Wednesday, April 04, 2018 Last Updated 13 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 29 Dec 2017 04.26 PM

തിരുവാതിരവ്രതം അഥവാ ദീര്‍ഘമംഗല്യവ്രതം

''കുടുംബഭദ്രതയ്ക്കും വൈധവ്യദോഷം മാറുന്നതിനും ജീവിതസുഖത്തിനും, ദുരിത നിവാരണത്തിനും ദാമ്പത്യസുഖത്തിനും, സന്താനഭാഗ്യത്തിനും ധനുമാസത്തിലെ തിരുവാതിരവ്രതം എടുക്കുന്നത് അത്യുത്തമമാണ്. ''
uploads/news/2017/12/178787/joythi291217a.jpg

ധനുവിലെ തിരുവാതിര 1 -1 - 2018-ന്

കണ്‍മുന്നില്‍ കണ്ട ദാരുണമായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചുപോയതാണ്. വൈധവ്യദോഷമെങ്ങനെ, അതിനുള്ള പരിഹാരങ്ങളെന്ത്? വിവാഹം കഴിഞ്ഞ് ഏതാനും നാളുകള്‍ക്കകം ഭര്‍ത്താവ് (ഭാര്യ) മരിച്ചുപോവുക. ചിന്തിക്കാവുന്നതിലുമപ്പുറമാണത്. മാതാപിതാക്കള്‍ ഏറെ ദുഃഖങ്ങളനുഭവിച്ചാണ് ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നത്.

അത് തുടക്കത്തില്‍ തന്നെ നിലച്ചുപോയാല്‍ ആ വിഷമം തീര്‍ത്താല്‍ തീരാവുന്നതല്ല. ജാതകം രചിക്കുമ്പോള്‍ തന്നെ വൈധവ്യദോഷമുണ്ടോയെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. ഇത് മുന്‍കൂട്ടിയറിഞ്ഞാല്‍ ആചാരാനുഷ്ഠാനങ്ങളിലൂടെ ഒരു പരിധിവരെ അതില്‍നിന്ന് രക്ഷനേടാം.

വൈധവ്യദോഷമെങ്ങനെയൊക്കെ? ഏഴാമിടത്ത് കുജന്‍ നിന്നാല്‍ വൈധവ്യദോഷം വരാം. അതുപോലെ അഷ്ടമത്തില്‍ പാപന്‍ നില്‍ക്കുക, അഷ്ടമം പാപക്ഷേത്രമായി അവിടെ പാപന്‍ നില്‍ക്കുകയോ, ദൃഷ്ടിയുണ്ടാകുകയോ ചെയ്താല്‍ വൈധവ്യദോഷം വരാം. ഏഴാം ഭാവാധിപന്‍ അഷ്ടമത്തിലും അഷ്ടമാധിപന്‍ ഏഴിലും പാപദൃഷ്ടരായി നിന്നാലും വൈധവ്യദോഷം ഉണ്ട്.

ഏറ്റവും കൂടുതല്‍ വൈധവ്യദോഷം വരുന്ന ദോഷമാണ് വിഷ കന്യാദോഷം. ഞായറാഴ്ച ഭരണിയും, തിങ്കളാഴ്ച ചിത്തിരയും, ചൊവ്വാഴ്ച ഉത്രാടവും, ബുധനാഴ്ച അവിട്ടവും, വ്യാഴാഴ്ച തൃക്കേട്ടയും, വെള്ളിയാഴ്ച പൂരാടവും, ശനിയാഴ്ച രേവതിയും ഇങ്ങനെയുള്ള ദിവസം ജനിക്കുന്നവര്‍ക്ക് വൈധവ്യദോഷമുണ്ട്. എല്ലാം ഒത്തുവന്നാല്‍ വലിയ ദോഷംതന്നെ.

മൂലാദി നക്ഷത്രദോഷവും ചന്ദ്രലഗ്നാധിപന് ഇഷ്ടഭാവസ്ഥിതിയും ചന്ദ്രന് വ്യാഴവീക്ഷണമോ, വ്യാഴയോഗമോ ഉണ്ടാവുകയും ചെയ്താല്‍ വൈധവ്യദോഷമില്ല. എങ്കിലും സ്വരച്ചേര്‍ച്ചക്കുറവ്, പരസ്പരം കുറ്റം കണ്ടെത്തല്‍, പിണക്കങ്ങള്‍ എന്നിവ ഉണ്ടായിക്കൊണ്ടിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള പരിഹാരങ്ങള്‍ ചെയ്താല്‍ സുഖജീവിതം.

കുടുംബഭദ്രതയ്ക്കും വൈധവ്യദോഷം മാറുന്നതിനും ജീവിതസുഖത്തിനും, ദുരിത നിവാരണത്തിനും ദാമ്പത്യസുഖത്തിനും, സന്താനഭാഗ്യത്തിനും ധനുമാസത്തിലെ തിരുവാതിരവ്രതം എടുക്കുന്നത് അത്യുത്തമമാണ്. വിവാഹ തടസ്സമുള്ളവര്‍, വൈധവ്യദോഷമുള്ളവര്‍ ശക്തിപഞ്ചാക്ഷരി മന്ത്രത്തോടെ ഏഴുദിവസം വ്രതം എടുക്കണം.

തിരുവാതിരയ്ക്ക് '7' ദിനം മുന്നേ മത്സ്യമാംസാദികളുപേക്ഷിച്ച് ഒരുനേര ഭക്ഷണത്തോടെ വ്രതമാരംഭിക്കുക. മറ്റു രണ്ടു നേരങ്ങളിലും വേണമെങ്കില്‍ ലഘുഭക്ഷണമാകാം. 'ഓം നമഃശിവായ', 'ഓംഹ്രീം നമശിവായ' എന്നീ മന്ത്രങ്ങള്‍ 108 പ്രാവശ്യം വീതം ജപിച്ച് പാര്‍വതീപരമേശ്വരന്മാരെ പ്രാര്‍ത്ഥിക്കുക. ദോഷങ്ങള്‍ കുറഞ്ഞുകിട്ടും.

കാര്യസാദ്ധ്യമുണ്ടാവുകയും ചെയ്യും. പകല്‍ ഉറങ്ങാന്‍ പാടില്ല. ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കലാണ് തിരുവാതിര വ്രതത്തിന്റെ മുഖ്യചടങ്ങ്. രാത്രിയിലെ തിരുവാതിരക്കളിയും പ്രാധാന്യമുള്ളവയാണ്. ദേവീദേവ കഥകളും, ഭാര്യാഭര്‍ത്തൃസ്വഭാവവും ഒക്കെ കടന്നുവരുന്നു തിരുവാതിര പാട്ടിലൂടെയും മറ്റും.

ഈ വര്‍ഷം തിരുവാതിര വ്രതത്തിനോടനുബന്ധിച്ചുള്ള എട്ടങ്ങാടി നിവേദ്യം ധനുമാസം 16-ാം തീയതിയും തിരുവാതിര വ്രതം പതിനേഴാം തീയതിയും ആണ്. (1-1-2018). ദീര്‍ഘമംഗല്യവ്രതം എന്നാണ് തിരുവാതിര വ്രതത്തെ സങ്കല്പിക്കുന്നത്. രണ്ടുനേരവും ക്ഷേത്രദര്‍ശനം, കൂവളമാല സമര്‍പ്പിക്കല്‍, പാര്‍വതിക്ക് നെയ്യ്‌വിളക്കുവയ്ക്കല്‍ ഇതെല്ലാം പ്രീതികരമാണ്.

അതുപോലെ സ്വഭാവവൈകല്യമുള്ള സന്താനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി കാര്‍ത്തിക നാളിലെ ഉമാമഹേശ്വരപ്രാര്‍ത്ഥനയോടെ ശിവാരാധനയില്‍ മുഴുകാം. കാര്‍ത്തിക, രോഹിണി, മകയിരം എന്നീ ദിനങ്ങളിലെ വ്രതം സന്താനപ്രാപ്തിക്കും, സ്വഭാവരൂപീകരണത്തിനും വേണ്ടിയുള്ളതാണ്.

നാമങ്ങളും മന്ത്രങ്ങളും ജപിച്ച് ദിനങ്ങള്‍ പൂര്‍ത്തിയാക്കുക. മകയിരത്തിന്റെ അന്ന് സന്ധ്യയില്‍ എട്ടങ്ങാടി നിവേദ്യം ഉണ്ടാക്കി പൂജിച്ച് നിവേദ്യമായി കഴിക്കാം. ഈ നിവേദ്യം സന്താനസൗഭാഗ്യത്തിന് ഉത്തമമാണ്. സന്താനങ്ങളുടെ സ്വഭാവത്തില്‍ നല്ല ഗുണങ്ങള്‍ വന്നുഭവിക്കും എട്ടങ്ങാടി പൂജയിലൂടെ.

ചേന, ചേമ്പ്, കാച്ചില്‍, കൂര്‍ക്ക, നനകിഴങ്ങ്, ചെറുചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, ഏത്തക്കായ് എന്നിവ ചുട്ടോ, പുഴുങ്ങിയോ എടുക്കുക. കൂടെ ഗോതമ്പ്, പയര്‍, കടല എന്നിവ വറത്തുപൊടിച്ച് പഴവര്‍ഗ്ഗങ്ങളും ചേര്‍ത്ത് നിവേദ്യം ഉണ്ടാക്കി സമര്‍പ്പിച്ച് ഭക്തിയോടെ പൂജിച്ച് (അറിയുന്ന രീതിയില്‍) കഴിക്കാം.

പിറ്റേന്ന് തിരുവാതിര വെളുപ്പിന് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി ഉറങ്ങാതെ മന്ത്രജപത്തോടെ അന്നു കഴിയുക. പുണര്‍തം നാളില്‍ രാവിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വ്രതം അവസാനിപ്പിക്കാം.

ഇങ്ങനെ ഭക്തിയോടെയുള്ള പൂജയാലും മന്ത്രജപത്താലും മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഏതുകാര്യവും സാധ്യമാകും. സര്‍വ്വദോഷങ്ങളും മാറിക്കിട്ടും. വൈധവ്യദോഷത്തിനും വിവാഹമോചനത്തില്‍ നിന്ന് രക്ഷനേടാനും തിരുവാതിര വ്രതം ഉത്തമമാണ്.

എല്‍. ഗോമതി അമ്മ
(റിട്ട. ടീച്ചര്‍)
ഫോണ്‍: 9446946945

Ads by Google
TRENDING NOW