Sunday, June 16, 2019 Last Updated 6 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jan 2018 03.30 PM

കാട്ടിലെ പ്രണയകഥയുമായി മയില്‍...

uploads/news/2018/01/179944/CiniLOcTMayilmove.jpg

വയനാട് സഞ്ചാരികളുടെ പറുദീസയാണ്. താമരശ്ശേരി ചുരം കയറി വയനാടിന്റെ മുകള്‍ത്തട്ടിലേക്കെത്തുമ്പോഴേയ്ക്കും വയനാടിന്റെ വനഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞിരിക്കും.കോടമഞ്ഞ് പെയ്തിറങ്ങുന്ന വയനാടന്‍ മലനിരകളുടെ സൗന്ദര്യം കാഴ്ചയില്‍ നവ്യാനുഭൂതി പകരും. വയനാട്ടിലെ മഞ്ഞും കുളിരും മഴയും കുന്നും ഏതൊരാളുടെയും ഹൃദയം കവരുന്നത് സ്വാഭാവികം മാത്രം.

ഭൂമിശാസ്ത്രപരമായ വയനാടിന്റെ സൗന്ദര്യം ആകര്‍ഷകമെങ്കിലും നൂറ്റാണ്ടുകളായി തുടരുന്ന അധിനിവേശത്തിന്റെയും കൈയേറ്റത്തിന്റെയും ചൂഷണത്തിന്റെയും നേരറിവുകള്‍ ഈ നാടിനെ വേറിട്ട് നിര്‍ത്തുന്നു.

വയനാട്ടിലെ വിശാലമായ നെല്‍പ്പാടങ്ങളില്‍ എല്ലുമുറിയെ പണിയെടുത്ത് മണ്ണില്‍ കനകം വിളയിച്ച വയനാടിന്റെ സ്വന്തം മക്കളായ ആദിവാസികള്‍ കാട്ടിനുള്ളില്‍ ഒരുതുണ്ട് ഭൂമിപോലും ലഭിക്കാതെ മേലാളന്മാരുടെ മുന്നില്‍ മുട്ടുമടക്കുന്നത് വര്‍ത്തമാനകാല വയനാടിന്റെ സങ്കടകരമായ കാഴ്ചയാണ്.

കാട്ടിനുള്ളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട് ഭൂമിയില്ലാതെ ഒറ്റപ്പെട്ട് പോകുന്ന ആദിവാസികളുടെ ജീവിതം അനാവരണം ചെയ്യുന്ന ഒരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ശരത്ത്ചന്ദ്രന്‍ വയനട് സംവിധാനം ചെയ്യുന്ന മയില്‍.

കേരളത്തില്‍ ഏറ്റവും കുടുതല്‍ ആദിവാസികളുള്ളത് വയനാട്ടിലാണ്. കാട്ടിനുള്ളില്‍ ജീവിക്കുന്ന ആദിവാസികളുടെ നിലവിളി കേരളീയ സമൂഹ്യജീവിതത്തില്‍ പലപ്പോഴും മുഖ്യധാരയില്‍ നിന്നും ഒറ്റപ്പെട്ടു പോകുന്നു.

കണ്ണൂര്‍ ജില്ലയിലെ കോട്ടയം രാജഭരണകാലത്താണ് വയനാട്ടിലെ ആദിവാസികളുടെ ജീവിതഘടനയില്‍ സാരമായ മാറ്റം വന്നത്. ആദിവാസികളുടെ കൃഷിഭൂമിയും വനവിഭവങ്ങള്‍ ശേഖരിച്ചിരുന്ന കാടുകളും ദേശവാഴികളായ നായര്‍ പ്രമാണിമാരുടെ കൈകളിലായി. ഭൂമിക്ക് കൈവശരേഖ വേണമെന്നറിയാത്ത ആദിവാസികള്‍ അടിമകളായി മാറി.

uploads/news/2018/01/179944/CiniLOcTMayilmove2.jpg

കോട്ടയം രാജകുടുംബത്തിലെ പടിഞ്ഞാറെ കോവിലകത്തുകാരനായ കേരളവര്‍മ്മ പഴശ്ശിരാജാവ് തനിക്കവകാശപ്പെട്ട വയനാടിനു വേണ്ടി ഈസ്റ്റിന്ത്യാ കമ്പനിയുമായി നടത്തിയ നീണ്ട യുദ്ധത്തില്‍ ആദിവാസികളുടെ പങ്ക് വളരെ വലുതായിരുന്നു. പഴശ്ശി കലാപം അടിച്ചമര്‍ത്തപ്പെട്ടതോടെ വയനാട്ടിലെ കുറിച്യാരും കുറുമരും 1812-ല്‍ വടക്കേ വയനാട്ടില്‍ സംഘടിച്ച് ഭൂമിക്കായി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ നടത്തിയ സമരം ചരിത്രത്തിന്റെ ഭാഗമാണ്.

1866-ല്‍ വയനാട്ടിലെ ആദ്യത്തെ ഫോറസ്റ്റ് ഓഫീസറായി ക്യാപ്റ്റന്‍ ഗിബ്ബ് നിയമിതനായതോടെയാണ് വയനാടന്‍ കാടുകള്‍ ഇംഗ്ലീഷുകാര്‍ അമിതമായി ചൂഷണം ചെയ്യാന്‍ തുടങ്ങിയത്. നെല്‍കൃഷിയില്‍നിന്നു മാറി ഏലത്തിന്റെയും ചന്ദനത്തിന്റെയും കുരുമുളകിന്റെയും കേന്ദ്രമായി വയനാട് മാറിയപ്പോഴും ആദിവാസികള്‍ അടിമപ്പണിക്കാരാവുകയായിരുന്നു.

1875-ല്‍ ആസ്‌ത്രേലിയക്കാരനായ വിഥേഴ്‌സിന്റെ നേതൃത്വത്തില്‍ മേപ്പാടി, വൈത്തിരി, ദേവാല, ചേരമ്പാടി, പന്തലൂര്‍ എന്നിവിടങ്ങളില്‍ സ്വര്‍ണഖനനത്തിന് തുടക്കം കുറിച്ചു. 33 ഇംഗ്ലീഷ് കമ്പനികള്‍ നടത്തിയ സ്വര്‍ണപര്യവേഷണയില്‍ അടിമകളായ ആദിവാസികള്‍ക്ക് നരകയാതനയായിരുന്നു.

നൂറ്റാണ്ടുകളായി ചൂഷണം അനുഭവിക്കുന്ന ആദിവാസികളുടെ ജീവിതം ഇന്നും ദുരിതപൂര്‍ണമാണ്. വയനാട്ടിലെ മുത്തങ്ങയില്‍ ഭൂമിക്കായി ആദിവാസികള്‍ നടത്തിയ സമരം കേരളം മുഴുവന്‍ ചര്‍ച്ചാവിഷയമായി. എന്നാല്‍ കാട്ടിനുള്ളില്‍ ജീവിക്കുന്ന ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള സങ്കടങ്ങള്‍ കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പരിഗണിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ പല ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെങ്കിലും ഭൂമി നല്‍കുന്നില്ലെന്നത് നിഗൂഢതയായി തുടരുന്നു.

കാട്ടിനുള്ളില്‍ ജീവിക്കുന്ന ആദിവാസികളുടെ സ്വന്തമായി ഒരു തുണ്ട് ഭൂമിക്കു വേണ്ടിയുള്ള ശബ്ദമാണ് മയില്‍ എന്ന ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. മലയാളസിനിമയില്‍ ട്രൈബല്‍സിന്റെ ജീവിതം സിനിമയായിട്ടുണ്ടെങ്കിലും ആദിവാസികള്‍ക്ക് ഭൂമി ലഭിക്കണമെന്ന ആവശ്യം ഇതിവൃത്തമാകുന്ന സിനിമയായി മയില്‍ മാറുകയാണ്.

uploads/news/2018/01/179944/CiniLOcTMayilmove1.jpg

വയനാട്ടില്‍ മാത്രമല്ല, കേരളത്തിലെ കാടുകളില്‍ ജീവിക്കുന്ന ഭൂമിയില്ലാത്ത ആദിവാസികളുടെ മാനസികാവസ്ഥയും സങ്കടങ്ങളും സമാനതയുള്ളതാണെന്നും ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു.

ഭരതന്‍, ഐ.വി. ശശി, ലാല്‍ജോസ് ഉള്‍പ്പെടെയുള്ള സംവിധായകരോടൊപ്പം അമ്പതോളം സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ശരത്ചന്ദ്രന്‍ വയനാടിന്റെ മൂന്നാമത്തെ ചിത്രമാണ് മയില്‍.

ഭൂമിക്കു വേണ്ടിയുള്ള സമരം കൊടുമ്പിരികൊള്ളുന്ന സമയത്താണ് കാട്ടിനുള്ളില്‍ താമസിച്ചിരുന്ന മുത്തുവും ഭാര്യ കാര്‍ത്തുവും മകള്‍ കുയിലും ഭൂമിക്കുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. തമിഴ്‌നാട്ടിലെ ഒരുഗ്രാമത്തില്‍ നിന്നും കാട്ടിലെത്തിയ മുത്തു കാര്‍ത്തുവിനെ കല്യാണം കഴിക്കുകയായിരുന്നു. ഭാര്യയും മകളുമടങ്ങുന്ന തന്റെ കുടുംബത്തിന് സ്വന്തമായി ഭൂമി വേണമെന്നത് ജീവിതാഭിലാഷമാണ്. ഭൂമിക്കു വേണ്ടിയുള്ള സമരത്തില്‍ മുത്തുവും കുടുംബവും മുന്നില്‍ നില്‍ക്കുന്നു.

സമരക്കാര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവയ്പില്‍ മുത്തു വെടിയേറ്റ് വീഴുന്നു. അവകാശ സമരത്തിന്റെ അങ്കക്കളരിയില്‍ അടിയുറച്ചുനിന്ന് പോലീസിന്റെ വെടിയേറ്റ് വീണ് അച്ഛന്റെ ചോര പുരണ്ട മണ്ണ് കൈയിലെടുത്ത് അമ്മയെയും കൂട്ടി മകള്‍ കുയില്‍ മറ്റൊരു ഗ്രാമത്തിലേക്കു പലായനം ചെയ്യുന്നു.

പീലിക്കാവ് ഗ്രാമത്തിലെത്തുന്ന കുയിലിനും അമ്മയ്ക്കും അഭയം നല്‍കുന്നത് കാളിയമ്മയാണ്. ഭൂമിക്കു വേണ്ടിയുള്ള സമരത്തില്‍ തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കാന്‍ കുയില്‍ തീരുമാനിക്കുന്നു. തന്റെ അച്ഛന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഉള്ളില്‍ അടങ്ങാത്ത പ്രതികാരവുമായി പുറമേയ്ക്ക് സൗമ്യതയുള്ള പെണ്‍കുട്ടിയായി സമരമുഖത്ത് നില്‍ക്കുന്ന കുയിലിന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും കുറുമ്പനെന്ന യുവാവിനെ ആകര്‍ഷിക്കുന്നു.

ഭൂമിക്കു വേണ്ടിയുള്ള സമരത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന കുറുമ്പനെ കുയില്‍ കാണുന്നു. സമരമുഖത്ത് ആവേശത്തോടെ നിലയുറപ്പിക്കുമ്പോള്‍ കുയിലും കുറുമ്പനും തമ്മിലുള്ള അനുരാഗം മൊട്ടിടുന്നു.

മഞ്ഞും മഴയും ചേര്‍ന്ന് പച്ചപ്പരവതാനി വിരിച്ചു നില്‍ക്കുന്നു. നയനമനോഹരമായ കാടിന്റെ അസാമാന്യമായ സൗന്ദര്യത്തില്‍ കുയിലിന്റെയും കുറുമ്പന്റെയും പ്രണയം തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്നതോടെ മയിലിന്റെ കഥ മറ്റൊരു വഴിയിലൂടെയാണ് കടന്നുപോകുന്നത്.

uploads/news/2018/01/179944/CiniLOcTMayilmove3.jpg

മുത്തുവായി ലാലും കാര്‍ത്തുവായി പ്രവീണയും കുയിലായി പ്രിയാ ലാലും കുറുമ്പനായി ജീവനും കാളിയമ്മയായി കുളപ്പുള്ളി ലീലയും അഭിനയിക്കുന്നു. സംവിധായകന്‍ ലാല്‍ജോസ് ഈ ചിത്രത്തില്‍ മാഷായി വേഷമിടുന്നു.

കലിംഗ ശശി, അബു സലിം, മുഹമ്മദ് പേരാമ്പ്ര, സാജു കൊടിയന്‍, വിനോദ് കോവൂര്‍, ഹരിഗോവിന്ദ്, ഹരികൃഷ്ണന്‍ ഗുരുവായൂര്‍, സ്‌നേഹശ്രീകുമാര്‍ എന്നിവരും കുയിലില്‍ വേഷമിടുന്നു.

ക്രിയേറ്റീവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പോള്‍ പൊന്‍മണി നിര്‍മ്മിക്കുന്ന മയിലിന്റെ ചിത്രീകരണം വയനാട്ടിലെ മുത്തങ്ങ, വൈത്തിരി, തമിഴ്‌നാട്ടിലെ ഒഗനക്കല്‍, എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. ചിത്രത്തിലെ അഞ്ചു ഗാനങ്ങളും രചിച്ചിരിക്കുന്നത് ശരത്ചന്ദ്രന്‍ വയനാടാണ്.
ടൈറ്റില്‍ കാര്‍ഡ്:

ബാനര്‍- ക്രിയേറ്റീവ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- പോള്‍ പൊന്‍മണി, കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം- ശരത്ചന്ദ്രന്‍ വയനാട്, ക്യാമറ- പോള്‍ ബത്തേരി, പ്രോജക്ട് ഡിസൈനര്‍- സുനില്‍ ദത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കല- മനു ജഗത്ത്, സംഗീതം- പൗലോസ് ജോണ്‍സ്, ചമയം- ഷാജി കൊരട്ടി, വസ്ത്രം- രാധാകൃഷ്ണന്‍ മങ്ങാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ദിലീപ് കോതമംഗലം, ബിജു കടവൂര്‍, സ്റ്റില്‍സ്- സന്തോഷ് കുട്ടീസ്, പി.ആര്‍.ഒ. എം.എസ്.
ദാസ് മാട്ടുമന്ത.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: സന്തോഷ് കുട്ടീസ്

Ads by Google
Tuesday 02 Jan 2018 03.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW