Thursday, October 18, 2018 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 01.30 AM

ഭാഷയുടെ എഴുത്തച്‌ഛന്‍ അരങ്ങിലെ വിസ്‌മയം

uploads/news/2018/01/181313/sun3.jpg

ഭാഷയുടെ മാധുര്യം ആവിഷ്‌കാരത്തില്‍ ആവാഹിച്ച്‌ മലയാള നാടക ചരിത്രത്തില്‍ ഒരു പുത്തന്‍ അധ്യായം എഴുതിച്ചേര്‍ക്കുകയാണ്‌ എഴുത്തച്‌ഛന്‍ എന്ന നാടകത്തിന്റെ അണിയറ ശില്‍പ്പികള്‍. അമ്മമലയാളത്തെ മറക്കുന്ന ആധുനിക തലമുറയ്‌ക്ക് തിരിച്ചറിവിനും പുനഃസമര്‍പ്പണത്തിനുമുള്ള അരങ്ങിന്റെ ഈ ആഹ്വാനത്തിനു പിന്നില്‍ അണിചേരുന്നത്‌ മലയാളത്തിന്റെ അനുഗ്രഹീതരായ ഒരുപറ്റം കലാകാരന്മാരാണ്‌. 19 കവികളുടെ വരികള്‍ക്ക്‌ 25 സംഗീത പ്രതിഭകള്‍ ഈണങ്ങളൊരുക്കി 30 ഗായകര്‍ ആലപിക്കുന്ന, ലോകചരിത്രത്തിലെ തന്നെ ആദ്യ നാടക സംരംഭമാണ്‌ 'എഴുത്തച്‌ഛന്‍'.
മുഹമ്മദ്‌ വെമ്പായം രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ നാടകം അണിയിച്ചൊരുക്കുന്നത്‌ മീനമ്പലം സന്തോഷ്‌ ആണ്‌. ഒട്ടേറെ സവിശേഷതകളോടെയാണ്‌ സന്തോഷ്‌ ഈ നാടകം പ്രേക്ഷകനു മുമ്പിലെത്തിക്കുന്നത്‌. നാടകത്തിന്റെ പതിവ്‌ ചട്ടക്കൂടുകള്‍ മറികടക്കുന്ന അവതരണശൈലിയാണ്‌ അതിന്റെ മുഖ്യ ആകര്‍ഷകങ്ങളിലൊന്ന്‌. കേവലം നാടകാവതരണത്തിലുപരിയായി ഭാഷയ്‌ക്ക് നല്‍കുന്ന ഒരു ആദരവായി ഈ ദൗത്യത്തെ ഏറ്റെടുത്ത്‌ മുന്നോട്ട്‌ കൊണ്ടുപോവുകയാണ്‌ സന്തോഷ്‌.
ശാരികപ്പൈതല്‍ തന്‍ നാവിലൂടെ മലയാളത്തെ തെളിനീരാക്കിയ കവികുലഗുരുവിന്‌ മലയാള കാവ്യ-സംഗീത-ആലാപന ത്രയത്തിലെ പ്രമുഖരായ എല്ലാ കലാകാരന്മാരെയും അണിനിരത്തി ഉചിതമായ വന്ദനം നല്‍കാന്‍ കഴിഞ്ഞത്‌ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടുകൂടിയാണ്‌ സന്തോഷ്‌ കാണുന്നത്‌. ഭാഷ, സാഹിത്യം, സംസ്‌കാരം, എന്നിവയിലെല്ലാം മലയാളിക്ക്‌ ഗുരു എഴുത്തച്‌ഛനാണ്‌. അതിനാല്‍ത്തന്നെ എഴുത്തച്‌ഛനെ ഓര്‍ക്കാതെ മലയാളഭാഷയെപ്പറ്റി പറയുക അസാധ്യവുമാണ്‌. കാലയവനികയ്‌ക്കുള്ളില്‍ മാഞ്ഞ ആ മഹാമനീഷിയിലൂടെ മലയാളഭാഷയെ യവനിക ഇല്ലാതെ തന്നെ മലയാളികള്‍ക്കു കാട്ടിക്കൊടുക്കുകയാണ്‌ എഴുത്തച്‌ഛന്‍ എന്ന നാടകം. നാവിനും വിരലിനും മലയാളം വഴങ്ങാത്ത ശ്രേഷ്‌ഠഭാഷയുടെ പുതുസന്തതികളെ ശ്രേഷ്‌ഠ പിതാവിന്റെ ജീവിത സംഭാവനകളുടെ ആവിഷ്‌കരണത്തിലൂടെ മാതൃഭാഷയുടെ വെളിച്ചം പകര്‍ന്നുനല്‍കുകയാണ്‌ എഴുത്തച്‌ഛന്‍ എന്ന ഗവേഷണാത്മക നാടകത്തിലൂടെ തിരുവനന്തപുരം അക്ഷരകലയും അതിന്റെ അമരക്കാരന്‍ മീനമ്പലം സന്തോഷും ലക്ഷ്യമിടുന്നത്‌.

പിതാവില്‍നിന്നും ഭാഷാപിതാവിലേക്ക്‌

അത്യന്തം പരിശ്രമവും സമര്‍പ്പണവും ആവശ്യമുള്ള ഈ ഉദ്യമത്തിന്‌ സന്തോഷിനു കരുത്തുപകര്‍ന്നത്‌ അച്‌ഛന്‍ സദാനന്ദനില്‍നിന്നും പകര്‍ന്നുകിട്ടിയ ജീവിതപാഠങ്ങളാണ്‌. ഒരു ഭാഷാ അധ്യാപകന്‍ കൂടിയായിരുന്ന അദ്ദേഹം മലയാളത്തിനുപുറമേ ഹിന്ദിയിലും സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടിയിരുന്നു. നാടകരചന, അഭിനയം, കഥകളി, കഥാപ്രസംഗം, എന്നീ കലകളിലും നൈപുണ്യം ഉണ്ടായിരുന്ന അച്‌ഛനില്‍നിന്നാണ്‌ കലയുടെ ബാലപാഠങ്ങള്‍ താന്‍ നുകര്‍ന്നതെന്ന്‌ സന്തോഷ്‌ സ്‌മരിക്കുന്നു.
കവികുലഗുരുവിന്‌ ഗുരുവന്ദനം.
ചരിത്രനിയോഗത്തിനിറങ്ങിപ്പുറപ്പെട്ട സന്തോഷിന്‌ അവിസ്‌മരണീയമായ മൂഹൂര്‍ത്തങ്ങളാണ്‌ 'എഴുത്തച്‌ഛന്‍' കാത്തുവച്ചിരുന്നത്‌. സ്വജീവിതത്തിന്റെ കര്‍മ്മ മണ്ഡലം കൈരളിക്കായി സമര്‍പ്പിച്ച ഒരുപറ്റം കലാകാരന്മാരുടെ സര്‍ഗ്ഗപ്രതിഭാസ്‌പര്‍ശം ഈ ഉദ്യമത്തിന്റെ ഭാഗമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞത്‌ നാടകത്തിന്റെ പൂര്‍ണ്ണതയ്‌ക്ക് ഏറെ സഹായകരമായെന്ന്‌ സന്തോഷ്‌ ഉറച്ചുവിശ്വസിക്കുന്നു. കവിതയ്‌ക്കും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള 'എഴുത്തച്‌ഛനില്‍' മലയാളം ആദരിക്കുന്ന മുതിര്‍ന്ന സംഗീതപ്രതിഭകളില്‍ തുടങ്ങി പുതുതലമുറയുടെ വരെ പങ്കാളിത്തം ഉറപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.
ജ്‌ഞാനപീഠപുരസ്‌കാരത്തിന്റെ തിളക്കം മലയാളത്തിനു സമ്മാനിച്ച ഒ.എന്‍.വി., എം.ടി. എന്നിവരുടേയും മലയാളത്തിന്റെ പ്രിയകവിയത്രി സുഗതകുമാരിയുടേയും ഭാഷാ പ്രതിജ്‌ഞയും എഴുത്തച്‌ഛന്‍ നാടകത്തിന്‌ സാംസ്‌കാരിക, സാഹിത്യ, നായക പങ്കാളിത്തത്തിന്റെ ഗരിമ നല്‍കുന്നുണ്ട്‌. ഇവര്‍ മൂന്നുപേരും എഴുത്തച്‌ഛന്‍ പുരസ്‌കാര ജേതാക്കള്‍കൂടിയാണെന്നത്‌ ഇവരുടെ നാടകപങ്കാളിത്തത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കുന്നു. നാടകത്തിനായി ഭാഷാവിളംബരമെഴുതിയ സച്ചിദാനന്ദനും ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്‌ക്കാര ധന്യതയുടെ നിറവിലാണ്‌ എന്നുള്ളത്‌ പ്രത്യേകം സ്‌മരിക്കേണ്ടതുണ്ട്‌. വള്ളത്തോള്‍ പുരസ്‌കാര ജേതാവുകൂടിയായ പ്രഭാവര്‍മ്മയാണ്‌ നാടകത്തിനായി ഭാഷാവിളംബരമെഴുതിയ മറ്റൊരു കാവ്യപ്രതിഭ.
മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യനായകരെ തന്റെ നാടകത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞതിലൂടെ നാടകത്തിനോടും ഭാഷാ പിതാവിനോടും നീതീ പുലര്‍ത്താന്‍ കഴിഞ്ഞു എന്നാണ്‌ സന്തോഷ്‌ വിശ്വസിക്കുന്നത്‌. ഏറെ ധന്യതതോന്നിയ ആനിമിഷങ്ങള്‍ സന്തോഷ്‌ ഓര്‍ത്തെടുക്കുന്നു.

കാവ്യഗന്ധര്‍വന്റെ അനുഗ്രഹം തേടി

മലയാളം പള്ളിക്കൂടത്തിന്റെ ഓഫീസില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന, ഭാഷാപ്രതിജ്‌ഞയില്‍ ശ്രദ്ധപോയത്‌. എം.ടിയുടെ ഗദ്യഭാഷാപ്രതിജ്‌ഞയും ഒ.എന്‍.വിയുടെ പദ്യഭാഷാപ്രതിജ്‌ഞയും. ഇത്‌ രണ്ടും നാടകത്തില്‍ ഉള്‍പ്പെടുത്തണമെന്നു തോന്നി. മലയാളം പളളിക്കൂടം അതിന്‌ അനുമതിയും നല്‍കി. ഒ.എന്‍.വി.സാറിന്റെ വരികള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി മകന്‍ രാജീവ്‌ ഒ.എന്‍.വി വശം നല്‍കി. ഒരാഗ്രഹവും അറിയിച്ചു. ആ വരികള്‍, രാജീവ്‌ ഒ.എന്‍.വി. തന്നെ ഈണം ചെയ്യണമെന്ന്‌; അദ്ദേഹം സമ്മതിച്ചു. അങ്ങനെ മനോഹരമായ ഭാഷാപ്രതിജ്‌ഞാകാവ്യം പിറന്നു. ഒ.എന്‍.വി. മലയാളഭാഷാപിതാവിന്‌ വേണ്ടി എഴുതിവച്ചിരുന്നപോലൊരു അനുഭവമാണ്‌ അപ്പോള്‍ ഉണ്ടായത്‌.

കുളിര്‍ മഞ്ഞുപോലെ ഒരു സ്‌നേഹസ്‌പര്‍ശം

കോട്ടയ്‌ക്കലിലെ ചികിത്സ കഴിഞ്ഞ്‌, കാലിന്‌ അസുഖമായി കിടക്കുന്നത്‌ അറിയാതെയാണ്‌ എം.ടി വാസുദേവന്‍നായരെ വിളിച്ചത്‌. ഫോണ്‍ എടുത്ത അദ്ദേഹത്തിന്റെ ഭാര്യ എഴുത്തച്‌ഛന്‍ നാടകത്തെ കുറിച്ച്‌ സംസാരിക്കാന്‍ തിരുവനന്തപുരത്തു നിന്നും വിളിക്കുന്നു എന്നു പറഞ്ഞു. കിടക്കയില്‍ കിടന്നുകൊണ്ടായിരിക്കാം അദ്ദേഹം ആ ഫോണ്‍ എടുത്തത്‌. വളരെ നേരം സംസാരിച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വച്ച്‌, നാടകകൃതി സംവിധാനം ചെയ്യുവാന്‍ അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും ഏറ്റുവാങ്ങിയ സന്ദര്‍ഭത്തെ പുണ്യനിമിഷമായാണ്‌ കാണുന്നത്‌.

താരാട്ടാനൊരു അമ്മക്കിളി

സുഗതകുമാരിയെ കാണാന്‍ പോകുമ്പോള്‍ അവര്‍ വിശ്രമത്തിലായിരുന്നു. വീല്‍ ചെയറിലാണ്‌ അന്ന്‌ മുറിക്കു പുറത്തേക്കു വരുന്നത്‌. ഈ സമയത്താണ്‌ കവിത എഴുതുന്ന വിവരം പറയാന്‍ പോയത്‌. കിടക്കയുടെ അടുത്ത്‌ ചെന്നിരുന്നു. വളരെ നേരം സംസാരിച്ചു. ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞുതന്നു. ഒരാഴ്‌ച കഴിഞ്ഞ്‌ വിളിക്കാന്‍ പറഞ്ഞു. കൈക്കുഞ്ഞായ എഴുത്തച്‌ഛനെ താരാട്ടുപാടിയുറക്കുന്ന വരികളാണ്‌ ടീച്ചറെഴുതിയത്‌. എന്നെ വായിച്ചു കേള്‍പ്പിച്ചു. അതിമനോഹരവും ശക്‌തവും ഹൃദയസ്‌പര്‍ശിയുമായ വരികള്‍! ആ കുറിപ്പ്‌ വാങ്ങി കമ്പോസ്‌ ചെയ്യാന്‍ കൊടുത്തു. വീണ്ടും വായിച്ചു നോക്കി. അവര്‍ അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാട്ടി. വീണ്ടും അടുത്ത ദിവസം തിരുത്തിക്കൊണ്ടുവന്നു. വീണ്ടും വള്ളി, പുള്ളി, ദീര്‍ഘങ്ങളിലെ തെറ്റ്‌ ചൂണ്ടിക്കാട്ടി. വീണ്ടും അടുത്ത ദിവസം തിരുത്തി. തെറ്റില്ല എന്നു പറഞ്ഞു. ഒരാഴ്‌ച കഴിഞ്ഞ്‌ വീണ്ടും സുഗതകുമാരിയെ കാണാന്‍ പോയി. ഭാഷാ പ്രതിജ്‌ഞയും കൂടി വേണമെന്നു പറഞ്ഞു. അന്ന്‌ ആശുപത്രിയില്‍ പോകേണ്ടതുള്ളതുകൊണ്ട്‌ രണ്ട്‌ ദിവസം കഴിഞ്ഞ്‌ വരാന്‍ പറഞ്ഞു. വീണ്ടും ഞാന്‍ ചെന്നു. അടുത്തിരുന്ന പേപ്പറെടുത്ത്‌ ഭാഷാ പ്രതിജ്‌ഞ എഴുതി എന്നെ ചൊല്ലി കേള്‍പ്പിച്ചു. വല്ലാത്തൊരു നിമിഷം! ഞാനൊന്ന്‌ അഭ്യര്‍ത്ഥിച്ചു. നാടകത്തില്‍ ഇത്‌ അവരുടെ ശബ്‌ദത്തില്‍ തന്നെ കേള്‍പ്പിക്കണമെന്ന്‌. വീണ്ടും ചൊല്ലിത്തന്നത്‌ മൊബൈലില്‍ റിക്കോര്‍ഡ്‌ ചെയ്‌തു. കടുത്ത ശാരീരികാസ്വസ്‌ഥതയ്‌ക്കിടയിലും, ഭാഷാപിതാവിനുവേണ്ടി സമയം കണ്ടെത്തി അക്ഷരമുത്തുകള്‍ നിരത്തിയ ടീച്ചറെ വന്ദിക്കുന്നു. എം.ജയചന്ദ്രന്‍ ആണ്‌ വരികള്‍ക്ക്‌ ഈണം നല്‍കിയത്‌.

കാവ്യം പ്രഭാപൂരിതം
ഈ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങളെഴുതിയിട്ടുള്ളത്‌ പ്രഭാവര്‍മ്മയാണ്‌. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കില്‍, മുഴുനീള സെക്രട്ടേറിയേറ്റ്‌ ജീവിതത്തിനിടയിലാണ്‌ അദ്ദേഹം ഇതിനൊക്കെ സമയം കണ്ടെത്തുന്നത്‌. ഒട്ടനവധി തവണ അദ്ദേഹവുമായി സംസാരിക്കേണ്ടി വന്നു. എന്തുതിരക്കിലും ഭാഷാപിതാവിനായി സമയം കണ്ടെത്തും. ഒരു ദിവസം ഭാഷാവിളംബരം എഴുതിത്തരുമോ എന്നു ചോദിച്ചപ്പോള്‍, അദ്ദേഹം മൂന്നുമിനിട്ട്‌ കൊണ്ട്‌ എഴുതി പൂര്‍ത്തീകരിച്ചു. നന്മുലപ്പാലിനോടൊപ്പമെന്‍- എന്നാരംഭിക്കുന്ന ആ വരികള്‍ ചിട്ടപ്പെടുത്തിയത്‌ എം.കെ അര്‍ജ്‌ജുനനാണ്‌. എഴുതിയ വരികള്‍ ചൊല്ലിത്തരാനും, ഈണം നല്‍കിയ എല്ലാ വരികളും കേള്‍ക്കാനും അദ്ദേഹം അതീവതാല്‌പര്യം കാട്ടിയിരുന്നു.
ഇവരെക്കൂടാതെ ഒട്ടനവധി കാവ്യ പ്രതിഭകള്‍ ഈ നാടകത്തിനായി തങ്ങളുടെ സര്‍ഗ്ഗസൃഷ്‌ടികള്‍ സംഭാവനചെയ്‌തിട്ടുണ്ട്‌. പ്രഫ: മധുസൂദനന്‍ നായര്‍, എസ്‌. രമേശന്‍ നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ. ജയകുമാര്‍, ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍, ചുനക്കര രാമന്‍കുട്ടി, മങ്കൊമ്പ്‌ ഗോപാലകൃഷ്‌ണന്‍, കരിവള്ളൂര്‍ മുരളി, ആലങ്കോട്‌ ലീലാകൃഷ്‌ണന്‍, റഫീക്ക്‌ അഹമ്മദ്‌, രാജീവ്‌ ആലുങ്കല്‍, ഡോ: ബിജു ബാലകൃഷ്‌ണന്‍, ഡോ: അനില്‍കുമാര്‍. ഇവരെല്ലാം തനിക്കുനല്‍കിയ പിന്തുണ ഭാഷയോടുള്ള അവരുടെ സ്‌നേഹമാണ്‌ വ്യക്‌തമാക്കുന്നതെന്നാണ്‌ സന്തോഷിന്റെ പക്ഷം.
സാഹിത്യപ്രതിഭകളുടെ സൃഷ്‌ടിയെ അതിന്റെ പ്രൗഢി ചോരാതെ പ്രേക്ഷകരിലെത്തിക്കാന്‍ പ്രതിഭാധനരായ സംഗീത സംവിധായകരെയും ഗായകരെയും അണിനിരത്തുന്നതിലും സംവിധായകന്‍ വിജയംകണ്ടു. അതേപ്പറ്റി സന്തോഷ്‌ പറയുന്നതിങ്ങനെ
എം.കെ.അര്‍ജ്‌ജുനന്റെ വീട്ടില്‍ പോയി കണ്ട്‌ വരികള്‍ നേരിട്ട്‌ കൊടുത്തു, പഴയടേപ്പ്‌ റെക്കോര്‍ഡറില്‍ കാസറ്റിട്ട്‌ എന്നെക്കൊണ്ട്‌ ചൊല്ലിച്ച്‌ റെക്കോര്‍ഡ്‌ ചെയ്‌തു. ഒപ്പം അവിടെ വിദ്യാധരനും ഉണ്ടായിരുന്നു. രണ്ടു സംഗീതകുലപതിമാര്‍. രണ്ടുപേരും അനുഗ്രഹിച്ചു. മക്കളെ ഞാന്‍ വിളിക്കാം എന്നു പറഞ്ഞു. രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ ഫോണ്‍ വന്നു. വീണ്ടും വീട്ടിലെത്തി. നന്മുലപ്പാലിനോടപ്പമെന്‍ നന്മമലയാളമേ എന്നുതുടങ്ങുന്ന ഗാനം മൂന്നു രാഗത്തില്‍ ഈണമിട്ട്‌ പാടിയ മൂന്ന്‌ പാട്ടുകള്‍ എന്നെ കേള്‍പ്പിച്ചു. രണ്ട്‌ ആചാര്യന്മാരും ഒന്നിച്ചിരുന്ന്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്‌ മറക്കാനാകാത്ത അനുഭവംതന്നെ.

ശരത്‌കാല സംഗീതം തേടി

പ്രശ്‌സ്ത സംഗീത സംവിധായകനും ഗായകനുമായ ശരത്തിനെ കാണുന്നത്‌ തിരുവനന്തപുരം മാസ്‌കറ്റ്‌ ഹോട്ടലില്‍ വെച്ചാണ്‌. കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്തി. കുറച്ചു നേരം അദ്ദേഹം ഒന്നും മിണ്ടാതിരുന്നു. എന്നിട്ട്‌ ഒന്നു ചിരിച്ചു. വീണ്ടും മൗനം. ഞാന്‍ വല്ലാതായി... കുറച്ചുകഴിഞ്ഞ്‌ അദ്ദേഹം സംസാരിച്ചു തുടങ്ങി. എന്റെ അച്‌ഛനെ ഞാന്‍ ഓര്‍ക്കുകയായിരുന്നു. വീട്ടില്‍ ആരെങ്കിലും വിശേഷാല്‍ വന്നാല്‍ അവരോട്‌ എന്തെങ്കിലും പറയണമെങ്കില്‍ എന്റെ അച്‌ഛന്‍, പല സമയത്തും കുറുപ്പ്‌ എഴുതി കൊടുക്കുക പതിവായിരുന്നു. പറയാനുള്ള കാര്യം എഴുതിക്കൊടുക്കും... ഈ ശീലം അച്‌ഛന്‍ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ ഞാനും അമ്മയും ചേര്‍ന്ന്‌ എന്തും എഴുതികൊടുക്കുന്ന അച്‌ഛന്‌ ഒരു ഇരട്ടപ്പേരിട്ടു. എഴുത്തച്‌ഛന്‍. എന്തും നേരില്‍ പറയാതെ, എഴുതിക്കൊടുക്കുന്ന അച്‌ഛന്‍ എഴുത്തച്‌ഛന്‍. ഞങ്ങള്‍ വീണ്ടും മൂന്നുപ്രാവശ്യം നേരില്‍ കണ്ടു. നല്ല ബന്ധമായി. രണ്ട്‌ പാട്ടുകള്‍ ഈണം ചെയ്യുകയും അതു പാടിത്തരുകയും ചെയ്‌ത അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല. ഇപ്പോള്‍ എന്റെ ഫോണ്‍ ചെല്ലുമ്പോള്‍ ശരത്‌ എന്നെ വിളിക്കുന്നത്‌ ഹലോ എഴുത്തച്‌ഛാ എന്നാണ്‌.
ഒരു നാടകക്കാരനു വേണ്ടി സമയം ചിലവഴിക്കാന്‍ തയാറായ ഔസേപ്പച്ചന്‍ , മലയാളിക്കുവേണ്ടി, മലയാളഭാഷയ്‌ക്കുവേണ്ടി ഞാന്‍ ഈണം നല്‍കും, ഇനിയും സംഗീതം ചെയ്യാന്‍ വരിയുണ്ടോ,എന്ന്‌ ചോദിച്ച്‌ എന്നെ പ്രോത്സാഹിപ്പിച്ച വിദ്യാസാഗര്‍, പുതിയ തലമുറയ്‌ക്ക് വാഗ്‌ദാനമായ ലാലു മാഹിന്‍, ഭാഷാപിതാവിനുവേണ്ടി, എത്രപാട്ടും, സംഗീതവും നിര്‍വ്വഹിക്കാന്‍ എനിക്ക്‌ മടിയില്ല. എത്ര സമയവും ചിലവഴിക്കാന്‍ തയ്യാറാണ്‌. ആയതിലേക്ക്‌ എപ്പോഴും എന്റെ വീട്ടില്‍ വരാം എന്നുപറഞ്ഞ്‌ ഒട്ടനവധി ഉപദേശങ്ങള്‍ നല്‍കിയ പ്രിയ ഗുരുനാഥന്റെ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്‌. തിരക്കിനിടയില്‍ ഈ പ്ര?ജക്‌ടിനെ എല്ലാ ഗൗരവത്തോടും കണ്ട ബിജിപാല്‍, മലയാളഭാഷയ്‌ക്ക് മലയാളിക്ക്‌... സര്‍വ്വ നന്മയും നേര്‍ന്ന ശ്യാം ( ഒരു നിമിത്തമെന്നോണം അവിടെ അപ്പോള്‍ ശരത്തും എത്തി. അങ്ങനെയൊരു സംഗമം കൂടി ഉണ്ടായി. ശ്യാം ഈണം നല്‍കിയ വരികള്‍ പാടിയത്‌ ശരത്‌ ആണ്‌), ശ്രീവത്സന്‍ ജി. മേനോന്‍, സംഗീത ചക്രവര്‍ത്തി ഗംഗൈ അമരന്‍, ജയവിജയന്‍, ആര്‍. സോമശേഖരന്‍, എസ്‌.പി. വെങ്കിടേഷ്‌, ദേവ, ബേണി ഇഗ്നേഷ്യസ്‌, എസ്‌. ബാലകൃഷ്‌ണന്‍, രമേശ്‌ നാരായണന്‍, എം. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍, ഗോപീസുന്ദര്‍, കാവാലം ശ്രീകുമാര്‍, രാജീവ്‌ ഒ.എന്‍.വി, ബൈജു അഞ്ചല്‍ക്കാരന്‍, എന്നിവരുടെയെല്ലാം പങ്കാളിത്തത്തെ ഏറെ ആദരവോടെയാണ്‌ സന്തോഷ്‌ കാണുന്നത്‌.
എം.ജി ശ്രീകുമാര്‍, ജയന്‍ , വിദ്യാധരന്‍, ശരത്‌, മധു ബാലകൃഷ്‌ണന്‍, കാവാലം ശ്രീകുമാര്‍, വിധുപ്രതാപ്‌, പന്തളം ബാലന്‍, വിജേഷ്‌ ഗോപാല്‍, ഉദയ്‌ രാമചന്ദ്രന്‍, ഡി.ശിവപ്രസാദ്‌, പി.ജി.രാജേഷ്‌, ഡി.കെ.ആനന്ദ്‌, ശ്രീകുമാര്‍ ജി, മനു തമ്പി, കെ.എസ്‌.ചിത്ര, സുജാത മോഹന്‍, ലത രാജു, സിതാര കൃഷ്‌ണകുമാര്‍, രാജലക്ഷ്‌മി, ലീലാജോസഫ്‌, രജനി പരമാനന്ദന്‍ തുടങ്ങി നിരവധി ഗായകര്‍ ഭാഷാപിതാവിനുള്ള സമര്‍പ്പണമായി തങ്ങളുടെ ആലാപന മാധുര്യത്താല്‍ നാടകത്തെ സമ്പന്നമാക്കി.
പതിവ്‌ നാടകരീതികളില്‍ നിന്നു വേറിട്ട പശ്‌ചാത്തലമായതുകൊണ്ടുതന്നെ പശ്‌ചാത്തല സംഗീതത്തിലും ആ വൈവിധ്യം കാത്തുസൂക്ഷിക്കാന്‍ സന്തോഷ്‌ ശ്രമിച്ചിട്ടുണ്ട്‌. ബൈജു അഞ്ചല്‍ക്കാരന്റെ പശ്‌ചാത്തല സംഗീതം ഇതിനു തെളിവാണ്‌. പ്രശസ്‌ത നര്‍ത്തകന്‍ ധനഞ്‌ജയന്റെ ശിക്ഷണത്തില്‍ അരങ്ങിലെത്തുന്ന നര്‍ത്തകരാണ്‌ നാടകത്തിന്റെ മറ്റൊരു സവിശേഷത. ഒട്ടേറെ പ്രശസ്‌ത സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ബൈജു പൗലോസാണ്‌ ഇലക്‌ട്രോണിക്‌ കീബോര്‍ഡ്‌ കൈകാര്യം ചെയ്‌തിരിക്കുന്നത്‌.
രംഗപടം ഈ നാടകത്തിന്റെ എടുത്തുപറയേണ്ട സവിശേഷതകളില്‍ ഒന്നാണ്‌. സെറ്റിടാന്‍ ആറുമണിക്കൂര്‍ വേണ്ടിവരുന്ന നാടകത്തിന്‌ അഴകുപകരുന്ന പശ്‌ചാത്തല രംഗശില്‌പി കലാരത്നം സുജാതന്‍ ആണ്‌. അപ്പു കേരള, അനില്‍ കോരാണി, രതീഷ്‌ കിളിമാനൂര്‍, കിളിമാനൂര്‍ എന്നിവര്‍ രംഗസജ്‌ജീകരണമൊരുക്കുന്നു. സമഗ്ര നാടകവേദി പ്രവര്‍ത്തക കലാകാരന്മാര്‍ക്കിടയിലെ മുന്‍നിര പ്രതിഭാശാലി ഗോപിനാഥ്‌ കോഴിക്കോടാണ്‌ ദീപസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌.
കോട്ടയം രമേശ്‌, കെ.പി.എ.സി. വില്‍സന്‍, കേരളപുരം ഖാന്‍, രാംദാസ്‌, ഉഴമലയ്‌ക്കല്‍ മോഹന്‍, പുഷ്‌പ കാഞ്ഞങ്ങാട്‌, ദേവിക നായര്‍ എന്നിവരാണ്‌ അരങ്ങില്‍ എഴുത്തച്‌ഛനു കരുത്തുപകരുന്നത്‌.
ഭാഷാപിതാവിന്റെ ചരിത്രത്തിലൂടെ ഭാഷയുടെ ചരിത്രം കാലഘട്ടത്തിന്‌ പകര്‍ന്നുനല്‍കുന്ന 'എഴുത്തച്‌ഛന്‌' താങ്ങായിനിന്ന അരങ്ങിനുപിന്നിലെ ഒട്ടനവധി നായകരെയും അവരുടെ സംഭാവനകളെയും ഏറെബഹുമാനിക്കുന്നതായി സംവിധായകന്‍ സന്തോഷ്‌ പറയുന്നു.
അടൂര്‍ ഗോപാലകൃഷ്‌ണന്‍, കെ.എസ്‌. ചിത്ര, ജയകുമാര്‍ ഐ.എ.എസ്‌., പുതുശ്ശേരി രമചന്ദ്രന്‍, എന്നിവരുടെയൊക്കെ സഹായം ഈ നാടകത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സന്തോഷിനു തുണയായി.
മലയാളനാടകവേദിയുടെ ചരിത്രത്തില്‍ ആവിഷ്‌കരണത്തിന്റെയും അവതരണത്തിന്റെയും ഭാഷാസ്‌നേഹത്തിന്റെയും സുവര്‍ണ്ണചരിതം രചിക്കുന്ന എഴുത്തച്‌ഛനെ കഴിയുംവിധം ഭംഗിയായി അണിയിച്ചൊരുക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ്‌ സന്തോഷ്‌. സന്തോഷിന്റെ ഈ പ്രയത്നം ഭാഷയ്‌ക്കും ഓരോ മലയാളിക്കും വേണ്ടിയുള്ളയാണ്‌. ഭാഷാപരിപോഷണത്തിന്‌ മാര്‍ഗ്ഗങ്ങള്‍ തേടുന്ന സര്‍ക്കാര്‍ എഴുത്തച്‌ഛനെ ഏറ്റെടുത്ത്‌ പ്രദര്‍ശനം നടത്താന്‍ തയാറായാല്‍ ഭാഷയോടുപുലര്‍ത്തുന്ന നീതീയാകും അതെന്ന്‌ സംശയലേശമെന്യേ പറയാം.

Ads by Google
Sunday 07 Jan 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW