Friday, April 19, 2019 Last Updated 31 Min 54 Sec ago English Edition
Todays E paper
Ads by Google
ഡോ.സിജോ അലക്‌സ് കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍  കോളജ് ഹോസ്പിറ്റല്‍, തിരുവല്ല
ഡോ.സിജോ അലക്‌സ് കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍, തിരുവല്ല
Friday 05 Jan 2018 02.22 PM

മികച്ച അധ്യാപികയ്ക്കുള്ള അവാര്‍ഡ് വാങ്ങിയ ആ അമ്മ മകളുടെ ഈ രോഗത്തിനു മുന്നില്‍ തളര്‍ന്നുവീണു; വിദഗ്ധ ചികിത്സയില്‍ തന്റെ രോഗത്തെ തൂത്തെറിഞ്ഞ അവള്‍ ജീവിതത്തിലേക്ക് മടങ്ങിയത് ഇങ്ങനെ

''തിരിച്ചു വന്നപ്പോള്‍ കുറ്റബോധത്തോടെ കരഞ്ഞുതളര്‍ന്നു കിടക്കുന്ന മകളെയാണ് ടീച്ചര്‍ കണ്ടത്. ''
uploads/news/2018/01/180877/Weeklymanaolokam050118a.jpg

മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് വാങ്ങിയതാണ് ശാരദ ടീച്ചര്‍. ഒരു നാടിന്റെ മുഴുവന്‍ ആദരവും സ്‌നേഹവും ടീച്ചര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. പട്ടാളത്തിലായിരുന്ന ഭര്‍ത്താവ് വീരമൃത്യു വരിച്ചതുമുതല്‍ ഏക മകള്‍ ദേവുവിന് വേണ്ടിയാണവര്‍ ജീവിക്കുന്നത്.

ബി.കോം വിദ്യാര്‍ത്ഥിനിയായ അവള്‍, പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. ദേവുവിന്റെ സ്വഭാവത്തില്‍ കുറച്ചുനാളായി വന്ന മാറ്റമാണ് ടീച്ചറെ വിഷമിപ്പിച്ചത്. വിഷമം എന്നുപറഞ്ഞാല്‍ പോരാ , അവരെ സംബന്ധിച്ചത് മനസ്സിന്റെ തകര്‍ച്ച തന്നെയായിരുന്നു.

ദേവുവിന്റെ സഹപാഠിയുടെ സഹോദരനെ ചികിത്സിച്ച പരിചയത്തില്‍ അവളുടെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ എന്നെ വന്നു കണ്ടത് .

ഒരു വൈകുന്നേരം വീട്ടിലെത്തിയ ആ അമ്മയെയും മകളെയും ഇപ്പോഴും നല്ല ഓര്‍മയുണ്ട്. കുട്ടിയെ മുന്നിലിരുത്തി വിശദീകരിക്കാന്‍ പ്രയാസമുള്ളതുകൊണ്ട് കാര്യങ്ങള്‍ ഫോണില്‍ പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷം മുന്‍പാണ് തുടക്കം. അന്നവള്‍ പ്ലസ് ടുവില്‍ പഠിക്കുന്നു. വര്‍ഷാരംഭത്തില്‍ പുസ്തകങ്ങള്‍ വാങ്ങിയ കൂട്ടത്തില്‍ കടയില്‍ നിന്ന് വിലകൂടിയ രണ്ടു പേനകള്‍ കൂടി ആരും കാണാതെ അവള്‍ കവറില്‍ ഇട്ടു.

വീട്ടിലെത്തി ഇത് ശ്രദ്ധയില്‍പെട്ട ടീച്ചര്‍ തന്റെ മകള്‍ മോഷ്ടിച്ചു എന്ന് വിശ്വസിക്കാനാകാതെ തകര്‍ന്നുപോയി. ഒരുപാട് ശകാരിച്ചു. കൈ കുഴയും വരെ തല്ലി. അന്ന് രാത്രി അവള്‍ അമ്മയുടെ കാലില്‍ വീണ് കരഞ്ഞു.

താന്‍ മനഃപൂര്‍വം ചെയ്യുന്നതല്ലെന്നും എന്തോ ഒരു ഉള്‍പ്രേരണ പോലെ സംഭവിച്ചതാണെന്നും ഇനി ഉണ്ടാകില്ലെന്നും പറഞ്ഞു. പിന്നീട് രണ്ടുമൂന്ന് കൊച്ചുകൊച്ചു സംഭവങ്ങളില്‍ മകള്‍ പിടിക്കപ്പെട്ടു. അടുത്ത കൂട്ടുകാര്‍ മാത്രം അറിഞ്ഞതുകൊണ്ട് അതൊന്നും പ്രശ്‌നമായില്ല.

ഏറ്റവും ഒടുവിലായി ടീച്ചര്‍ മകള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോയപ്പോള്‍ ഒരു സംഭവമുണ്ടായി. ഷോപ്പില്‍ നിന്ന് ഇഷ്ടപ്പെട്ടതെല്ലാം ഒരുമിച്ചാണവര്‍ വാങ്ങിയത്.

അന്നുരാത്രി മനോഹരമായ ഒരു മോതിരം അമ്മയുടെ നേര്‍ക്ക് നീട്ടി ദേവു പറഞ്ഞു :

നമ്മള്‍ രാവിലെ പോയ കടയില്‍ നിന്ന് ഞാന്‍ എടുത്തതാണ്. ടീച്ചര്‍ ദേഷ്യവും ദെണ്ണവും കലര്‍ന്ന ഭാവത്തോടെ അവളെ നോക്കിയതും പൊട്ടിക്കരഞ്ഞുകൊണ്ട് ആ മകള്‍, അമ്മയെ കെട്ടിപ്പിടിച്ചു. '' സോറി അമ്മാ. സത്യായിട്ടും ഞാന്‍ അറിഞ്ഞോണ്ട് ചെയ്യുന്നതല്ല. അമ്മ തന്നെ ഇതാ കടയില്‍ കൊടുക്കണം.''

ടീച്ചര്‍ അതുപോലെ തന്നെ ചെയ്തു. ദേവു അന്ന് കോളേജില്‍ പോയില്ല. തിരിച്ചു വന്നപ്പോള്‍ കുറ്റബോധത്തോടെ കരഞ്ഞുതളര്‍ന്നു കിടക്കുന്ന മകളെയാണ് ടീച്ചര്‍ കണ്ടത്. എല്ലാം മറന്ന് ആ അമ്മ മകളെ ചേര്‍ത്തുപിടിച്ച് കൂടെ കിടന്നു.

ഞാന്‍ പഠിക്കുമ്പോള്‍ ഇന്ററസ്റ്റിംഗ് ആയൊരു ടോപ്പിക്ക് ആയിരുന്നു ക്ലെപ്‌റ്റോമാനിയ. ലക്ഷണങ്ങള്‍ കേട്ടപ്പോള്‍ തന്നെ അതാണ് ദേവുവിന്റെ രോഗമെന്ന് വ്യക്തമായി. പ്രത്യേകിച്ചൊരു കാരണവും കൂടാതെ ഈ രോഗാവസ്ഥ ഉണ്ടാകാം.

കൂടുതലും സ്ത്രീകളിലാണ് ക്ലെപ്‌റ്റോമാനിയ കണ്ടുവരുന്നത്. അനിയന്ത്രിതമായ മോഷണ ത്വരയാണ് ലക്ഷണം. ബാക്കി കാര്യങ്ങളെല്ലാം തികച്ചും നോര്‍മല്‍ ആയി തന്നെ കൈകാര്യം ചെയ്യാനും കഴിയും.

എന്നാല്‍ മനഃപൂര്‍വമല്ലാതെ സംഭവിച്ചുപോകുന്ന തെറ്റിന് , ചുറ്റുമുള്ളവര്‍ കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്താല്‍ വിഷാദരോഗത്തിന് ഇടയാകാനുള്ള സാധ്യതയേറെയാണ്. ഉറ്റവര്‍ സ്‌നേഹത്തോടെ ഒപ്പം നിന്നുവേണം രോഗത്തില്‍ നിന്ന് അവരെ മോചിപ്പിച്ചെടുക്കാന്‍.

പുറത്തിരുന്ന മകളെ ഞാന്‍ അകത്തേക്ക് വിളിപ്പിച്ചു. എന്നെ അഭിമുഖീകരിക്കാന്‍ അവള്‍ക്കുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഞാന്‍ പറഞ്ഞു: ''അറിഞ്ഞുകൊണ്ടൊരാള്‍ മറ്റൊരാളുടെ വസ്തു എടുക്കുമ്പോഴാണ് അത് തെറ്റാകുന്നത്.

ഏതൊരു പ്രവര്‍ത്തിയുടെയും റിമോട്ട് അവരുടെ മനസ്സാണ്. ദേവുവിന്റെ ബോധമനസ്സിന്റെ അറിവോടെയല്ല ഈ നടന്ന കാര്യങ്ങള്‍ ഒന്നും. ഇനി ഇങ്ങനുണ്ടാകാതിരിക്കാനുള്ള പണി നമുക്ക് ചെയ്യാം.''

വിശ്വാസത്തോടെ അവളെന്നെ നോക്കി. എസ്.എസ്.ആര്‍.ഐ ഗ്രൂപ്പിലെ മരുന്നുകളും നിരന്തരമായ കൗണ്‍സിലിംഗും വേണ്ടി വന്നു.

ഏകദേശം ഒരുവര്‍ഷത്തോളം ചികിത്സ നീണ്ടു. ഇപ്പോള്‍ രോഗം പൂര്‍ണമായി ഭേദമായ ദേവു , ഒരു നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ടന്റാണ്.

മീട്ടു റഹ്മത്ത് കലാം

Ads by Google
ഡോ.സിജോ അലക്‌സ് കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍  കോളജ് ഹോസ്പിറ്റല്‍, തിരുവല്ല
ഡോ.സിജോ അലക്‌സ് കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍, തിരുവല്ല
Friday 05 Jan 2018 02.22 PM
Ads by Google
Loading...
TRENDING NOW