ശബരിമല: മകരജ്യോതിയും മകരസംക്രമ പൂജയും 14-ന് നടക്കും. സൂര്യന് ധനുരാശിയില്‍നിന്നു മകരം രാശിയിലേക്ക് കടക്കുന്ന 14 ന് ഉച്ചയ്ക്ക് 1.47 നാണ് മകരസംക്രമ സമയം. ഈ സമയത്ത് സംക്രമപൂജയും അഭിഷേകവും നടക്കും. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്നു പ്രത്യേക ദൂതന്‍വശം കൊണ്ടുവരുന്ന നെയ്യാണ് ഭഗവാന് അഭിഷേകം കഴിക്കുക. പന്തളം കൊട്ടാരത്തില്‍നിന്നു കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി 14 ന് വൈകിട്ട് 6.40 ന് ദീപാരാധന നടക്കും.
ഈ സമയം ആകാശനീലിമയില്‍ മകരനക്ഷത്രം മിഴിതുറക്കും കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. മകരവിളക്കിന് മുന്നോടിയായി പ്രാസാദ ശുദ്ധിയും ബിംബ ശുദ്ധിയും നടക്കും. 14 ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തുന്ന തിരുവാഭരണ ഘോ ഷയാത്രയെ ദേവസ്വം എക് സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്കാനയിക്കും. പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ. രാഘവന്, ഡോ. ശങ്കര്‍ ദാസ് സ്പെഷല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ രാമരാജ പ്രേമപ്രസാദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തെക്കാനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന നടത്തും. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടി ല്‍ മകരജ്യോതിയും തെളിയും.