തിരൂര്‍: കാസര്‍ഗോഡുനിന്നു കാല്‍നടയായി ശബരിമലയ്ക്കു പുറപ്പെട്ടവര്ക്കൊപ്പം ചേര്‍ന്ന തെരുവുനായ പാതിവഴിയില്‍ നടന്നുകുഴഞ്ഞ് യാത്ര അവസാനിപ്പിച്ചെങ്കിലും മടക്കയാത്രയില്‍ ഒപ്പംകൂട്ടാന്‍ മറക്കാതെ തീര്‍ഥാടക സംഘം. ക്ഷണിക്കാതെ വന്ന സഹയാത്രികന് ഇനി ഗുരുസ്വാമിയുടെ വീട്ടുകാവല്ക്കാരന്.
38 പേരടങ്ങിയ കാസര്‍ഗോഡുനിന്നുള്ള തീര്‍ഥാടക സംഘത്തോടൊപ്പമാണ് തെരുവുനായയും ചേര്‍ന്നത്. പകല്‍ മുഴുവന്‍ നടന്നും രാത്രി ക്ഷേത്രസങ്കേതങ്ങളില്‍ തങ്ങിയുമുള്ള യാത്രയ്ക്കിടയില്‍ നായയും തീര്‍ഥാടകരുമായി കൂടുതല്‍ അടുത്തു. താനൂരിലെത്തിയപ്പോള് നായ തളര്‍ന്നെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സംഘാംഗങ്ങള്‍ക്കു മനസുവന്നില്ല. തുടര്‍ന്ന് ഓട്ടോ വിളിച്ച് തൃക്കണ്ടിയൂരിനു സമീപമുള്ള മൃഗസ്നേഹിയായ ഹരിയെ ഏല്‍പ്പിച്ച് മടക്കയാത്രയില്‍ ഒപ്പംകൂട്ടാമെന്നു വാക്കു നല്കി തീര്‍ഥാടകര്‍ യാത്ര തുടര്‍ന്നു.
ദിവസങ്ങള്‍ക്കുശേഷം ശബരീശദര്ശനവും നടത്തി ടെമ്പോ ട്രാവലറില്‍ സംഘം ഇന്നലെ തിരൂരിലെത്തുമ്പോള്‍ ഹരിയുടെ പരിചരണത്തില്‍ നായ ഉഷാറായിരുന്നു. ഉപേക്ഷിച്ചുപോയെന്നു കരുതിയവരെ തിരിച്ചറിഞ്ഞു നായ നടത്തിയ സ്നേഹപ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു.
നായയുടെ കഴുത്തില്‍ മാല ചാര്‍ത്തി യാത്രയാക്കുമ്പോള്‍ കാഴ്ചക്കാര്‍ക്കും ആഹ്ളാദം. നായയെ ഉപേക്ഷിക്കില്ലെന്നും ഗുരുസ്വാമിയുടെ വീട്ടില്‍ വളര്‍ത്തുമെന്നും തീര്‍ഥാടക സംഘം പറഞ്ഞു.