മലയാളികള്‍ പൊതുവേ വൃക്ഷസ്നേഹികളാണ്. വീട് പണിയുന്നവര്‍ പറമ്പിലുള്ള മരങ്ങള്‍ പരമാവധി നിലനിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ട്. എല്ലാ വീട്ടിലും തെങ്ങ് വേണമെന്നത് നമുക്ക് നിര്‍ബന്ധമാണ്. ഇന്ന് പുതിയ ഫലവൃക്ഷങ്ങളും നമ്മുടെ പറമ്പുകളില്‍ നടുവാന്‍ ആരംഭിച്ചിട്ടുണ്ട്.
മരങ്ങള്‍ നമുക്കുവേണ്ടിയും മക്കള്‍ക്കുവേണ്ടിയും കൊച്ചുമക്കള്ക്കായും നടാം. ചിലത് നമുക്കനുഭവിക്കാന്‍ സാധിക്കും. അധികവും ഫലവൃക്ഷങ്ങളാണ് ഇതില്‍ വരുന്നത്. തേക്ക്, ഇരുമുള്ള, ഈട്ടി പോലുള്ളവ അടുത്ത തലമുറയ്ക്ക് ഉപയോഗിക്കാം. മറ്റു ചില മരങ്ങള്‍ കാതലായി വരാന്‍ മൂന്നു തലമുറ വേണ്ടിവരും.
ഇത് വലിയൊരു നിക്ഷേപം കൂടിയാണ്. നമ്മുടെ മുത്തച്ഛന്മാര് നട്ടതാണ് നാം അനുഭവിക്കുന്നത്. അതിനാല്‍ അടുത്ത തലമുറകളോട് നമുക്കുള്ള ഉത്തരവാദിത്വം നാംതന്നെ നിറവേറ്റണം. കാഞ്ഞിരം, ചാര്, താന്നി എന്നിവ വീട്ടുവളപ്പില്‍ പാടില്ല.
ജാതി, അശോകം, ചന്ദനം, നെല്ലി, ചെമ്പകം, കൊന്ന, ദേവതാരം, മന്ദാരം, പാരിജാതം, ഇലഞ്ഞി, കരിങ്ങാലി, എന്നിവ ഗൃഹത്തിന്റെ നാലുഭാഗത്തും ആകാം. അത്തി, കവുങ്ങ്, പുളി എന്നിവ തെക്കും പേരാല്‍, തെങ്ങ്, ഏഴിലംപാല എന്നിവ പടിഞ്ഞാറും ഇത്തി, നാഗമരം എന്നിവ വടക്കുമാണ് ഉത്തമം.