Wednesday, April 04, 2018 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 02.30 AM

കാശുവിഴുങ്ങി കടം വലുതാക്കുന്ന വെള്ളാന

uploads/news/2018/01/181076/bft1.jpg

എങ്ങനെയൊക്കെ സഹായിച്ചാലും കടം വളരുന്ന അസാധാരണ പ്രസ്‌ഥാനമാണ്‌ കെ.എസ്‌.ആര്‍.സി. കാരണങ്ങള്‍ ലളിതമല്ല, പരിഹാരവും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 3000 കോടി രൂപയുടെ പാക്കേജിലേത്‌ ഉള്‍പ്പെടെ കഴിഞ്ഞവര്‍ഷം 1500 കോടി രൂപ അനുവദിച്ചിട്ടും കോര്‍പ്പറേഷന്റെ കടക്കെണി ചെറുതാകുകയല്ല, വലുതാകുകയാണ്‌.
കെ.എസ്‌.ആര്‍.ടി.സിയെ സഹായിക്കാന്‍ രൂപീകരിച്ചതാണ്‌ കെ.ടി.ഡി.എഫ്‌.സി (കേരള ട്രാന്‍സ്‌പോര്‍ട്ട്‌ ഡവലപ്‌മെന്റ്‌ ഫിനാന്‍സ്‌ കോര്‍പറേഷന്‍). എന്നാല്‍ 700 കോടി രൂപയുടെ വായ്‌പക്ക്‌ പ്രതിമാസം കെ.ടി.ഡി.എഫ്‌.സിക്കു നല്‍കേണ്ട പലിശ 20 കോടിയോളം രൂപ. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന്‌ 1290 കോടി രൂപയുടെ വായ്‌പ വേറെയും. 2027 വരെ ഈ കടക്കെണിയില്‍നിന്ന്‌ മോചനത്തിനു വഴിയില്ല. നല്ല കലക്‌ഷനുള്ളതടക്കം കോര്‍പറേഷന്റെ 98 ശതമാനം ഡിപ്പോകളും പണയത്തില്‍. ഡിപ്പോകളില്‍നിന്നുള്ള മുഴുവന്‍ കലക്‌ഷനും ബാങ്കുകള്‍ കൊണ്ടുപോകുന്നു.
സൂപ്പര്‍ ക്ലാസ്‌ സര്‍വീസുകളിലും ഓര്‍ഡിനറി സര്‍വീസുകളിലുമായി കെ.എസ്‌.ആര്‍.ടി.സിക്ക്‌ 141 കോടി രൂപയുടെ വരുമാനമാണുള്ളത്‌. കെ.യു.ആര്‍.ടി.സി വരുമാനവും(13 കോടി രൂപ) സെസും(ആറു കോടി) ചേരുമ്പോള്‍ 175 കോടി രൂപയുടെ ആകെ പ്രതിമാസ വരുമാനം. എന്നാല്‍ പലിശയിനത്തില്‍ തന്നെ 60 കോടി നല്‍കണം. ശമ്പളവും പെന്‍ഷനുമായി 155 കോടി രൂപ വേണം. ഇന്ധനം, ഓയില്‍, സ്‌പെയര്‍പാര്‍ട്‌സ്‌, നഷ്‌ടപരിഹാരം, മറ്റു ചെലവുകള്‍ എന്നിവയ്‌ക്കായി 111 കോടി രൂപയും. മൊത്തം 324 കോടി രൂപ മാസച്ചെലവ്‌. സര്‍ക്കാര്‍ സഹായം 28 കോടി രൂപയുടെ പെന്‍ഷന്‍ വിഹിതം മാത്രം.
ധൂര്‍ത്തും കെടുകാര്യസ്‌ഥതയും തൊഴിലെടുക്കാനുള്ള വൈമുഖ്യവും ഒരുവഴിക്ക്‌. മറുവശത്ത്‌ സ്‌ഥാപിത താല്‍പര്യക്കാരായ ഉദ്യോഗസ്‌ഥര്‍ സ്വകാര്യബസ്‌ ലോബിക്കും തങ്ങളുടെ സ്വകാര്യഇടപാടുകള്‍ക്കുമായി കോര്‍പറേഷന്‌ അള്ളുവയ്‌ക്കുന്നു. കോര്‍പറേഷനെ നന്നാക്കാന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ കൊണ്ടുവന്ന പുന:രുദ്ധാരണ പാക്കേജ്‌ അവരുടെ തന്നെ ട്രേഡ്‌യൂണിയനു ഏറെ സ്വാധീനമുള്ള ജീവനക്കാര്‍ അട്ടിമറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുപോലും തങ്ങളുടെ യൂണിയനെ നിയന്ത്രിക്കാനായില്ല. കോര്‍പറേഷനെ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെ മുന്‍ എം.ഡി: എം.ജി രാജമാണിക്യം പുന:രുദ്ധാരണ പാക്കേജ്‌ നടപ്പാക്കാന്‍ ഒരുങ്ങിയത്‌. എന്നാല്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസിഡന്റായുള്ള കെ.എസ്‌.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു) സംഘടനയുടെ ശക്‌തമായ എതിര്‍പ്പിനെത്തുടര്‍ന്നു രാജമാണിക്യത്തെ മുഖ്യമന്ത്രിക്ക്‌ മാറ്റേണ്ടി വന്നു.
പുന:രുദ്ധാരണ പാക്കേജിന്റെ പേരില്‍ കോര്‍പറേഷനിലെ പ്രബല യൂണിയനുകളെ ഒപ്പം നിര്‍ത്തി മാനേജ്‌മെന്റിലെ ചിലര്‍ സമര്‍ഥമായി കരുനീക്കി സ്വകാര്യവല്‍ക്കരണത്തിനു നടത്തിയ ചരടുവലി വിജയച്ചതോടെ ഉള്ള വരുമാനംകൂടി കെ.എസ്‌.ആര്‍.ടി.സി നഷ്‌ടപ്പെടുത്തി. സ്വന്തമായി നടപ്പാക്കിയിരുന്ന ടിക്കറ്റുകളുടെ അച്ചടിയും റിസര്‍വേഷന്റെ ചുമതലയുമാണ്‌ സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറിയത്‌. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിക്ക്‌ ഇതു നല്‍കി ഭരണപക്ഷാനുകൂല യൂണിയനുകളുടെ വായ്‌മൂടിക്കെട്ടി. കാര്യമായ എതിര്‍പ്പ്‌ ഉയരാഞ്ഞതിനാല്‍ ബോഡി ബില്‍ഡിങ്ങും സ്വകാര്യ മേഖലക്ക്‌ നല്‍കി. കോര്‍പറേഷന്റെ പ്രമുഖ വര്‍ക്ക്‌ഷോപ്പുകളും പ്രവര്‍ത്തനക്ഷമമല്ലാതാക്കി. ഏറ്റവുമൊടുവില്‍ കെ.എസ്‌.ആര്‍.ടി.സിയുടെ അന്തര്‍ സംസ്‌ഥാന സര്‍വീസുകളും സ്വകാര്യമേഖലയ്‌ക്കായി തീറെഴുതി. സ്‌കാനിയ ബസുകള്‍ക്ക്‌ ഈ റൂട്ടികള്‍ നല്‍കിയതോടെ ലക്ഷങ്ങളുടെ നഷ്‌ടം പ്രതിമാസം ഇത്തരത്തില്‍ മാത്രമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌.
ജീവനക്കാരുടെ അഭാവം, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതക്കുറവ്‌ തുടങ്ങി നിസാരകാരണങ്ങള്‍ക്ക്‌ ഷെഡ്യൂള്‍ റദ്ദാക്കല്‍ ഏറ്റവും കൂടുതലുള്ളതു കേരളത്തിലാണ്‌. 22477 ബസുകളും 122287 ജീവനക്കാരുമുള്ള ആന്ധ്രയില്‍ ഷെഡ്യൂള്‍ റദ്ദാക്കല്‍ അര ശതമാനത്തില്‍ താഴെയാണെങ്കില്‍ കേരളത്തില്‍ 18% ആണ്‌. ഷെഡ്യൂള്‍ റദ്ദാക്കലിലൂടെ ഓരോ വര്‍ഷവും കോടികളാണ്‌ നഷ്‌ടപ്പെടുത്തുന്നത്‌. കേരളത്തില്‍ ഒരു കിലോമീറ്റര്‍ സര്‍വീസ്‌ നടത്താന്‍ 4025 പൈസാ ചെലവാകുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇത്‌ 2518 പൈസയും കര്‍ണാടകത്തില്‍ 2572 പൈസയും ആന്ധ്രയില്‍ 2669 പൈസയുമാണ്‌. പ്രവര്‍ത്തനചെലവിലെ ഈ വലിയ അന്തരത്തിനു കാരണം കെ.എസ്‌.ആര്‍.ടി.സിയിലെ ഉയര്‍ന്ന ശമ്പളച്ചെലവാണ്‌. കെ.എസ്‌.ആര്‍.ടി.സി യില്‍ ഒരു കിലോമീറ്റര്‍ സര്‍വീസ്‌ നടത്താന്‍ ശമ്പള ഇനത്തില്‍ 1851 പൈസ ചെലവാകുമ്പോള്‍ തമിഴ്‌നാട്ടില്‍ 1084 പൈസയും കര്‍ണ്ണാടകത്തില്‍ 947 പൈസയും ആന്ധ്രയില്‍ 898 പൈസയുമാണ്‌. ബസ്‌ ഉപയോഗത്തിലും ജീവനക്കാരുടെ അധ്വാനഭാരത്തിലും കെ.എസ്‌.ആര്‍.ടി.സി യാണ്‌ ഏറ്റവും മോശം. തമിഴ്‌നാട്ടില്‍ ഒരു ബസ്‌ ശരാശരി 452 കിലോമീറ്റര്‍ ഒരു ദിവസം ഓടുമ്പോള്‍ ആന്ധ്രയില്‍ ഇത്‌ 363 ആണ്‌. ചെന്നൈ, ബാംഗ്ലൂര്‍ മെട്രോനഗരങ്ങളിലെ ഗതാഗതകോര്‍പ്പറേഷന്‍ ബസുകള്‍പോലും 280 കിലോമീറ്ററിനു മുകളിലാണ്‌ ഒരുദിവസം ഒടുന്നത്‌. എന്നാല്‍ കേരളത്തില്‍ ഇതിലും വളരെ കുറവാണ്‌.
അനാവശ്യമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും കോര്‍പറേഷന്‌ സമ്മാനിച്ചത്‌ കോടികളുടെ ബാധ്യതകളാണ്‌. കിലോമീറ്ററിന്‌ 15 രൂപയുള്ള ഇന്ധനച്ചെലവ്‌ ആറു രൂപയായി കുറയ്‌ക്കാന്‍ സാധിക്കുമായിരുന്ന എന്‍.എന്‍.ജി. ഇന്ധന പദ്ധതി നിലവില്‍ വന്നിരുന്നെങ്കില്‍ പ്രതിമാസം കോടികളുടെ ലാഭമായിരുന്നു കോര്‍പറേഷന്‌ ഉണ്ടാകേണ്ടിയിരുന്നത്‌. അഞ്ചു വര്‍ഷത്തിനുള്ളില്‍ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജി സംവിധാനത്തിലേക്ക്‌ മാറ്റുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതല്ലാതെ പദ്ധതിക്കായി കെ.എസ്‌.ആര്‍.ടി.സി കാര്യമായി ഒന്നും ഇതേവരെ ചെയ്‌തിട്ടില്ല.
സിംഗിള്‍ ഡ്യൂട്ടിയുടെ പേരില്‍ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ പിന്‍വലിച്ച റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസുകളിലെയും സമാന്തര സര്‍വീസുകളിലെയും വരുമാനത്തില്‍ കാര്യമായ വര്‍ധനവാണുണ്ടായത്‌. ദേശസാല്‍കൃത റൂട്ടുകളില്‍ കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഭീഷണിയായ പാരലല്‍ സര്‍വീസുകളെയും കോണ്‍ട്രാക്‌റ്റ്‌ ഗ്യാരേജ്‌ സര്‍വീസുകളെയും നിയന്ത്രിക്കാതെ കെ.എസ്‌.ആര്‍.ടി.സി ബസുകളെ പിന്‍വലിച്ച നീക്കം ദുരൂഹമായിരുന്നെങ്കിലും ഒരു അനേ്വഷണവും ഉണ്ടായില്ല. കെ.എസ്‌.ആര്‍.ടി.സി ചീഫ്‌ ഓഫീസിലെയും ഡിപ്പോകളിലെയും ചില ജീവനക്കാര്‍ക്ക്‌ സ്വകാര്യ ബസുകളുമായുള്ള ബന്ധം അങ്ങാടിപ്പാട്ടായിട്ടും ഇക്കാര്യം ഇതേവരെ അന്വേഷിച്ചിട്ടില്ല. ബിനാമി പേരില്‍ ചീഫ്‌ ഓഫീസിലെ ചിലര്‍ സ്വകാര്യ ബസ്‌ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നുള്ളത്‌ വര്‍ഷങ്ങളായി ജീവനക്കാര്‍ തന്നെ ഉന്നയിക്കുന്ന ആരോപണമാണ്‌. ഇവരുടെ ബസുകള്‍ സര്‍വീസ്‌ നടത്തുന്ന റൂട്ടുകളില്‍ നിന്ന്‌ ഡ്യൂട്ടി പുന:ക്രമീകരണത്തിന്റെ പേരില്‍ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ വ്യാപകമായി പിന്‍വലിച്ചു. ഓപ്പറേഷന്‍സ്‌ വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്‌ഥന്‌ സ്വകാര്യ ബസുകളുമായി അടുത്ത ബന്ധമാണുള്ളത്‌. ചീഫ്‌ ഓഫീസ്‌ മുതല്‍ ഡിപ്പോതലം വരെയുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കാത്തതും പിഴവാണ്‌.

കെ.എസ്‌.ആര്‍.ടി.സിയെ കൈവിട്ടിട്ടില്ല: മന്ത്രി തോമസ്‌ ഐസക്ക്‌

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയെ സര്‍ക്കാര്‍ കൈവിട്ടിട്ടില്ലെന്ന്‌ ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്ക്‌. 202 കോടി രൂപ നഷ്‌ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായ സ്‌ഥാപനങ്ങള്‍ ഈ വര്‍ഷം 40 കോടി രൂപ ലാഭത്തിലെത്തി. അതുപോലെ കെ.എസ്‌.ആര്‍.ടി.സി.യെയും മാറ്റാനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ ഇന്നലെ രാവിലെ മാധ്യമങ്ങളോടു പ്രതികരിച്ച തോമസ്‌ ഐസക്ക്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെ കൂടുതല്‍ വിശദീകരണവും നല്‍കി.
നഷ്‌ടത്തിലോടുന്ന പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ശമ്പളവും പെന്‍ഷനും ഏറ്റെടുത്തു പ്രതിസന്ധി പരിഹരിക്കലല്ല, മറിച്ച്‌ സമഗ്രമായ പരിഷ്‌കാരങ്ങളിലൂടെ അവയെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പ്രാപ്‌തരാക്കുകയാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം. പെന്‍ഷന്‍ ഏറ്റെടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി.

ജി. അരുണ്‍

Ads by Google
Saturday 06 Jan 2018 02.30 AM
YOU MAY BE INTERESTED
TRENDING NOW