Tuesday, January 09, 2018 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
സന്ദീപ് എസ്. നായര്‍
Friday 05 Jan 2018 09.06 AM

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് 'ഗ്രേഡിനു കോഴ' ശരിവച്ച് വിജിലന്‍സ്; കുറ്റപത്രം കോടതിയിലേക്ക്

uploads/news/2018/01/180823/bribe.jpg

കണ്ണൂര്‍: തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയേറാനിരിക്കെ കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തിലെ കോഴവിവാദം കോടതിയിലേക്ക്. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയെത്തിയിട്ടും കോഴ നല്‍കാതിരുന്നതിനാല്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടിയില്‍ ഗ്രേഡിങ് അട്ടിമറിച്ചെന്ന പരാതിയിലുള്ള കുറ്റപത്രം തലശേരി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇത് ഉടന്‍ സമര്‍പ്പിക്കും

വിധികര്‍ത്താവായ ഗുരു വിജയശങ്കര്‍, നൃത്താധ്യാപകന്‍ അന്‍ഷാദ് ഹസന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വിധികര്‍ത്താവായിരുന്ന വേദാന്തമൗലിയെ ഒഴിവാക്കി, മറ്റൊരാളെ പ്രതിചേര്‍ക്കുകയും ചെയ്തു. ഗൂഢാലോചന, അഴിമതി നിരോധന നിയമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു കുറ്റപത്രം തയാറാക്കിയത്.

കലോത്സവവേദിയില്‍ ഡാന്‍സ് മാഫിയ പിടിമുറുക്കിയെന്നും ഇത്തരം സംഘങ്ങള്‍ നിരവധിയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്സരാര്‍ഥികളെ അടയാളങ്ങളിലൂടെ തരംതിരിച്ച് വിധിനിര്‍ണയം നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തി. നൃത്താധ്യാപകനും വിധികര്‍ത്താവും നിരവധി തവണ ഫോണില്‍ സംസാരിച്ചതിനും ഹോട്ടല്‍ മുറികളില്‍ കൂടിക്കാഴ്ച നടത്തിയതിനും തെളിവുകള്‍ ലഭിച്ചു.

ഈ സാഹചര്യത്തില്‍ തൃശൂര്‍ കലോത്സവത്തില്‍ വിധിനിര്‍ണയം കുറ്റമറ്റമാക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും വിധികര്‍ത്താക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിജിലന്‍സിന്റെ പതിവ് സ്‌ക്വാഡിനു പുറമെ സ്‌പെഷല്‍ ടീമിനെയും നിയോഗിക്കും. കോഴ ആരോപണത്തെപ്പറ്റി രക്ഷിതാക്കള്‍ അറിയിച്ചിട്ടും വിജിലന്‍സ് ഉടന്‍ നടപടിയെടുത്തില്ലെന്ന കഴിഞ്ഞ വര്‍ഷത്തെ പരാതി ആവര്‍ത്തിക്കാതിരിക്കാനും നടപടിയുണ്ടാകും.

ഒരു ലക്ഷം രൂപ കോഴ നല്‍കണമെന്ന ആവശ്യം നിരസിച്ചതിനാല്‍ കുച്ചിപ്പുടിയില്‍ 47-ാം സ്ഥാനത്തേക്കും ബി ഗേഡിലേക്കും പിന്തള്ളിയെന്ന് ആലപ്പുഴ മാന്നാര്‍ എന്‍.എസ്.എച്ച്.എസ്.എസിലെ ഉത്തരയുടെ അമ്മ പ്രസന്ന മധുവാണു കഴിഞ്ഞ വര്‍ഷം പരാതിപ്പെട്ടത്. ഉത്തര മോഹിനിയാട്ടത്തില്‍ രണ്ടാം സ്ഥാനവും കഥകളിയില്‍ ഒന്നാം സ്ഥാനവും നേടിയിരുന്നു.

ജില്ലാ കലോത്സവങ്ങളില്‍ പിന്നിലായവരെ കണ്ടെത്തി അപ്പീലിന്റെ ബലത്തില്‍ സംസ്ഥാന കലോത്സവ വേദിയിലെത്തിച്ച് കോഴ വാങ്ങി ഉയര്‍ന്ന ഗ്രേഡ് തരപ്പെടുത്തിക്കൊടുക്കുന്ന മാഫിയയെപ്പറ്റിയായിരുന്നു പരാതി. ഒന്നര ലക്ഷം മുതല്‍ നാലു ലക്ഷം വരെയാണു റേറ്റ്. സമ്മാനം നേരത്തെ പറഞ്ഞുറപ്പിച്ചെന്നു വ്യക്തമാക്കുന്ന ശബ്ദരേഖയും വിജിലന്‍സിനു മുന്നിലെത്തിയിരുന്നു.

കോഴ നല്‍കിയവര്‍ വേദിയിലെത്തുമ്പോള്‍ സവിശേഷമായ അടയാളങ്ങളിലൂടെ കോഴസംഘത്തിലുള്ള വിധികര്‍ത്താക്കളെ അറിയിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നു. മോഹിനിയാട്ടം നര്‍ത്തകര്‍ മുടിക്കെട്ടിനു ചുറ്റും മുല്ലപ്പൂ ചൂടുന്നതാണു പതിവ്. പണം നല്‍കിയവര്‍ മുടിക്കെട്ടിനു നടുവിലും മുല്ലപ്പൂ വയ്ക്കും. അരപ്പട്ടയ്ക്കു താഴെ ഒരു മാല കൂടി ചുറ്റുന്നതായിരുന്നത്രേ കുച്ചിപ്പുടിയില്‍ കോഴ നല്‍കിയെന്നതിന്റെ അടയാളം!

Ads by Google
സന്ദീപ് എസ്. നായര്‍
Friday 05 Jan 2018 09.06 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW