ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബലിദാനികളുടേയും രക്തസാക്ഷികളുടേയും രാഷ്ട്രീയം മനസിലാകാന്‍ അല്പം പാടാണ്. മനസിലാക്കാന്‍ ആഗ്രഹവുമില്ല. ചാവേറുകളെപ്പോലെ കൊന്നും ചത്തും കണക്കുതീര്‍ക്കുന്ന ആ രാഷ്ട്രീയം തൊട്ടപ്പുറത്തുണ്ടായിട്ടും അവരെന്തങ്കിലും കാട്ടട്ടെ എന്ന അര്‍ഥത്തില്‍ വിട്ടുകളയുന്ന നമ്മള്ക്കിടയിലേക്കാണ് ബി. അജിത്ത്കുമാര്‍ എന്ന എഡിറ്റര്‍ ഈടയുമായെത്തുന്നത്.
എഡിറ്റ് ചെയ്യാത്ത ജീവിതക്കാഴ്ചയാണ് ഈട, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ വ്യര്ഥയുദ്ധത്തെ ഒരു പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന സിനിമ. ഷേക്സ്പിയറിന്റെ റോമിയോ ആന്‍ഡ് ജൂലിയറ്റിനെ ഗോത്രയുദ്ധങ്ങളോളം കഠിനമായ മലബാറിലെ രാഷ്ട്രീയഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിലേക്കു പറിച്ചുമാറ്റുന്നുവെന്നും പറയാം.
അജിത്ത് കുമാര്‍ എന്ന എഡിറ്ററുടെ പേര് പതിവുവാണിജ്യസിനിമകള്ക്കൊപ്പം കേള്‍ക്കുന്നതല്ല, അടൂരിന്റെ, രാജീവ് രവിയുടെ എഡിറ്ററായ ബി. അജിത്ത്കുമാര്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ അതൊരു പക്കാ വാണിജ്യസിനിമയാകാത്തതില് അതുകൊണ്ടുതന്നെ അത്ഭുതവുമില്ല. മന്ദഗതിയിലുള്ള ഒരു ചൂടുകാറ്റാണ് ഈട. തഴുകുകയല്ല, അസ്വസ്ഥതപ്പെടുത്തും. പ്രണയമാണ് നിറഞ്ഞുനില്ക്കുന്നത്, എന്നാല്‍ കുടിപ്പകയുടെ ചോരച്ചാലിനിടയിലൂടെയാണ് ഈടയില്‍ പ്രണയം ഒഴുകുന്നത്.
ആനന്ദും ഐശ്വര്യയും( ഷെയ്ന് നിഗവും നിമിഷ സജയനും) കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ ജീവിക്കുന്നവരാണ്. ഐശ്യര്യ കമ്യൂണിസ്റ്റു കുടുംബത്തിലും ആനന്ദ് ഹിന്ദുരാഷ്ട്രീയ കുടുംബത്തിലും. ഇരുവരും മൈസൂരിലാണു താമസിക്കുന്നതെങ്കിലും നാട്ടില്‍ പാര്ട്ടിക്കാര് തമ്മിലുള്ള കുടിപ്പകയില്‍ കൊല്ലപ്പെട്ടയാളുടെ പേരിലുള്ള ഹര്‍ത്താലിന്റെ അന്നാണ് ഇരുവരും പരിചയത്തിലാകുന്നത്. അതവിടെ നിന്ന് പ്രണയത്തിലേക്കു വളരുന്നു. ഒപ്പം കുടിപ്പകയുടെ ചോരക്കൊതി സമാന്തരമായും. ഇവ രണ്ടും കൂടിച്ചേരുമ്പോള്‍ ഈ കഥ സങ്കീര്‍ണവും പ്രണയം അതിജീവനവും ആകുന്നു.
അജിത്ത്കുമാര്‍ തന്നെയാണ് രചനയും, എഡിറ്റിങ്ങും. രണ്ടും മികവോടെ ഒന്നുചേര്‍ന്നിരിക്കുന്നത്. ഒന്നാം പകുതി രാഷ്ട്രീയ അരുംകൊലകളുടെ സങ്കീര്‍ണമായ സാഹചര്യത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. അതിനിടയിലാണ് മൈസൂരുവില്‍ ആനന്ദ്-ഐശ്വര്യ പ്രണയം ചുവടുറപ്പിക്കുന്നത്., ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും കഫേയിലും തിയറ്ററിലും സൗഹൃദയാത്രകളിലും.. നമ്മുടെ ചെറുപ്പക്കാര്‍ എങ്ങനെയാണോ പ്രണയിക്കുന്നത് അതുപോലെതന്നെയാണ് പ്രണയം വളരുന്നത്.
രണ്ടരമണിക്കൂറുള്ള സിനിമയുടെ ഒന്നരമണിക്കൂറോളം കവരുന്നുണ്ട്, മെല്ലെയുള്ള ഈ പശ്ചാത്തലസൃഷ്ടി. എന്നാല്‍ രണ്ടാംപകുതിയിലേക്കു കടക്കുമ്പോള്‍ സിനിമ ഏറെക്കുറെ തീവ്രമാകുന്നു.
ഇരുപക്ഷത്തുമുള്ള രാഷ്ട്രീയ ശരീരങ്ങളെ സൂക്ഷ്മമായി നിര്‍മിച്ച രചനാപാടവം ശ്രദ്ധേയമാണ്. വാചകമടിയല്ല രാഷ്ട്രീയ സിനിമ എന്നു ബോധിപ്പിച്ചുകൊണ്ടുള്ള ആഖ്യാനം.
നായായി ജീവിക്കുകയല്ല, നരിയായി മരിക്കുകയാണ് ആണായി പിറന്നാല്‍ വേണ്ടതെന്നു വിശ്വസിക്കുന്ന പാര്‍ട്ടി ചാവേറു മുതല്‍ വീട്ടിലെ മതപാഠശാലയില്‍ കുട്ടികള്‍ക്കു ഗീതാക്ലാസ് നല്കുന്ന ആചാര്യന്, കമ്യൂണിസ്റ്റ് കുടുംബമാണെങ്കിലും മാമൂലുകളില്‍നിന്നും മോചിതരാകാത്ത, വ്യക്തിയുടെ ഇഷ്ടത്തെ പാര്‍ട്ടിയുടെ ഇഷ്ടമാക്കുന്ന നിര്‍ബന്ധബുദ്ധി പുലര്‍ത്തുന്നവര്‍ വരെയുള്ളവര്‍ സമകാലിക രാഷ്ട്രീയത്തില്‍ കണ്ടെടുക്കാവുന്നവരാണ്. പി. ബാലചന്ദ്രന്റേയും അലന്‍സിയര്‍ ലോപ്പസിന്റേയും രാജേഷ് ശര്‍മയുടേയും അടക്കമുള്ള കഥപാത്രങ്ങള്‍ ഉദാഹരണങ്ങള്‍.
ഉപരിപഠനത്തിനായി സ്കോളര്‍ഷിപ്പ് നേടി യു.എസിലേക്കു പോകാന്‍ കാത്തിരിക്കുന്ന, അടിയുറച്ച കമ്യൂണിസ്റ്റ് കുടുംബമാണെങ്കിലും ഈ ചോരക്കളിയില്‍ മനംമടുത്ത പാര്‍ട്ടികുടുംബത്തിലെ സ്ത്രീയുടെ ധാര്മികസംഘര്ഷങ്ങളെയും അതേപോലെ പുതിയ കാലത്തെ നാഗരികസ്ത്രീയെയും നിമിഷ വിശ്വസനീയമായി അവതരിപ്പിക്കുന്നുണ്ട്.
തൊണ്ടിമുതലും ദൃക്സാക്ഷിയിലും നിന്ന് ഈടയിലെത്തുമ്പോള് നിമിഷ മലയാളത്തില്‍ കരിയര്‍ ഉറപ്പിക്കാവുന്ന നടിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. മണികണ്ഠന് ആചാരി, രാജേഷ് ശര്‍മ, സുജിത് ശങ്കര്‍, സുരഭി ലക്ഷ്മി, സുധി കോപ്പ എന്നിവരാണു മറ്റു പ്രധാനവേഷങ്ങളില്‍.
ഞാന്‍ സ്റ്റീവ് ലോപ്പസിന്റെ കാമാറ ചെയ്ത പപ്പുവാണു ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്. രണ്ടാംപകുതിയിലെ വയലന്‍സുകളിലും ക്ലൈമാക്സിലെ രാത്രിദൃശ്യങ്ങളിലും തീവ്രത അനുഭവപ്പെടുത്തുന്ന ദൃശ്യപരിചരണമാണ് പപ്പുവിന്റേത്.
അന്‍വര്‍ അലിയുടെ വരികള്‍ക്കു സംഗീതമൊരുക്കിയത് ജോണ്‍ പി. വര്‍ക്കിയും ചന്ദ്രന് വേയാട്ടുമ്മലുമാണ്. മൃദുവായ എന്നാല്‍ പെര്‍ഫെക്ട് മൂഡ് സൃഷ്ടിക്കുന്ന പശ്ചാത്തലസംഗീതം ശ്രദ്ധേയം. ഡോണ്‍ വിന്‍സെന്റ്, കെ.വി. സുബ്രഹ്മണ്യന്, അശോക് ടി. പൊന്നപ്പന് എന്നിവരാണു പശ്ചാത്തലസംഗീതമൊരുക്കിയിട്ടുള്ളത്.
സിനിമ ആളുകളെ ഒരുപരിധിയിലധികം സ്വാധീനിക്കുമെന്നു വിശ്വാസമില്ലെങ്കിലും പരസ്പരം കൊന്നുതിന്ന് രാഷ്ട്രീയശരിയുറപ്പിക്കാന് നില്ക്കുന്നവര് ഊട ഒന്നുപോയി കണ്ടുനോക്കുന്നതു നന്നാവും എന്നുതന്നെയാണ് കരുതുന്നത്.
കുറഞ്ഞപക്ഷം അവര്‍ അവരെയും മറ്റുള്ളവരെയും എങ്ങനെയാണ് ഒന്നുമല്ലാതാക്കുന്നത് എന്നു വലിയ കാന്‍വാസില്‍ കണ്ടിരിക്കുകയെങ്കിലും ചെയ്യാമല്ലോ, അല്ലെങ്കില്‍ അവരെക്കുറിച്ച് മറ്റുള്ളവര്‍ എന്താണു ചിന്തിക്കുന്നതെന്നും കണ്ട് അടുത്ത ബോംബെറിയാന്‍ പോവുകയുമാകാം.