Friday, January 18, 2019 Last Updated 53 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 02.31 AM

കെ.എസ്‌.ആര്‍.ടി.സി. ഇങ്ങനെ ഇനി എത്രനാള്‍?

uploads/news/2018/01/181077/editorial.jpg

കെ.എസ്‌.ആര്‍.ടി.സി. വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ്‌. ഇങ്ങനെ ഇനി എത്രനാള്‍ എന്ന ചോദ്യമാണ്‌ കെ.എസ്‌.ആര്‍.ടി.സിയെ ചൊല്ലി ഉയരുന്നത്‌. വരുമാനത്തേക്കാള്‍ ഏറെ ചെലവ്‌ സര്‍ക്കാര്‍ സംവിധാനങ്ങളെ സംബന്ധിച്ച്‌ പുതിയകാര്യമല്ല. എന്നാല്‍, കെ.എസ്‌.ആര്‍.ടി.സി. ആ പരിധിയെല്ലാം കടന്ന്‌ കേരളത്തിന്റെ സാമ്പത്തികമായ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വലിയ വെള്ളാനയായി തീര്‍ന്നിരിക്കുന്നു. കെ.എസ്‌.ആര്‍.ടി.സി. നേരിടുന്ന പ്രശ്‌നങ്ങള്‍ പലതാണ്‌: ശമ്പളം കൊടുക്കാനും പ്രവര്‍ത്തനച്ചെലവിനുമുള്ള വരവ്‌ ഇല്ല, പെന്‍ഷന്‍ കൊടുക്കാനേ സാധിക്കുന്നില്ല, കൊടുത്തു തീരാന്‍ സാധിക്കാത്തത്ര കടം ഉണ്ടെന്നതിനു പുറമേ ദിനംപ്രതി കടം വര്‍ധിക്കുന്നു, കടം മൂലം സ്‌പെയര്‍ പാര്‍ട്‌സ്‌, ഡീസല്‍ തുടങ്ങിയവ ഇടയ്‌ക്ക്‌ കിട്ടാതാകുന്നു, സ്വത്തുവകകളില്‍ നല്ലൊരു പങ്കും പണയത്തില്‍. ഇത്രയും കുഴപ്പത്തിലായ കോര്‍പ്പറേഷനെ പ്രഫഷണലായി നയിക്കാന്‍ പറ്റിയ ആരും തലപ്പത്ത്‌ ഇല്ല എന്നതും കൂടിയാകുമ്പോള്‍ കെ.എസ്‌.ആര്‍.ടി.സി. ഒരു ചുവടു പോലും മുന്നോട്ടു പോകില്ല എന്നതാണ്‌ സ്‌ഥിതി.

കോര്‍പ്പറേഷനിലെ വലിയൊരു വിഭാഗം മുന്‍ ജീവനക്കാര്‍ മാസങ്ങളായി പെന്‍ഷന്‍ കിട്ടാത്ത അവസ്‌ഥയിലാണ്‌. പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാരിനോ കോര്‍പ്പറേഷനോ കഴിവില്ല എന്നതാണ്‌ അവസ്‌ഥ. ഇപ്പോള്‍ പെന്‍ഷന്‍ തേടിയിരിക്കുന്ന ജീവനക്കാരില്‍ നല്ലൊരു പങ്ക്‌ അടക്കമുള്ളവര്‍ പതിറ്റാണ്ടുകളായി "കാട്ടിലെ തടി തേവരുടെ ആന" എന്ന മട്ടില്‍ ജോലി ചെയ്‌തു വന്നതാണ്‌ കോര്‍പ്പറേഷന്റെ ഇന്നത്തെ ദുരവസ്‌ഥയ്‌ക്ക്‌ പ്രധാന കാരാണം. തികഞ്ഞ അശ്രദ്ധയും ജോലിയോടുള്ള ആത്മാര്‍ഥതയില്ലായ്‌മയും താന്‍പോരിമയുമൊക്കെയായിരുന്നു ഒരുകാലത്ത്‌ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരുടെ മുഖമുദ്ര. യാത്രക്കാരാണ്‌ തങ്ങള്‍ക്ക്‌ ശമ്പളം കിട്ടാന്‍ പ്രധാന കാരണക്കാര്‍ എന്ന ചിന്തയില്ലാതെ അവരോട്‌ മോശമായി പെരുമാറുന്നതൊക്കെ പതിവായിരുന്നു. സ്വകാര്യ ബസ്സുകാരുമായി ഒത്തു കളിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. ബസ്സിന്റെ വരുമാനം കുറയ്‌ക്കാന്‍ ഇടയാക്കിയ ജീവനക്കാര്‍ അനേകം. ഇങ്ങനെയൊക്കെയാണ്‌ കോര്‍പറേഷന്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്‌ഥയിലായത്‌. ഇതിനൊന്നും പോകാതെ സ്വന്തം ജോലി ആത്മാര്‍ഥമായി ചെയ്‌തുവന്ന ജീവനക്കാരും ഈ ദുരവസ്‌ഥയുടെ ഇരയായി എന്നതാണ്‌ ദു:ഖകരമായ വസ്‌തുത.

കെ.എസ്‌.ആര്‍.ടി.സി. ദുരന്തത്തിലേക്ക്‌ വീണത്‌ പെട്ടെന്നൊരു ദിവസമല്ല. വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ വീഴ്‌ചയാണിത്‌. വീഴ്‌ചയുടെ തുടക്കത്തിലേ അന്നത്തെ സര്‍ക്കാരും തുടര്‍ന്നു വന്ന സര്‍ക്കാരുകളും കര്‍ശന നടപടി എടുത്തിരുന്നെങ്കില്‍ ഈ പതനമുണ്ടാവില്ലായിരുന്നു. അതിനൊന്നും ആരും മിനക്കെട്ടില്ല. ഇടയ്‌ക്ക്‌ എപ്പോഴെങ്കിലും കോര്‍പ്പറേഷനെ പ്രഫഷണലായി നയിച്ച്‌ കരപറ്റിക്കാന്‍ ചില ഉദ്യോഗസ്‌ഥര്‍ ശ്രമിച്ചപ്പോഴൊക്കെ അതിനെ തുരങ്കം വയ്‌ക്കാന്‍ കെ.എസ്‌.ആര്‍.ടി.സിയിലെ ജീവനക്കാരും ചില മേലധികാരികളുമുണ്ടായിരുന്നു. കെ.എസ്‌.ആര്‍.ടി.സിക്ക്‌ ബസ്സ്‌ വാങ്ങുമ്പോള്‍ കമ്മിഷന്‍ ഇനത്തില്‍ ബസ്‌ വാങ്ങാന്‍ തക്കം പാര്‍ത്തിരുന്നവരാണ്‌ ഇതിനെ നയിച്ചവരിലെ ചിലരെങ്കിലും. ഓരോ പര്‍ച്ചേസും പലരും ആര്‍ത്തിയോടെ തങ്ങളുടെ കീശ വീര്‍പ്പിക്കാനുള്ള തക്കമാക്കി. ഇതല്ലാം കൂടിച്ചേര്‍ന്നാണ്‌ കോര്‍പ്പറേഷനെ തകര്‍ച്ചയുടെ പടുകുഴിയില്‍ എത്തിച്ചത്‌.

കെ.എസ്‌.ആര്‍.ടി.സി. നിലനില്‍ക്കേണ്ടത്‌ ജനങ്ങളുടെ ആവശ്യമാണ്‌. കാരണം സ്വകാര്യ ബസ്സുകള്‍ സര്‍വീസ്‌ നടത്താന്‍ മടിക്കുന്ന പല സ്‌ഥലത്തേക്കും ബസ്സോടിക്കാന്‍ കെ.എസ്‌.ആര്‍.ടി.സിയെ ഉള്ളു. അതില്ലായിരുന്നെങ്കില്‍ ഇങ്ങനെയുള്ള വിദൂരസ്‌ഥലങ്ങളിലെ ജനങ്ങള്‍ സ്വകാര്യ വാഹനക്കാരുടെ ലാഭക്കൊതിക്ക്‌ ഇരയായേനെ. പക്ഷേ, എങ്ങനെ ഈ വെള്ളാനയെ നിലനിര്‍ത്തും? ഇന്നത്തെ നിലയില്‍ ഒരടി മുന്നോട്ടു പോകാനാകില്ല. രണ്ടു വര്‍ഷം കൊണ്ടുള്ള പുനക്രമീകരണം നടത്തി കോര്‍പ്പറേഷനെ കരകയറ്റാം എന്നാണ്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ പറയുന്നത്‌. അതു സാധിച്ചാല്‍ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാകും. ഉത്തരവാദിത്വപൂര്‍ണമായ ഒരു സേവനമായി കെ.എസ്‌.ആര്‍.ടി.സിയെ മാറ്റാനുള്ള ഓരോ ശ്രമത്തെയും സംഘടിത ശക്‌തികള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നതിനാല്‍ സര്‍ക്കാരിന്റെ ആഗ്രഹം സഫലമാകാന്‍ കടമ്പകള്‍ അനേകമുണ്ടാകുമെന്നത്‌ ഉറപ്പാണ്‌.

സര്‍ക്കാരിന്റെ സഹായത്തോടെയുള്ള പുനരുജ്‌ജീവനമാണ്‌ കെ.എസ്‌.ആര്‍.ടി.സിക്ക്‌ വേണ്ടത്‌. ചെലവ്‌ കുറച്ച്‌ വരുമാനം വര്‍ധിപ്പിക്കാനുള്ള ഉറച്ച സമീപനം വേണം. അതിനു തടയിടാനുള്ള എല്ലാ ശ്രമങ്ങളെയും അടിച്ചമര്‍ത്തേണ്ടിവരും. കരകയറാന്‍ എല്ലാക്കാലത്തും കെ.എസ്‌.ആര്‍.ടി.സി. ആവശ്യപ്പെടുന്നത്‌ യാത്രക്കൂലി വര്‍ധിപ്പിക്കലാണ്‌. അതു സ്വകാര്യ ബസ്‌ ഉടമകള്‍ക്ക്‌ സഹായകരമാകുന്നതല്ലാതെ കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഗുണമാകുന്നത്‌ ഇന്നേവരെ കണ്ടിട്ടില്ല. ആ സ്‌ഥിതിക്ക്‌ കെ.എസ്‌.ആര്‍.ടി.സിയുടെ ഇത്രയും കാലത്തെ കെടുകാര്യസ്‌ഥതയുടെ ഭാരം ജനങ്ങളുടെ ചുമലില്‍ വച്ചുകെട്ടാതെ അടിസ്‌ഥാനപരമായ മാറ്റങ്ങളിലൂടെ അതിനെ കരകയറ്റാന്‍ ശ്രമിക്കണം.

Ads by Google
Saturday 06 Jan 2018 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW