പിറവം: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു മകന്റെ മര്‍ദനമേറ്റു വയോധികന് മരിച്ചു. പിറവം പാഴൂര്‍ ദേവീപടിക്കു സമീപം കിഴക്കേല്‍ വര്‍ഗീസ് (വക്കച്ചന്-84) ആണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഒളിവല്പോയ മകന് ജെയിംസി(ടിസന്- 50)നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 8.30-നായിരുന്നു സംഭവം. ഇന്‍ഷുറന്‍സ് പോളിസിത്തുക നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ, മകന്റെ തൊഴിയേറ്റു വീടിനകത്ത് ഭിത്തിയില്‍ തലയടിച്ച് പിതാവു വീഴുകയായിരുന്നു. ശബ്ദംകേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും ജെയിംസ് കാറില്‍ രക്ഷപ്പെട്ടു. വക്കച്ചനെ ഉടന്‍ തന്നെ നാട്ടുകാര്‍ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉച്ചകഴിഞ്ഞു തൊടുപുഴ കോലാനിയില്‍ വച്ച് എസ്.ഐ: കെ.കെ. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ പിടികൂടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ജയിംസ് കുടുങ്ങിയത്. ഇലക്ട്രോണിക്സ് മെക്കാനിക്കായ മകന് മദ്യപിച്ച് പിതാവുമായി കലഹിക്കുന്നതു പതിവായിരുന്നെന്നു പോലീസ് പറഞ്ഞു. വക്കച്ചന്റെ സംസ്കാരം ഇന്ന് വൈകിട്ടു 4.30 ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ത്രേസ്യാമ്മയാണ് ഭാര്യ. മകള്‍: മോളി (നഴ്സ്, ഡല്‍ഹി). മരുമകന്: ജോസ്. ജെയിംസിന്റെ ഭാര്യ മോളി വിദേശത്താണ്.