Saturday, January 06, 2018 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 03.25 PM

പ്രമേഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും.

നിത്യജീവിതത്തെയും ഭാവിജീവിതത്തെയും ബാധിക്കുന്നവിധം പ്രമേഹം സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. ലക്ഷണങ്ങളെ മനസിലാക്കി, പരിശോധനകള്‍ നടത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ പ്രമേഹം ഒരു സാധാരണ രോഗമായി കാണാവുന്നതാണ്
uploads/news/2018/01/181154/dibicitsaskdr060118a.jpg

പ്രമേഹവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിരവധിയാണ്. പ്രമേഹ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികം. നിത്യജീവിതത്തെയും ഭാവിജീവിതത്തെയും ബാധിക്കുന്നവിധം പ്രമേഹം സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമ്പോഴാണ് പലരും ചികിത്സ തേടുന്നത്.

ലക്ഷണങ്ങള്‍ മനസിലാക്കി മുന്‍കൂര്‍ പരിശോധനകള്‍ നടത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ പ്രമേഹം ഒരു സാധാരണ രോഗമായി കാണാവുന്നതാണ്. പ്രമേഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും.

മുറിവുകള്‍ ഉണങ്ങാന്‍ വൈകുന്നു


* പ്രമേഹമുള്ളവരില്‍ മുറിവ് ഉണങ്ങാന്‍ വൈകുന്നു. കുടുംബത്തില്‍ മറ്റാര്‍ക്കും പ്രമേഹമില്ലാത്തവര്‍ക്ക് ഇത് പ്രമേഹ സാധ്യതയായി കരുതാനാവുമോ? പാരമ്പര്യമില്ലാത്തവര്‍ക്കും പ്രമേഹമുണ്ടാകുമോ?

പ്രമേഹം ഏത് പ്രായക്കാരെയും ബാധിക്കാം. പാരമ്പര്യമായി പ്രമേഹം ഇല്ലാത്തവര്‍ക്കും രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം. 25 വയസു കഴിഞ്ഞ ആര്‍ക്കും ടൈപ്പ് 2 പ്രമേഹം പിടിപെടാം.

പ്രമേഹത്തിന് കുടുംബപാരമ്പര്യം ഇല്ലാത്തവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത 60 ശതമാനം വരെയാണ്. 25 വയസ് കഴിഞ്ഞ എല്ലാവരും വര്‍ഷത്തിലൊരിക്കലെങ്കിലും പ്രമേഹ പരിശോധനയ്ക്ക് വിധേയരാകുന്നത് നല്ലതാണ്.

വിവാഹം കഴിക്കാനാവുമോ?


* പ്രമേഹ രോഗിക്ക് വിവാഹം കഴിക്കാമോ? പെണ്‍കുട്ടിയുടെ വീട്ടുകാരോട് ഇക്കാര്യം തുറന്നു പറയണമെന്നുണ്ടോ? വിവാഹ ജീവിതത്തില്‍ ഞാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

പ്രമേഹം എന്നത് ഒരു രോഗം എന്നതിലുപരി ജീവിതശൈലി അവസ്ഥയാണ്. ഇന്ത്യയില്‍ ഇന്ന് 7 കോടിയോളം ജനങ്ങള്‍ പ്രമേഹബാധിതരാണ്. പ്രമേഹ രോഗികള്‍ വിവാഹജീവിതം നയിക്കുന്നതിന് യാതൊരു തടസവുമില്ല. വിവാഹത്തിന് മുമ്പുതന്നെ പ്രമേഹ രോഗിയാണെന്ന വിവരം തുറന്നു പറയുന്നതാണ് നല്ലത്.

വിവാഹാനന്തരം പങ്കാളിയുടെ പിന്തുണയും പരിചരണവും പ്രമേഹ നിയന്ത്രണത്തില്‍ അവശ്യഘടകമാണ്. വിവാഹത്തിനു ശേഷവും ഭക്ഷണ നിയന്ത്രണം, വ്യായാമം, മരുന്നുകളുടെ കൃത്യമായ ഉപയോഗം, കൃത്യമായ ഇടവേളകളിലുള്ള പ്രമേഹ പരിശോധനകള്‍ എന്നിവയിലൂടെ സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കാം.

വ്യായാമം ചെയ്തിട്ടും പ്രമേഹം


* പതിവായി വ്യായാമം ചെയ്തിട്ടും കൃത്യമായ ആഹാരക്രമം പാലിച്ചിട്ടും പ്രമേഹം പിടിപെടാന്‍ കാരണം എന്താണ്?

ഒരാള്‍ പ്രമേഹരോഗിയാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ചിട്ടയല്ലാത്ത ജീവിതരീതി, പ്രമേഹ പാരമ്പര്യം, മാനസികസമ്മര്‍ദം, പൊണ്ണത്തടി എന്നിവയെല്ലാം ഒരാളെ പ്രമേഹ രോഗിയാക്കുന്നതിന് കാരണമാണ്. കൂടാതെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുള്ള ജനങ്ങള്‍ക്ക് പ്രമേഹ സാധ്യത മറ്റു രാജ്യക്കാരെ അപേക്ഷിച്ച് കൂടുതലാണ്.

ഇതില്‍ നിന്നും പ്രമേഹം ഉണ്ടാകാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് മനസിലായിക്കാണുമല്ലോ. വ്യായാമവും ശരിയായ ഭക്ഷണക്രമവും മരുന്നുകളുടെ ഉപയോഗവും നടത്തി പ്രമേഹത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കും.

രക്തപരിശോധനയും മൂത്ര പരിശോധനയും


* മൂത്രത്തില്‍ ഷുഗര്‍ നില കൂടുതലും രക്തത്തില്‍ ഷുഗര്‍ സാധാരണ നിലയിലുമായാല്‍ പ്രമേഹമല്ലാതാകുന്നത് എന്തുകൊണ്ടാണ്? ഇവ തമ്മില്‍ വ്യത്യാസമെന്താണ്? റീനല്‍ ഗ്ലൈക്കോസൂറിയ എന്നാല്‍ എന്താണ്?

യൂറിന്‍ ഷുഗര്‍ ടെസ്റ്റ് പ്രമേഹ നിയന്ത്രണത്തിനുള്ളതല്ല. ഭക്ഷണത്തിന് മുമ്പും ശേഷവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ ഗ്ഗഒയഅ1ര യും (3 മാസത്തെ ശരാശരി ഷുഗറിന്റെ അളവ്) എന്നീ പരിശോധനകളാണ് പ്രമേഹ നിര്‍ണയത്തിന് വേണ്ടത്.

യൂറിന്‍ ഷുഗര്‍ ടെസ്റ്റിന്റെ അപാകത എന്നു പറയുന്നത് രാവിലെ പരിശോധനയ്ക്ക് വിധേയമാക്കുന്ന യൂറിനില്‍ തലേദിവസം അടിഞ്ഞുകൂടിയ പഞ്ചസാരയടെ അളവ് കൂടുതല്‍ ആയിരിക്കും.

ബ്ലഡ് ഗ്ലൂക്കോസിന്റെ അളവ് HbA1c താഴെ ആയിട്ട് യൂറിനില്‍ ഷുഗര്‍ കാണുന്ന അവസ്ഥയാണ് റീനല്‍ ഗ്ലൈക്കോസൂറിയ എന്നു പറയുന്നത്. ഇത് ഒരു ഫിസിയോളജിക്കല്‍ അവസ്ഥയാണ്. ഇതിന് പ്രമേഹവുമായി ബന്ധമില്ല.

പുകവലിയും പ്രമേഹവും


* പുകവലിക്കുന്നവരില്‍ പ്രമേഹ സാധ്യത കൂടുതലാണെന്ന് പറഞ്ഞുകേള്‍ക്കുന്നു. പുകവലിക്കുന്നവരില്‍ പ്രമേഹ സാധ്യത കൂടാന്‍ കാരണമെന്താണ്?

പുകവലി പ്രമേഹം ഉണ്ടാകാനുള്ള ഒരു കാരണമല്ല. ജീവിതശൈലി കാരണമായ ഡയറക്ട് കണക്ഷന്‍ - മദ്യപാനം, വ്യായാമമില്ലായ്മ, തെറ്റായ ഭക്ഷണരീതി, കൊഴുപ്പ്, നോന്‍ ഡയറക്ട് കണക്ഷന്‍ - ഹൃദ്രോഗം, രക്തസമ്മര്‍ദം എന്നിവയും പ്രമേഹത്തിന് കാരണമാകും.

കൂടാതെ പാരമ്പര്യ പ്രമേഹമുള്ള ഒരാള്‍ക്ക് പുകവലി ഉണ്ടെങ്കില്‍ ഹൃദ്രോഗം, ന്യൂറോപ്പതി, ശ്വാസകോശാര്‍ബുദം, വായില്‍ അര്‍ബുദം എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്.

ഗര്‍ഭാവസ്ഥയിലെപ്രമേഹം


* പ്രസവിക്കുമ്പോള്‍ കുഞ്ഞിന് 4 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം ഉണ്ടെങ്കില്‍ അമ്മയ്ക്ക് പിന്നീട് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതൊഴിവാക്കാന്‍ എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടത്?

ഗര്‍ഭിണികളില്‍ (ഷുഗര്‍) പ്രമേഹം വരാനുള്ള കാരണം ഗര്‍ഭകാലത്ത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഡെവലപ്പ് ചെയ്യുന്നതുകൊണ്ടാണ്. ഇങ്ങനെയുണ്ടാകുന്ന പ്രമേഹമാണ് ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന പ്രമേഹം. അമിതവണ്ണവും പ്രമേഹ പാരമ്പര്യവും വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണരീതിയും ഗര്‍ഭിണികളില്‍ പ്രമേഹം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

അമിത വണ്ണമുള്ളവരില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷി കുറയുന്നത് പ്രമേഹത്തിന് കാരണമാകുന്നു. കുട്ടിയുടെ ഭാരം 3.5 കിലോഗ്രാമില്‍ കൂടുതല്‍ വരികയും കുട്ടിക്ക് അമിതവണ്ണം നിയന്ത്രിക്കാതിരിക്കുകയും ചെയ്താല്‍ ഭാവിയില്‍ ഇവര്‍ക്കും പ്രമേഹം വരാം.

രക്താതിസമ്മര്‍ദം


* പ്രമേഹമുള്ളവരില്‍ രക്താതിസമ്മര്‍ദത്തിന് സാധ്യത കൂടുതലാണോ? പ്രമേഹത്തിന്റെ കൂടെ രക്താതിസമ്മര്‍ദവും ഉണ്ടാകും എന്നു പറയുന്നത് ശരിയാണോ?

പ്രമേഹമുള്ളവര്‍ക്ക് രക്താതിസമ്മര്‍ദമുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. പ്രമേഹത്തെ തുടര്‍ന്ന് രക്ത ധമനികള്‍ക്കുണ്ടാകുന്ന ഘടനാപരമായ വ്യതിയാനങ്ങളും വൃക്കകളുടെ പ്രവര്‍ത്തന തകരാറുമൊക്കെ അമിത രക്ത സമ്മര്‍ദത്തിനിടയാക്കുന്നു.

പ്രമേഹരോഗികളില്‍ രക്താതിസമ്മര്‍ദം കൂടിയുണ്ടാകുമ്പോള്‍ അവര്‍ക്ക് ഹൃദ്രോഗ സാധ്യത വര്‍ധിക്കാനിടയുണ്ട്. അതുകൊണ്ട് പ്രമേഹമുള്ളവര്‍ ക്രമമായി വ്യായാമത്തില്‍ ഏര്‍പ്പെട്ടും ഭക്ഷണത്തില്‍ ഉപ്പിന്റെ ഉപയോഗം കുറച്ചും രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്തുക.

ബോധക്ഷയം


* പ്രമേഹരോഗികളില്‍ ബോധക്ഷയം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്? ഇങ്ങനെ ബോധക്ഷയമുണ്ടായാല്‍ എന്താണ് ചെയ്യേണ്ടത്?

പ്രമേഹരോഗിക്ക് ബോധക്ഷയം ഉണ്ടാകാനുള്ള ഏറ്റവും പ്രധാന കാരണം രക്തത്തിലെ ഷുഗറിന്റെ നില കുറയുന്നതുമൂലമുള്ള ഹൈപ്പോഗ്ലൈസീമിയ ആണ്. കൂടതെ ഹൃദയാഘാതം, പക്ഷാഘാതം, കീറ്റോഅസിഡോസിസ് തുടങ്ങിയ അവസ്ഥകളും ബോധക്ഷയമുണ്ടാക്കാം. ബോധക്ഷയം ഉണ്ടായാല്‍ ഉടന്‍തന്നെ രോഗിയെ കിടക്കയിലോ, നിലത്തോ കിടത്തണം.

ഇറുകിയ വസ്ത്രങ്ങള്‍ അയച്ചുകൊടുക്കണം. ബോധം ഭാഗികമായി തെളിയുകയാണെങ്കില്‍ ഗ്ലൂക്കോസ് ചേര്‍ത്ത വെള്ളമോ, പഞ്ചസാര ചേര്‍ത്ത വെള്ളമോ കുടിക്കാന്‍ കൊടുക്കണം. മിക്കവാറും അവസരത്തില്‍ ബോധം തെളിഞ്ഞേക്കും. മാറ്റമുണ്ടായില്ലെങ്കില്‍ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തിക്കണം.

എന്തൊക്കെ കഴിക്കാം


പ്രമേഹരോഗികള്‍ ഏന്തൊക്കെ ആഹാര സാധനങ്ങള്‍ കഴിക്കാം? ഏതെല്ലാം ഒഴിവാക്കാം?

പ്രമേഹനിയന്ത്രണത്തില്‍ ഭക്ഷണക്രമീകരണത്തിന് പ്രധാന പങ്കുണ്ട്. സസ്യഭക്ഷണമായിരിക്കും പൊതുവെ നല്ലത്. പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, ബീന്‍സ്, ഓട്‌സ്, ഗോതമ്പ് ഇവയിലൊക്കെ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു.

മിക്കനാരുകളും ദഹന പ്രക്രിയക്ക് വഴങ്ങാറില്ല. നാരുകള്‍ ഗ്ലൂക്കോസിന്റെയും കൊഴുപ്പിന്റെയും ആഗിരണത്തെ നിയന്ത്രിക്കുന്നു. അരി, ബ്രഡ്, മത്സ്യം ഇവ കഴിക്കാമെങ്കിലും ചക്കപ്പഴം, മാമ്പഴം, മുന്തിരി, തേന്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

കൊഴുപ്പുള്ള ഭക്ഷണം, മധുര പലഹാരങ്ങള്‍ എന്നിവ തീരെ ഒഴിവാക്കുകയോ, കുറയ്ക്കുകയോ വേണം. രാവിലെ മൂന്ന് ഇഡ്ഡലി അല്ലെങ്കില്‍ രണ്ട് ചപ്പാത്തി, ഉച്ചയ്ക്ക് ഊണ്, വൈകുന്നേരം ലഘുഭക്ഷണം, രാത്രി ഒരു ഗ്ലാസ് പാല്‍ എന്ന ശീലം നല്ലതാണ്.

കിഴങ്ങു വര്‍ഗങ്ങളായ മരച്ചീനി, ഉരുളകിഴങ്ങ്, ചേമ്പ്, ചേന ഇവയില്‍ അന്നജം ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ ഉപയോഗം നിയന്ത്രിക്കണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് എങ്ങനെയിരിക്കണമെന്നതിനെ കുറിച്ച് പൊതുവെ ഇങ്ങനെ പറയാം.

ചോറും, പഴങ്ങളും ചുരുട്ടിപ്പിടിച്ച രണ്ട് കൈകളിലെ അളവിന്റെയത്രയും. പച്ചക്കറികള്‍ രണ്ട് കൈകൊണ്ടും കോരിയെടുക്കാവുന്നതത്രയും. എണ്ണയും, കൊഴുപ്പുമടങ്ങിയ ഭക്ഷണം തള്ളവിരലിന്റെ അഗ്രഭാഗത്തിന്റെയത്രയും അളവില്‍ മാത്രം.

നവജാത ശിശുക്കളിലെപ്രമേഹം


* ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയ്ക്ക് പ്രമേഹം പിടിപെട്ടാല്‍ കുഞ്ഞിനും പ്രമേഹം ഉണ്ടാകുമോ? കുട്ടിക്ക് ജീവിതകാലം മുഴുവന്‍ ഒരു പ്രമേഹരോഗിയായി കഴിയേണ്ടിവരുമോ?

കുട്ടികളില്‍ കണ്ടുവരുന്ന പ്രമേഹം അഥവാ ജുവനൈല്‍ ഡയബറ്റിസ് സാധാരണ ആകെ പ്രമേഹ ബാധിതരുടെ 5 ശതമാനത്തോളം വരുമെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തിലുള്ള പ്രമേഹം പാരമ്പര്യമായി ഉണ്ടാകുന്നതല്ല. ഗര്‍ഭകാലത്ത് അമ്മയില്‍ കണ്ടുവരുന്ന പ്രമേഹം ഒരിക്കലും കുട്ടികളില്‍ പ്രമേഹം വരുന്നതിന് കാരണമാകുന്നില്ല.

ജനിതക തകരാറുകള്‍ മൂലമോ, ഗര്‍ഭിണിയായ അമ്മയ്‌ക്കോ, ജനിച്ച ഉടനെ കുഞ്ഞിനോ ഉണ്ടാകുന്ന ഗുരുതരമായ വൈറല്‍ ഇന്‍ഫക്ഷന്‍ ടൈപ്പ് 1 പ്രമേഹത്തിന് കാരണമാകാറുണ്ട്. പ്രമേഹം എന്നത് ഒരു അസുഖത്തേക്കാള്‍ ഉപരി ശരീരത്തിന്റെ അവസ്ഥയാണ്. പ്രമേഹം ചികിത്സിച്ച് നിയന്ത്രണവിധേയമാക്കിയാല്‍ ഏതൊരാള്‍ക്കും സാധാരണ ജീവിതം നയിക്കാന്‍ സാധിക്കും.

കുട്ടികളില്‍ കണ്ടുവരുന്ന പ്രമേഹം അഥവാ ജുവനൈല്‍ ഡയബറ്റിസ് നിയന്ത്രണ വിധേയമാക്കുവാന്‍ ഇന്‍സുലിന്‍ ഉപയോഗിച്ചുള്ള ചികിത്സ ജീവിതകാലം മുഴുവന്‍ തുടരേണ്ടതുണ്ട്.

ലിംഗാഗ്രത്തെ മുറിവുകള്‍


* പ്രമേഹമുള്ളവരില്‍ ലിംഗാഗ്രത്ത് ചൊറിച്ചിലും മുറിവും ഉണ്ടാകുമെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഇതു ശരിയാണോ?

സാധാരണയായി പ്രമേഹ രോഗികളില്‍ കണ്ടുവരുന്ന പ്രമേഹരോഗ ലക്ഷണമാണിത്. ഇതിനെ BALANITIS അഥവാ BALANOPOSTHITIS എന്ന് അറിയപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ രക്ത പരിശോധന നടത്തി പ്രമേഹം ഉണ്ടോ എന്ന് കണ്ടെത്തണം.

പ്രമേഹം ഉണ്ടെങ്കില്‍ അത് നിയന്ത്രണവിധേയമാക്കുന്നതോടുകൂടി ഈ അസുഖവും ഭേദമാകാറുണ്ട്. ഇന്നത്തെ ജീവിതസാഹചര്യത്തില്‍ പാരമ്പര്യമായി പ്രമേഹം ഇല്ലാത്തവരിലും 30 വയസു കഴിഞ്ഞാല്‍ പ്രമേഹ സാധ്യത വളരെ കൂടുതലാണ്.

പ്രമേഹം നിയന്ത്രിക്കാന്‍


* ചെറുപ്രായത്തില്‍ പ്രമേഹം പിടിപെട്ടാല്‍ തുടര്‍ന്ന് അങ്ങോട്ടുള്ള ജീവിതത്തില്‍ ഇന്‍ജക്ക്ഷന്‍ ഒഴിവാക്കാനാവില്ലെന്ന് കേള്‍ക്കുന്നു. ഇത് ആ വ്യക്തിയുടെ ഭാവിജീവിതത്തെ ബാധിക്കില്ലേ? ഇന്‍ജക്ക്ഷന്‍ ഒഴിവാക്കാനാവുമോ? നാട്ടുചികിത്സകള്‍ പ്രമേഹത്തിനു ഫലപ്രദമാണോ?

പ്രമേഹം ഏതു പ്രായത്തിനും വരാം. സാധാരണ ചെറിയ പ്രായത്തില്‍ കണ്ടുവരുന്ന പ്രമേഹത്തിന് ടൈപ്പ് വണ്‍ ഡയബറ്റിസ് എന്നു പറയുന്നു. രോഗികളില്‍ പാന്‍ക്രിയാസില്‍നിന്നു ഇന്‍സുലിന്‍ ഉത്പാദനശേഷി ഒട്ടും ഉണ്ടാകില്ല.

ടൈപ്പ് 2 ഡയബറ്റിസ് മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന ഡയബറ്റിസ് ആണ്. പാന്‍ക്രിയാസ് ഒട്ടും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഇന്‍സുലിന്‍ തന്നെയാണ് ചികിത്സ. ഇന്‍സുലിന്‍ ഒരു അനാബോളിക് പ്രോട്ടീന്‍ ഹോര്‍മോണാണ്. ഇത് നമ്മുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഹോര്‍മോണ്‍ കൂടിയാണ്.

കരുതലോടെ ജീവിച്ചാല്‍ പ്രമേഹം ഒരിക്കലും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കില്ല. ഇന്‍സുലിന്‍ ആശ്രയിക്കുന്ന ഡയബറ്റിസ് ആണെങ്കില്‍ ഒരിക്കലും ഇന്‍സുലിന്‍ നിര്‍ത്താനാവില്ല. പ്രമേഹം ഒരു അവസ്ഥയാണ്.

ചിട്ടയോടുകൂടിയ ജീവിത ശൈലിയും, ഭക്ഷണ ക്രമീകരണവും വ്യായാമവും പ്രമേഹ നിയന്ത്രണത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നു. നാട്ടുചികിത്സകൊണ്ടു പ്രമേഹം ഭേദപ്പെടുത്താന്‍ പറ്റില്ല. ഇന്‍സുലിനു പുറമേ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ മറ്റുള്ള ചികിത്സ സ്വീകരിക്കുന്നതില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ല.

ചികിത്സിക്കേണ്ടത് എപ്പോള്‍?


* പ്രമേഹം ഒരു രോഗാവസ്ഥയാകുന്നതും ചികിത്സ വേണ്ടിവരുന്നതും എപ്പോഴാണ്? രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായി കണ്ടാല്‍ പ്രമേഹം ഉറപ്പിക്കാമോ?

സാധാരണ രീതിയില്‍ പ്രമേഹം കണ്ടുപിടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കിയാണ്. പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുമ്പുള്ള രക്തത്തിലെ ഷുഗര്‍ അളവ് 126 നു മുകളിലും ഭക്ഷണം കഴിഞ്ഞ് രണ്ടു മണിക്കൂറിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് 200 നു മുകളിലും ആണെങ്കില്‍ പ്രമേഹം ഉണ്ടെന്ന് ഉറപ്പിക്കാം.

ഒരു പ്രാവശ്യം പ്രമേഹം കണ്ടുപിടിച്ചാല്‍ ചികിത്സ തുടങ്ങണം. എന്നാല്‍ ബോര്‍ഡര്‍ ലൈന്‍ ഡയബറ്റിസ് ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍കൊണ്ട് നമുക്ക് പ്രമേഹം നിയന്ത്രിക്കാം. ജീവിതശൈലിയിലെ മാറ്റം എന്നുപറയുന്നത് ഭക്ഷണക്രമീകരണവും ചിട്ടയായ വ്യായാമവുമാണ്.

കടപ്പാട്:
ഡോ. അശോക് കൃഷ്ണന്‍
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആന്‍ഡ്
കണ്‍സള്‍ട്ടന്റ് ,ഡയബറ്റോളജിസ്റ്റ്
അഹല്യ ഡയബറ്റീസ് ഹോസ്പിറ്റല്‍ , പാലക്കാട്

Ads by Google
TRENDING NOW