Sunday, December 16, 2018 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 01.30 AM

മലമുകളിലെ മഹാത്ഭുതം

uploads/news/2018/01/181315/sun1.jpg

ഭാരതത്തിന്റെ ഓരോ മുക്കും മൂലയും ഒരോ ചരിത്രാഖ്യായികകളാണ്‌. കടല്‍ കടന്നും മലയിറങ്ങിയും വന്നവരെ സംസ്‌കാരത്തിന്റെ മഹത്വം കൊണ്ട്‌ സ്വീകരിച്ച്‌ ഒരിക്കലും എത്തിപ്പെടാന്‍ കഴിയാത്ത വണ്ണമുള്ള ചരിത്രത്തിന്റെ ആഴങ്ങളിലേക്ക്‌ മുക്കി, ജ്‌ഞാന സ്‌നാനം ചെയ്‌ത് പുതിയ പാരമ്പര്യവും സംസ്‌കാരവും സൃഷ്‌ടിച്ചെടുത്ത മണ്ണാണിത്‌. ഇതിന്‌ ആരും അവകാശികളായിരുന്നില്ല. വന്നവരും പോയവരും ഇവിടെ ഉപേക്ഷിച്ചു പോയ തിരുശേഷിപ്പുകളില്‍ നമ്മള്‍ കാണാത്ത എത്രയോ കൗതുകങ്ങളുണ്ട്‌, അത്ഭുതങ്ങളുണ്ട്‌. ഭാരതത്തിന്‌ നെടുകെയും കുറുകെയും സഞ്ചരിച്ചാല്‍ അവയുടെ വശങ്ങളിലൊക്കെ ഒന്നും തൊട്ടു തലോടി കടന്നു പോകാം. ലോകമറിയുന്നത്‌ താജ്‌മഹലും കുത്തബ്‌മിനാറും ചാര്‍മിനാറും ഒക്കെയാണ്‌. താജ്‌മഹല്‍ കണ്ട്‌ അത്ഭുതങ്ങളുടെ പരകോടിയിലെത്തി എന്നഹങ്കരിക്കാന്‍ വരട്ടെ.
പടിഞ്ഞാറേ ഇന്ത്യയിലേക്ക്‌ ചെന്നാല്‍ അതിനേക്കാളും വലിയ അത്ഭുതങ്ങള്‍ കാണാം. ഇതൊക്കെ എന്ത്‌? എപ്പോള്‍, ആര്‌ , എങ്ങനെ നിര്‍മിച്ചു എന്നു തോന്നുന്ന തരത്തിലുള്ള മായക്കാഴ്‌ചകള്‍. ഡെക്കാന്‍ എന്ന്‌ മധ്യകാലത്തില്‍ വിളിപ്പേരുള്ള മഹാരാഷ്‌ട്രയിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി നോക്കാം. പേരറിയാത്ത ചെടികളുടെ നിറക്കൂട്ടുകള്‍ ചാലിച്ച്‌, ഗുഹാഭിത്തികളില്‍ ചിത്രങ്ങള്‍ കൊണ്ട്‌ കഥാകഥനം നടത്തുന്ന അജന്ത, ശില്‍പചാതുര്യം കൊണ്ട്‌ പാറകളെ മനോഹരമാക്കി തീര്‍ത്ത എല്ലോറ, താജ്‌മഹലിന്റെ ഇരട്ടസഹോദരി എന്ന്‌ വിശേഷിപ്പിക്കാവുന്ന ബീബി കാ മഖ്‌ബറ, അത്ഭുതങ്ങള്‍ തീരുകയല്ല; മഹാത്ഭുതത്തില്‍ ചെന്ന്‌ ചേരുകയാണ്‌ ദൗലത്താബാദ്‌ കോട്ടയില്‍ എത്തുമ്പോള്‍.

ദേവസ്‌പര്‍ശമുള്ള കുന്ന്‌

കഥകളിലും സങ്കല്‍പ്പത്തിലും മാത്രം അറിഞ്ഞിട്ടുള്ള ഒരു നെടുങ്കന്‍ കോട്ടയുടെ തിരുശേഷിപ്പാണ്‌ ദേവഗിരി കുന്നിലും അതിന്റെ അടിവാരത്തിലുമായി പരന്നു കിടക്കുന്നത്‌-ദൗലത്താബാദ്‌ കോട്ട. ഇത്‌ നിര്‍മിച്ചത്‌ യാദവ സാമ്രാജ്യത്തിലെ രാജാക്കന്മാരാണെന്ന്‌ ചരിത്രം പറയുന്നു. പിന്നാലെ വന്ന രാജവംശങ്ങള്‍ അതിനെ പരിപാലിച്ചും വികസിപ്പിച്ചും പോന്നു. ദേവന്മാര്‍ വാഴുന്ന കുന്ന്‌ എന്നര്‍ഥമുള്ള ദേവഗിരിയില്‍ നിന്നും ഭാഗ്യത്തിന്റെ നഗരി എന്നര്‍ഥമുള്ള ദൗലത്താബാദിലേക്ക്‌ കോട്ടയുടെ പേര്‌ മാറ്റിയത്‌ ബുദ്ധിമാനായ വിഡ്‌ഢി എന്ന്‌ ചരിത്രം വിശേഷിപ്പിച്ച ഡല്‍ഹി സുല്‍ത്താന്‍ മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക്‌ ആയിരുന്നു.
ബുദ്ധിമാനായ വിഡ്‌ഢി-
സ്‌കൂളില്‍ ചരിത്രം പഠിച്ചവരാരും മറക്കാനിടയില്ലാത്ത പേര്‌. ഡല്‍ഹി ഭരിച്ചിരുന്ന സുല്‍ത്താന്‍ പരമ്പരയില്‍ തുഗ്ലക്ക്‌ വംശത്തിലെ ആശയങ്ങള്‍ ഏറെയുണ്ടായിരുന്ന ഭരണാധികാരി. ഡല്‍ഹിയില്‍ നിന്ന്‌ സാമ്രാജ്യ തലസ്‌ഥാനം ദേവഗിരിയിലേക്ക്‌ മാറ്റുകയും ഡല്‍ഹിയിലുണ്ടായിരുന്ന പ്രജകളോട്‌ സ്‌ഥാവരജംഗമ വസ്‌തുക്കളെല്ലാം എടുത്തു കൊണ്ട്‌ ദേവഗിരിയിലേക്ക്‌ പോകാന്‍ ഉത്തരവിടുകയും ചെയ്‌തു സുല്‍ത്താന്‍. 1327 ലായിരുന്നു അത്‌. എന്നാല്‍, അവിടെയെത്തും മുന്‍പ്‌ യാത്രയുടെ ആധിക്യവും രോഗങ്ങളാലും പ്രജകള്‍ ചത്തൊടുങ്ങി. ഒടുവില്‍ സുല്‍ത്താന്‍ തീരുമാനം മാറ്റി. തലസ്‌ഥാനമായി ഡല്‍ഹി തുടരുകയും ചെയ്‌തു.
എന്തു കൊണ്ടാണ്‌ സുല്‍ത്താന്‍ തന്റെ രാജ്യ തലസ്‌ഥാനം ദേവഗിരിയിലേക്ക്‌ മാറ്റിയതെന്ന്‌ അറിയണമെങ്കില്‍ ഇവിടം സന്ദര്‍ശിക്കുക തന്നെ വേണം. ദേവന്മാര്‍ വസിക്കുന്ന മലനിരകള്‍ എന്ന അര്‍ഥത്തിലാണ്‌ പ്രദേശത്തിന്‌ ദേവഗിരി എന്ന്‌ പേരിട്ടത്‌. ഡക്കാന്‍ പ്രദേശത്തിന്റെ ഒത്ത നടുവില്‍, കുന്നില്‍ മുകളിലെ ഏറ്റവും തന്ത്രപ്രധാനമായ സ്‌ഥലമാണ്‌ ദേവഗിരി. ഡല്‍ഹി സുല്‍ത്താന്മാര്‍ക്ക്‌ മുന്‍പ്‌ ഇവിടം കൈയടക്കി വച്ചിരുന്നത്‌ ശാതവാഹനന്മാര്‍, വകാടകന്മാര്‍, ചാല്യൂക്യന്മാര്‍ എന്നീ രാജവംശങ്ങളായിരുന്നു.
സമുദ്രനിരപ്പില്‍ നിന്നും 200 മീറ്റര്‍ ഉയരത്തില്‍, പിരമിഡിന്റെ ആകൃതിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വത ശിഖരത്തിലാണ്‌ ദൗലത്താബാദ്‌ കോട്ട പണിതുയര്‍ത്തിയിരിക്കുന്നത്‌. കോട്ട യഥാര്‍ഥത്തില്‍ നിര്‍മിച്ചത്‌ ആരാണെന്നതിനെ ചൊല്ലി വ്യക്‌തതയില്ല. ഇന്നു നാം കാണുന്ന രൂപത്തിലുള്ള കോട്ടയും അതിനോട്‌ ചേര്‍ന്നുള്ള ഭാഗങ്ങളും നിര്‍മിച്ചിരിക്കുന്നത്‌ പലരാജവംശങ്ങളുടെ കാലത്താണെന്നാണ്‌ പറയുന്നത്‌. എല്ലോറ ഗുഹാക്ഷേത്രത്തിലെ കൈലാസ്‌ ഗുഹ നിര്‍മിച്ച ചാലൂക്യന്മാര്‍ തന്നെയാണ്‌ ഈ കോട്ടയും നിര്‍മിച്ചതെന്ന്‌ വിശ്വസിക്കുന്നവരമുണ്ട്‌.
ലഭ്യമായ ഏറ്റവും പഴക്കം ചെന്ന ചരിത്രരേഖകള്‍ പ്രകാരം ദൗലത്താബാദ്‌ കോട്ട നിര്‍മിച്ചത്‌ യാദവ രാജവംശമാണ്‌. 1187 സ്യൂന്‍ഡേഷിലെ യാദവ ഭരണാധികാരിയായിരുന്ന ഭിലാം അഞ്ചാമനാണ്‌ ദേവഗിരി കോട്ട പണിതത്‌ എന്നാണ്‌ വിശ്വസിക്കുന്നത്‌. 1294 ഖില്‍ജി വംശത്തിലെ അലാവുദ്ദീന്‍ ഖില്‍ജിയും 1307 ല്‍ മാലിക്‌ ഗഫൂറും കോട്ട ആക്രമിച്ചു. യാദവ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ കോട്ട ഡല്‍ഹി സുല്‍ത്താന്മാരുടെ കൈയിലായി. തുഗ്ലക്ക്‌ വംശത്തിന്‌ ശേഷം ബാമിനി, നിസാം ഷാഹി, മുഗളന്മാര്‍, അസാഫ്‌ ജാഗി, പേഷ്വാമാര്‍ എന്നിവരും കോട്ട കൈവശം വച്ചു.
ഭീമാകാരമെന്നോ രാക്ഷസ രൂപിയെന്നോ ഒക്കെ വിളിക്കാവുന്ന കോട്ടയുടെ നിര്‍മാണവും പ്രതിരോധത്തിനായി അതിനുള്ളില്‍ ഒരുക്കിയിരിക്കുന്ന ആസൂത്രണവും ആരെയും അമ്പരപ്പിക്കുന്നതാണ്‌.
അടിവാരത്തും കുന്നിന്‍ മുകളിലുമായി രണ്ട്‌ കോട്ടകളും അവയെ വലയം ചെയ്യുന്ന കിലോ മീറ്ററുകള്‍ നീളുന്ന മൂന്നു കൂറ്റന്‍ കോട്ടമതിലുകളും. ഈ മതിലുകള്‍ കോട്ടകളെ മൂന്നായി തിരിച്ച്‌ സംരക്ഷിക്കുന്നു. ശത്രുരാജ്യത്തിന്റെ ആക്രമണം ഉണ്ടായാല്‍ അവര്‍ക്ക്‌ മുന്നിലൊരുക്കുന്ന കടമ്പകളാണ്‌ കോട്ട്‌ എന്ന്‌ അറിയപ്പെടുന്ന കൊത്തളങ്ങളോട്‌ കൂടിയ കൂറ്റന്‍ കോട്ട മതിലുകള്‍. മലമുകളിലെ ദുര്‍ഗത്തിന്റെ ഇരുവശങ്ങളിലും നിന്നുമായി ആംബര്‍കോട്ട്‌ എന്നറിയപ്പെടുന്ന പുറംകോട്ടമതില്‍ ആരംഭിക്കുന്നു. ദുര്‍ഗത്തെ ചുറ്റി വെള്ളം നിറഞ്ഞ ആഴമേറിയ കിടങ്ങുള്ളതിനാല്‍ പിന്‍ഭാഗം തുറന്നു കിടക്കുകയാണെങ്കിലും ശത്രുക്കള്‍ക്ക്‌ കോട്ടയിലേക്ക്‌ എത്തിപ്പെടാന്‍ കഴിയില്ല. കിടങ്ങ്‌ നീന്തി മറുഭാഗത്ത്‌ ചെന്നാലും മുന്നില്‍ ചെങ്കുത്തായ പാറയാണ്‌. ഇത്‌ ചരിച്ചു വെട്ടി മിനുസമാക്കിയിട്ടുളളതിനാല്‍ പിടിച്ചു കയറാന്‍ കഴിയില്ല. ആംബര്‍കോട്ടിന്‌ മൂന്നു പ്രധാന ഗേറ്റുകളാണുള്ളത്‌. ആംബര്‍ കോട്ട്‌ പിന്നിട്ട്‌ വേണം ദൗലത്താബാദ്‌ നഗരത്തിലേക്ക്‌ കടക്കാന്‍. അതിന്‌ ശേഷം അടിവാരത്തെ കോട്ടയിലേക്ക്‌ പ്രവേശിക്കണമെങ്കില്‍ മാഹ്‌കോട്ട്‌ എന്നറിയപ്പെടുന്ന അടുത്ത കോട്ട മതില്‍ കടക്കണം. ചൈനയിലെ വന്‍മതിലിന്‌ സമാനമാണിത്‌. ഒറ്റ പ്രവേശനകവാടം മാത്രമാണ്‌ മാഹ്‌കോട്ടിനുള്ളത്‌. കോട്ടവാതില്‍ കടന്ന വിശാലമായ കൊട്ടാരമുറ്റമായി. ഇവിടെയാണ്‌ കോട്ടയിലേക്ക്‌ വേണ്ട ജലസംഭരണികള്‍, ആരാധനാലയങ്ങള്‍, നിരീക്ഷണ ഗോപുരം, മ്യൂസിയം എന്നിവയുള്ളത്‌. സരസ്വതി, കച്ചേരി എന്നിങ്ങനെ അറിപ്പെടുന്ന രണ്ടു കിണറുകളുണ്ട്‌ ഇവിടെ. വര്‍ഷം മുഴുവനും ജലസമൃദ്ധമാണ്‌ ഈ കിണറുകള്‍. ഹാഥി ഹാഡ്‌ (ആനക്കുളം) എന്ന പേരിലുള്ള കൂറ്റന്‍ ജലസംഭരണിയും നിര്‍മിച്ചിരിക്കുന്നു. ഇതിലാണ്‌ കോട്ടയിലേക്ക്‌ ആവശ്യമായ വെള്ളം സംഭരിച്ചു വയ്‌ക്കുന്നത്‌. ആധുനിക കാലത്തെ അത്ഭുതപ്പെടുത്തുന്ന ജലവിതരണശൃംഖല നിര്‍മിച്ചാണ്‌ ഭരണാധികാരികള്‍ നഗരത്തിന്റെ ദാഹമകറ്റി പോന്നത്‌. കിണറുകളിലും ആനക്കുളത്തിലും ഉള്ള വെള്ളം സംഭരിച്ച്‌ ഭൂഗര്‍ഭകുഴലുകള്‍ വഴി എല്ലാ ഭാഗത്തും എത്തിച്ചിരുന്ന സാങ്കേതിക വിദ്യ നടപ്പാക്കിയത്‌ നിസാം ഷാഹിയുടെ പ്രധാനമന്ത്രിയായിരുന്ന മാലിക്‌ അംബറാണ്‌.
സരസ്വതി കിണറിനോട്‌ ചേര്‍ന്ന്‌ ഒരു ജൈനക്ഷേത്രവും ആനക്കുളത്തോട്‌ ചേര്‍ന്ന്‌ ഭാരത്‌ മാതാക്ഷേത്രവുമുണ്ട്‌. ഇതിന്റെ വശത്തു കൂടിയുള്ള നടപ്പാതയോട്‌ ചേര്‍ന്ന്‌ ചാന്ദ്‌ മിനാര്‍ എന്ന പേരില്‍ കൂറ്റന്‍ നിരീക്ഷണ ഗോപുരം. പിരിയന്‍ ഗോവണി കയറി വേണം ഇതിന്റെ മുകളില്‍ എത്താന്‍. കുത്തബ്‌മിനാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉയരമുള്ള ഗോപുരമാണിത്‌. ചുവട്ടില്‍ നിന്ന്‌ വിസ്‌താരത്തോടെ തുടങ്ങി ഏറ്റവും മുകളിലെത്തുമ്പോള്‍ അഗ്രം ചുരുങ്ങൂന്ന തരത്തിലാണ്‌ നിര്‍മാണം. ഏറ്റവും മുകളില്‍ നിന്ന്‌ നോക്കിയാല്‍ നഗരത്തിന്റെ വ്യക്‌തമായ ആകാശദൃശ്യം ലഭിക്കും. മൂന്നുനിലകളിലായി 65 മീറ്റര്‍ ഉയരത്തിലാണ്‌ ഗോപുരം. 1447 സുല്‍ത്താന്‍ അഹമ്മദ്‌ഷാ ബാമിനിയാണ്‌ ഈ ഗോപുരം പണികഴിപ്പിച്ചത്‌. ഗോപുരത്തിനുള്ളിലേക്ക്‌ സഞ്ചാരികള്‍ക്ക്‌ പ്രവേശനമില്ല. കൊട്ടാരമുറ്റം പിന്നിട്ട്‌ ചെല്ലുന്നത്‌ മറ്റൊരു കൂറ്റന്‍ കോട്ടമതിലിന്‌ മുന്നിലേക്കാണ്‌. കാലാകോട്ട്‌ എന്നറിയപ്പെടുന്ന ഇതിനും ഒറ്റപ്രവേശന കവാടം മാത്രമാണുള്ളത്‌. കുന്നിന്‍ മുകളിലെ പ്രധാന കോട്ടയിലേക്ക്‌ പ്രവേശിക്കാനുള്ള ഏക മാര്‍ഗവും ഇത്‌ തന്നെ. കാലാകോട്ട്‌ കടന്ന്‌ നമ്മള്‍ ചെല്ലുന്നത്‌ വെള്ളം നിറഞ്ഞ്‌ ആഴത്തിലുള്ള കിടങ്ങിന്‌ സമീപത്തേക്കാണ്‌. കോട്ടയെ ചുറ്റിയുള്ള കിടങ്ങിന്റെ ഇടതും വലതും ഭാഗത്ത്‌ നിന്നാണ്‌ നമ്മള്‍ നേരത്തേ കണ്ട ആംബര്‍കോട്ട്‌ ആരംഭിക്കുന്നത്‌. കോട്ടയുടെ പിന്‍ഭാഗം തുറന്നു കിടക്കുന്നുവെങ്കിലും കിടങ്ങ്‌ സംരക്ഷണമൊരുക്കുന്നു. അതിന്റെ മുന്‍ഭാഗമാണ്‌ കാലാകോട്ട്‌ കടന്ന്‌ ചെല്ലുന്നവര്‍ കാണുന്നത്‌. ഈ ഭാഗത്ത്‌ നിന്ന്‌ മാത്രമാണ്‌ കിടങ്ങ്‌ കടക്കാനുള്ള ഏക വഴിയുള്ളത്‌. അതാകട്ടെ കിടങ്ങിന്‌ കുറുകേ ഇട്ടിരിക്കുന്ന കൂറ്റന്‍ ഇരുമ്പു പാലമാണ്‌. ശത്രുവിന്റെ ഭീഷണിയുള്ള സമയത്ത്‌ ഈ കൂറ്റന്‍ പാലം മറുകരയില്‍ നിന്ന്‌ ഉള്ളിലേക്ക്‌ വലിക്കും. പിന്നെ കിടങ്ങ്‌ നീന്തി വേണം മറുകരയെത്താന്‍. ഏതെങ്കിലും കാരണവശാല്‍ കിടങ്ങ്‌ കടന്നു മറുകര ചെന്നുവെന്ന്‌ കരുതുക അവിടെ കാത്തിരിക്കുന്നത്‌ നട്ടുച്ചയ്‌ക്ക് പോലും കൂരിരുട്ട്‌ നിറഞ്ഞു നില്‍ക്കുന്ന തുരങ്കമാണ്‌. അന്ധരി പാസേജ്‌ എന്നാണ്‌ പേര്‌. ഇതിലൂടെ വഴിയറിയാതെ അലയുമ്പോള്‍, അവിടെ പതുങ്ങി നില്‍ക്കുന്ന കൊട്ടാരം ഭടന്മാര്‍ ശത്രുവിനെ വെട്ടിയരിയും. വളഞ്ഞു പുളഞ്ഞുള്ള ഈ ഇടനാഴിയില്‍ കുടുങ്ങിയാല്‍ പിന്നെ പുറത്തെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഈ ഇടനാഴി പിന്നിട്ട്‌ കുത്തനെയുള്ള അസംഖ്യം പടികള്‍ കയറിയാല്‍ കുന്നിന്‍ മുകളിലെ കോട്ടയില്‍ എത്താം. അവിടെ നിന്നാല്‍ മഹാരാഷ്‌ട്രയുടെ ഒട്ടുമിക്ക പ്രദേശങ്ങളും കാണാം.
കൂറ്റന്‍ പാറ കൊത്തിയരിഞ്ഞും തുരന്നും നിര്‍മിച്ചിരിക്കുന്ന കോട്ട മഹാത്ഭുതം തന്നെയാണ്‌. കോട്ടമതിലിലുകളിലും ഉണ്ട്‌ നിരീക്ഷണ ഗോപുരങ്ങളും എപ്പോഴും തീ തുപ്പാന്‍ തയാറായി നില്‍ക്കുന്ന കൂറ്റന്‍ പീരങ്കികളും. കുന്നിന്‍ മുകളിലെ കോട്ടയുടെ എല്ലാ വശങ്ങളിലും പീരങ്കികള്‍ ഘടിപ്പിച്ചിട്ടുണ്ട്‌. അസാധ്യമായ എന്‍ജിനീയറിങ്‌ വൈഭവം ഉപയോഗിച്ചാണ്‌ കോട്ടയുടെ നിര്‍മാണം. ഒരു കുഞ്ഞു ഉറുമ്പിന്‌ പോലും അനുവാദം കൂടാതെ ഉള്ളില്‍ പ്രവേശിക്കാന്‍ കഴിയാത്ത വിധം കോട്ടയുടെ നിര്‍മാണം നടന്നത്‌ 11-ാം നൂറ്റാണ്ടിലാണെന്ന്‌ ആലോചിക്കുമ്പോഴാണ്‌ അന്നത്തെ എന്‍ജിനീയറിങ്‌ പഠിച്ചിട്ടില്ലാത്ത്‌ എന്‍ജിനീയര്‍മാരെ നമിക്കാന്‍ തോന്നുക. സുരക്ഷിതത്വത്തിനും പ്രതിരോധത്തിനുമാണ്‌ ഊന്നല്‍ കൊടുത്തിരുന്നത്‌.
കുന്നിന്‍ മുകളിലെ ദുര്‍ഗത്തിനും അടിവാരത്തെ കോട്ടയ്‌ക്കും ചുറ്റി തീര്‍ത്തിരിക്കുന്ന രണ്ടു പടുകൂറ്റന്‍ കിടങ്ങുകള്‍ അതിന്‌ ഉദാഹരണമാണ്‌. ആംബര്‍കോട്ടിന്‌ പുറത്തെ കിടങ്ങ്‌ ഉണങ്ങി വരണ്ട്‌ ആഴമേറിയത്‌. കുന്നിന്‍ മുകളിലെ കോട്ടയ്‌ക്കു ചുറ്റും നിലയില്ലാക്കയം പോലെ വെള്ളം നിറഞ്ഞതാണ്‌ രണ്ടാമത്തെ കിടങ്ങ്‌. ശത്രുക്കളുടെ സൈനിക നീക്കത്തിന്‌ തടയിരുന്നതിന്‌ വേണ്ടിയാണ്‌ കിടങ്ങുകള്‍. മഹാകോട്ടിന്‌ പ്രൗഢഗംഭീരമായ എട്ടു ഗേറ്റുകളാണുള്ളത്‌. ഗേറ്റുകളുടെ വിന്യാസത്തിലുടെ പ്രതിരോധതന്ത്രങ്ങള്‍ മെനഞ്ഞിരിക്കുന്നത്‌. ഗേറ്റുകള്‍ ഒരിക്കലും മറ്റൊന്നിന്‌ വിപരീതമായിട്ടല്ല സ്‌ഥാപിച്ചിട്ടുള്ളത്‌. ആനകളെ ഉപയോഗിച്ചുള്ള ആക്രമണം തടയുന്നതിന്‌ വേണ്ടിയായിരുന്നു ഇത്‌.
കുന്നിന്‍ മുകളിലുള്ള കോട്ടയ്‌ക്ക് ചുറ്റും വെള്ളം നിറഞ്ഞ കിടങ്ങ്‌ തീര്‍ത്തതും അസാധ്യമായ യുദ്ധതന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു.
കോട്ടയിലെ ഏറ്റവും തന്ത്രപ്രധാനമായ ഭാഗം വളഞ്ഞു പുളഞ്ഞു പോകുന്ന അന്ധരി പാസേജ്‌ ആണ്‌. പാറ വെട്ടിയാണ്‌ ഈ 'സിഗ്‌ സാഗ്‌' പാസേജ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. പടിക്കെട്ടുകളുടെ കാര്യത്തില്‍ സ്‌ഥലജലവിഭ്രാന്തി സൃഷ്‌ടിക്കും ഈ ഇടുങ്ങിയ വഴി. പടിയെന്ന്‌ കരുതി കാല്‍വയ്‌ക്കുന്നത്‌ ചിലപ്പോള്‍ പരന്ന ഭാഗത്തേക്കാകും. പരന്ന ഭാഗമെന്ന്‌ കരുതി ചവിട്ടുന്നത്‌ പടിക്കെട്ടിലും. വാച്ചര്‍മാര്‍ ടോര്‍ച്ചുമായി നിന്നാണ്‌ സഞ്ചാരികളെ അന്ധരി പാസ്‌ കടത്തി വിടുന്നത്‌. ഇടനാഴിയുടെ ചില ഭാഗങ്ങളില്‍ വെളിച്ചവും വായുവും കടക്കാന്‍ ദ്വാരങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. ഇതും ശത്രുവിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്‌. പുറത്തേക്കുള്ള വഴിയാണെന്ന്‌ കരുതി ഇവിടെ എത്തുമ്പോള്‍ കാല്‍ തെറ്റി നേരെ കിടങ്ങിലേക്കാകും പതിക്കുക.
ആംബര്‍കോട്ടിന്റെ തുടക്കത്തില്‍ പാറ തുരന്നുണ്ടാക്കിയ ഒരു ചെറിയ കോവില്‍ കാണാം. ഇപ്പോഴും അവിടെ ആരാധനയും പ്രസാദവിതരണവും നടക്കുന്നു. പാറയില്‍ തന്നെ കൊത്തിയെടുത്ത പ്രതിഷ്‌ഠയുടെ പേര്‌ റാസായ്‌ മാത. കോട്ടയുടെ മുഴുവന്‍ ഉത്തരവാദിത്തവും തന്റെ കൈവിരലുകളിലാണ്‌ എന്ന രീതിയിലാണ്‌ ആ പ്രതിമയുടെ നില്‍പ്പ്‌.
ആനക്കുളത്തോട്‌ ചേര്‍ന്നുള്ള ഭാരത്‌ മാതാ ക്ഷേത്രമാണ്‌ എടുത്തു പറയേണ്ട മറ്റൊരു ആരാധനാലയം. യാദവന്മാരുടെ കാലത്ത്‌ നിര്‍മിച്ചതാണ്‌ ഈ ക്ഷേത്രമെന്നാണ്‌ കരുതിപ്പോരുന്നത്‌. നിര്‍മിച്ചപ്പോള്‍ ഇതൊരു ജൈനക്ഷേത്രമായിരുന്നു. പിന്നീട്‌ 1318 ല്‍ സുല്‍ത്താല്‍ കുത്‌ബുദീന്‍ മുബാറഖ്‌ ഖില്‍ജി ചുരുങ്ങിയ കാലത്തേക്ക്‌ ഇതൊരു മോസ്‌ക് ആക്കി മാറ്റി. ഹൈദരാബാദ്‌ നിസാം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതിന്‌ പിന്നാലെയാണ്‌ ഇവിടെ ഭാരതമാതാവിന്റെ പ്രതിമ സ്‌ഥാപിച്ചത്‌.
കുന്നു കയറിയിറങ്ങി കോട്ട മുഴുവന്‍ കണ്ടു തീര്‍ക്കുക ശരിക്കും ഭഗീരഥ പ്രയത്നം തന്നെയാണ്‌. കുത്തനെയുള്ള കയറ്റവും വെള്ളം നിറഞ്ഞ കിടങ്ങും അന്ധരി പാസുമെല്ലാം ചിലരെയെങ്കിലും പിന്നാക്കം വലിക്കും. ആ കടമ്പകള്‍ എല്ലാം കടന്ന്‌ കുന്നിന്‍ മുകളിലെ ദുര്‍ഗം കീഴടക്കി അടിവാരത്തേക്ക്‌ നോക്കുമ്പോള്‍ ഒരു പിശറന്‍ കാറ്റ്‌ വന്ന്‌ നമ്മെ പറത്താന്‍ നോക്കും. ഉച്ചിയിലേക്ക്‌ സൂര്യന്‍ എരിഞ്ഞിറങ്ങുമെങ്കിലും അതറിയുക പോലുമില്ല. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ദൗലത്താബാദ്‌ നഗരം നമ്മെ മയക്കും. അറിയാതെ പറഞ്ഞു പോകും-ഇവിടം സ്വര്‍ഗമാണ്‌.

രചന, ചിത്രങ്ങള്‍: ജി. വിശാഖന്‍

Ads by Google
Sunday 07 Jan 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW