Wednesday, November 28, 2018 Last Updated 25 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 02.13 PM

ശ്രീരാഗമോ തേടുന്നുനീ...

സംഗീതം കൂട്ടിയിണക്കിയ കണ്ണികളാണ് എം.ജി ശ്രീകുമാറും ഭാര്യ ലേഖയും. എം.ജിയുടെ ജീവിതത്തിന്റെ നല്ല പാതിയാകാന്‍ ഭാഗ്യം ലഭിച്ചതിനെക്കുറിച്ച് ലേഖ ശ്രീകുമാര്‍...
uploads/news/2018/01/180875/mgsreekumar050118a3.jpg

പുഴയൊഴുകും പോലെയാണ് ജീവിതവും... ആ ഒഴുക്കിനൊരു താളവും ലയവുമുണ്ട്. എം.ജി. ശ്രീകുമാറിന്റെയും ലേഖയുടേയും ജീവിതം സംഗീത സാന്ദ്ര മായ പുഴപോലെയാണ്. ഒരു സ്ത്രീയുടേയും പുരുഷന്റെയും അപൂര്‍വ്വ പ്രണയമാണ് ഇവരുടെ ജീവിതത്തിലൂടെ അടുത്തറിയാന്‍ കഴിയുന്നത്.

എപ്പോഴും ഭാര്യ തന്റെ കൂടെയുണ്ടാവണമെന്നും അവള്‍ തന്റെ പ്രാണവായൂ പോലെതന്നെയാണെന്നും അദ്ദേഹം പറയുന്നു. എം.ജി എന്ന ഭര്‍ത്താവിന് തന്നോടുള്ള സ്‌നേഹത്തെക്കുറിച്ച് ഭാര്യ ലേഖ ശ്രീകുമാര്‍...

ആദ്യമായ് കണ്ടനാള്‍...


ഞാന്‍ പഠിച്ചത് യു.എസിലായിരുന്നു. അ വിടൊരു ബാങ്കിലായിരുന്നു ജോലി. ജോലിയോടൊക്കെ മടുപ്പ് തോന്നിയാണ് നാട്ടിലേക്ക് വരുന്നത്. അങ്ങനെ തിരുവനന്തപുരത്ത് താമസിക്കുന്നതിനിടയിലാണ് യാദൃച്ഛികമായി ശ്രീക്കുട്ടനെ കാണുന്നത്. എന്നും വൈകുന്നേരം നടക്കാന്‍ പോകുന്ന സ്വഭാവമുണ്ടായിരുന്നു എനിക്ക്. അങ്ങനെ പോയ വഴിക്കാണ് ഞങ്ങള്‍ തമ്മില്‍ ഒരു നോട്ടം കണ്ടത്.

അന്ന് ശ്രീക്കുട്ടന് അത്ര തിരക്കുള്ള കാലഘട്ടമല്ല. പേരെടുത്തു വരുന്നതേയുള്ളൂ. സിനിമയില്‍ പാടിയ ആളെന്ന കൗതുകത്തിലാണ് ആദ്യം ഞാന്‍ ശ്രദ്ധിച്ചത്. പിറ്റേ ദിവസവും അതേ സ്ഥലത്ത് അതേ സമയത്തുവച്ച് വീണ്ടും കണ്ടു. കാണുമ്പോള്‍ പരസ്പരം ചിരിക്കാറുണ്ടായിരുന്നു.

അന്ന് ശ്രീക്കുട്ടന്‍ തൈക്കാടാണ് താമസം. ഞാന്‍ തൈക്കാട് അയ്യപ്പ ക്ഷേത്രത്തി ല്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. അവിടെ വച്ചും ശ്രീക്കുട്ടനെ പലതവണ കണ്ടു. അപ്പോള്‍ സംസാരിച്ചിട്ടുമുണ്ട്. അതിനിടെ ശ്രീക്കുട്ടന്‍ എന്റെ നമ്പര്‍ വാങ്ങി. ഇടയ്ക്ക് വിളിക്കും. എനിക്ക് വിശ്വസ്തനായ നല്ല സുഹൃത്തായിരുന്നു ശ്രീക്കുട്ടന്‍, അന്നും ഇന്നും.

കുറേ കാലം ഞങ്ങളങ്ങനെ നല്ല സുഹൃത്തുക്കളായിത്തന്നെയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ ശ്രീക്കുട്ടനാണ് തന്റെ മനസിലുള്ള പ്രണയത്തെക്കുറിച്ച് തുറന്നുപറയുന്നത്. അതൊടുവില്‍ വിവാഹത്തിലെത്തുകയും ചെയ്തു.

എന്റെ നല്ല പാതി...


ഞങ്ങള്‍ 10 വര്‍ഷത്തോളം വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ചവരാണ്. പിന്നീടാണ് മൂകാംബികാദേവിയുടെ നടയില്‍വച്ച് ശ്രീക്കുട്ടന്‍ എന്റെ കഴുത്തില്‍ താലിചാര്‍ത്തിയത്. അന്നും ഇന്നും എന്റെ കാര്യത്തില്‍ അദ്ദേഹത്തിന് നല്ല കരുതലാണ്്. എന്നോട് ആരാധനയാണ്. രക്തത്തില്‍ അലിഞ്ഞുചേര്‍ന്നു എന്നൊക്കെ പറയില്ലേ അതുപോലെ. എന്റെ കാര്യത്തില്‍ സ്വാര്‍ഥനുമാണ്.

ലോകത്തില്‍ ഞാന്‍ എന്ത് ആവശ്യപ്പെട്ടാലും അദ്ദേഹത്തിന് കഴിയുന്നതാണെങ്കില്‍ എനിക്കത് സാധിച്ചുതന്നിട്ടുണ്ട്. അ ടുത്തിടെ കൊച്ചിയില്‍ പോയപ്പോള്‍ ബോ ള്‍ഗാട്ടി പാലസിനടുത്തൊരു റിസോര്‍ട്ടിലാണ് താമസിച്ചത്. രാത്രി 10 മണിയൊക്കെ കഴിഞ്ഞിട്ടുണ്ടാവും. ഞങ്ങള്‍ പുറത്തിരുന്ന് സംസാരിക്കുകയായിരുന്നു. കായലിന്റെ തീരത്തായതുകൊണ്ട് നല്ല കാഴ്ചകെളാക്കെ കണ്ടിരുന്നായിരുന്നു സംസാരം.

അപ്പോള്‍ ചന്ദ്രന്‍ താഴേക്കിറങ്ങി വെള്ളത്തിലേക്ക് തൊട്ടുതൊട്ടുവരുന്ന കാഴ്ച. സിനിമയിലൊക്കെ കാണുംപോലെ. ഒരു കൗതുകം തോന്നി ഞാന്‍ ശ്രീക്കുട്ടനോട് ചോദിച്ചു.

ശ്രീക്കുട്ടാ എനിക്ക് ആ ചന്ദ്രനെ പിടിച്ചുതരുമോ?? എന്ന്. അപ്പോള്‍ ശ്രീക്കുട്ടന്‍ ചിരിച്ചുകൊണ്ടുപറ ഞ്ഞു: എനിക്ക് ആ പ്രായം കഴിഞ്ഞു. വെള്ളത്തില്‍ എടുത്ത് ചാടാനൊന്നും പറ്റില്ല!!ശ്രീക്കുട്ടനെപ്പോലൊരു ഭര്‍ത്താവിനെ കിട്ടിയത് എന്റെ ഭാഗ്യം തന്നെയാണ്.

uploads/news/2018/01/180875/mgsreekumar050118a2.jpg

ഒന്നായ ഇഷ്ടങ്ങള്‍...


ശ്രീക്കുട്ടന്റെ സ്വഭാവത്തില്‍ എനിക്ക് ഇഷ്ടപ്പെടാത്തതൊന്നുമില്ലന്നുതന്നെ പറയാം. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ആ അനിഷ്ടങ്ങളെല്ലാം എന്റെ ഇഷ്ടങ്ങളായി മാറുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് പ്രായമായി. അതുകൊണ്ട് അദ്ദേഹത്തിന്റെ ഒരു കാര്യവും എനിക്ക് നെഗറ്റീവായി തോന്നാറില്ല.

ഞങ്ങള്‍ ഒരുമിച്ചാണ് സുഹൃത്തുക്കളെ കാണാന്‍ പോകുന്നതും പുറത്തുപോകുന്നതും ഒക്കെ. ശ്രീക്കുട്ടനോടൊപ്പം എപ്പോഴും ഞാനുണ്ടാവും. ഞാന്‍ കൂടെയുണ്ടാവണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധവുമാണ്. ഭാര്യയെ എവിടെപ്പോയാലും കൂടെക്കൂട്ടുന്നു എന്ന് ചിലര്‍ പരാതിപോലും പറഞ്ഞുകേട്ടിട്ടുണ്ട്.

സ്ത്രീകളോടുള്ള ബഹുമാനം...


സ്ത്രീകള്‍ക്ക് ബഹുമാനം കൊടുക്കുന്ന വ്യക്തിയാണ് ശ്രീക്കുട്ടന്‍. അക്കാര്യത്തില്‍ ചില ആണുങ്ങളില്‍നിന്ന് വ്യത്യസ്തനാണദ്ദേഹം. അദ്ദേഹത്തിന്റെ ആ സ്വഭാവം എന്നെ വളരെ ആകര്‍ഷിച്ചിട്ടുണ്ട്.

സ്ത്രീകളോട് ബഹുമാനമില്ലാത്ത ധാരാളം ആണുങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അക്കാര്യത്തില്‍ അദ്ദേഹം വ്യത്യസ്തനാണെന്ന് തോന്നിയത്.

ഞങ്ങളെടുത്ത തീരുമാനം


ഞങ്ങള്‍ വിവാഹിതരായത് ആരോടും പറഞ്ഞിട്ടല്ല. 10 വര്‍ഷം ഒരുമിച്ച് ജീവിച്ചശേഷം പെട്ടെന്ന് ശ്രീക്കുട്ടന് എന്റെ കഴുത്തില്‍ താലിചാര്‍ത്തണമെന്ന് തോന്നി. അങ്ങനെ മൂകാംബികയില്‍ വച്ചാണ് ഞങ്ങള്‍ രജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്നത്.

എനിക്ക് ശ്രീക്കുട്ടനേയും ശ്രീക്കുട്ടന് എന്നേയും ഇഷ്ടമായി. ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ സ്‌നേഹം പത്ത് പേരോട് പറഞ്ഞിട്ടോ, അല്ലെങ്കില്‍ ഇവളെ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം??എന്ന് ആരോടും ചോദിച്ചിട്ടോ അല്ല മുന്നോട്ട് പോയത്.

ഞങ്ങള്‍ ചെയ്തത് നല്ല മിടുക്കായി എന്നല്ല ഞാന്‍ പറയുന്നത്. ഇന്നത്തെക്കാലത്ത് പ്രണയത്തിന് ഒരു അടിസ്ഥാനവുമില്ല. നിനക്കുവേെണ്ടങ്കില്‍ എനിക്കും വേണ്ട എന്നാണ് കുട്ടികള്‍ പറയുന്നത്.

സ്‌നേഹത്തിന്റെ രഹസ്യം...


പരസ്പരവിശ്വാസമാണ് ഞങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം. എനിക്ക് ശ്രീക്കുട്ടനെ നന്നായി മനസിലാക്കാന്‍ കഴിഞ്ഞു. ശ്രീക്കുട്ടന് എന്നെയും. ശ്രീക്കുട്ടന് ഇഷ്ടപ്പെടാത്ത ഒരു കാര്യവും ഞാന്‍ പറയാറില്ല. എനിക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യവും ശ്രീക്കുട്ടനും ചെയ്യാറില്ല. അങ്ങനെ തമ്മില്‍ത്തല്ലുന്ന ഒരു കാര്യവും ഞങ്ങളുടെ വീട്ടില്‍ സംസാരിക്കാറുമില്ല.
uploads/news/2018/01/180875/mgsreekumar050118a1.jpg

രാവിലെ മുതല്‍ രാത്രിവരെ സംഗീതം നിറഞ്ഞ അന്തരീക്ഷമാണ്. രാവിലെ മുതല്‍ ശ്രീക്കുട്ടന്റെ പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കും. സംഗീതമല്ലാതെ മറ്റൊരു സംസാരവും ഞങ്ങളുടെ ഇടയില്‍ ഉണ്ടാവാറില്ല. ചിലപ്പോഴൊക്കെ വഴക്കിടാറുണ്ട്. പിണങ്ങാറുണ്ട്. എല്ലാം തികഞ്ഞ ദമ്പതികളാണ് ഞങ്ങളെന്ന് പറയുന്നില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ വരാറുണ്ട്. പലപ്പോഴും ആരെങ്കിലും ഒരാള്‍ തോറ്റുകൊടുക്കും. ആ പ്രശ്‌നം അവിടെ തീരും.

ഈശ്വരാനുഗ്രഹം...


മഹാദേവനാണ് എന്റേയും ശ്രീക്കുട്ടന്റേ യും ഇഷ്ടദൈവം. തിരുവനന്തപുരത്താണെങ്കില്‍ ശ്രീകണ്‌ഠേശ്വരത്തും എറണാകുളത്താണെങ്കില്‍ എറണാകുളത്തപ്പനേയും വൈക്കത്താണെങ്കില്‍ വൈക്കത്തപ്പന്റെയടുത്തും തൃശൂരാണെങ്കില്‍ വടക്കുംനാഥനെയും കാണാന്‍ ഞങ്ങള്‍ മറക്കാറില്ല.

അതുകഴിഞ്ഞാല്‍ പിന്നെ ഗുരുവായൂരപ്പനാണ് ഞങ്ങളുടെ ഇഷ്ടദൈവം. എറണാകുളത്തുള്ളപ്പോള്‍ എല്ലാ ചൊവ്വാഴ്ചയും കലൂര്‍ പള്ളിയില്‍ പോയി മെഴുകുതിരി കത്തിക്കും. വ്യാഴാഴ്ചയാണെങ്കില്‍ സെന്റ് ജ്യൂഡ് പള്ളിയില്‍ പോകും. എല്ലാ മതവും ഞങ്ങള്‍ക്ക് ഒരുപോലെയാണ്.

സംഗീതജീവിതം...


ശ്രീക്കുട്ടന്‍ എപ്പോഴും എന്നോട് പറയാറുണ്ട് സംഗീതം മനസില്‍ നിന്ന് വരേണ്ട താണെന്ന്. നമ്മള്‍ സമാധാനത്തോടുകൂടി ചെയ്യേണ്ട കാര്യമാണത്. അതിന് സമാധാനം തരുന്ന ഭാര്യയെ വേണം. വീട്ടില്‍ പ്രശ്‌നങ്ങളും വഴക്കും ഒക്കെയാണെങ്കില്‍ സമാധാനത്തോടെ എങ്ങനെ ജോലിചെയ്യാന്‍ കഴിയും.

ഞാന്‍ എപ്പോഴും ശ്രീക്കുട്ടന് തന്റെ ജോലിചെയ്യാന്‍ നല്ല കംഫര്‍ട്ടബിളായുള്ള സാഹചര്യങ്ങളൊരുക്കിക്കൊടുക്കാറുണ്ട്. അദ്ദേഹത്തിന്റെ ജീവിതം സംഗീതത്തിനുവേണ്ടി ഉഴിഞ്ഞുവച്ചിരിക്കുകയാണ്. എന്റെ അവസാന ശ്വാസംവരെ സംഗീതത്തില്‍ അലിഞ്ഞ് അദ്ദേഹം ജീവിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം.

uploads/news/2018/01/180875/mgsreekumar050118a.jpg

സംഗീതത്തോടുള്ള ഇഷ്ടം...


ശ്രീക്കുട്ടന് ഞാന്‍ പാടുന്നത് ഇഷമാണ്. പക്ഷേ സംഗീതം പഠിക്കണമെന്ന് ഒരിക്കലും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. പണ്ടൊക്കെ മേനോന്‍ തറവാടുകളില്‍ ഭക്ഷണം കഴിപ്പിക്കുന്നതുപോലെ നിര്‍ബന്ധമായും സംഗീതം പഠിപ്പിക്കുമായിരുന്നു.

എന്നെയും സഹോദരിയേയും അങ്ങനെ പഠിപ്പിച്ചിട്ടുമുണ്ട്. പക്ഷേ എനിക്ക് പാട്ടില്‍ താല്പര്യമില്ലായിരുന്നു. എന്റെ സഹോദരി നന്നായി പാടും. ഞാന്‍ കോളജിലൊക്കെ വച്ച് പാടുമായിരുന്നു. ഇപ്പോഴില്ല. ശ്രീക്കുട്ടന്റെ പാട്ടുകേള്‍ക്കുന്നതാണ് എനിക്ക് ഏറെയിഷ്ടം.

സംഗീതസ്വപ്‌നങ്ങള്‍...


ശ്രീക്കുട്ടനെക്കുറിച്ച് ഒന്നല്ല ഒരായിരം സ്വപ്‌നങ്ങളുെണ്ടനിക്ക്. പത്മശ്രീയും അതിനപ്പുറവുമുള്ള അവാര്‍ഡുകളൊക്കെ അദ്ദേഹത്തിന് കിട്ടണം. ആയുരാരോഗ്യസൗഖ്യം ഉണ്ടാവണം. ജീവിക്കുന്ന കാലത്തോളം ഞങ്ങളൊന്നിച്ച് സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കണം ഇതൊക്കെ എന്റെ ആഗ്രഹങ്ങളാണ്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW