Friday, April 19, 2019 Last Updated 24 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jan 2018 03.15 PM

സുഹൃത്തെന്ന പിടിവള്ളി

''ജോക്കുട്ടനെപ്പോലൊരാള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ സിനിമയിലേക്ക് ഞാന്‍ എത്തിപ്പെടുമായിരുന്നില്ല. ''
uploads/news/2018/01/179939/Weeklyfrndship020118.jpg

ഒരാള്‍ എന്തായി തീരുന്നു എന്നതില്‍ അയാളുടെ സുഹൃത്ത് പകരുന്ന ആത്മവിശ്വാസത്തിന്റെ പങ്ക് വലുതാണ്. അവനവനില്‍ തന്നെ ഒതുങ്ങാതെ വളരാന്‍ നല്ല സൗഹൃദങ്ങള്‍ സഹായിക്കും. എന്നെ സംബന്ധിച്ച് സുഹൃത്ത് എന്നുമൊരു പിടിവള്ളിയാണ്. ഏത് ഇടര്‍ച്ചയിലും ഒപ്പമൊരാള്‍ ഉണ്ടെന്ന വിശ്വാസവും ധൈര്യവും മാത്രം മതി രണ്ടും കല്‍പ്പിച്ച് മുന്നോട്ട് നീങ്ങാന്‍.

ചങ്ങനാശ്ശേരി മാമ്മൂടാണ് എന്റെ നാട്. അവിടെ ജനിച്ചില്ലായിരുന്നെങ്കില്‍, ജോക്കുട്ടനെ പോലൊരാള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ സിനിമയിലേക്ക് ഞാന്‍ എത്തിപ്പെടുമായിരുന്നില്ല.

കെ.ജി.ജോര്‍ജിന്റെയും ശശികുമാറിന്റെയുമൊക്കെ സഹസംവിധായകനായി എന്റെ അയല്‍ക്കാരനായ ജോക്കുട്ടന്‍ പ്രവര്‍ത്തിച്ചിരുന്നത് ചെറുപ്രായത്തില്‍ കേട്ടതാണ് ഫിലിം ഫീല്‍ഡിലേക്കെന്നെ ആകര്‍ഷിച്ചത്. ആദ്യ സംവിധാന സംരംഭം സാമ്പത്തികനഷ്ടം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് അദ്ദേഹം വിദേശത്തേക്ക് പോയി.

എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ക്രിസ്മസ് രാത്രിയില്‍ ഇടവകപ്പള്ളിയില്‍വച്ചാണ് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടുന്നത്. ശ്രീമൂലനഗരം മോഹനന്റെ 'സമാധി' എന്ന രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം ഞാന്‍ അവതരിപ്പിച്ചത് കണ്ട് അദ്ദേഹമെന്നെ അഭിനന്ദിച്ചു.

സിനിമകള്‍ കണ്ടശേഷം അഭിപ്രായങ്ങളും മറ്റും പറയുമ്പോള്‍ ആധികാരികമായ ഒരു മറുപടി നല്‍കാനൊന്നും അതുവരെ ആരും ഉണ്ടായിരുന്നില്ല.എന്റെ വീക്ഷണങ്ങള്‍ ശ്രദ്ധിച്ച് ക്രിയേറ്റീവ് സൈഡില്‍ ഞാന്‍ ശോഭിക്കുമെന്ന് ആദ്യമായി പറഞ്ഞത് ജോക്കുട്ടനാണ്.

ആ സമയം സാമ്പത്തികമായി നല്ലനിലയിലായിരുന്ന അദ്ദേഹത്തിന് മദ്രാസില്‍ ലെതറിന്റെ ബിസിനസ്സ് ഉള്ളതായി എനിക്കറിയാമായിരുന്നു. സിനിമാസ്വപ്നങ്ങള്‍ക്ക് അന്ന് ചിറകുവിരിയിച്ചിരുന്നത് മദ്രാസും കോടമ്പക്കവും ആയിരുന്നല്ലോ? നടനാകണോ സംവിധായകനാകണോ അങ്ങനെ വ്യക്തമായ ലക്ഷ്യബോധമില്ലെങ്കിലും ഫിലിം ഫീല്‍ഡില്‍ എത്തപ്പെടണമെന്ന ആഗ്രഹമുണ്ട്.

ജോക്കുട്ടനൊപ്പം മദ്രാസില്‍ വന്നാല്‍ അതിനൊരു അവസരം ഒരുക്കിത്തരാമോ എന്നേ ഞാന്‍ ചോദിച്ചുള്ളൂ. സംവിധാനമായിരിക്കും എനിക്ക് പറ്റിയ മേഖലയെന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു.

ആദ്യം ഒരാളുടെ അസോസിയേറ്റ് ആയിനിന്നുകഴിഞ്ഞ് സ്വതന്ത്ര സംവിധായകനാകുമ്പോള്‍ അദ്ദേഹം തന്നെ ആ ചിത്രം നിര്‍മിക്കാമെന്നുകൂടി പറഞ്ഞപ്പോള്‍ ഒരു സഹോദരന്റെ വാത്സല്യമാണ് അനുഭവപ്പെട്ടത്.

സിനിമാക്കാരനായിട്ടല്ലാതെ തിരിച്ച് നാട്ടിലേയ്ക്കില്ലെന്ന് ഉറപ്പിച്ചാണ് ഞാന്‍ പോയത്. ആദ്യകാലം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. കാര്യം,പാവപ്പെട്ട വീട്ടിലാണ് ജനിച്ചതെങ്കിലും
വിശന്നുകിടക്കേണ്ടി വന്നിട്ടില്ല. പട്ടിണി എന്താണെന്നറിഞ്ഞ നാളുകളായിരുന്നു അത്.

മദ്രാസില്‍ വരുമ്പോഴൊക്കെ ചെലവിനുള്ള കാശ് ജോക്കുട്ടന്‍ കൈയില്‍ വെച്ചുതന്നിരുന്നെങ്കിലും പണം കൈകാര്യം ചെയ്യുന്നതില്‍ മിടുക്കില്ലാത്ത എന്റെ കൈയില്‍ ആഴ്ചാവസാനം പഴയപോലെ തന്നെ ഒന്നും ഇല്ലാതെ വരും. ആ സമയത്ത്, എന്റെ അടുത്ത് താമസിച്ചിരുന്ന തലശ്ശേരിക്കാരന്‍ നാണുവേട്ടന്‍ പറഞ്ഞിട്ട് സൂപ്പര്‍ വൈറ്റ് വില്‍ക്കാന്‍ പോയി.

സൈക്കിള്‍ വാടകയ്‌ക്കെടുത്ത് മലയാളികള്‍ കൂടുതലുള്ള സാന്തോമിലേക്ക് വെച്ചുപിടിക്കും. ഒരു ഡസന്‍ വിറ്റാല്‍ ആറു രൂപയായിരുന്നു മാര്‍ജിന്‍. അങ്ങനെയിരിക്കെ ഒരു ദിവസം മൗണ്ട് റോഡിലൂടെ പോകുമ്പോള്‍ ഒരാളെന്നെ പിന്തുടര്‍ന്ന് സൈക്കിള്‍ തടഞ്ഞുനിര്‍ത്തി. ജോക്കുട്ടനായിരുന്നു അത്.

സൂപ്പര്‍ വൈറ്റ് വില്‍പ്പനയുമായി നടക്കുന്ന എന്നെ നോക്കി ദേഷ്യവും സങ്കടവും കലര്‍ന്ന സ്വരത്തില്‍ അദ്ദേഹം ചോദിച്ചു: ''കാശിന് ആവശ്യമുണ്ടെങ്കില്‍ നിനക്കെന്നോട് ചോദിക്കരുതോ? മേലില്‍ ഇത് ചെയ്തുപോകരുത്.'' താക്കീതായാണ് പറഞ്ഞതെങ്കിലും ആ വാക്കുകളില്‍ നിറഞ്ഞുനിന്ന സ്‌നേഹവും കരുതലും ജോക്കുട്ടനെ എന്റെ മനസിലൊരു ആരാധ്യപുരുഷനാക്കി.

മോഹന്‍ലാല്‍ ഐ.വി.ശശി ടീമിന്റെ വര്‍ണപ്പകിട്ട് നിര്‍മ്മിച്ചത് ജോക്കുട്ടനാണ്. സിംഗപ്പൂരുള്ള പരിചയം ഉപയോഗിച്ച് അവിടെ ഷൂട്ട് ചെയ്ത ചിത്രം പ്രേക്ഷക പ്രീതി നേടിയെങ്കിലും സാമ്പത്തികമായി ജോക്കുട്ടനെ തളര്‍ത്തി.

അദ്ദേഹത്തിന്റെ സ്ഥലവും മറ്റും വില്‍ക്കുന്ന ഘട്ടത്തില്‍ ഞാന്‍ ഇരുന്ന് വിഷമിക്കുമ്പോള്‍ എന്റെ അമ്മ പറഞ്ഞ ഒരു ഉപദേശമുണ്ട് ''ആന കുഴിയില്‍ വീണാല്‍ മറ്റൊരു ആനയ്‌ക്കെ രക്ഷിക്കാന്‍ കഴിയൂ. ''

എങ്കിലും മനസ്സുകൊണ്ട് ഞാന്‍ ജോക്കുട്ടനോടൊപ്പം നിന്നു.വിഷമഘട്ടങ്ങളിലും ദൈവത്തെ പഴി പറയാത്തൊരാളാണ് അദ്ദേഹം. കര്‍ത്താവിനോട് കൂടുതല്‍ അടുപ്പിച്ചത് പരാജയങ്ങളാണെന്ന് പറഞ്ഞ് അതിനെയും പോസിറ്റീവ് ആയി കാണുന്ന ആ മനസ്സ് ഒരു അത്ഭുതമാണ്.

വര്‍ണ്ണപ്പകിട്ട് വിജയിച്ചാല്‍ ആ ലാഭംകൊണ്ട് എന്നെ സ്വതന്ത്ര സംവിധായകനാക്കി ഒരുചിത്രം ചെയ്യാനായിരുന്നു ജോക്കുട്ടന്റെ പ്ലാന്‍. ഇല്ലാത്ത കാശുണ്ടാക്കി ഒരുവിധം സിനിമതുടങ്ങി വയ്ക്കാന്‍ പറ്റുമായിരിക്കും.

പക്ഷെ പൂര്‍ത്തീകരിക്കാന്‍ കഴിയാതെവന്നാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആദ്യ സംവിധാനസംരംഭം എന്ന നിലയ്ക്ക് എന്റെ കരിയറിനെ ആയിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് അത് വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചത്.മറ്റൊരു നിര്‍മാതാവിനെ കണ്ടെത്തി നല്ലരീതിയില്‍ ആദ്യചിത്രം തുടങ്ങണമെന്നും ജോക്കുട്ടനെന്നെ ഉപദേശിച്ചു.

അദ്ദേഹത്തിന്റെ അനുഗ്രഹംകൊണ്ടാണ് ദിലീപിനെപ്പോലെ കരുത്തനായൊരു നിര്‍മാതാവിനൊപ്പം സി.ഐ.ഡി.മൂസ ചെയ്യാനും അത് ഹിറ്റ് ആക്കാനും സാധിച്ചത്. സംവിധാനമാണ് എനിക്ക് യോജിച്ച മേഖലയെന്ന അദ്ദേഹത്തിന്റെ പ്രവചനം അങ്ങനെ ശരിയായി.

ഇപ്പോഴും എന്റെ സിനിമകള്‍ വിജയിക്കുമ്പോള്‍ ഏറ്റവും അധികം സന്തോഷിക്കുന്നതും വീണുപോകുമോ എന്ന തോന്നലില്‍ ടെന്‍ഷന്‍ അടിക്കുന്നതും ജോക്കുട്ടനാണ്. സ്വയം തളര്‍ന്നു നില്‍ക്കുമ്പോഴും എന്റെ ഉയര്‍ച്ച ആഗ്രഹിക്കുന്ന ജോക്കുട്ടന്‍ തന്നെയാണെന്റെ യഥാര്‍ത്ഥ മിത്രം.

സുഹൃത്തുക്കള്‍ക്കിടയില്‍ കടവും കടപ്പാടുമില്ലെങ്കിലും അദ്ദേഹത്തിനായി ഒരുചിത്രം ചെയ്തുകൊടുക്കണമെന്നും അത് വിജയിക്കണമെന്നുമുള്ളത് എന്റെ ആത്മാര്‍ത്ഥമായ ആഗ്രഹമാണ്.അങ്ങനെ ബാധ്യതകളില്‍ നിന്ന് അദ്ദേഹത്തെ കരകയറ്റാന്‍ സാധിച്ചാല്‍ അതുതന്നെയാകും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം.

മീട്ടു റഹ്മത്ത് കലാം
ഫോട്ടോ: ജോയ് മാമ്മൂട്

Ads by Google
Tuesday 02 Jan 2018 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW