Friday, April 19, 2019 Last Updated 19 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 01 Jan 2018 02.44 PM

മകനൊപ്പം കൂടി ഞാനും ഒരു കുഞ്ഞായി

''അഭിനേത്രി, നര്‍ത്തകി എന്നീ നിലകളില്‍ പ്രശസ്തയായ അമ്പിളിദേവി വീണ്ടും സജീവമാകുന്നു.''
uploads/news/2018/01/179598/ambilideviINW010118.jpg

പരിചയമുണ്ടെങ്കിലും ഇല്ലെങ്കിലും ആരോടും അങ്ങോട്ട് കയറി സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല അമ്പിളി. എന്തുമറുപടി പറയുമ്പോഴും ചെറിയൊരു നാണം ആ പെണ്‍കുട്ടിക്കുണ്ടായിരുന്നു.

മലയാളിപ്രേക്ഷകരുടെ സ്വീകരണമുറികളില്‍ നിറസാന്നിധ്യമായിരുന്നു അമ്പിളി ദേവി. ജില്ലാ കലോല്‍സവത്തില്‍ കലാതിലകപ്പട്ടം നഷ്ടമായപ്പോള്‍ ആ പാവാടക്കാരി ഒരുപാട് കരഞ്ഞു.

എന്നാല്‍ സംസ്ഥാനസ്‌കൂള്‍ കലോത്സവത്തില്‍ നഷ്ടമായ കലാതിലകപ്പട്ടം തിരികെപ്പിടിച്ചു. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ അമ്പിളി ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നിരിക്കുന്നു. കാഴ്ചയില്‍ കോളേജ്കുമാരിയാണെങ്കിലും എല്‍.കെ.ജി.യില്‍ പഠിക്കുന്ന കുട്ടിക്കുറുമ്പന്‍ അപ്പുവിന്റെ അമ്മ കൂടിയാണ് അമ്പിളി ദേവി.

വീണ്ടുമൊരു തിരിച്ചുവരവ്?


ഞാനെവിടെയും പോയിരുന്നില്ല, ഇവിടൊക്കെത്തന്നെയുണ്ടായിരുന്നു. പിന്നെ സീരിയലില്‍ എന്നെ കാണാതിരുന്നതിന് പിന്നില്‍ ചെറിയൊരു കാരണമുണ്ട്. എനിക്ക് ഒരു മോനുണ്ടായ സമയത്താണ് അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തത്. അമര്‍നാഥ് എന്നാണ് അവന്റെ പേര്. വീട്ടില്‍ അപ്പു എന്നു വിളിക്കും.

അവന്റെ കാര്യങ്ങളും നോക്കി വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരുപാട് ഓഫറുകള്‍ വന്നെങ്കിലും ഒന്നും സ്വീകരിച്ചില്ല. മോനെ നോക്കാന്‍ വീട്ടില്‍ ആയയെ ഏര്‍പ്പാട് ചെയ്യുന്നവരും ഡേകെയറിലാക്കുന്നവരും ഉണ്ടാകാം. പക്ഷേ എന്തോ, എനിക്കത് ചെയ്യാന്‍ തോന്നിയില്ല.

അവന്‍ കുറച്ചുകൂടി വളര്‍ന്നശേഷം അഭിനയത്തിലേക്ക് തിരിച്ചുവരാമെന്നാണ് ഞാന്‍ വിചാരിച്ചത്. അപ്പുവിനെ എല്‍.കെ.ജി.യില്‍ ചേര്‍ത്ത സമയത്താണ് 'സ്ത്രീപദം' സീരിയലില്‍ നിന്നും ഓഫര്‍ വരുന്നത്. അത് ചെയ്ത് കുറച്ച് കഴിഞ്ഞപ്പോള്‍ 'സീത' എന്ന സീരിയലിലേക്കും വിളിച്ചു. രണ്ടു സീരിയലുകളിലും പോസിറ്റീവ് റോളുകളാണ്. അന്നത്തെ സീരിയല്‍ പോലൊന്നുമല്ല ഇന്ന്.

അന്നൊക്കെ ഒരു സീന്‍ കഴിഞ്ഞ് കുറെനേരം കഴിഞ്ഞാണ് മറ്റൊരു സീന്‍ എടുക്കുന്നത്. ഇതിനിടയിലെ സമയങ്ങളില്‍ സഹതാരങ്ങളുമായി വര്‍ത്തമാനം പറഞ്ഞിരിക്കും. ഇപ്പോള്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രമാണ് കൂടെയുള്ളവരുമായി സംസാരിക്കാന്‍ സാധിക്കുന്നത്.

ഒരു ദിവസം തന്നെ നാലില്‍ക്കൂടുതല്‍ എപ്പിസോഡുകള്‍ ഷൂട്ട് ചെയ്യുന്നുണ്ട്. ഒരു സീന്‍ അഭിനയിച്ച് മുറിയില്‍ വന്ന് ഡ്രസ് മാറിക്കഴിയേണ്ട താമസം, അടുത്ത സീന്‍ എടുക്കുന്നതിനായി വിളിക്കും. എങ്കിലും ലൊക്കേഷന്‍ ജോളിയാണ്. ഒരു വീടുപോലെയാണ് എല്ലാവരും.

പോസിറ്റീവ് റോളുകളാണ് കൂടുതലും കൈകാര്യം ചെയ്യുന്നത്?


അതെ, നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കിലും കിട്ടിയതില്‍ അധികവും പോസിറ്റീവ് റോളുകളാണ്. രണ്ടുടൈപ്പ് റോളുകളും ചെയ്തപ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് കിട്ടിയത്. 'കൃഷ്ണതുളസി 'എന്ന സീരിയലില്‍ നെഗറ്റീവ് റോള്‍ ചെയ്യുന്ന സമയത്ത് കുറച്ചുപേര്‍ പറഞ്ഞു, 'അഭിനയം നന്നായിട്ടുണ്ട്. മോളുടെ അഭിനയം കണ്ടപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി'.

നിഷ്‌കളങ്കതയുള്ള കഥാപാത്രങ്ങള്‍ ചെയ്തിരുന്ന എനിക്ക് ഇങ്ങനെയും അഭിനയിക്കാന്‍ അറിയുമോ എന്നാണ് അവര്‍ക്ക് ആശ്ചര്യം. മറ്റുചിലരാകട്ടെ, നിരന്തരമായി പോസിറ്റീവ് റോളുകള്‍ ചെയ്യുന്ന ഞാന്‍ പതിവിന് വിപരീതമായി നെഗറ്റീവ് ചെയ്യുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ പറ്റില്ലെന്നും എപ്പോഴും ചെയ്യുന്നതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്താല്‍ മതിയെന്നും പറയുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കൊരുപാട് സന്തോഷം തോന്നിയിട്ടുണ്ട്.

സിനിമയിലും ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തിട്ടുണ്ട്?


'മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും' എന്ന സിനിമയുടെ കഥ വിനയന്‍ സാര്‍ പറഞ്ഞപ്പോള്‍ ആ കഥാപാത്രം എങ്ങനെ ചെയ്യണമെന്ന് ഒരു ഐഡിയയും എനിക്ക് ഉണ്ടായിരുന്നില്ല.

കാരണം നാട്ടിന്‍പുറത്ത് വളരെ പാവപ്പെട്ട വീട്ടിലെ മീര എന്ന പെണ്‍കുട്ടി, ജന്മനാ നടക്കാന്‍ കഴിയാത്ത സഹതാപമര്‍ഹിക്കുന്ന കഥാപാത്രം. അതെങ്ങനെ ചെയ്യണമെന്ന സംശയത്തിലായിരുന്നു ഞാന്‍. ഒടുവില്‍ സാക്ഷാല്‍ കൊച്ചുകുളങ്ങരദേവി മനസില്‍ തോന്നിപ്പിച്ചതുപോലെ സംവിധായകനു മുന്നില്‍ ചെയ്തു കാണിച്ചു. അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. അപ്പോള്‍ത്തന്നെ നിര്‍മ്മാതാവ് അഡ്വാന്‍സും തന്നു. ജീവിതത്തില്‍ എനിക്ക് കിട്ടിയ നല്ലൊരു കഥാപാത്രമായിരുന്നു അത്.

uploads/news/2018/01/179598/ambilideviINW010118a.jpg

അപ്പുക്കുട്ടന്റെ കുസൃതികള്‍?


അപ്പുക്കുട്ടന്‍ ആള് മഹാവികൃതിയാണ് കേട്ടോ. രാവിലെ കുളിപ്പിക്കാനായി ഡ്രസ്സൊക്കെ അഴിച്ചു വയ്ക്കുമ്പോള്‍ അവന്‍ ഓടും. ഒരുവിധത്തില്‍ ഓടിച്ചിട്ട് പിടിച്ച് എണ്ണ തേപ്പിച്ച് നിര്‍ത്തി ബക്കറ്റെടുക്കാന്‍ മാറേണ്ട താമസം, അവന്‍ വീണ്ടും ഓടും. എന്നും രാവിലെ പത്ത് തവണയെങ്കിലും വീടിന് ചുറ്റും അവനെന്നെ ഓടിക്കും. സ്‌കൂളില്‍ പോയി വൈകുന്നേരം തിരിച്ചെത്തുമ്പോള്‍ 'ഞാനൊരു കാര്യം പറയട്ടെ ' എന്നുപറഞ്ഞ് കൂട്ടുകാരുടെ വിശേഷവും മറ്റും പറഞ്ഞുകേള്‍പ്പിക്കും.

വൈകിട്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ അവന് ഓരോ കഥകള്‍ പറഞ്ഞുകൊടുക്കും. കൂടുതലും പുരാണകഥകളാണ്. അവനത് കേള്‍ക്കാന്‍ ഒരുപാടിഷ്ടമാണ്. പാര്‍വ്വതിദേവി കുളിക്കാന്‍ പോകുമ്പോള്‍ ഗണപതിയെ കാവല്‍ നിര്‍ത്തുന്ന കഥ ഒരിക്കല്‍ പറഞ്ഞുകൊടുത്തു. അതില്‍ പിന്നെ ഞാന്‍ കുളിക്കാന്‍ കയറുമ്പോള്‍ അവന്‍ എന്നോട് പറയും, 'അമ്മ പോയി കുളിച്ചോ, മോനിവിടെ കാവല്‍ നില്‍ക്കാവേ'.

പിന്നെപ്പിന്നെ ഞാന്‍ കുളിക്കാന്‍ കയറുന്ന സമയത്ത് അവന്‍ ബാത്ത്‌റൂമിന്റെ വാതില്‍ക്കല്‍ കാവല്‍ നില്‍ക്കും. പറഞ്ഞുവിട്ടാലും പോകില്ല. കുളിച്ചിട്ട് ഇറങ്ങാന്‍ കുറച്ച് വൈകിയെന്നിരിക്കട്ടെ 'അമ്മേ' എന്നൊരു വിളി കേള്‍ക്കാം. 'എന്തോ' എന്ന വിളി കേട്ടാലെ ആള് പിന്നെ ശാന്തനാകൂ.

അവന് അവധിയുള്ള ദിവസങ്ങളില്‍ മോനെയും കൂട്ടിയാണ് ലൊക്കേഷനില്‍ പോകുന്നത്. രാവിലെ ഷൂട്ട് ഉണ്ടെങ്കില്‍ മോനെയും എഴുന്നേല്‍പ്പിക്കും. ബ്രഷ് ചെയ്യിച്ചയുടന്‍ തന്നെ കാറിലേക്ക് കയറ്റിയിരുത്തും. അവന് കഴിക്കാനുള്ള ബിസ്‌കറ്റും കേക്കുമൊക്കെ കൈയില്‍ കരുതും. ലൊക്കേഷനിലേക്കുള്ള യാത്രയില്‍ അത് കഴിപ്പിക്കും. പിന്നെയുള്ള അവന്റെ ദൈനംദിനകാര്യങ്ങളൊക്കെ ഷൂട്ടിംഗ് സ്ഥലത്താണ്.

ഞാന്‍ അഭിനയിക്കുന്നതൊക്കെ അവന് ഇഷ്ടമാണ്, പക്ഷേ കരഞ്ഞാല്‍ അവന്‍ സഹിക്കില്ല. 'സീത'എന്ന സീരിയലില്‍ വില്ലേജ് ഓഫീസറിന്റെ വേഷമാണെനിക്ക്. തല്ലിപ്പൊളിയായ നായകനെ ഇഷ്ടപ്പെടുകയും അയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് തീരുമാനിക്കവെ നായകന്‍ ഒരു കേസില്‍പ്പെടുന്നതും ഒടുവില്‍ അമ്മാവനോട് നായകനെ വേണ്ടെന്നു പറഞ്ഞ് പൊട്ടിക്കരയുന്ന സീനാണ് ചിത്രീകരിക്കേണ്ടത്.

ആ സീനില്‍ ഗ്ലിസറിന്‍ പോലും ഉപയോഗിക്കാതെ ഞാന്‍ കരഞ്ഞു. ഷോട്ട് കഴിഞ്ഞ് റൂമില്‍ ചെല്ലുമ്പോള്‍ അപ്പു മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നു. മനഃപൂര്‍വമാണ് അവന്റെ കൈയില്‍ മൊബൈല്‍ കൊടുത്തത്. അല്ലെങ്കില്‍ ആ സീന്‍ ചെയ്യാന്‍ അവന്‍ സമ്മതിക്കില്ല. അവന്‍ ആ സീന്‍ കണ്ടില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍.

എന്നാല്‍ ഒരു ദിവസം വൈകിട്ട് ഞാനും അമ്മയും അച്ഛനും ടി.വി. കാണുകയാണ്. അപ്പു എന്റെ അടുത്തിരുന്ന് കളിച്ചുകൊണ്ടിരിക്കുന്നു. 6.30 ആയപ്പോള്‍ ഞങ്ങള്‍ സീത സീരിയല്‍ വെച്ചു. നോക്കിയപ്പോഴാകട്ടെ ഞാന്‍ കരയുന്ന സീനാണ്. ഞാന്‍ പതിയെ അപ്പുവിനെ ഒളികണ്ണിട്ട് നോക്കിയപ്പോള്‍ അവന്‍ കളി മതിയാക്കി സ്‌ക്രീനിലും എന്നെയും മാറിമാറി നോക്കുന്നു.

പെട്ടെന്ന് ഞാന്‍ ടി.വി. ഓഫാക്കി. എന്നിട്ട് മോന്റെ അടുത്തേക്ക് മാറിയിരുന്നു. കുമ്പിട്ടിരുന്ന മുഖം ഞാന്‍ പിടിച്ചുയര്‍ത്തിയപ്പോള്‍ അപ്പുക്കുട്ടന്റെ കണ്ണുകള്‍ രണ്ടും നിറഞ്ഞിരിക്കുന്നു. കാര്യം തിരക്കിയപ്പോള്‍ അവന്‍ എന്നോട് പറഞ്ഞതെന്താണെന്നോ,' മോന്റെ അമ്മ എന്തിനാ കരഞ്ഞെ, അമ്മയെ ആരെങ്കിലും വഴക്കുപറഞ്ഞോ? അതുകൊണ്ടാണോ അമ്മ കരയുന്നത്'.

അതുകേട്ടപാടെ എനിക്കും സങ്കടം വന്നു. അവനെ എഴുന്നേല്‍പ്പിച്ച് എന്റെ മടിയിലേക്കിരുത്തി ചേര്‍ത്തുപിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, 'അമ്മ ചുമ്മാ കരഞ്ഞതല്ലേ, മോനെ പറ്റിക്കാന്‍, ഇനി കരയില്ലാട്ടോ'എന്നു പറഞ്ഞപ്പോഴാണ് അപ്പു ഒന്ന് ചിരിച്ചത്. അവന്റെ സങ്കടം മാറ്റാന്‍ അടുത്തദിവസം തന്നെ ഞാന്‍ അവനെ പാര്‍ക്കില്‍ കൊണ്ടുപോയി.

ആദ്യമൊക്കെ അവനും എന്നെപ്പോലെ ഒരു നാണംകുണുങ്ങിയായിരുന്നു. ആദ്യസമയത്തൊക്കെ എനിക്കൊപ്പം ലൊക്കേഷനില്‍ വന്നാലും ആരോടും മിണ്ടില്ല. ആരെങ്കിലും, എന്തെങ്കിലും ചോദിച്ചാല്‍ എന്റെ പിന്നിലേക്ക് മാറിനിന്നാണ് ഉത്തരം പറയുന്നത്. പക്ഷേ വീട്ടില്‍ പുലിയാണ് (ചിരിക്കുന്നു).ചില സിനിമകള്‍ കാണുമ്പോള്‍ അതിലെ നായകന്‍മാരെപ്പോലെ ആക്ഷന്‍സീനുകള്‍ കാണിക്കും.

പുലിമുരുകനും ബാഹുബലിയും ഇറങ്ങിയ സമയത്ത് അവന്‍ അതിലെ പാട്ടുകളും പാടി ആക്ഷനൊക്കെ ചെയ്ത് നടക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ അവനോട് വലുതാകുമ്പോള്‍ മോന് ആരാകണമെന്ന് ചോദിച്ചു. അതിനവന്‍ പറഞ്ഞ മറുപടി എന്താണെന്നോ, 'അമ്മാ, എനിക്ക് പോലീസ് ഓഫീസറാകണം, പക്ഷേ ബാഹുബലിയുമാകണം'.

മോന് സീരിയലില്‍ നിന്നും ഓഫര്‍ വന്നിരുന്നു. എന്നാല്‍ ഞാന്‍ സമ്മതിച്ചില്ല. കാരണം ഞാന്‍ ഈ പ്രൊഫഷനിലുള്ളതുകൊണ്ട് എനിക്കറിയാം, ഒരു ദിവസം നാലില്‍ കൂടുതല്‍ എപ്പിസോഡുകളാണ് ഷൂട്ട് ചെയ്യുന്നത്. കുഞ്ഞുങ്ങളെ സംബന്ധിച്ച് അവരുടെ മാനസികാവസ്ഥ മിനിറ്റ് തോറും മാറിക്കൊണ്ടിരിക്കും.

കളിക്കാന്‍ താല്‍പര്യം തോന്നുമ്പോള്‍ അതിന് വിടാതെ അവരെ നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിക്കാന്‍ പറ്റില്ലല്ലോ, അങ്ങനെയുള്ള കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. അപ്പു ഇപ്പോള്‍ എല്‍.കെ.ജി.യില്‍ ആയതല്ലേയുള്ളൂ. കുറച്ചുകൂടി കഴിയട്ടെ, അഭിനയത്തോട് അവനൊരു താല്‍പര്യം തോന്നുമ്പോള്‍ അവനെന്നോട് പറയും. അതുവരെ ഞാനായിട്ട് മോനെ നിര്‍ബന്ധിക്കില്ല.

uploads/news/2018/01/179598/ambilideviINW010118b.jpg

അഭിനയവും ഡാന്‍സ് സ്‌കൂളും എങ്ങനെ കൈകാര്യം ചെയ്യുന്നു?


സ്‌കൂളും വീട്ടില്‍ തന്നെയാണ്. 80-ഓളം കുട്ടികള്‍ ഇവിടെ നൃത്തം പഠിക്കുന്നുണ്ട്. ഇതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്നതാണ്. പണ്ടത്തെപ്പോലെയല്ലല്ലോ, ഇപ്പോള്‍ കുട്ടികള്‍ക്ക് ട്യൂഷനും സ്‌പെഷ്യല്‍ ക്ലാസുകളും വര്‍ധിച്ചുവരികയല്ലേ. ഇതിനിടയില്‍ നൃത്തത്തിന് സമയം കണ്ടെത്താന്‍ അവര്‍ക്ക് പറ്റുന്നില്ല. എന്നെക്കൂടാതെ മറ്റൊരു അധ്യാപികകൂടിയുണ്ട്.

തിരക്കുകള്‍ കാരണം പഠിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്നെ ഞായറാഴ്ചകളില്‍ ഉച്ചവരെ ക്ലാസ് വെയ്ക്കും. മോഹിനിയാട്ടം, കുച്ചിപ്പുഡി, ഭരതനാട്യം എന്നിങ്ങനെ മൂന്ന് തരം നൃത്തരൂപങ്ങളും ഇവിടെ പഠിപ്പിക്കുന്നുണ്ടെങ്കിലും ഭരതനാട്യത്തിനാണ് പ്രാമുഖ്യം. അഭിനയം പോലെ ഒരുപക്ഷേ അതിനേക്കാള്‍ കൂടുതല്‍ ഞാന്‍ സ്‌നേഹിക്കുന്നത് നൃത്തത്തെയാണ്.

ക്ഷേത്രോല്‍സവങ്ങളുമായി ബന്ധപ്പെട്ട് ധാരാളം നൃത്തപരിപാടികള്‍ ചെയ്തിട്ടുണ്ട്. പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയ സ്ഥലങ്ങളിലെല്ലാം പരിപാടി കാണാന്‍ വരുന്ന അമ്മമാര്‍ കൂട്ടമായും ഒറ്റയ്ക്കും വന്ന് എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യും. അവരുടെ സ്‌നേഹം കാണുമ്പോള്‍ എന്റെയുള്ളിലും സന്തോഷം തിരതല്ലും.

ചിരിക്കുന്ന മുഖമാണ് അമ്പിളിയുടേത്, ഒരിക്കല്‍പോലും ഈ മുഖം വാടിയിട്ടില്ല?


അയ്യോ, അങ്ങനെ പറയാന്‍ പറ്റില്ല, സന്തോഷങ്ങളും സങ്കടങ്ങളും ഇടകലര്‍ന്നതാണ് എന്റെ ജീവിതം. സംസ്ഥാനസ്‌കൂള്‍ കലോല്‍സവത്തില്‍ കലാതിലകമായപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

അതുപോലെ ഓരോ പുരസ്‌കാരങ്ങള്‍ കിട്ടുമ്പോഴും ഞാന്‍ സന്തോഷിച്ചു. എന്നാല്‍ എന്നെ വേദനിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തിരക്കേറിയ അഭിനയത്തിനിടയിലാണ് ഒരു സീരിയലില്‍ നിന്നും ഓഫര്‍വരുന്നത്. സിനിമയിലേതുപോലെയല്ല, സീരിയലുകളില്‍ സ്വന്തം വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

എന്നോട് കഥ പറഞ്ഞതനുസരിച്ച് ആ കഥാപാത്രത്തിന് യോജിക്കുന്ന കുറെ ഡ്രസുകള്‍ ഞാന്‍ വാങ്ങിക്കൂട്ടി. ഈ സമയത്ത് മറ്റൊരു സീരിയലില്‍ നിന്നും എന്നെ വിളിച്ചു. ഈ സീരിയല്‍ ഞാന്‍ ചെയ്താല്‍ ഏറ്റെടുത്ത സീരിയല്‍ ഉപേക്ഷിക്കേണ്ടിവരും. അവര്‍ക്കാണ് ഞാനാദ്യം വാക്ക് കൊടുത്തത്. കൊടുത്ത വാക്ക് പാലിക്കാനായി രണ്ടാമത് വന്ന ക്ഷണം ഞാന്‍ നിരസിച്ചു.

ആദ്യ സീരിയലിന് തന്നെ ഞാന്‍ പ്രാധാന്യം കൊടുത്തു. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും അതിന്റെ അണിയറ പ്രവര്‍ത്തകരാരും എന്നെ വിളിച്ചില്ല. ഒടുവില്‍ അവരെ അങ്ങോട്ട് വിളിച്ചപ്പോഴാണറിഞ്ഞത്, ആ സീരിയല്‍ ചെയ്യുന്നില്ലായെന്ന്.

കേട്ടപ്പോള്‍ ശരിക്കും ദേഷ്യവും സങ്കടവും തോന്നി. ഏതിന് വേണ്ടിയാണോ ഞാന്‍ മറ്റൊന്ന് ഉപേക്ഷിച്ചത്, അത് എനിക്ക് നല്‍കിയ സങ്കടം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഞാന്‍ കടുത്ത ഈശ്വരവിശ്വാസിയാണ്. അതുകൊണ്ട് തന്നെ എന്റെ സങ്കടം ഞാന്‍ ഭഗവതിയോട് പങ്കുവെച്ചു. അങ്ങനെ ഉള്ളിലെ നിരാശ ഇല്ലാതാക്കി. അതില്‍പിന്നെ ഏത് ഓഫര്‍ വന്നാലും അഡ്വാന്‍സ് വാങ്ങിയശേഷമേ കഥാപാത്രത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തൂ.

കലയെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന ദുരനുഭവം കൂടിയാണിത്. കാഴ്ചക്കാര്‍ക്ക് അതിനെയോര്‍ത്ത് സഹതപിക്കാം. പക്ഷേ അനുഭവിക്കുന്നവര്‍ക്ക് മാത്രമേ ആ ദുഃഖത്തിന്റെ വ്യാപ്തി മനസിലാകൂ. പിന്നെ എന്റെ മനസില്‍ എന്ത് സങ്കടമുണ്ടെങ്കിലും അതൊക്കെ അപ്പുവിനൊപ്പമിരിക്കുമ്പോള്‍ തീരും.

മോനൊപ്പം ഇരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല. അവന്റെ കൂടെ കളിക്കുമ്പോള്‍ ഞാനുമൊരു കുട്ടിയായി മാറും. ഇപ്പോള്‍ അവന്റെ കൂടെ കളിച്ച് കളിച്ച് എന്റെ ചില സംസാരവും ചിന്തകളും കുഞ്ഞുങ്ങളുടേതുപോലെയായി. ഒരു കുഞ്ഞിന്റെ അമ്മയായശേഷം അതിന്‍േറതായ പക്വത വന്നിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

പക്ഷേ എന്നോട് 10 മിനിറ്റ് കൂടെയിരുന്ന് സംസാരിക്കുന്ന ആരുംതന്നെ എനിക്ക് പക്വതയില്ല എന്നാണ് പറയുന്നത്. എന്തായാലും ഞാനൊരു കാര്യം തീരുമാനിച്ചു. ഇനി മുതല്‍ സംസാരത്തില്‍ പക്വത വരുത്താന്‍ ശ്രമിക്കുകയാണ്. ഞാന്‍ കുട്ടികളെപ്പോലെയാണെന്ന് പറയുന്നവരുടെ അഭിപ്രായം അങ്ങനെയെങ്കിലും മാറ്റാമോ എന്ന് നോക്കട്ടെ.

ദേവിന റെജി
ഫോട്ടോ: ജി. വിപിന്‍ കുമാര്‍

Ads by Google
Ads by Google
Loading...
TRENDING NOW