പരാതി കിട്ടിയാലും ലോകനേതാക്കളുടെ അക്കൗണ്ടുകള്‍ നിരോധിക്കില്ലെന്ന് ട്വിറ്റര്‍. ലോക നേതാക്കള്‍ക്ക് മറ്റാരെക്കാളും സമൂഹത്തില്‍ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ടെന്നും ലോക നേതാക്കളുടെ പോസ്റ്റുകളോ അക്കൗണ്ടുകളോ കളയുന്നതിലൂടെ സമൂഹത്തിന് അവരുമായി സംവധിക്കാനോ ആശയപരമായ സംവാദങ്ങളെ അടുത്തറിയാനോ സാധിക്കില്ലെന്നുമാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്. അമേരിന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഉപയോക്താക്കളുടെ പരാതികളെ പ്രതിരോധിക്കവെയായിരുന്നു ട്വിറ്ററിന്റെ വിശദീകരണം.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടണമെന്ന ആവശ്യവുമായി നിരവധി ട്വിറ്റര്‍ ഉപയോക്താക്കളാണ് അനുദിനം ട്വിറ്ററിനെ സമീപിക്കുന്നത്. ട്രംപിന്റെ സാമ്രാജത്വപരവും ഇസ്ലാം വിരുദ്ധവുമായ പ്രസ്താവനകളും ആക്ഷേപങ്ങളും ട്വിറ്റര്‍ ഉപയോക്താക്കളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കൂടിയായ ട്രംപിന്റെ പോസ്റ്റുകളില്‍ അമേരിക്ക യുദ്ധസന്നദ്ധമാണെന്ന തരത്തിലുള്ള സൂചനകളുമുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ ട്വിറ്ററില്‍ നിന്നും പുറത്താക്കിയാലും ഒരു നേതാവും ഇല്ലാതാകുന്നില്ല. അവിടെ നിഷേധിക്കപ്പെടുന്നത് അവരുടെ ആശയങ്ങളിലും പ്രസ്താവനകളിലുമുള്ള തുറന്ന സംവാദമാണ്. വാര്‍ത്താ പ്രാധാന്യമുള്ള കാര്യങ്ങളാണ് ലോക നേതാക്കളുടെ പോസ്റ്റുകളില്‍ അടങ്ങിയിട്ടുള്ളതെന്ന് മുന്‍പ് ട്വിറ്റര്‍ പറഞ്ഞിരുന്നു.