Friday, March 23, 2018 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google

മറുവിചാരം

Jaison Mathew
Jaison Mathew
Thursday 04 Jan 2018 04.43 PM

സ്‌റ്റൈല്‍ മന്നന്റെ രാഷ്ട്രീയ റോള്‍ സൂപ്പര്‍ ഹിറ്റാകുമോ അതോ ബോക്‌സോഫീസില്‍ മൂക്കുംകുത്തി വീഴുമോ

ലോക സിനിമയില്‍ തന്നെ രജനീകാന്തിന് മാത്രം പ്രേക്ഷകര്‍ കൊടുക്കുന്ന ഒരാനുകൂല്യമുണ്ട്. യുക്തിയില്ലാത്ത ഏത് രംഗങ്ങളിലും അദ്ദേഹത്തിന് അഭിനയിക്കാം. എത്ര അമാനുഷികമായ കാര്യവും രജനീകാന്ത് ചെയ്താല്‍ പ്രേക്ഷകന്‍ വിശ്വസിക്കും അല്ലെങ്കില്‍ രജനീകാന്തിന് മാത്രമേ ഇതൊക്കെ സാധിക്കൂ എന്ന് പ്രേക്ഷകനും കണ്ണടയ്ക്കും. അമാനുഷിക രംഗങ്ങളിലെ യുക്തിരാഹിത്യം ആരും ചോദ്യം ചെയ്യാറില്ല. എന്നാല്‍ അങ്ങനെയൊരു വിട്ടുവീഴ്ച രാഷ്ട്രീയത്തില്‍ കിട്ടില്ല
Rajanikanth

കലങ്ങി മറിഞ്ഞ തമിഴ് രാഷ്ട്രീയത്തിലേക്കാണ് സൂപ്പര്‍ താരം രജനീകാന്തിന്റെ വരവ്. ഏതാണ്ട് രണ്ട് പതിറ്റാണ്ട് നീണ്ട അനിശ്ചിതത്വത്തിന് വിരാമിട്ട് കൊണ്ടാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. സിനിമയും രാഷ്ട്രീയവും തമ്മില്‍ ഇത്രമേല്‍ ഇഴുകിചേര്‍ന്ന സംസ്ഥാനം വേറെയില്ല. എംജിആര്‍ മുതല്‍ ജയലളിത വരെയുള്ള നേതാക്കള്‍ തമിഴക രാഷ്ട്രീയത്തില്‍ സിനിമയില്‍ നിന്ന് എത്തി തിളങ്ങിയവരാണ്. ഈ സാധ്യത തന്നെയാണ് രാഷ്ട്രീയപ്രവേശത്തിന് രജനിയേയും പ്രേരിപ്പിക്കുന്നത്. തലയെടുപ്പുള്ള നേതാക്കള്‍ നയിച്ച തമിഴ് രാഷ്ട്രീയം ഇന്ന് അനാഥമാണ്. ജയലളിത അന്തരിച്ചു. കരുണാനിധി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു.

അണ്ണാ ഡിഎംകെയിലേയും ഡിഎംകെയിലേയും രണ്ടാം നിര നേതാക്കളാണ് ഇരു പാര്‍ട്ടികളേയും നയിക്കുന്നത്. അണ്ണാ ഡിഎംകെ ഭിന്നിച്ച് രണ്ട് വിഭാഗങ്ങളായി നില്‍ക്കുന്നു. 2ജി കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടെങ്കിലും രാധാകൃഷ്ണ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് കെട്ടിവച്ച കാശ് പോലും നഷ്ടപ്പെട്ടു. രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ തീര്‍ത്തും ദുര്‍ബലം. ഒപ്പം ജയലളിതയുടേയും കരുണാനിധിയുടേയും അസാന്നിധ്യം തീര്‍ത്ത വിടവും. ഈ സാഹചര്യം തന്നെ ആകാം രജനിയെ ഇപ്പോള്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പ്രേരിപ്പിച്ച ഘടകം.

എന്നാല്‍ രജനീകാന്തിന് മുന്നിലുള്ള വഴി അത്ര എളുപ്പമുള്ളതല്ല. അമ്പതിനായിരത്തോളം ഫാന്‍സ് ക്ലബുകളാണ് രനീകാന്തിന്റെ പിന്‍ബലം. തിരശീലയിലെ പ്രകടനം കണ്ട് ആരാധകരായ ലക്ഷങ്ങളെ അണിനരത്തി കേഡര്‍ സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് രജനീകാന്ത് നേരിടുന്ന പ്രാഥമിക വെല്ലുവിളി. താരപ്രഭ കണ്ടുകൊണ്ട് മാത്രം വോട്ട് ചെയ്യുന്ന കാലം തമിഴ്നാട്ടില്‍ ഏതാണ്ട് കുറഞ്ഞുവരികയാണ്. വിജയകാന്തിന്റെ പതനം അതാണ് സൂചിപ്പിക്കുന്നത്. ശരത്കുമാര്‍, കരുണാസ് എന്നീ താരങ്ങള്‍ എംഎല്‍എമാരാണ് എങ്കിലും വലിയ സ്വാധീനം ചെലുത്താനായിട്ടില്ല. സമീപകാലത്ത് രാഷ്ട്രീയത്തില്‍ എത്തിയ താരങ്ങളുടെ പതനം പരിശോധിച്ചാല്‍ സിനിമാരംഗത്ത് നിന്ന് വന്ന് വന്‍ ജനസ്വാധീനം നേടിയ അവസാന നേതാവ് ജയലളിതയാണെന്ന് പറയേണ്ടി വരും.

എന്നാല്‍ ജയലളിതയോ കരുണാനിധിയോ ഒന്നും ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയത്തില്‍ വന്നവരല്ല. എംജിആര്‍ വഴി രാഷ്ട്രീയത്തില്‍ എത്തുകയും പ്രവര്‍ത്തന പാരമ്പര്യം നേടുകയും ചെയ്ത ശേഷമാണ് ജയ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്. അണ്ണാദുരൈയുടെ പാരമ്പര്യം വിദഗ്ദമായി ഉപയോഗിച്ചു കൊണ്ടാണ് എംജിആറിന്റെ തന്നെ രാഷ്ട്രീയ പ്രവേശനം. കരുനാനിധിയും വ്യത്യസ്തനല്ല. ഇവരില്‍ നിന്ന് രജനീകാന്തിനെ വ്യത്യസ്തനാക്കുന്നത് വര്‍ഷങ്ങളുടെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പെട്ടന്നൊരു ദിവസം രാഷ്ട്രീയം പ്രവേശനം പ്രഖ്യാപിക്കുകയും തമിഴ്‌നാട്ടിലെ 234 സീറ്റുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. സിനിമ കണ്ട് കയ്യടിക്കുന്ന ആരാധകര്‍ക്കപ്പുറം വ്യക്തമായ രാഷ്ട്രീയ അടിത്തറ രജനി ഇനിനും സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

ആരാധക പിന്തുണയ്ക്കപ്പുറം ബഹുജനങ്ങളുടെ കൂടി പിന്തുണ ഉറപ്പാക്കിയാല്‍ മാത്രമേ രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയൂ. രജനീകാന്ത് ഒറ്റയ്ക്ക് നിന്നാല്‍ അത് എത്രത്തോളം സാധ്യമാകുമെന്ന് കണ്ടറിയണം. മറ്റൊരു സാധ്യത ബിജെപിക്കൊപ്പം കൂടുക എന്നതാണ്. തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഇനിയും കാലുറപ്പിക്കാനായിട്ടില്ല. ആര്‍കെ നഗറില്‍ നോട്ടയ്ക്കും പിന്നിലായിരുന്നു അവരുടെ സ്ഥാനം. ജയലളിതയും കരുണാനിധിയും ഇല്ലാത്ത തമിഴക രാഷ്ട്രീയത്തിലെ ശൂന്യത മുതലാക്കാമെന്നതാണ് രജനീകാന്തിന്റെ മുന്നിലുള്ള ഏക പ്രതീക്ഷ.

രണ്ട് പതിറ്റാണ്ട് വൈകിയാണ് രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം. ജയലളിതയുടെ ഒന്നാം സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ക്കെതിരെ രജനീകാന്ത് നടത്തിയ പ്രസ്താവന അന്ന് ഡിഎംകെ-ടിഎംസി സഖ്യത്തെ ഭരണത്തില്‍ വരാന്‍ സഹായിച്ചിരുന്നു. അന്ന് രജനീകാന്തിന് രാഷ്ട്രീയ പ്രവേശനത്തിന് അനുയോജ്യമായ കാലാവസ്ഥയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. തമിഴ്‌നാട്ടില്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച പിസി സിറിയക് ഐഎഎസ് തന്നെ ഇക്കര്യം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്ന് അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന പിന്‍വലിഞ്ഞു. കാരണം അജ്ഞാതം.

ഇപ്പേള്‍ വൈകിയ വേളയിലുള്ള വരവിലൂടെ എന്ത് ചെയ്യാനാകുമെന്ന് കണ്ടറിയണം. 67 വയസാണ് അദ്ദേഹത്തിന്റെ പ്രായം. തീവ്ര തമിഴ് വികാരം ഉയര്‍ത്തിപ്പിടിക്കുന്നവരെ രജനീകാന്തിന്റെ മറാത്ത വേരുകള്‍ അസ്വസ്ഥമാക്കും. മറ്റ് പാര്‍ട്ടികളോട് ഏറ്റുമുട്ടാന്‍ പാകത്തില്‍ ശക്തമായ കേഡര്‍ സംവിധാനം കെട്ടിപ്പെടുക്കുക എന്നതും വെല്ലുവിളിയാണ്. 67-ാം വയസില്‍ ഇതെല്ലാം സാധ്യമാക്കുക എന്നത് വെല്ലുവിളിയാണ്. കമല്‍ഹാസന്‍ അടക്കം രാഷ്ട്രീയ മോഹികളായ മറ്റ് താരങ്ങളുടെ നിലപാടുകളും രജനിയുടെ നീക്കങ്ങളെ സ്വാധീനിക്കും.

ലോക സിനിമയില്‍ തന്നെ രജനീകാന്തിന് മാത്രം പ്രേക്ഷകര്‍ കൊടുക്കുന്ന ഒരാനുകൂല്യമുണ്ട്. യുക്തിയില്ലാത്ത ഏത് രംഗങ്ങളിലും അദ്ദേഹത്തിന് അഭിനയിക്കാം. എത്ര അമാനുഷികമായ കാര്യവും രജനീകാന്ത് ചെയ്താല്‍ പ്രേക്ഷകന്‍ വിശ്വസിക്കും അല്ലെങ്കില്‍ രജനീകാന്തിന് മാത്രമേ ഇതൊക്കെ സാധിക്കൂ എന്ന് പ്രേക്ഷകനും കണ്ണടയ്ക്കും. അമാനുഷിക രംഗങ്ങളിലെ യുക്തിരാഹിത്യം ആരും ചോദ്യം ചെയ്യാറില്ല. എന്നാല്‍ അങ്ങനെയൊരു വിട്ടുവീഴ്ച രാഷ്ട്രീയത്തില്‍ കിട്ടില്ല. അവിടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന വിദ്യകള്‍ വിജയിക്കില്ല. ചിലരെ കുറച്ചു കാലം പറ്റിക്കാനായേക്കും എന്നാല്‍ എല്ലാക്കാലവും പറ്റിക്കാനാകില്ല. സിനിമയുടെ താരപ്രഭ മാത്രം മതിയാകില്ല ജനത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍.

ഇനിയും പുറത്ത് വരാനിരിക്കുന്ന നിലപാടുകള്‍ തന്നെയാണ് രജനീകാന്ത് എന്ന രാഷ്ട്രീയ നേതാവിന്റെ ഭാവി നിശ്ചയിക്കുന്നത്. രണ്ടര മണിക്കൂര്‍ സ്‌ക്രീനില്‍ കാണിക്കുന്ന ഗിമ്മിക്‌സ് അല്ല രാഷ്ട്രീയം. അതുകൊണ്ട് തന്നെ രജനിയുടെ രാഷ്ട്രീയക്കാരന്റെ റോള്‍ സൂപ്പര്‍ ഹിറ്റാകുമോ അതോ ഫ്‌ളോപ്പ് ആകുമോ എന്നത് കാത്തിരുന്നു കാണാം.

Ads by Google
TRENDING NOW