Friday, January 18, 2019 Last Updated 52 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 02.29 AM

ബജറ്റിനു മുമ്പ്‌ വേണം, ആദിവാസി നയം

uploads/news/2018/01/181075/bft2.jpg

സംസ്‌ഥാന സര്‍ക്കാരിന്റെ ബജറ്റ്‌ സമ്മേളനം നടക്കാനിരിക്കെ ആദിവാസികളടക്കമുള്ള ജനസമൂഹത്തിന്റെ വികസനത്തെ സംബന്ധിച്ച ചര്‍ച്ചയ്‌ക്കു പ്രസക്‌തിയുണ്ട്‌. ആദിവാസി സമൂഹത്തിന്റെ ശാക്‌തീകരണത്തിനും വികസനത്തിനും പുതിയൊരു സമീപനം അനിവാര്യമാണ്‌. ഇതുവരെ നടപ്പാക്കിയ ആദിവാസി വികസന പരിപാടികള്‍ക്ക്‌ എവിടെയാണു പാളിച്ച പറ്റിയതെന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തിയാല്‍ മാത്രമേ ഭാവിയില്‍ സമഗ്ര ആദിവാസി ശാക്‌തീകരണം സാധ്യമാകൂ.
കഴിഞ്ഞ രണ്ടു ബജറ്റുകളിലും സാമൂഹ്യക്ഷേമത്തിനു പ്രാധാന്യം കൊടുത്തത്‌ അടിസ്‌ഥാനവര്‍ഗത്തെ സംബന്ധിച്ചു സ്വാഗതാര്‍ഹമാണ്‌. ബജറ്റ്‌ മുന്നോട്ടുവയ്‌ക്കുന്ന ക്ഷേമം ആദിവാസി ജനതയിലേക്ക്‌ എത്തണമെങ്കില്‍ ആദിവാസി ശാക്‌തീകരണം ഉള്‍ക്കൊള്ളുന്ന ഒരു "ആദിവാസി നയം" നടപ്പാക്കേണ്ടതുണ്ട്‌. എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ മൂന്നാം ബജറ്റിനു മുമ്പ്‌ ഗോത്രവര്‍ഗ വികസന വകുപ്പ്‌ അതിനു തയാറാകണം.

ആദിവാസികളെ തൊഴില്‍ദായകരാക്കണം

അഞ്ചാം പഞ്ചവല്‍സരപദ്ധതി മുതല്‍ ടി.എസ്‌.പിക്കു കീഴില്‍ ലഭിച്ച ഫണ്ടുകള്‍ ആദിവാസികളേക്കാള്‍ മറ്റുള്ളവര്‍ക്കാണു ഗുണം ചെയ്‌തത്‌. അഞ്ചിലൊന്ന്‌ മാത്രമാണ്‌ ആദിവാസികള്‍ക്കായി ചെലവഴിച്ചത്‌. പദ്ധതിയില്‍ അടിസ്‌ഥാന സൗകര്യ വികസനത്തിനു ശ്രദ്ധ കൊടുത്തതോടെ മേഖലകള്‍ വികസിച്ചു. ഭൂമി വില വര്‍ധിച്ചു. അതോടെ ആദിവാസികള്‍ ഉള്‍വനങ്ങളിലേക്കു നീങ്ങാന്‍ നിര്‍ബന്ധിതരായി. ടി.എസ്‌.പി ഫണ്ടുകള്‍ ചെറുകിട ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിനും ബിസിനസ്‌ ആരംഭിക്കുന്നതിനും മറ്റും ഉപയോഗിക്കേണ്ടതുണ്ട്‌. ആദിവാസികളുടെ കാര്‍ഷിക, വ്യവസായ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാന്‍ ഇതു വഴിയൊരുക്കും. ഒപ്പം ആധുനിക സാങ്കേതിക വിദ്യയും വിപണന തന്ത്രങ്ങളും പകര്‍ന്നു കൊടുക്കണം. തൊഴില്‍ തേടുന്നവര്‍ എന്ന നിലയില്‍നിന്നും തൊഴില്‍ദായകരായി ഇവര്‍ മാറണം. സംരംഭകത്തിന്റെ ആവേശം ഇവരില്‍ എത്തിക്കണം. അത്തരം സാധ്യതകളിലേക്ക്‌ പട്ടികവിഭാഗ വകുപ്പ്‌ നടത്തുന്ന "ഗദ്ദിക" പോലുള്ള പദ്ധതികള്‍ ഉയരണം.
ഊരുകളില്‍ അധിഷ്‌ഠിതമായ, ഗോത്രവര്‍ഗ പങ്കാളിത്തത്തിലൂടെ ആദിവാസി വികസനം സാധ്യമാക്കണം. ടി.എസ്‌.പി. ഫണ്ട്‌ വിനിയോഗിക്കേണ്ടത്‌ ഊരുകൂട്ടങ്ങളിലൂടെയാകാണം. അത്‌ തദ്ദേശീയ സ്വയം ഭരണസ്‌ഥാപനങ്ങള്‍ നിരീക്ഷിക്കുന്നതു നന്നായിരിക്കും. ടി.എസ്‌.പി. ഫണ്ട്‌ വകമാറ്റി ചെലവഴിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ നിയമം കൊണ്ടുവരണം. ഊരുകളിലെ വനാവകാശനിയമ കമ്മിറ്റികളിലൂടെ വനവിഭവങ്ങളുടെ ശേഖരണവും വിപണനവും സാധ്യമാക്കാം. ഊരുകൂട്ടങ്ങള്‍, ഊരുവികസന സമിതികള്‍, വനാവകാശ ഊരുകൂട്ടങ്ങള്‍, തായാര്‌ ഒത്തിമെ, തായ്‌കുലസംഘംപോലുള്ള അമ്മമാരുടെ കൂട്ടായ്‌മകള്‍, കാര്‍ത്തുമ്പി പോലുള്ള ആദിവാസി കുട്ടികളുടെ കൂട്ടങ്ങള്‍ എന്നിവയിലൂടെ തദ്ദേശീയരായ ആദിവാസി നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരാം. ഈ കൂട്ടായ്‌മകളിലൂടെ പോഷകാഹാരം, കൃഷി, മൃഗസംരക്ഷണം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, പരിസ്‌ഥിതി പരിപാലനം എന്നിങ്ങനെ അഞ്ചിന പദ്ധതികളും നടപ്പാക്കാം.

ഊരുതല വികസന നയം

ഉദ്യോഗസ്‌ഥര്‍ക്കു നേരിട്ടു പങ്കാളിത്തമില്ലാത്ത ജനാധിപത്യപരമായ ഒരു ആദിവാസി ഊരുതല വികസന നയമാണ്‌ ഗോത്രവര്‍ഗ മേഖലയ്‌ക്കു ഗുണകരം. ഇതിലൂടെ ഓരോ കുടുംബത്തിനും ഓരോ ഊരിനും ഓരോ ആദിവാസിക്കും അവരുടെ അതിജീവന പ്രതിസന്ധിക്ക്‌ പരിഹാരം കാണാനാകണം. ഒപ്പം സമൂഹത്തിന്റെ ജനാധിപത്യപരമായ ശാക്‌തീകരണവും സാധ്യമാവും. ഓരോ ആദിവാസി കുടുംബത്തിന്റെയും സാമ്പത്തിക ശാക്‌തീകരണത്തിനായി ടി.എസ്‌.പി. ഫണ്ട്‌ വിനിയോഗിക്കണം. സംസ്‌ഥാന രൂപീകരണത്തിന്‌ ശേഷം ഇതുവരെ ബജറ്റില്‍ ഗ്രാന്റ്‌ ഇന്‍ എയ്‌ഡില്‍ പട്ടിക വിഭാഗ മേഖലയിലെ സാംസ്‌കാരിക-ഗവേഷണ സംഘങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല.
2011 ലെ സെന്‍സസ്‌ പ്രകാരം 36 ആദിവാസി വിഭാഗങ്ങള്‍ 1,40,458 കുടുംബങ്ങളിലായി അധിവസിക്കുന്നു. ഇത്‌ ജനസംഖ്യയുടെ 1.45 ശതമാനം മാത്രമാണ്‌. 1,19,400 കുടുംബങ്ങള്‍ ഗ്രാമങ്ങളിലും 21,068 കുടുംബങ്ങള്‍ നഗരങ്ങളിലും താമസിക്കുന്നു. ഭൂപരിഷ്‌കരണത്തിന്റെ ഫലം ലഭിക്കാതെ പോയ വിഭാഗങ്ങളാണ്‌കേരളത്തിലെ ആദിവാസികളും ദളിതരും മത്സ്യത്തൊഴിലാളികളും. ഏറ്റവും കൂടുതല്‍ ഭൂമി അന്യാധീനപ്പെടല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌ ആദിവാസി മേഖലയിലാണ്‌. സാമൂഹ്യ ചലനാത്മകതയുടെ അടിസ്‌ഥാന ഘടകങ്ങളായ ഭൂവുടമസ്‌ഥത, വിദ്യാഭ്യാസ അവസരങ്ങള്‍, തൊഴില്‍ വൈവിധ്യവല്‍ക്കരണം എന്നിവയുടെ അഭാവം ആദിവാസി സമൂഹങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌.
സമൂഹ മനസിനെ പഠിക്കാന്‍ തദ്ദേശീയമായ ഒരു രീതീശാസ്‌ത്രം പുതിയകാലം ആവശ്യപ്പെടുന്നുണ്ട്‌. സമൂഹമനസിനെ മനസിലാക്കിയാല്‍ മാത്രമേ ഗ്രാമീണ മേഖലയിലെ സമൂഹവികസനം സാധ്യമാവുകയുള്ളൂ. തദ്ദേശീയമായ കൂട്ടായ്‌മകളെയും അവരുടെ ലോകവീക്ഷണത്തെയും തിരിച്ചറിയാതെയുള്ള വികസന സങ്കല്‍പ്പം ജനാധിപത്യ വിരുദ്ധവും അശാസ്‌ത്രീയവുമാണ്‌. ആദിവാസിയുടെയും ദലിതരുടെയും പ്രശ്‌നങ്ങള്‍ അവരുടെ കണ്ണിലൂടെ കാണാന്‍ ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കും കഴിയണം. അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടപ്പോള്‍ മേഖലയിലെ ആദിവാസി സംഘടനകളോടോ മൂപ്പന്മാരോടോ ചോദിക്കാതെ ഉദ്യോഗസ്‌ഥതലത്തില്‍ പദ്ധതികള്‍ തയാറാക്കുകയാണു ചെയ്‌തത്‌.

സ്വത്തുടമസ്‌ഥതയും കാര്‍ഷിക സംസ്‌കൃതിയും

കാര്‍ഷിക വിപ്ലവം, ക്ഷീരവിപ്ലവം എന്നിവയെല്ലാം പരീക്ഷിച്ച നമ്മുടെ നാട്ടില്‍ പ്രാദേശികമായ ജ്‌ഞാനരീതിയിലുള്ള ഒരു ഭക്ഷണരീതീശാസ്‌ത്രവും കാര്‍ഷികരീതീശാസ്‌ത്രവും എന്തുകൊണ്ടാണ്‌ ഉണ്ടാവാതെ പോയത്‌? ഇതുവരെ നടത്തിയിട്ടുള്ള ആദിവാസി വികസനം ആദിവാസികളെ ഉദ്ധരിക്കുക, നന്നാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അത്‌ പരാജയപ്പെട്ടു. ആദിവാസികളെ സ്വത്ത്‌ ഉടമസ്‌ഥതയുള്ള,കാര്‍ഷിക സംസ്‌കൃതി ഉള്‍ക്കൊള്ളുന്ന സമൂഹമാക്കി മാറ്റുന്ന രീതിയില്‍ ഒരു പുതിയ ആദിവാസി വികസന നയം സര്‍ക്കാര്‍ പ്രഖ്യാപിക്കണം.
അഞ്ചു വര്‍ഷത്തിനിടയില്‍ ആദിവാസി മേഖലകളില്‍ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്‌ പോഷണശോഷണവും കുട്ടികളിലെയും സ്‌ത്രീകളിലെയും വളര്‍ച്ചാ മുരടിപ്പും. ഡി.എച്ച്‌.എസിന്റെ 2013 ലെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ പാലക്കാട്‌ ജില്ലയില്‍ മാത്രം മൂന്നു വര്‍ഷത്തിനിടയില്‍ 595 ശിശുമരണങ്ങളുണ്ടായി. 1991, 2001, 2011 വര്‍ഷങ്ങളിലെ സെന്‍സസ്‌ അനുസരിച്ച്‌ പൊതുസമൂഹത്തിന്റെ ജനസംഖ്യാ വര്‍ധനയ്‌ക്ക്‌ ആനുപാതികമായി കേരളത്തില്‍ ആദിവാസി ജനസംഖ്യ വര്‍ധിക്കുന്നില്ല. പാലക്കാട്‌ ജില്ലയുടെ ആദിവാസി ജനസംഖ്യാതോത്‌ മറ്റു പൊതു ജനസംഖ്യാനുപാതവുമായി തട്ടിച്ചുനോക്കുമ്പോള്‍ 1991 ല്‍ 11.05 ശതമാനമായിരുന്നത്‌ 2001 ല്‍ 10.80 ശതമാനമായും 2011 ല്‍ 10.01 ശതമാനമായും താഴ്‌ന്നു. മേഖലയിലെ ശിശുമരണങ്ങളുമായി കൂട്ടിവായിക്കപ്പെടേണ്ട കാര്യമാണിത്‌.
മറ്റ്‌ ആദിവാസി മേഖലകളുടെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. അതുകൊണ്ട്‌ അവരുടെ ആദ്യത്തേയും പ്രധാനപ്പെട്ടതുമായ ഭൂപ്രശ്‌നം (അന്യാധീനപ്പെട്ട ഭൂമിയടക്കം) പരിഹരിക്കണം. മേഖലകളില്‍ വനത്തേയും ജൈവവൈവിധ്യത്തേയും വന്യ മൃഗാദികളേയും കാത്തുരക്ഷിക്കാനായി വനാവകാശ നിയമം നടപ്പാക്കണം. ആദിവാസികളുടെ സ്വയംഭരണാധികാരം സാധ്യമാക്കുവാന്‍ നടപടികള്‍ എടുക്കണം. സ്വയംഭരണാവകാശം സാധ്യമാക്കുന്നതിനായി പട്ടിക വിഭാഗക്ഷേമ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്‌ അതിന്റെ തുടക്കമായി കാണാം.
ഭരണഘടനയില്‍പട്ടികവിഭാഗങ്ങളുടെ ശാക്‌തീകരണത്തിന്‌ ഒട്ടേറെ വകുപ്പുകളുണ്ടെങ്കിലും നാളിതുവരെ ഒരു ദേശീയ പട്ടികവര്‍ഗ നയം രൂപകല്‍പന ചെയ്‌തിട്ടില്ല. കേരളത്തില്‍ ആസിവാസി മേഖലയുടെ നിജസ്‌ഥിതി പഠിക്കാനായി ഒരു കമ്മിഷന്‌ രൂപം നല്‍കണം. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സമഗ്ര പട്ടികവര്‍ഗ നയം രൂപീകരിക്കുകയും വേണം. ഭൂവുടമസ്‌ഥത ഉറപ്പുവരുത്തിക്കൊണ്ടുള്ള, കാര്‍ഷിക സംസ്‌കൃതിക്ക്‌ മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഗോത്രവര്‍ഗ നയമാണ്‌ മുന്നോട്ടുവയ്‌ക്കേണ്ടത്‌. അടിമവേല അടക്കമുള്ള സാമൂഹ്യ സാഹചര്യത്തില്‍ ജീവിച്ച ജനതയെ കൈപിടിച്ചുയര്‍ത്താന്‍ ക്രിയാത്മകവും ശാസ്‌ത്രീയവുമായ ഇടപെടലുകളും ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനവും അനിവാര്യമാണ്‌.

രാജേന്ദ്രപ്രസാദ്‌

(ലേഖകന്‍ സെന്റര്‍ ഫോര്‍ ട്രൈബല്‍ എഡ്യൂക്കേഷന്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റിസേര്‍ച്ച്‌ (തമ്പ്‌) അധ്യക്ഷനും ഗോത്രഭൂമി പത്രാധിപരുമാണ്‌)

Ads by Google
Saturday 06 Jan 2018 02.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW