Tuesday, December 11, 2018 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 01 Jan 2018 03.07 PM

സ്‌നേഹത്തിന്റെ തന്മാത്ര

സിനിമയ്ക്കുവേണ്ടി ജീവിക്കുന്ന, സിനിമയെ അഗാധമായി സ്നേഹിക്കുന്ന സംവിധായകനും എഴുത്തുകാരനുമായ ബ്ലെസിയുടെ ജീവിതത്തിലൂടെ...
uploads/news/2018/01/179603/bleessy010118.jpg

ബ്ലെസിയുടെ സിനിമകളെല്ലാം സ്നേഹവും ബന്ധങ്ങളും ഊടും പാവും നെയ്തെടുത്ത ശക്തമായ കഥകളുടെ കെട്ടുറപ്പുള്ളതാണ്. സ്നേഹിച്ചു കൊതിതീരാതെ തന്നെ തനിച്ചാക്കി വെളുത്ത മഞ്ഞുപാളികള്‍ക്കുള്ളിലേക്ക് പറന്നകന്ന അച്ഛന്റെയും അമ്മയുടേയും സ്നേഹത്തിനുവേണ്ടി കൊതിക്കുന്ന കൊച്ചുകുഞ്ഞാണ് ബ്ലെസി ഇന്നും.

ആ സ്നേഹത്തെ തന്നിലേക്കാവാഹിച്ച് ജീവിക്കുന്നതുകൊണ്ടുതന്നെ തന്റെ കഥകളിലൂടെ ആ സ്നേഹവും ബന്ധങ്ങളും പുനര്‍ജനിക്കും. ബ്ലെസിയുടെ എല്ലാ കഥകളിലും ഒരിക്കലും കിട്ടാതെപോയ ആ സ്നേഹത്തിന്റെ അവശേഷിപ്പുകളുണ്ട്.

18 വര്‍ഷക്കാലം സിനിമയെന്ന മഹത്തായ കലയെ മനസിലാവാഹിച്ച് അതിനെ പ്രണയിച്ച്് നടന്ന ഒരു ചെറുപ്പക്കാരന്‍. ഒടുവില്‍ സിനിമയുടെ അഭ്രപാളികളില്‍ സ്വന്തംപേര് കോറിയിടാന്‍ കഴിഞ്ഞ ഓരോ നിമിഷത്തിലും കണ്ണുനനഞ്ഞ്... മനസ്സുനിറഞ്ഞ്... സന്തോഷിച്ച ഒരു യഥാര്‍ഥ സിനിമക്കാരനാണ് ബ്ലെസി.

കാഴ്ച, പ്രണയം, ഭ്രമരം, പളുങ്ക്, തന്‍മാത്ര, കല്‍ക്കട്ട ന്യൂസ്, കളിമണ്ണ്..അങ്ങനെ മലയാളത്തിന് ഒരു പിടി ഉള്‍ക്കാമ്പുള്ള സിനിമകള്‍ സമ്മാനിച്ച ബ്ലെസി എന്ന സിനിമാക്കാരന്റെ ജീവിതത്തിലേക്ക്....

ചെയ്ത ചിത്രങ്ങളെല്ലാം ഉള്‍ക്കാമ്പുള്ളവ. ഈ സിനിമകളിലേക്ക് എത്തപ്പെട്ടത് ?


18 വര്‍ഷത്തോളം സംവിധാന സഹായിയായി സിനിമാരംഗത്ത് പ്രവര്‍ത്തിച്ചു. പത്മരാജന്‍, ലോഹിയേട്ടന്‍, വേണുനാഗവള്ളി, ഐ.വി ശശി, ജയരാജ്, സുന്ദര്‍ദാസ് അങ്ങനെ പലരോടൊപ്പവും. പത്മരാജന്‍ സാറിനൊപ്പം ഏഴ് സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ ഭാഗ്യം.

എണ്‍പതുകളിലും തൊണ്ണൂറുകളിലും ഒക്കെ ഫിലിം സൊസൈറ്റി മൂവ്മെന്റുകള്‍ ഉണ്ടായിരുന്നു. സിനിമയെക്കുറിച്ചറിയണമെങ്കില്‍ അക്കാലത്ത് അതൊക്കെയായിരുന്നു ആശ്രയം. എന്റെ നാടായ തിരുവല്ലയിലുണ്ടായിരുന്ന ഫിലിം സൊസൈറ്റിയില്‍ ഞാനും അംഗമായിരുന്നു. അങ്ങനെയാണ് സിനിമയെ അടുത്തറിയുന്നത്.

പത്മരാജനോടുള്ള സ്നേഹത്തെക്കുറിച്ച്?


പത്മരാജന്‍ സാറിനെ കാണും മുന്‍പ് എഴുത്തുകാരനെന്ന നിലയില്‍ അദ്ദേഹത്തെ ഏറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം തിരക്കാകും മുന്‍പാണ് ഞാന്‍ പരിചയപ്പെടുന്നത്. ഐ.വി ശശി സംവിധാനം ചെയ്ത കൈകേയി കാണാന്‍ പോകുന്ന വഴി.

ചങ്ങനാശ്ശേരി ബസ്റ്റാന്‍ഡിന്റെ മൂലയില്‍ തൂണും ചാരി അദ്ദേഹം നില്‍ക്കുന്നു, സാധാരണക്കാരില്‍ സാധാരണക്കാരനായി.
ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്നു. അക്ഷരങ്ങളിലൂടെ ഏറെ സ്നേഹിക്കുകയും കാണാന്‍ ആഗ്രഹിക്കുകയും ചെയ്തയാളെ മുന്നില്‍ കണ്ട ആകാംഷയായിരുന്നു എനിക്ക്. പിന്നീട് വളരെ നാളുകള്‍ക്ക് ശേഷമാണ് അസിസ്റ്റന്റായി അദ്ദേഹത്തോടൊപ്പം കൂടുന്നത്.

ആദ്യചിത്രത്തിലേക്കുള്ള പ്രയാണം..?


സംവിധാനസഹായിയായി 18 വര്‍ഷം സിനിമയില്‍ ചെലവിട്ടുവെന്നത് പലര്‍ക്കും പരിഹസിക്കാനുള്ള വകയാണ്.. അതിന് എന്റേതായ കാരണങ്ങളുണ്ട്. എന്റെ യൗവ്വനം ഒരു പറ്റം മികച്ച സംവിധായകരുടെ സിനിമയെ അടുത്തറിഞ്ഞുകൊണ്ടായിരുന്നു. ഈ സംവിധായകരുടെയൊക്കെ ആദ്യ സിനിമകളില്‍കൂടിയാണ് അവരുടെ ഐഡന്റിറ്റി ഇന്നും അറിയപ്പെടുന്നത്. എനിക്കും ആദ്യസിനിമയിലൂടെ അറിയപ്പെടണം എന്നുണ്ടായിരുന്നു.

പക്ഷേ സിനിമയ്ക്കൊരു കഥയോ തിരക്കഥയോ എഴുതാന്‍ എഴുത്തുകാരന്‍ എന്ന രീതിയില്‍ ഒരു പരിചയവും ഉണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് ഒരു വലിയ ജോലി തന്നെയായിരുന്നു. വളരെ യാദ്യച്ഛികമായിട്ടാണ് എനിക്ക് എഴുതാന്‍ കഴിയും എന്ന് തിരിച്ചറിഞ്ഞത്. അതിനു പ്രചോദനം മമ്മൂക്കയാണ്.

കാഴ്ച യുടെ കഥ മമ്മൂട്ടിയോട് പറയുമ്പോഴും അത് ആര് എഴുതണമെന്ന് തീരുമാനമായിട്ടില്ല. മമ്മൂക്ക എന്നോട് പറഞ്ഞു. നീ ഇപ്പോള്‍ എന്നോട് പറഞ്ഞതുപോലെതന്നെ പേപ്പറിലേക്ക് എഴുതിവച്ചാല്‍ മതി.. എന്ന്. എഴുതാന്‍ അങ്ങനെ പ്രേരകമായത് അദ്ദേഹമാണ്.

uploads/news/2018/01/179603/bleessy010118a.jpg

കാഴ്ചയിലെ അനാഥബാലന്‍ മനസിലെത്തിയത്?


ജയരാജിന്റെയൊപ്പം ദേശാടനം ചെയ്യു മ്പോഴേ കാഴ്ചയുടെ കഥ എന്റെ മനസില്‍ രൂപപ്പെട്ടിട്ടുണ്ട്. അനാഥനായ ഒരു ബാലന്‍ ആ കഥയില്‍ ഉണ്ടായിരുന്നു. കഥയുമായി പലരേയും സമീപിച്ചിരുന്നെങ്കിലും അവര്‍ക്കൊന്നും അതിനൊരു കാമ്പ് കാണാന്‍ കഴിഞ്ഞില്ല. പിന്നീടാണ് ഗുജറാത്തിലെ ഭൂചലനം ഉണ്ടാകുന്നത്. അതിനുശേഷമാണ് മുന്‍പ് ഞാന്‍ ഒരുക്കി വച്ച കുട്ടി കഥയിലേക്ക് വരുന്നത്.

കളിമണ്ണിന്റെ സമയത്ത് ധാരാളം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നല്ലോ?


ആ വിമര്‍ശനങ്ങള്‍ അര്‍ഥശൂന്യവും യാഥാര്‍ഥൃമല്ലാത്തതുമാണ്. ഞാന്‍ ആത്മാര്‍ഥമായി സിനിമയെ കാണുകയും ജോലിചെയ്യുകയും ചെയ്യുന്നയാളാണ്. പക്ഷേ വിമര്‍ശിക്കുന്നവര്‍ യഥാര്‍ഥ വസ്തുത അറിയുന്നില്ല. വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്നും ചിന്തിക്കണം.

ആത്മാര്‍ഥമായി ചെയ്തിട്ടുള്ള പലതിനും വിമര്‍ശനം നേരിടേണ്ടി വരുമ്പോള്‍ നമ്മള്‍ ചെയ്ത പല നല്ല കാര്യത്തിനും അര്‍ഥം നഷ്ടപ്പെടുന്നു. അതിനെ മ്ലേച്ഛമായ അവസ്ഥയില്‍ കാണുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ വിഷമം തോന്നും. പിന്നെ മറ്റുള്ളവരുടെ വായ മൂടിക്കെട്ടിയിട്ട് നമുക്ക് ജീവിക്കാന്‍ പറ്റില്ല.

കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രങ്ങളാണ് കൂടുതലും?


എന്റെ എല്ലാ സിനിമകളും അങ്ങനെയാണ്. ഓരോ കഥയും വ്യത്യസതമായ അനുഭവങ്ങളില്‍ക്കൂടി കടന്നുപോകുന്നു. കാഴ്ചയിലെ അനാഥ കുട്ടി ഒരു ബന്ധവും ഇല്ലാത്ത ഒരു കുടുംബത്തിലേക്ക് വന്നുചേരുകയും അവര്‍ അവനെ ഏറ്റെടുക്കുന്നതുമാണ്. തനിക്ക് പിറക്കണം എന്നില്ല ഒരാളെ സ്നേഹിക്കാന്‍. തന്‍മാത്രയിലേത് സ്വച്ഛമായും പ്രതീക്ഷകളോടെയും ജീവിക്കുന്ന ഒരു കുടുംബം.

തനിക്ക് നേടാന്‍ സാധിക്കാത്തത് മകനിലൂടെ കിട്ടണം എന്നാഗ്രഹിക്കുന്ന അച്ഛന്‍. പലപ്പോഴും മരണമാണ് ഈ ബന്ധങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നത്. മകനുവേണ്ടി ജീവിച്ച ഒരാള്‍ക്ക് മകനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന അവസ്ഥ. പിതൃൃപുത്ര ബന്ധത്തിന്റെ കൂടെ കഥയാണത്. ഞാന്‍ കണ്ട, അതിനേക്കാള്‍ ഞാന്‍ ആഗ്രഹിച്ച ഒരു അച്ഛനാണ് ആ കഥയിലേത്.

ഞാന്‍ എന്റെ കുടുംബത്തിനോട് കാണിക്കുന്ന സ്നേഹത്തെക്കാള്‍ കൂടുതല്‍ എനിക്ക് ലഭിക്കാതെ പോയ പല ബന്ധങ്ങളും സ്നേഹവുമുണ്ട്. എന്റെ അച്ഛന്‍ എനിക്ക് മൂന്ന് വയസുള്ളപ്പോള്‍ മരിച്ചു. അമ്മ എന്റെ 16-ാം വയസിലും. ഇവരെ ഇന്നും ഞാന്‍ മനസില്‍ കൊണ്ടുനടക്കുന്നുണ്ട്. ലഭിക്കാതെപോയ സ്നേഹം അത് പലപ്പോഴും എന്റെ കഥയിലൂടെ രൂപീകരിക്കാറുണ്ട്.

കളിമണ്ണിന്റെ കഥ പിറന്നത്?


ഭാരത സംസ്‌കാരത്തില്‍ ഏറ്റവും മാനിക്കപ്പെടുന്ന വ്യക്തിത്വമാണ് സ്ത്രീകളുടേത്. മേധാവിത്വത്തിന്റെ കാഴ്ചപ്പാടില്‍ സ്ത്രീയെ എപ്പോഴും മാറ്റിനിര്‍ത്തുകയോ ഒഴിച്ചുനിര്‍ത്തുകയോ ചെയ്യുന്ന സങ്കുചിത കാഴ്ചപ്പാട് വിദ്യാസമ്പന്നമായ കേരളത്തില്‍ ഇന്നുമുണ്ട്. ഈയിടയായി അതിന് മാറ്റമുണ്ടെന്നത് പ്രതീക്ഷയുള്ള കാര്യവും കൂടിയാണ്.

പുരുഷനോടൊപ്പംതന്നെ ചിന്തിക്കാനും ജോലിചെയ്യാനുമുള്ള ശാരീരിക/മാനസിക കരുത്ത് സ്ത്രീക്കുണ്ട്. സ്ത്രീ വളരുന്നതോടൊപ്പം പുരുഷനും വളരുന്നില്ല എന്നതാണ് പ്രശ്‌നം. പുരുഷനേക്കാള്‍ കൂടുതല്‍ ശാരീരിക വ്യതിയാനങ്ങള്‍ അല്ലെങ്കില്‍ മികവുകള്‍ ഉള്ളവളാണ് സ്ത്രീ. അമ്മയാകുവാനും മറ്റൊരാളിലേക്ക് എത്താനും സ്ത്രീക്ക് മാത്രമേ കഴിയുകയുള്ളൂ.

അവളുടെ വിഹ്വലതകളും വികാരങ്ങളും ഹോര്‍മോണല്‍ മാറ്റങ്ങളും ഒക്കെ പഠനവിധേയമാകുകയും അംഗീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അമ്മ സങ്കല്‍പ്പത്തെപ്പോലും നഷ്ടമാകുന്ന തരത്തിലാണ് ഇന്നത്തെ കുട്ടികളുടെ പെരുമാറ്റം. അമ്മയുടെ നഗ്നത ക്യാമറയില്‍ പകര്‍ത്തുവാന്‍ തുനിയുന്ന മക്കളിന്നുണ്ട്.

അമ്മയുടെ ശരീരത്തിന്റെ ഭാഗമാണ് പൂര്‍ണ്ണാവസ്ഥയില്‍ ശിശുവെന്നും അത് പൊക്കിള്‍കൊടിയിലൂടെ മുറിച്ച് മാറ്റപ്പെടുന്നതാണെന്നും, അമ്മയുടെ ശരീരത്തിലെ ഒരു അവയവം പോലെ വളരുന്നതാണ് താനെന്നും കുഞ്ഞ് മനസിലാക്കണം. ഒരു മക്കളും ചിന്തിക്കുന്നില്ല അതൊന്നും. അത് തിരിച്ചറിയപ്പെടേണ്ടത് ഒരു ആവശ്യമായതുകൊണ്ടാണ് കളിമണ്ണ് പോലൊരു സിനിമ ചെയ്തത്.

മാര്‍ ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ച് ഡോക്യുമെന്ററി ഒരുക്കുന്നുണ്ടല്ലോ?


ഒരേ നാട്ടുകാരാണെങ്കിലും വളരെ അപൂര്‍വ്വമായിട്ടേ അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നുള്ളൂ. കാഴ്ചയ്ക്കും തന്‍മാത്രയ് ക്കും പുരസ്‌കാരങ്ങളൊക്കെ കിട്ടിയപ്പോള്‍ അദ്ദേഹം എന്നെ നേരിട്ട് വിളിച്ചിട്ടുണ്ട്.

പിന്നീട് എന്റെ സിനിമ കാണുകയും അദ്ദേഹതത്തിന്റെ പുസ്തകം വായിക്കാന്‍ തരികയും ഒക്കെ ചെയ്യുന്ന ഒരു ബന്ധമായി. അദ്ദേഹം 100-ാം വയസിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ 48 മണിക്കൂര്‍ വരുന്ന ഡോക്യുമെന്ററി ചെയ്യുകയാണ് ഞാന്‍. അവസാന ഘട്ടമാവുന്നു. പ്രണബ് മുഖര്‍ജി നരേന്ദ്രമോദി തുടങ്ങി രാഷ്ര്ടീയ സാമൂഹിക കലാ രംഗത്തുള്ള 100 പ്രശസ്തരെ ഉള്‍പ്പെടുത്തിക്കൊണ്ടുളള ഡോക്യൂമെന്ററിയാണ്.

uploads/news/2018/01/179603/bleessy010118b.jpg

ഡിസംബര്‍ നല്‍കുന്ന സന്തോഷം ?


എല്ലാ ഡിസംബറും ക്രിസ്മസും എനിക്ക് സന്തോഷം സമ്മാനിക്കുന്നു. പ്രത്യേകിച്ചും ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തി എന്ന നിലയില്‍. ക്രിസ്മസ് എപ്പോഴും എനിക്ക് സന്തോഷമുണ്ടാക്കുന്നതാണ്. ഓരോ ക്രിസ്മസ് കഴിയുമ്പോഴും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറുകയാണ്.

ചെറുപ്പത്തിലാണെങ്കില്‍ ആ സന്തോഷത്തിന് പല ഘടകങ്ങളുണ്ട്. ക്രിസ്മസ് അവധി, നക്ഷത്രവിളക്കുകളും കാര്‍ഡുകളും ഉണ്ടാക്കല്‍, ചങ്ങാതിമാരോടൊപ്പം സമയം ചിലവഴിക്കല്‍ അങ്ങനെ പലതും. നവംബര്‍ തുടങ്ങുമ്പോള്‍ മുതലുള്ള മഞ്ഞുമൂടിയ പ്രഭാതങ്ങള്‍. മൂടിപ്പുതച്ചുറങ്ങാനും മഞ്ഞിലേക്ക് കണ്ണുതുറന്ന് വെളുത്ത കാഴ്ചകള്‍ കാണാനുമുള്ള ആകാംക്ഷ.

ദൈവം അല്ലെങ്കില്‍ ഈശ്വരന്‍ സ്നേഹമാണെന്ന് പറഞ്ഞത് ഈശോയാണ്. സ്നേഹത്തിന് ജാതിയും മതവുമില്ല. അങ്ങനെ ചിന്തിക്കുമ്പോള്‍ ഈശ്വരന്‍ നമ്മുടെ കൂടെയുണ്ട്. ആ സ്നേഹം ആഘോഷിക്കപ്പെടുന്നതാണ് ക്രിസ്മസ്.

ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്നത് അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ പലഹാരങ്ങളുടെ സ്വാദാണ്. അധികംകാലം ആ ഭാഗ്യം ലഭിച്ചില്ലെങ്കിലും ആ സ്വാദുകള്‍ ഇന്നും മനസിലും നാവിലും ഉണ്ട്.

ഓവന്‍ ഒന്നുമില്ലാത്ത കാലത്ത് എന്റെ അമ്മ അസല്‍ കേക്കുണ്ടാക്കുമായിരുന്നു. ഇപ്പോഴും ഓര്‍ക്കാറുണ്ട്, തൊണ്ടും മറ്റും പുകച്ച് കനലുണ്ടാക്കി പാത്രത്തിനു മുകളിലിട്ടാണ് കേക്ക് ബേക്ക് ചെയ്തിരുന്നത്. പഞ്ചസാരയങ്ങനെ മാവില്‍ തേച്ച് തേച്ചാണ് അലിയിച്ചെടുക്കുന്നത്.

ധാരാളം മുട്ടയൊക്കെ പൊട്ടിച്ചൊഴിച്ച് സ്വാദുള്ള കേക്കുണ്ടാക്കും അമ്മ. അതിന്റെ സ്വാദ് ഇപ്പോഴും നാവിലുണ്ട്. ഇപ്പോള്‍ ക്രിസ്മസിന്റെ സന്തോഷം ഭാര്യ മിനിക്കും മക്കളായ ആദിത്തിനും അഖിലിനും ഒപ്പമുള്ള നിമിഷങ്ങളാണ്.

പുതിയ ചിത്രമായ ആടുജീവിതത്തെക്കുറിച്ച്?


ഫെബ്രുവരിയില്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. കേരളത്തിലും വിദേശത്തുമായിട്ടാണ് ഷൂട്ടിംഗ്. പൃഥ്വിയുടെ മറ്റ് ചിത്രങ്ങള്‍ തീര്‍ന്ന ശേഷം വേണം ഈ ചിത്രം തുടങ്ങാന്‍. ഒന്നര വര്‍ഷത്തോളം ആടുജീവിതത്തിനുവേണ്ടി പൃഥ്വി ഡേറ്റ് തന്നിട്ടുണ്ട്. 2019 അവസാനത്തോടെ ചിത്രം തീയറ്ററുകളിലെത്തും.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW