Friday, January 18, 2019 Last Updated 52 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 06.45 PM

ഉദരത്തിലെ കുഞ്ഞിനെ ഉള്‍പ്പെടെ എട്ടു കുഞ്ഞങ്ങളെ കൈവിടുന്ന പ്രവര്‍ത്തിയാണ് അമ്മ ചെയ്തത്: സ്വപ്ന ട്രേിസയുടെ ത്യാഗം മഹത്വവല്‍ക്കരിക്കരുത് എന്ന മുന്നറിയിപ്പു നല്‍കി കൊണ്ടുള്ള ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

uploads/news/2017/12/178490/swpna.jpg

എട്ടുമക്കളുടെ അമ്മ തന്റെ ഉദരത്തില്‍ വളരുന്നു കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കാന്‍ കാന്‍സറിനുള്ള ചികിത്സ വേണ്ട എന്നു വച്ചു മരണം വരിച്ച വാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്നു കേരളം മോചിതമായിട്ടില്ല. ചിറ്റാട്ടുകര ചിറ്റിലപ്പള്ളി വീട്ടില്‍ ജോജുവിന്റെ ഭാര്യ സ്വപ്ന ട്രേസി (43) യാണു തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ക്യാന്‍സറിനു ചികിത്സ തേടാതിരുന്നത്. എന്നാല്‍ സ്വപ്നയുടെ ത്യാഗം മഹത്വവല്‍ക്കരിക്കരുത് എന്നു മുന്നറിയിപ്പുമായി ഡോ: ദീപു സദാശിവം എന്ന ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

ചികിത്സിച്ചാല്‍ ഭേതമാകുന്ന അവസ്ഥയില്‍ അബോര്‍ഷഷന്‍ ചെയ്യാന്‍ മടിച്ചു ചികിത്സ എടുക്കാതെ സ്വയംഹത്യ വരിച്ചത് ഏതു വിശ്വാസത്തിന്റെ പേരിലാണെങ്കിലും അതൊക്കെ അപലപനീയമാണ് എന്നു ഡോക്ടര്‍ പറയുന്നു. ഉദരത്തിലെ കുഞ്ഞിനെ ഉള്‍പ്പെടെ ഏട്ടു കുഞ്ഞുങ്ങളെ കൈവിടുന്ന പ്രവര്‍ത്തിയാണ് ഈ അമ്മ അറിഞ്ഞോ അറിയാതയോ ചെയ്തത് എന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു.

ഡോക്ടറുടെ കുറിപ്പ്

ഉദരത്തിലെ കുഞ്ഞിനെ കൈവിട്ടില്ല.... അമ്മ മരണത്തിനു കീഴടങ്ങി എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത പരോക്ഷമായി നടത്തുന്ന മഹത്വവല്‍ക്കരണം നിര്‍ഭാഗ്യകരമാണ്. ഉദരത്തിലെ കുഞ്ഞിനെ ഉള്‍പ്പെടെ എട്ടു കുഞ്ഞുങ്ങളെ കൈവിടുന്ന പ്രവര്‍ത്തിയാണ് ആ അമ്മ അറിഞ്ഞോ അറിയാതെയോ ചെയ്തത്. ചികിത്സിച്ചാല്‍ ഭേദമാവുമായിരുന്ന അവസ്ഥയില്‍ അബോര്‍ഷന്‍ ചെയ്യാന്‍ മടിച്ചു ചികിത്സ എടുക്കാതെ സ്വയം ഹത്യ വരിച്ചത് എന്ത് മത വിശ്വാസത്തിന്റെ പേരില്‍ ആണെങ്കിലും ഇതൊക്കെ അപലപനീയമാണ് എന്ന് പറയാതെ വയ്യ.

ഭര്‍ത്താവിനു വേറെ കല്യാണം കഴിക്കാന്‍ മതവിശ്വാസം തടസ്സമാവില്ലായിരിക്കും, മക്കള്‍ക്ക്‌ പകരം അമ്മയെ കിട്ടില്ലല്ലോ. ഇക്കാലത്തും ഇതിനെ വിശ്വാസത്തിന്റെ പേരില്‍ വാഴ്ത്തിപ്പാടാന്‍ ഒരു പറ്റം ആള്‍ക്കാരും !! വാര്‍ത്ത ഒക്കെ വരുന്നതിനു മുന്നേ പ്രചരിച്ച പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് ആണ് താഴെ... മതം ലഹരിയായി തലയ്ക്കു പിടിച്ചു തുടങ്ങാത്തവരുടെ ശ്രദ്ധയ്ക്ക്,

1, അനവധി നിരവധി പ്രസവം എന്നത് സ്ത്രീകളുടെ ശരീരാരോഗ്യത്തിനും ചിലപ്പോഴൊക്കെ ജീവനും തന്നെ അപകടമാണ്.

2, അഞ്ചില്‍ അധികം പ്രാവശ്യം പ്രസവിച്ച സ്ത്രീകളെ Grand multiparity എന്ന മെഡിക്കല്‍ പദം കൊണ്ട് വിശേഷിപ്പിക്കുന്നു ഇത്തരക്കാര്‍ വീണ്ടും ഗര്‍ഭം ധരിക്കുമ്പോള്‍ കുഞ്ഞിനും അമ്മയ്ക്കും ഉള്ള റിസ്കുകള്‍ കൂടുന്നു.

3, രാജ്യത്ത് നിലവിലുള്ള പോളിസി പ്രകാരം ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുന്നതിന് വേണ്ടിയാണ് സന്താന നിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നത്. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ദീര്‍ഘകാല ശാരീരക ആരോഗ്യം സാമൂഹിക ഉന്നമനം എന്നിവ ലക്ഷ്യമാക്കിയാണ് ഇത്തരം കാര്യങ്ങള്‍ നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ളത്. ഇതിനു ശാസ്ത്രീയമായ അടിത്തറയും ഉണ്ട്. ഇത് അനുവര്‍ത്തിക്കാതെ സ്വന്തം കാര്യം മാത്രം നോക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്റ്റേറ്റ് വക സാമൂഹിക പരിരക്ഷകള്‍ നല്‍കുന്നത് പുന:പരിശോധിക്കേണ്ടതാണ്.

4, ക്യാന്‍സര്‍ എന്നത് അല്ല പൊതു സ്വഭാവം ഉള്ള അനേകം രോഗങ്ങളെ പൊതുവില്‍ പറയുന്നതാണ്. ചികിത്സയും ഒരേ പോലെ അല്ല, രോഗത്തിന്റെ ടൈപ്പ്, അവസ്ഥ, രോഗം പടര്‍ന്നിട്ടുണ്ടോ ഇല്ലയോ എന്നതൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ചികിത്സ.

5, ക്യാന്‍സര്‍നുള്ള ഏക ചികിത്സ അല്ല കീമോതെറാപ്പി. എല്ലാ ക്യാന്‍സറിനും കീമോതെറാപ്പി വേണ്ടാ താനും. സര്‍ജറി, റേഡിയെഷന്‍, ഹോര്‍മോണ്‍ തെറാപ്പി, ജീന്‍ തെറാപ്പി അങ്ങനെ പലവിധ ചികിത്സാ പദ്ധതികളും ഒറ്റയ്ക്കും സംയുക്തമായും ഉപയോഗിക്കുന്നുണ്ട്.

6, ക്യാന്‍സറുകളുടെ ഇടയില്‍ വളരെയധികം ചികിത്സാ ഫലപ്രാപ്തി ഉള്ള ഒന്നാണ് സ്തനാര്‍ബുദം, പൂര്‍ണ്ണമായും ഭേദമാക്കാവുന്നത്, എന്നാല്‍ ശരിയായ ചികിത്സ വൈകിയാല്‍ ക്യാന്‍സര്‍ പടര്‍ന്നു പിടിച്ചു അപകടം സംഭവിച്ചേക്കാം.

ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ ഇരിക്കുക, മെഡിക്കല്‍ കാരണങ്ങളാല്‍ നിര്‍ബന്ധിതമായാല്‍ പോലും അബോര്‍ഷന്‍ ചെയ്യാതിരിക്കുക, ചികിത്സാ നിഷേധത്തിലൂടെ മരണം വരിക്കുക പോലുള്ളവ ദയവു ചെയ്തു സമൂഹത്തില്‍ മഹാത്വവല്‍ക്കരിക്കരുത് എന്ന് മാധ്യമങ്ങളോട് ഒരു അപേക്ഷയുണ്ട്.

Ads by Google
Thursday 28 Dec 2017 06.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW