Wednesday, January 10, 2018 Last Updated 51 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 08.07 AM

ലഹരി പകരാന്‍ കഞ്ചാവ് മുതല്‍ അര്‍ബുദത്തിനുള്ള മരുന്നുവരെ ; കൊച്ചിയിലെ കണ്ണികള്‍ക്കായി അന്വേഷണം

uploads/news/2018/01/180198/drugs.jpg

കൊച്ചി: ചുരുങ്ങിയ കാലംകൊണ്ടു രാജ്യത്തെ മയക്കുമരുന്ന് ഹബ് എന്നു കുപ്രസിദ്ധി നേടിയ കൊച്ചിയെ ലഹരിയിലാഴ്ത്താന്‍ വിതരണം ചെയ്യുന്നത് കഞ്ചാവു മുതല്‍ അര്‍ബുദരോഗികള്‍ക്കു കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന ബ്യൂപ്രനോര്‍ഫിന്‍ വരെ. ആഘോഷങ്ങളുടെ മറവില്‍ നടക്കുന്ന മയക്കുമരുന്നു വില്‍പ്പനയിലും ഉപയോഗത്തിലും പങ്കാളികളാകുന്നവരില്‍ ഏറെയും യുവജനങ്ങള്‍. ഡി.ജെ. പാര്‍ട്ടികളുടെ മറവില്‍ വന്‍ തോതിലാണു വിപണനം.

പോലീസിനെയും നാര്‍ക്കോട്ടിക് സെല്ലിനെയും നോക്കുകുത്തിയാക്കി മയക്കുമരുന്നു മാഫിയ അനുദിനം തഴച്ചുവളരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ വരവോടെ കഞ്ചാവ് സമൃദ്ധമായി ലഭിക്കുന്നുണ്ട്. ലഹരിപേസ്റ്റുകള്‍, ബ്രൗണ്‍ ഷുഗര്‍, കൊക്കെയ്ന്‍, ചരസ്, പെത്തഡിന്‍ എന്നിവയ്ക്കു പുറമേ ബ്യൂപ്രനോര്‍ഫിനും ഈ ഗണത്തില്‍ ലഭ്യമാണ്.

ബ്യൂപ്രനോര്‍ഫിന്റെ ഉപയോഗം ശാരീരികവും മാനസികവുമായി കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍നിന്നാണു വേദനസംഹാരിയായ ഇത് കൊച്ചിയിലെത്തിക്കുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പിലൂടെ മാത്രം വിതരണം ചെയ്യേണ്ട മരുന്ന് ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിച്ച് യാതൊരു നിയന്ത്രണവുമില്ലാതെ ഉയര്‍ന്ന വിലയ്ക്കു വിറ്റഴിക്കുന്നു. ഏതാനും മാസം മുമ്പ് വിതരണക്കാരില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായതോടെയാണു ബ്യൂപ്രനോര്‍ഫിന്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയത്. മയക്കുമരുന്നിന് അടിമകളായവരെ ഉപയോഗിച്ചാണു വിതരണം.

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ 25 കോടിയുടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തില്‍ പ്രധാനകണ്ണിയെ പോലീസ് തെരയുന്നു. മാരക മയക്കുമരുന്നായ കൊക്കെയ്നുമായി പിടിയിലായ ഫിലിെപ്പെന്‍സ് യുവതി ജൊഹന്നയെ ചോദ്യം ചെയ്തതോടെ അന്വേഷണ സംഘത്തിനു നിര്‍ണായക വിവരം ലഭിച്ചു. ബ്രസീലില്‍നിന്നാണു ഇത് എത്തിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായ യുവതി രാജ്യാന്തര മയക്കുമരുന്നുസംഘത്തിലെ കണ്ണിയാണ്.

നാര്‍ക്കോട്ടിക് സെല്ലും ലോക്കല്‍ പോലീസുമാണ് അന്വേഷിക്കുന്നത്. ആര്‍ക്കുവേണ്ടിയാണു മയക്കുമരുന്ന് എത്തിച്ചതെന്ന് ഇനിയും യുവതി വ്യക്തമാക്കിയിട്ടില്ല. ഇവര്‍ക്കായി മുറി ബുക്ക് ചെയ്തിരുന്ന ആഡംബര ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി. ബുക്ക് ചെയ്ത ആളെ തിരിച്ചറിഞ്ഞാല്‍ മയക്കുമരുന്നു കടത്തിനു പിന്നിലെ വന്‍ സ്രാവുകളെ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നുവേട്ട നടക്കാറുണ്ടെങ്കിലും പിടിയിലാകുന്നതു കാരിയറായി പ്രവര്‍ത്തിക്കുന്നവര്‍ മാത്രം. ചെറുമീനുകള്‍ കുടുങ്ങുന്ന സ്ഥിതിയാണുള്ളത്.

നേരത്തേ അറസ്റ്റിലായവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു വിദേശയുവതിയെ പിടിക്കാനായത്. നെടുമ്പാശേരി വിമാനത്താവളം വഴി പുതുവല്‍സരാഘോഷത്തിനു വന്‍തോതില്‍ മയക്കുമരുന്ന് എത്തുമെന്നു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു വിമാനത്താവളത്തില്‍ കനത്ത ജാഗ്രത പാലിക്കുകയായിരുന്നു.

Ads by Google
Wednesday 03 Jan 2018 08.07 AM
YOU MAY BE INTERESTED
TRENDING NOW