Tuesday, December 18, 2018 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 01.30 AM

വിവാദവര്‍ഷം 2017

uploads/news/2018/01/181314/sun4.jpg

സിനിമാകഥയെ വെല്ലുന്ന ട്വിസ്‌റ്റുകളും സസ്‌പെന്‍സുകളും നിറഞ്ഞ വിവാദങ്ങള്‍ ഒരു മലവെള്ളപാച്ചില്‍ പോലെ സിനിമയില്‍ ഒഴുകിവന്ന വര്‍ഷമായിരുന്നു 2017. പല വിവാദങ്ങളുടെയും അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. പലതും പോലീസ്‌ അന്വേഷണത്തിലാണ്‌. സൈബര്‍ പോരാളികളാണ്‌ പല വിവാദങ്ങളെ മുന്നോട്ടുനയിച്ചതും സജീവമാക്കി നിലനിര്‍ത്തിയതും. വിവാദത്തില്‍ ഏര്‍പ്പെട്ടവരുടെ വ്യക്‌തിത്വത്തെ ബാധിക്കുന്ന തരത്തില്‍ തരംതാഴ്‌ന്ന ആക്രമണങ്ങള്‍ വരെയുണ്ടായി. ഇതില്‍ ഒരു വിവാദവും ഒത്തുതീര്‍പ്പാക്കാന്‍ സിനിമാലോകത്ത്‌ ആര്‍ക്കും മുന്നോട്ടിറങ്ങാനായില്ല. ആര്‍ക്കും അതിന്‌ കഴിഞ്ഞില്ലെന്നതാണ്‌ സത്യം. അത്രമേല്‍ സിനിമാമേഖലയില്‍ നിന്ന്‌ ഐക്യം നഷ്‌ടമായിക്കഴിഞ്ഞു. ചേരിതിരിവ്‌ അതിരൂക്ഷമായി മാറിയിരിക്കുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു വിവാദവര്‍ഷമായിരുന്നു 2017.

'ഡബ്ലിയു.സി.സി' മുതല്‍ കസബ വരെ

വലിയ ചലനങ്ങളൊന്നുമുണ്ടാക്കാതെ ജനുവരി മാസം കടന്നുപോയതിനു ശേഷം ഫെബ്രുവരിയില്‍ കൊച്ചിയില്‍ യുവനടി ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ്‌ വിവാദങ്ങളുടെ ജൈത്രയാത്രയ്‌ക്ക് തുടക്കം കുറിച്ചത്‌. അതിനെ തുടര്‍ന്ന്‌ നടന്‍ ദിലീപിന്റെ അറസ്‌റ്റും ജയില്‍വാസവും താരങ്ങള്‍ രണ്ടു ചേരികളായി തിരിഞ്ഞതും അമ്മയുടെ പത്രസമ്മേളനത്തിലെ വാദപ്രതിവാദങ്ങളുമെല്ലാം പ്രശ്‌നത്തെ സംഭവബഹുലമാക്കി.
ഈ സംഭവത്തിന്റെ പേരില്‍ ഇന്ത്യന്‍ സിനിമലോകത്തുതന്നെ ആദ്യമായി സിനിമ മേഖലയിലെ സ്‌ത്രീകള്‍ക്കു മാത്രമായി ഒരു സംഘടന 'വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്‌ ' രൂപം കൊണ്ടു. 'അവള്‍ക്കൊപ്പം' എന്ന ഹാഷ്‌ ടാഗില്‍ വുമണ്‍ ഇന്‍ സിനിമ കളക്‌ടീവ്‌ (ഡബ്ലിയു.സി.സി) നിലകൊണ്ടപ്പോള്‍ മറ്റു ചില വനിതാതാരങ്ങള്‍ അതിനോട്‌ മുഖം തിരിച്ചുനിന്നു. ഡബ്ലിയു.സി.സിയുടെ അമരത്ത്‌ മഞ്‌ജുവും പാര്‍വതിയും ഗീതുവും റീമയുമെല്ലാം ഉണ്ടായിരുന്നു. ഇടയ്‌ക്കിടെ ഈ സംഘടനയ്‌ക്കുവേണ്ടി 'വിവാദ ബോംബുകള്‍' പൊട്ടിച്ച്‌ രംഗത്ത്‌ വന്നത്‌ നടി പാര്‍വതിയായിരുന്നു. മലയാള സിനിമയിലും കാസ്‌റ്റിങ്ങ്‌ കൗച്ച്‌ നടക്കുന്നുണ്ടെന്നു പറഞ്ഞ നടി വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തി. ടേക്ക്‌ ഓഫ്‌ എന്ന സിനിമയിലെ അഭിനയത്തിലൂടെ ഐ.എഫ്‌.എഫ്‌.ഐയില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാര്‍വതി മമ്മൂട്ടി അഭിനയിച്ച 'കസബ 'എന്ന ചിത്രത്തിലെ സ്‌ത്രീവിരുദ്ധത ചൂണ്ടി തിരുവനന്തപുരത്ത്‌ ഫിലിംഫെസ്‌റ്റിവല്‍ വേദിയില്‍ രംഗത്തുവന്നതിന്റെ വിവാദം ഇന്നും തുടരുകയാണ്‌. പാര്‍വതിയുടെ ഈ പ്രസ്‌താവന സോഷ്യല്‍ മീഡിയ കൂട്ടതല്ലിനാണ്‌ വഴിവച്ചത്‌. കസബയുടെ സംവിധായകനും നിര്‍മാതാവും നടന്‍ സിദ്ധിഖുമെല്ലാം പാര്‍വതിക്കെതിരേ എതിര്‍പ്പിന്റെ വാളോങ്ങി. മമ്മൂട്ടി ഫാന്‍സില്‍നിന്നും തെറിയഭിഷേകം വരെ നേരിടേണ്ടിവന്നു. തുടര്‍ന്ന്‌ ഫെയ്‌സ് ബുക്ക്‌ വാഗ്വാദം പാര്‍വതിയും നടനും സംവിധായകനുമായ ജൂഡ്‌ ആന്റണി ജോസഫും തമ്മിലായി. അതിന്റെ അലയൊലികള്‍ ഇന്നും തുടരുകയാണ്‌. സൈബര്‍ ആക്രമണത്തിനെതിരേ പാര്‍വതി പോലീസില്‍ പരാതി നല്‍കുകയും ഒരാള്‍ പിടിയിലാവുകയും ചെയ്‌തു.

റിച്ചിയും സെക്‌സിദുര്‍ഗയും മിന്നാമിനുങ്ങും

അതിനും തൊട്ടുമുന്‍പാണ്‌ നിവിന്‍പോളി അഭിനയിച്ച തമിഴ്‌ചിത്രം റിച്ചിക്കെതിരേ ഫെയ്‌സ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ സംവിധായകനും നടനുമായ രൂപേഷ്‌ പീതാംബരവും നിവിന്‍ ഫാന്‍സും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്‌. ഒടുവില്‍ മാപ്പ്‌ പറഞ്ഞ്‌ പിന്മാറിയ രൂപേഷ്‌ വീണ്ടും നിവിനെതിരേ ശക്‌തമായ ആരോപണവുമായി രംഗത്തുവന്നു. അഭിപ്രായങ്ങള്‍ മുഖത്തുനോക്കി പറയുന്ന പൃഥ്വിയെയും ദുല്‍ഖറിനെയും ടൊവിനൊയേയുമാണ്‌ തനിക്കിഷ്‌ടമെന്നു പറഞ്ഞ്‌ രൂപേഷ്‌ പൊട്ടിച്ച അവസാനവെടിയോടെ വിവാദം പിന്നെയും ചൂടുപിടിച്ചു.
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മിന്നാമിനുങ്ങിലൂടെ സുരഭി മലയാളത്തിലെത്തിച്ചെങ്കിലും മലയാളം സുരഭിക്ക്‌ കാര്യമായ പരിഗണന നല്‍കിയില്ല. സംസ്‌ഥാന പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ സുരഭിക്ക്‌ പ്രത്യേക ജൂറി പരാമര്‍ശം നല്‍കി ഒതുക്കിയെന്ന്‌ വിവാദം ശക്‌തമായിരുന്നു. അതിനിടയിലാണ്‌ 22-ാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ സുരഭിയെ ക്ഷണിച്ചില്ലെന്ന വിവാദമുണ്ടായത്‌. ഒടുവില്‍ തനിക്ക്‌ ആരോടും പരിഭവമില്ലെന്നു പറഞ്ഞ്‌ സുരഭി തന്നെ രംഗത്തെത്തി. തമിഴ്‌ സിനിമ മെര്‍സലും, ഹിന്ദി സിനിമ പത്മാവതിയും വിവാദത്തില്‍പെട്ടതുപോലെ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത സെക്‌സി ദുര്‍ഗയും പലരുടെയും കണ്ണിലെ കരടായി. പേരില്‍ 'സെക്‌സ്' വന്നതിനെ തുടര്‍ന്ന്‌ ചിത്രം സെന്‍സറിങ്‌ പോലും റദ്ദ്‌ ചെയ്പ്പെട്ട്‌ യപ്രദര്‍ശന വിലക്ക്‌ നേരിടുന്ന അവസ്‌ഥയിലായി കാര്യങ്ങള്‍.
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ ഓഫ്‌ ഇന്ത്യയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്നും സെക്‌സി ദുര്‍ഗയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ നടപടിയെ വിമര്‍ശിച്ച്‌ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തുവന്നു.
സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ വിതരണവേദിയില്‍ മികച്ച നടനായി വിനായകന്‍ അവാര്‍ഡ്‌ വാങ്ങാനെത്തിയപ്പോള്‍ താരപ്രഭുക്കന്‍മാര്‍ ആരും അവിടേക്ക്‌ തിരിഞ്ഞുനോക്കിയില്ല. താരനിശയില്‍ പങ്കെടുക്കാന്‍ ആവേശം കാണിക്കുന്ന ഒരു താരം പോലും എത്തിയില്ലെന്നതും വിവാദങ്ങള്‍ക്കിടവച്ചു.

വാണവരും വീണവരും

നൂറ്റിമുപ്പത്‌ സിനിമകളാണ്‌ 2017 ല്‍ തിയറ്ററുകളിലെത്തിയത്‌. ജിബു ജേക്കബ്‌ സംവിധാനം ചെയ്‌ത് മോഹന്‍ലാല്‍ നായകനായ മുന്തരിവള്ളികള്‍ തളിര്‍ക്കുമ്പോഴായിരുന്നു ആദ്യമായി ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ചത്‌. 2017 ലെ ആദ്യസൂപ്പര്‍ഹിറ്റ്‌ സ്വന്തം പേരിലെഴുതിയത്‌ അങ്കമാലി ഡയറീസീലൂടെ സംവിധായകന്‍ ലിജോ ജോസ്‌ പെല്ലിശേരിയായിരുന്നു. പിന്നീട്‌ മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്‌ത ടേക്ക്‌ ഓഫ്‌, യുവസംവിധായകന്‍ ബേസില്‍ ജോസഫിന്റെ ഗോദ, ദിലീഷ്‌ പോത്തന്റെ മറ്റൊരു 'ബ്രില്ല്യന്റ്‌ ' വര്‍ക്കായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മമ്മൂട്ടി നായകനായ ഗ്രേറ്റ്‌ ഫാദര്‍, ടോവിനോ നായകനായ ടോം ഇമ്മട്ടി സംവിധാനം ചെയ്‌ത ഒരു മെക്‌സിക്കന്‍ അപാരത, അരുണ്‍ ഗോപിയുടെ രാമലീല, ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്‌ത ഉദാഹരണം സുജാത, മിഥുന്‍ മാനുവേല്‍ സംവിധാനം ചെയ്‌ത ആട്‌ രണ്ട്‌, രഞ്‌ജിത്‌ ശങ്കര്‍ സംവിധാനം ചെയ്‌ത കുഞ്ചാക്കോ ബോബന്‍ ചിത്രം രാമന്റെ ഏദന്‍തോട്ടം, ജയസൂര്യ നായകനായ പുണ്യാളന്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നിവയും തിയറ്ററുകളില്‍ നിന്നും കോടികള്‍ കൊയ്‌തു. അമല്‍നീരദ്‌ സംവിധാനം ചെയ്‌ത ദുല്‍ഖര്‍ ചിത്രം സി.ഐ.എ, സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത ജോമോന്റെ സുവിശേഷം, നിവിന്‍ പോളിയുടെ സഖാവ്‌, അല്‍ത്താഫ്‌ സംവിധാനം ചെയ്‌ത ഞണ്ടുകളുടെ നാട്ടിന്‍ ഇടവേള, ബിജുമേനോന്റെ രക്ഷാധികാരി ബൈജുവും ലക്ഷ്യവും പൃഥ്വിരാജിന്റെ എസ്രയും ആദം ജോണും സൗബിന്‍ സാഹീര്‍ സംവിധാനം ചെയ്‌ത പറവയും ബോക്‌സോഫീസില്‍ നിന്നും മോശമല്ലാത്ത ലാഭം നേടി. വിനീത്‌ ശ്രീനിവാസന്റെ എബിയും ഒരു സിനിമാക്കാരനും മഞ്‌ജുവാര്യരുടെ സൈറ ബാനുവും അസിഫ്‌ അലിയുടെ അഡ്വഞ്ചര്‍ ഓഫ്‌ ഓമനക്കുട്ടനും, സണ്‍ഡേ ഹോളിഡേയും നിര്‍മാണചെലവിലെ കുറവുകൊണ്ട്‌ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു. ഒമര്‍ ലുല്ലു യുവാക്കളെ വശീകരിക്കാനെടുത്ത ചങ്ക്‌സ്, ഡോമിന്‍ ഡിസില്‍വ നീരജ്‌ മാധവിനെ നായകനാക്കി സംവിധാനം ചെയ്‌ത പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സണ്ണിവെയ്‌ന്‍ നായകനായ പോക്കിരി സൈമണ്‍ എന്നിവയും തെറ്റില്ലാത്ത ലാഭം നേടി. മോഹന്‍ലാലിന്റെ ലാല്‍ ജോസ്‌ ചിത്രം വെളിപാടിന്റെ പുസ്‌തകവും, അജയ്‌ വാസുദേവ്‌ മമ്മുട്ടി ചിത്രം മാസ്‌റ്റര്‍ പീസ്‌, ഫഹദിന്റെ റോള്‍ മോഡല്‍സും ജയറാമിന്റെ അച്ചായന്‍സും, ഷാഫിയുടെ ഷെര്‍ലക്ക്‌ ടോംസും , ബി. ഉണ്ണികൃഷ്‌ണന്‍ -മോഹന്‍ലാല്‍ ചിത്രം വില്ലന്‍ എന്നിവ വലിയ അഭിപ്രായം നേടിയില്ലെങ്കിലും നിര്‍മാതാവിന്‌ നഷ്‌ടം വരുത്തിയില്ല. സാറ്റ്‌ലൈറ്റ്‌ റൈറ്റും സിനിമയിലെ ആദ്യദിന കളക്ഷനുകളുമാണ്‌ ഈ ചിത്രങ്ങളെ നഷ്‌ടത്തില്‍ നിന്നും കരകയറ്റിയത്‌. ക്രിസ്‌മസ്‌ റിലീസുകളായി എത്തിയ അനൂപ്‌ നായര്‍ സംവിധാനം ചെയ്‌ത വിമാനം, ആഷിഖ്‌ അബുവിന്റെ മായാനദിയും തിയറ്ററില്‍ നിന്നും നേട്ടം കൊയ്യുമെന്ന്‌ ഉറപ്പായി.
എന്നാല്‍ വാനോളം പ്രതീക്ഷകളുയര്‍ത്തി തിയേറ്ററുകളിലെത്തിയ രഞ്‌ജിത്ത്‌-മമ്മൂട്ടി ചിത്രം പുത്തന്‍ പണവും മേജര്‍ രവി -മോഹന്‍ലാല്‍ ചിത്രം 1972 ബിയോണ്ട്‌ ബോര്‍ഡര്‍, ലാല്‍ ജൂനിയര്‍-ആസിഫ്‌ അലി ചിത്രം ഹണി ബീ ടൂ. ജയരാജ്‌-കുനാല്‍ കപൂര്‍ ബ്രഹ്‌മാണ്ഡ ചിത്രം വീരവും പൃഥ്വിരാജ്‌-മുരളിഗോപി ചിത്രം ടിയാന്‍, നീരജ്‌ മാധവ്‌ തിരക്കഥ എഴുതിയ ലവകുശ, ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതിയ ഗൂഢാലോചന, ശ്യാംധര്‍ -മമ്മുട്ടി ചിത്രം പുള്ളിക്കാരന്‍ സ്‌റ്റാറാ, ടോവിനോ നായകനായ പരീക്ഷണ ചിത്രം തരംഗം, സിദ്ദിഖ്‌ സംവിധാനം ചെയ്‌ത ഫുക്രി എന്നിവ വമ്പന്‍ പരാജയങ്ങളായി.

കാര്‍ രജിസ്‌ട്രേഷന്‍ മുതല്‍ പീഡനം വരെ

ദുല്‍ഖര്‍ അഭിനയിച്ച സോളോയുടെ സംവിധായകനെ അറിയിക്കാതെ നിര്‍മാതാവ്‌ സിനിമയുടെ ഭാഗങ്ങള്‍ എഡിറ്റ്‌ ചെയ്‌ത് റിലിസിങ്ങിനുശേഷം തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചതും സിനിമ ലോകത്ത്‌ കല്ലുകടിയായി. സംവിധായകന്‍ നിര്‍മാതാവിനെതിരേ രംഗത്തുവന്നു.
താരങ്ങളായ അമലാ പോളും ഫഹദും സുരേഷ്‌ ഗോപിയും ആഢംബര കാറുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌ പോണ്ടിച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങള്‍ നികുതി വെട്ടിച്ചെന്നും ക്രൈം ബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതും വിവാദമായി.
ഇതില്‍ ഫഹദിന്‌ ജാമ്യം അനുവദിച്ചു. അതേസമയം സമാന കേസില്‍ അമല പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജനുവരി അഞ്ചിലേക്ക്‌ മാറ്റി. കേസില്‍ നടനും എം.പിയുമായ സുരേഷ്‌ ഗോപിയെ ക്രൈം ബ്രാഞ്ച്‌ ചോദ്യം ചെയ്‌തിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, മൂന്നാഴ്‌ചത്തേക്ക്‌ സുരേഷ്‌ ഗോപിയെ അറസ്‌റ്റ് ചെയ്യരുതെന്ന്‌ ഹൈക്കോടതി ആവശ്യപ്പെടുന്നതിലേക്ക്‌ എത്തി കാര്യങ്ങള്‍.
പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന്‌ പറഞ്ഞ്‌ 25 ലക്ഷം രൂപ തട്ടാന്‍ യുവതി ശ്രമിച്ചുവെന്ന ഉണ്ണി മുകുന്ദന്‍ നല്‍കിയ പരാതിയും വിവാദത്തിലായി. ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ കയറിപിടിച്ചെന്ന വാദവുമായി യുവതി രംഗത്തെത്തിയതോടെ കേസ്‌ നേരെ തിരിഞ്ഞുമറിയുകയായിരുന്നു.
ഇക്കാര്യങ്ങളെല്ലാം കാട്ടി കാക്കനാട്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഇവര്‍ രഹസ്യമൊഴി നല്‍കിയിരുന്നു.
ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ നിര്‍മിച്ച്‌ പ്രദീപ്‌ സംവിധാനം ചെയ്‌ത പൃഥ്വിരാജ്‌ ചിത്രമായ 'വിമാന'മാണ്‌ സൗജന്യ ഷോയുടെ പേരില്‍ വിവാദച്ചിറകിലേറിയത്‌. മലയാള സിനിമ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയും സിനിമ പൊളിഞ്ഞു നിര്‍മാതാക്കള്‍ കടബാധ്യതയിലും വീഴുന്ന സാഹചര്യത്തില്‍ ഒരു സിനിമ മാത്രം സൗജന്യമായി പ്രദര്‍ശിപ്പിച്ചതാണ്‌ മറ്റു നിര്‍മാതാക്കളുടെയും സിനിമാ പ്രവര്‍ത്തകരുടെയും ഇടയില്‍ വിവാദ ചര്‍ച്ചയായി മാറിയത്‌.

എം.എ ബൈജു

Ads by Google
Sunday 07 Jan 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW