക്കുകയും ചെയ്തു. ഇതോടെയാണു ഭേദഗതി നീക്കത്തില്‍നിന്നു റവന്യു വകുപ്പ് തല്ക്കാലം പിന്മാറിയത്. ഭേദഗതി നടപ്പായിരുന്നെങ്കില്‍ ഭൂമി തുണ്ടുകളായി മറിച്ചുവില്‍ക്കുന്നത് നിയമലംഘനമായി മാറുമായിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനും റവന്യു കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനില്നിന്നു നിയമോപദേശം തേടാനുമാണ് റവന്യു വകുപ്പിന്റെ തീരുമാനം.
ഭൂപരിഷ്കരണ നിയമമനുസരിച്ച് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വയ്ക്കാവുന്ന ഭൂമിയുടെ വ്യാപ്തി പരമാവധി 15 ഏക്കറാണ്. ഇതിലെ 81 (1) വകുപ്പ് പ്രകാരം ലഭിച്ച ഇളവ് മുതലെടുത്ത് കൂടുതല്‍ ഭൂമി കൈവശംവച്ച നിരവധി തോട്ടം ഉടമകളും ട്രസ്റ്റുകളും വ്യവസായസ്ഥാപനങ്ങളും ഭൂമി മറിച്ചുവില്ക്കുകയാണെന്നു സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. പി.വി. അന്‍വര്‍ എം.എല്‍.എയ്ക്കെതിരേയും സമാന ആരോപണമാണ് ഉയര്‍ന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പേരില്‍ ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നേടിയവര്‍ പോലും പിന്നീട് മറ്റാവശ്യങ്ങള്‍ക്കായി ഭൂമി മുറിച്ചുവിറ്റിട്ടുണ്ട്. ഇവര്‍ക്കെതിരേ നടപടിയെടുക്കുന്നതും ഭൂമി തിരിച്ചെടുക്കുന്നതും നിലവിലുള്ള നിയമപ്രകാരം എളുപ്പമല്ലെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്.