Tuesday, June 11, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 06 Jan 2018 08.52 PM

ഫോര്‍മുല ഗ്രാന്‍പ്രീ

diwanji moola grand prix

മലയാളസിനിമ സംഘം ചേര്‍ന്നു മുഖം മാറിയ സമയത്ത് ഒറ്റയാനായി വന്ന് ആ മുഖംമാറ്റത്തില്‍ പങ്കാളിയായ സംവിധായകനാണ് അനില്‍ രാധാകൃഷ്ണമേനോന്‍. ആരും പറയാത്ത ഇടങ്ങളും അതുവരെ ആരും പറയാത്ത രീതിയും കൊണ്ടാണ് അനിലിന്റെ ആദ്യരണ്ടു സംരംഭങ്ങളായ നോര്‍ത്ത് 24 കാതവും, സപ്തമശ്രീ തസ്‌കരയും ശ്രദ്ധേയമായത്. മലയാളത്തെ സംബന്ധിച്ചിടത്തോളം ഫ്രഷ് സിനിമകളായിരുന്നു അവ. മൂന്നാമത്തെ സിനിമ ലോഡ് ലിവിങ്‌സ്റ്റണ്‍ കണ്ടി ചലനമുണ്ടാക്കിയില്ലെങ്കിലും വേറിട്ട സിനിമ തന്നെയായിരുന്നു. എല്ലാസിനിമയ്ക്കും സവിശേഷമായ പേരുകളുമുണ്ട്. എന്നാല്‍ നാലാം സിനിമ ദിവാന്‍ജിമൂല ഗ്രാന്‍പ്രീയിലെത്തുമ്പോള്‍ ആ പേരൊഴിച്ച് ഒന്നും അത്ര സവിശേഷമല്ല, കാലങ്ങളായി പലരും പരീക്ഷിച്ച വിജയഫോര്‍മുലയിലേക്കാണ് അനില്‍ രാധാകൃഷ്ണന്‍ നാലിലേക്ക് എത്തുന്നത്. കെട്ടും മട്ടുമൊക്കെ മാറ്റിയിട്ടുണ്ടെങ്കിലും അന്തിമ ഔട്ട് പുട്ട് പറഞ്ഞുപഴകിയൊരു കഥയാണ്.

കഥാപാത്രങ്ങളില്‍ പുതുമയുണ്ട്, മോട്ടോര്‍റേസിങ് നടത്താനൊരുങ്ങുന്ന ജില്ലാകലക്ടര്‍, തളര്‍ന്നുകിടക്കുന്ന ഒരു ബൈക്ക് റേസ് ഹീറോ, അയാളുടെ മകളായ നഗരസഭാ കൗണ്‍സിലറായ, ക്രിമിനിലുകളെയും ചെറുകിട മോഷ്ടാക്കളെയും നിലയ്ക്കുനിര്‍ത്തുന്ന, ചിലപ്പോള്‍ സംരക്ഷകനുമാകുന്ന യുവതി, ഭിന്നശേഷിക്കാരനായ ബൈക്ക് റേസര്‍, അയാളെ പരിശീലിപ്പിക്കാന്‍ വരുന്ന പഴയ റേസറായ പെന്തക്കോസ്ത് പാസ്റ്റര്‍...എന്നാല്‍ ഈ കഥാപാത്രങ്ങളെ കൂട്ടിയിണക്കുന്ന കഥയ്ക്കും അവയിലേയക്കു കഥ പറയുന്ന രീതിയ്ക്കും പഞ്ച് പോര.

diwanji moola grand prix

നല്ല വിഷ്വല്‍ അപ്പീലുള്ള, കുറച്ചൊക്കെ നര്‍മമുഹൂര്‍ത്തങ്ങളുള്ള, വേറിട്ട കഥാപാത്രസന്ദര്‍ഭങ്ങളുള്ള ദിവാന്‍ജിമൂല ഗ്രാന്‍പ്രീ അടിസ്ഥാനപരമായി ഒരു സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെടുത്തേണ്ട സിനിമയാണ്. എന്നാല്‍ ചിതറിത്തെറിച്ചുപോകുന്ന കഥാപാത്രങ്ങളെ കോര്‍ത്തിണക്കാനോ, ഒരു സ്‌പോര്‍ട്‌സ് ഡ്രാമയ്ക്കുവേണ്ടിയുള്ള ജിജ്ഞാസ ഉടനീളം നിലനിര്‍ത്താനോ ദിവാന്‍ജിമൂലയ്ക്കും അനില്‍രാധാകൃഷ്ണനും സംഘത്തിനുമാകുന്നില്ല.

അനില്‍ രാധാകൃഷ്ണനൊപ്പം മുന്‍ കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. തൃശൂര്‍പൂരത്തിന്റെ ഭാഗമായി ദിവാന്‍ജിമൂലയില്‍ ഒരു മോട്ടോര്‍റേസിങ് ഗ്രാന്‍പ്രീ നടക്കുന്നു. ആ ഗ്രാന്‍പ്രീയുടെ പശ്ചാലത്തലം വിശ്വസനീയമാക്കാനുള്ള കഥാപാത്രങ്ങളുടെ ഡീറ്റെയ്‌ലിങ്ങാണ് ഏറെസമയവും. അതുപക്ഷേ പലയിടത്തും പരസ്പരബന്ധിതമല്ല. അതുബന്ധപ്പെടുത്താന്‍ ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ നാലുകള്ളന്മാരും മുന്‍കാല കള്‍ട്ട് സിനിമകളിലെ കഥാപാത്രങ്ങളുമാണ്. പ്രാഞ്ചിയേട്ടനിലെ സുബ്രന്‍(ടിനി ടോം), തൂവാനത്തുമ്പികളിലെ ഋഷി( അശോകന്‍), സപ്തമശ്രീയിലെ കിളിപോയ ലീഫ് വാസു(സുധീര്‍ കരമന) എന്നിങ്ങനെ തീര്‍ത്തും അസ്ഥാനത്തായ കഥാപാത്രങ്ങളാണ് കഥ പറയാനുള്ള കണക്ഷനുകള്‍., ഒപ്പം സിനിമാക്കാര്‍ ബോറടിപ്പിച്ചുതുടങ്ങിയ തൃശൂര്‍ കാഴ്ചകളും ഭാഷയും.

diwanji moola grand prix

പ്രധാനപ്പെട്ട വേഷത്തിലെത്തുന്ന കുഞ്ചാക്കോ ബോബന്റെ കലക്ടര്‍ കഥാപാത്രത്തിന്റെ പേരും കസ്തൂരിമാനിലെ കലക്ടറുടെ പേരാണ്, സാജന്‍ ജോസഫ്. ഏതായാലും ഹാര്‍ലി ഡേവിഡ്‌സണില്‍ കോളനിയില്‍ പര്യടനം നടത്തുന്ന ഈ ന്യൂജന്‍ കലക്ടര്‍ ബ്രോ കണ്‍സെപ്റ്റ് കുഞ്ചാക്കോ ബോബന്‍ തരക്കേടില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ട്. നൈല ഉഷയാണ് കേന്ദ്രകഥാപാത്രം. തളര്‍ന്നു കിടക്കുന്ന പിതാവിനെ സംരക്ഷിക്കുന്ന, ക്രിമിനല്‍ സംഘങ്ങളും മോഷ്ടാക്കളുമുള്ള തന്റെ വാര്‍ഡിനെ സംരക്ഷിക്കുന്ന ' ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍' ലേഡിയാക്കി നൈലയുടെ കഥാപാത്രത്തെ എസ്റ്റാബ്ലീഷ് ചെയ്യാന്‍ ദിവാന്‍ജിമൂലയുടെ ആദ്യപകുതി കാര്യമായ ഇന്‍വെസ്റ്റ്‌മെന്റ് നടത്തുന്നുണ്ട്. എന്നാല്‍ ആ ഇന്‍വെസ്റ്റ്‌മെന്റിന് സിനിമയുടെ പിന്നീടുളള ഭാഗങ്ങളില്‍ അത്രസ്വാധീനമില്ല, റേസിങ് ട്രാക്കിലേക്കു പതിവ് അണ്ടര്‍ഡോഗിനെ കൊണ്ടുവന്നു വിജയിപ്പിക്കാനുള്ള ശ്രമത്തിലേക്കാണ് ഫോക്കസ് ചെയ്യുന്നത്. അവിടെ നൈല ഉഷയ്ക്കു വെറുതേ ദേഷ്യപ്പെടുന്ന കാഴ്ചക്കാരിയാകാനേ സാധിക്കുന്നുള്ളു. ഈയൊരു അസന്തുലിതാവസ്ഥ സിനിമയുടെ മൊത്തം ബാലന്‍സ് തെറ്റിച്ചുകളയുന്നുണ്ട്. എങ്കിലും നൈലയ്ക്കു കരിയറില്‍ ലഭിച്ച ഏറ്റവും ശക്തമായ, സ്‌പേസ് ഉള്ള വേഷമാണ് സിനിമയിലെ എഫിമോള്‍. നൈല നല്ലനിലയില്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. ശത്തന്‍ എന്ന അണ്ടര്‍ഡോഗ് വേഷത്തിലേക്ക് എത്തുന്നത് രാഹുല്‍ എന്ന പുതുമുഖമാണ്. ഹൈ ഡെസിബലില്‍ സംസാരിക്കുന്ന വിനായകന്റെ റോള്‍ ഏറെ ശ്രദ്ധേയമാണ്. പാസ്റ്റര്‍മാരെ പരിഹസിച്ചു ഹാസ്യം സൃഷ്ടിക്കലാണു ലക്ഷ്യമെങ്കിലും വിനായകന്‍ ചുമ്മാ റോക്കിങ് ആണ്. സിദ്ധിഖും നെടുമുടി വേണുവുമാണ് മറ്റുരണ്ടു ശ്രദ്ധേയേേവഷങ്ങള്‍. മുന്‍കാല റേസിങ് ചാമ്പ്യനായ, വീല്‍ചെയറില്‍ ജീവിക്കുന്ന ജിതേന്ദ്രനായി സിദ്ധിഖ് തന്റെ ക്ലാസ് തളിയിച്ചു.

ആക്ഷന്‍ ഹീറോ ബിജുവിന്റെ ദൃശ്യങ്ങളൊരുക്കിയ അലക്‌സ് ജെ. പുള്ളിക്കലാണു ക്യാമറ. ക്‌ളൈമാക്‌സിലെ റേസിങ് പതിവു ഫോര്‍മുലകള്‍ ഒന്നും വിടാതെയുള്ള കാഴ്ചയാണെങ്കിലും ആ കാമറ മികവ് അതിനെ കണ്ടിരിക്കാന്‍ തക്കമാക്കുന്നുണ്ട്. ഗോപീസുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും തരക്കേടില്ല.

ചില ചട്ടങ്ങളുടെ(ഫോര്‍മുല) അടിസ്ഥാനത്തിലുള്ള രാജ്യാന്തര കാറോട്ട, ബൈക്കോട്ട മത്സരങ്ങളാണു ഫോര്‍മുല 1 ഗ്രാന്‍പ്രീയായി ലോകമെങ്ങും ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്‌പോര്‍ടിങ് ഈവന്റായി കൊണ്ടാടുന്നത്. അനില്‍രാധാകൃഷ്ണമേനോന്റെയും സംഘത്തിന്റെയും ഈ ബൈക്കോട്ടവും ഒരു ഫോര്‍മുല ഗ്രാന്‍പ്രീയാണ്. പക്ഷേ പതിവുസിനിമാ ഫോര്‍മുലകള്‍ വച്ചുള്ള ഒരു റേസിങ് ആണെന്നേയുള്ളു...

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 06 Jan 2018 08.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW