Sunday, June 23, 2019 Last Updated 30 Min 45 Sec ago English Edition
Todays E paper
Ads by Google
എ.എസ്. അജയ്‌ദേവ്
Sunday 07 Jan 2018 08.42 AM

കടക്കെണി മറികടക്കാന്‍ വാണിജ്യ സമുച്ചയം; കെ.എസ്.ആര്‍.ടി.സി. വീണത് വാരിക്കുഴിയില്‍; കൊട്ടാരക്കര ഒഴികെയുള്ള നഷ്ടത്തില്‍; പ്രതിവര്‍ഷ നഷ്ടം 408 കോടി

KSRTC

തിരുവനന്തപുരം: കടക്കെണിയില്‍നിന്നു കരകയറാന്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോപ്ലക്‌സ് പദ്ധതി ആവിഷ്‌കരിച്ച കെ.എസ്.ആര്‍.ടി.സി. വീണത് നഷ്ടത്തിന്റെ പടുകുഴിയില്‍. കെ.ടി.ഡി.എഫ്.സിയുമായി സഹകരിച്ച് ബി.ഒ.ടി. അടിസ്ഥാനത്തിലും കെ.എസ്.ആര്‍.ടി.സി. സ്വന്തം നിലയിലും നിര്‍മിച്ച വാണിജ്യസമുച്ചയങ്ങള്‍ തിരിഞ്ഞുനോക്കാനാളില്ലാതെ ഭാര്‍ഗവീനിലയങ്ങളായതോടെ പ്രതിവര്‍ഷ നഷ്ടം 408 കോടി.

നഷ്ടക്കണക്ക് അനുദിനം പെരുകി സര്‍ക്കാരുകള്‍ക്കു ബാധ്യതയായതോടെയാണു കെ.എസ്.ആര്‍.ടി.സി. ഡിപ്പോകള്‍ കേന്ദ്രീകരിച്ച് വാണിജ്യസമുച്ചയമെന്ന ആശയം ഉയര്‍ന്നത്. ഇതിന്‍പ്രകാരം 2016ല്‍ 17 ഡിപ്പോകളില്‍ വാണിജ്യ സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കി. ഓരോന്നില്‍നിന്നും പ്രതിമാസം രണ്ടുകോടി രൂപ പ്രകാരം 34 കോടി രൂപയാണു പ്രതീക്ഷിച്ച വരുമാനം.കൊട്ടാരക്കരയിലേതൊഴികെ മറ്റിടങ്ങളിലേതു നഷ്ടമായതോടെ പ്രതീക്ഷ അസ്ഥാനത്തായി. െകെപൊള്ളിയിട്ടും കോടികള്‍ ചെലവിട്ട് ഹരിപ്പാട്, മൂവാറ്റുപുഴ, തൊടുപുഴ, മലപ്പുറം, പത്തനംതിട്ട, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ വാണിജ്യ സമുച്ചയം നിര്‍മിക്കുന്ന തിരക്കിലാണു കെ.എസ്.ആര്‍.ടി.സി. നിര്‍മാണത്തിനുമുമ്പേ കടകള്‍ ലേലം ചെയ്തു ലഭിച്ച പണം കൊണ്ടായിരുന്നു സ്വന്തം നിലയിലുള്ള കെ.എസ്.ആര്‍.ടി.സിയുടെ വാണിജ്യസമുച്ചയ നിര്‍മാണം. കടകള്‍ വന്‍തുക നല്‍കി എടുക്കാന്‍ ആളില്ലാത്തതു സാമ്പത്തിക പ്രതിസന്ധിക്കിടയാക്കി. ഇതോടെ ഭൂരിഭാഗം സമുച്ചയങ്ങളും നിര്‍മാണം പൂര്‍ത്തിയാക്കാതെയാണു പ്രവര്‍ത്തനം തുടങ്ങിയത്.

തമ്പാനൂര്‍ വാണിജ്യ സമുച്ചയത്തിന് 80.97 കോടി രൂപയാണു നിര്‍മാണച്ചെലവ്. തിരുവല്ല: 46.43 കോടി, അങ്കമാലി: 37.59 കോടി, കോഴിക്കോട്: 72.95 കോടി രൂപയുമായിരുന്നു ചെലവ്. കെ.ടി.ഡി.എഫ്.സിയില്‍ പൊതുജനങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള സ്ഥിരനിക്ഷേപത്തുക ഉപയോഗിച്ചായിരുന്നു ഇവയുടെ നിര്‍മാണം. ആകെ വരുമാനത്തില്‍നിന്നു ചെലവ് കഴിച്ചുള്ള തുകയുടെ 50% കെ.എസ്.ആര്‍.ടി.സിക്കു നല്‍കണമെന്നാണ് കരാര്‍. കടമുറികള്‍ വാടകയ്ക്കു പോകാത്തതിനാല്‍ പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്.

തമ്പാനൂര്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ 28,334.25 ചതുരശ്രയടി സ്ഥലം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. ഇതുമൂലം പ്രതിമാസനഷ്ടം 10.15 ലക്ഷം രൂപയാണ്. തിരുവല്ലയില്‍ 73,803.95 ചതുരശ്രയടി ഒഴിഞ്ഞു കിടക്കുന്നതുവഴി 18.22 ലക്ഷവും അങ്കമാലിയില്‍ 61,360.45 ചതുരശ്രയടി ഒഴിഞ്ഞു കിടക്കുന്നതിനാല്‍ 13.40 ലക്ഷം രൂപയുമാണു നഷ്ടം. കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, കൊട്ടാരക്കര, കാസര്‍ഗോഡ് ഡിപ്പോകളിലെ ഷോപ്പിങ് കോംപ്ലക്‌സുകളില്‍നിന്ന് പ്രതിമാസം 16.53 ലക്ഷം രൂപ വാടകയിനത്തില്‍ ലഭിക്കുന്നുമുണ്ട്. കൊട്ടാരക്കരയില്‍ മാത്രമാണ് എല്ലാ കടകളില്‍നിന്നും വരുമാനം ലഭിക്കുന്നത്. മറ്റിടങ്ങളില്‍ ഭൂരിഭാഗം കടമുറികളും ഉപയോഗ യോഗ്യമല്ലാതായി.

താങ്ങാകാതെ തമ്പാനൂരും

കോടികളുടെ ലാഭം മോഹിച്ച തമ്പാനൂരിലെ പദ്ധതിക്കു പറയാനുള്ളത് നഷ്ടക്കണക്കു മാത്രം. മുമ്പ് ഒന്നരക്കോടിയുടെ വരുമാനം ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ കോടികള്‍ കടത്തിലാണ്. ആസൂത്രണമില്ലാത്ത പണികള്‍ക്കൊടുവില്‍ സ്റ്റാന്‍ഡില്‍ ബസ് കയറ്റാന്‍ സ്ഥലമില്ലാതായി. 12 നില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ നടത്തിയ ഉദ്ഘാടനത്തിനായി ചെലവിട്ടത് 34 ലക്ഷം രൂപ. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ നേതൃത്വത്തിലായിരുന്നു നിര്‍ണാണം.

ബഹുനില പാര്‍ക്കിങ് സംവിധാനത്തിനുപുറമേ ഷോപ്പിങ്മാള്‍, മള്‍ട്ടിപ്ലക്‌സുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവയുള്ള ടെര്‍മിനലിനോടു വാടകക്കാര്‍ മുഖംതിരിച്ചതാണു വിനയായത്. ഇടയ്ക്കു സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ടെര്‍മിനലില്‍ ആരംഭിക്കാനുള്ള നീക്കവും ഫലം കണ്ടില്ല. ആര്‍.ടി.ഒ. ഓഫീസ്, റോഡ് ഫണ്ട് ബോര്‍ഡ്, സോയില്‍ കണ്‍സര്‍വേഷന്‍/പോര്‍ട്ട്, റിമോട്ട് സെന്‍സിങ് ലാബ് / കെ.എസ്.എഫ്.ഇ ഒന്നാം നിലയിലെ കടമുറികള്‍ മാത്രമാണ് വാടകയ്‌ക്കെടുത്തിയിട്ടുള്ളത്. മൂന്നാം നിലയിലെ ഫുഡ് കോര്‍ട്ടുകള്‍ക്കായി സജ്ജമാക്കിയിട്ടുള്ള ഇടങ്ങളും ഒഴിഞ്ഞുകിടക്കുകയാണ്. താഴെ നിന്ന് മുകളിലേക്കുള്ള നിലകള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ക്കു ചതുരശ്രയടിക്ക് 22.55 മുതല്‍ 33.88 രൂപ വരെയാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. വ്യക്തികള്‍ 18 മാസത്തെ വാടക മുന്‍കൂറായി കെട്ടിവയ്ക്കണമെന്നും വ്യവസ്ഥയുണ്ട്.

കോഴിക്കോട് സമുച്ചയം നോക്കുകുത്തി

രണ്ടരവര്‍ഷം മുമ്പു തുറന്ന കോഴിക്കോട്ടെ ടെര്‍മിനല്‍ നോക്കുകുത്തിക്കു സമാനം. 3,98,000 ചതുരശ്ര അടിയില്‍ 14 നിലകളില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ കെട്ടിടം നിര്‍മിച്ച കെ.ടി.ഡി.എഫ്.സിക്ക് നയാെപ്പെസപോലും വരുമാനമില്ല. കോഴിക്കോട് കോര്‍പറേഷന്റെ കെട്ടിട െലെസന്‍സ് ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം.

വ്യാപാര ആവശ്യംകൂടി കണക്കിലെടുത്തു രണ്ട് ടെര്‍മിനലായിട്ടായിരുന്നു നിര്‍മാണം. പഴയ സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് 2009-ലാണ് പണി ആരംഭിച്ചത്. 30 കൊല്ലത്തിനുശേഷം കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചുനല്‍കാമെന്നതാണ് കെ.ടി.ഡി.എഫ്.സിയുമായുള്ള കരാര്‍. കെട്ടിട നിര്‍മാണച്ചട്ടം ലംഘിച്ചതിനാല്‍ പെര്‍മിറ്റ് നല്‍കാന്‍ 12 കോടി രുപ പിഴയായി കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുക അടയ്ക്കാന്‍ കെ.ടി.ഡി.എഫ്.സി. തയാറല്ല. മാവൂര്‍ റോഡ് വികസനവേളയില്‍ കെ.എസ്.ആര്‍.ടി.സിയുടെ 25 സെന്റ് സ്ഥലം കോഴിക്കോട് കോര്‍പറേഷനു വിട്ടുകൊടുത്തതായി കെ.എസ്.ആര്‍.ടി.സി. പറയുന്നു. എന്നാല്‍ ഇതിന്റെ രേഖകള്‍ കെ.എസ്.ആര്‍.ടി.സിയുടെ പക്കലില്ലാത്തതിനാല്‍ കോര്‍പറേഷന്‍ പെര്‍മിറ്റ് നല്‍കിയിട്ടില്ല. അതിനിടയില്‍ മുക്കം ആസ്ഥാനമായുള്ള മാക് അസോസിയേറ്റ്‌സിനു ടെര്‍മിനല്‍ നടത്താന്‍ കരാര്‍ നല്‍കിയിരുന്നു. 50 കോടി രൂപയുടെ സ്ഥിര നിക്ഷേപവും 50 ലക്ഷം രൂപ പ്രതിമാസ വാടകയും എന്ന വിധത്തിലായിരുന്നു കരാര്‍. അതിനുശേഷം കരാറില്‍ ചില മാറ്റങ്ങള്‍ മൂന്നോട്ടുവച്ചപ്പോള്‍ മാക് അസോസിയേറ്റ്‌സ് െഹെക്കോടതിയെ സമീപിച്ചു. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

തിരുവല്ലയിലേതും ബാധ്യത

കെ.ടി.ഡി.എഫ്.സി.ക്കു കീഴില്‍ തിരുവല്ലയില്‍ ഉയര്‍ന്ന കെ.എസ്.ആര്‍.ടി.സി. ബഹുനില മന്ദിരം സര്‍ക്കാരിനു വന്‍ സാമ്പത്തിക ബാധ്യത. എട്ടു നിലകളില്‍ പൂര്‍ത്തിയാക്കിയ കെട്ടിടം ഇതുവരെ പൂര്‍ണമായും വാടകയ്ക്കു കൊടുക്കാന്‍ കഴിയാത്തതാണു പ്രതിസന്ധിക്കു കാരണം.

ടെര്‍മിനല്‍ നിര്‍മാണത്തിനുമുമ്പ് വാടകയിനത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷക്കണക്കിനു രൂപ പ്രതിമാസവരുമാനം നല്‍കിയിരുന്ന തിരുവല്ല ഡിപ്പോയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം കോടികളുടെ നഷ്ടത്തില്‍. സ്വന്തമായിരുന്ന ഭൂമി കെ.ടി.ഡി.എഫ്.സിയുടെ െകെയിലുമായി. സര്‍ക്കാര്‍ 50 കോടിയോളം രൂപ മുതല്‍ മുടക്കിയപ്പോള്‍ വാടകയിനത്തില്‍ ലഭിക്കുന്നത് അറുപതിനായിരത്തോളം രൂപ മാത്രം. ഇതിന്റെ അവകാശികളാകട്ടെ മന്ദിരത്തിന്റെ ചുമതലക്കാരായ കെ.ടി.ഡി.എഫ്.സിയും. കെട്ടിട സമുച്ചയത്തിലെ ഓരോ ഫ്‌ളോറിനും പതിനയ്യായിരം ചതുരശ്രയടി വിസ്തൃതിയുണ്ട്. എട്ടു നിലകളിലുള്ള ലക്ഷത്തില്‍ അധികം ചതുരശ്രയടിയാണു വര്‍ഷങ്ങളായി വാടകക്കാരെ കാത്തുകിടക്കുന്നത്. ചതുരശ്രയടിക്ക് 80 രൂപയോളം ആണ് വാടക നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമേ ലക്ഷക്കണക്കിന് രൂപയുടെ ഡിപ്പോസിറ്റും ആവശ്യപ്പെടുന്നതിലാണു വാടകക്കാര്‍ മുഖംതിരക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിലെ 19 കടമുറികള്‍ മാത്രമാണ് കൊടുക്കാനായത്. കടമുറിക്ക് ടോക്കണ്‍ എടുത്തവരാകട്ടെ കെ.ടി.ഡി.എഫ്.സിയുമായി കരാറിലേര്‍പ്പെടാനും തയാറാകുന്നില്ല.

കെട്ടിട സമുച്ചയത്തിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ താല്‍ക്കാലിക െവെദ്യുതി കണക്ഷനാണു നല്‍കിയിരിക്കുന്നത്. ഇതുമൂലം ഉയര്‍ന്ന െവെദ്യുതി നിരക്കാണു നല്‍കേണ്ടത്. ഇതു വ്യാപാരികള്‍ക്കു കനത്ത നഷ്ടമാണു വരുത്തി വയ്ക്കുന്നത്. അഗ്നിശമന വിഭാഗം സുരക്ഷാ സംവിധാനത്തിലെ പോരായ്മകള്‍ ചുണ്ടിക്കാട്ടി ആവശ്യമായ മാറ്റം വരുത്താന്‍ നിര്‍ദേശിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ നഗരസഭ െലെസന്‍സും നല്‍കിയിട്ടില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW