Thursday, April 25, 2019 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 04.17 PM

അച്ഛനെ ഓര്‍ക്കുമ്പോള്‍...

uploads/news/2017/12/178465/Weeklyanubhavpacha281217a.jpg

അച്ഛനായിരുന്നു എന്റെ റോള്‍മോഡല്‍. ഞാന്‍ ഇന്നേവരെ പുകവലിച്ചിട്ടില്ല, മദ്യപിച്ചിട്ടുമില്ല. എന്റെ അച്ഛന്‍ എന്നോട് അതൊന്നും ചെയ്യരുതെന്നു പറഞ്ഞിട്ടില്ല. പക്ഷേ, അച്ഛന്‍ അതു രണ്ടും ചെയ്യില്ലായിരുന്നു. അച്ഛന്റെ പ്രവൃത്തികള്‍ തന്നെയായിരുന്നു അച്ഛന് എന്നോട് ഉപദേശിക്കാനുണ്ടായിരുന്നത്.

ഞാന്‍ മജീഷ്യനായതില്‍ അച്ഛന്‍ ഏറെ സന്തോഷിച്ചിരുന്നു. എന്തു ജോലിയായിരുന്നാലും രണ്ടാമതൊരാള്‍ക്ക് അതുകൊണ്ടു ഗുണം കിട്ടണമെന്ന് അച്ഛന്‍ പറയുമായിരുന്നു. അതുകൊണ്ടുതന്നെ ധാരാളം ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ബോധവത്കരണ ക്ലാസുകളും മാജിക്കുമായി ചേര്‍ത്ത് നടത്തുവാന്‍ സാധിച്ചിട്ടുണ്ട്.

പരിപാടിയില്ലാത്ത സമയങ്ങളില്‍ പറ്റുന്നപോലെ കൂടുതല്‍ സമയവും ഞാന്‍ അച്ഛനോടൊപ്പം ചിലവഴിച്ചിരുന്നു. അതുകൊണ്ടാവണം ദൈവം എന്റെ വിധി മറ്റൊരുതരത്തില്‍ എഴുതിയത്. അച്ഛന്‍ മരിച്ചിട്ട് ഞാന്‍ എത്താനായി മണിക്കൂറുകളോളം കാത്തുകിടക്കേണ്ടി വന്നു.

എനിക്കന്ന് ഇരിങ്ങാലക്കുട ആയിരുന്നു ഷോ. പിറ്റേന്ന് എറണാകുളത്തും. വൈകിട്ട് ആറുമണിയോടെ പരിപാടി തുടങ്ങി. ഷോ ഭംഗിയായി നടക്കുന്ന ഒരുഘട്ടത്തില്‍ എനിക്ക് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. സാധാരണയായി അങ്ങനൊന്നും ഉണ്ടാവാറില്ല. ഞാന്‍ വളരെ ആസ്വദിച്ചാണ് ഷോ ചെയ്യുന്നത്. എന്നാല്‍ അന്ന് ആ ഷോ ഞാന്‍ വളരെ പണിപ്പെട്ടാണ് അവസാനിപ്പിച്ചത്.

അതിനുശേഷം അന്ന് രാത്രിതന്നെ ഞങ്ങള്‍ എറണാകുളത്തേക്ക് തിരിച്ചു. പോകുന്നവഴി കൊടുങ്ങല്ലൂര്‍ ഗസ്റ്റ് ഹൗസില്‍ റൂം ഉണ്ടെന്നറിഞ്ഞ് അവിടെ തങ്ങി.

പിറ്റേന്ന് വൈകിട്ടാണ് എറണാകുളത്തെ ഷോ. രാത്രി അകാരണമായി ഞാന്‍ അസ്വസ്ഥനായിരുന്നെങ്കിലും സഹപ്രവര്‍ത്തകരോടൊപ്പം അവരുടെ ആഹ്ലാദനിമിഷങ്ങളില്‍ പങ്കാളിയായി.

ആരോ ഒരാള്‍ സാറിന് എന്തുപറ്റി എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു; അറിയില്ല, എന്തെങ്കിലും നാമറിയാത്ത കാരണം കാണും. പിറ്റേന്ന് ഏറെ നേരത്തെതന്നെ ഉണര്‍ന്നെങ്കിലും കട്ടിലില്‍ വെറുതെകിടന്നു. ഏതാണ്ട് ആറുമണിയോടെ ആരോ വാതിലില്‍ മുട്ടി. ഞാന്‍ എണീറ്റ് വാതില്‍ തുറന്നു. എന്റെ വീടിന്റെ തൊട്ടപ്പുറത്തു താമസിക്കുന്ന ചേട്ടന്‍.

'ചേട്ടന്‍ എന്താ ഇവിടെ?' ഞാന്‍ ചിരിച്ചുകൊണ്ട് അകത്തേക്കു ക്ഷണിച്ചു. പക്ഷേ, ചേട്ടന്റെ മുഖം ശോകമായിരുന്നു. ഞാന്‍ എന്തുപറ്റിയെന്നു തിരക്കിയപ്പോള്‍, 'നീ വേഗം റെഡിയാവൂ, വീട്ടിലേക്കു പോകണം, അച്ഛന് വയ്യ' എന്നു പറഞ്ഞു. ഞാന്‍ ചേട്ടന്റെ കൈയില്‍ മുറുകെ പിടിച്ചു.

'പോയി, ഇന്നലെ രാത്രി ഏഴുമണിക്കായിരുന്നു.' ചേട്ടന്‍ പറഞ്ഞു.

അന്ന് ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണ്‍ ഒന്നുമില്ലല്ലോ. അച്ഛന്‍ മരിച്ചയുടനെ എന്നെ കൂട്ടിവരാന്‍ ഈ ചേട്ടനെ അയച്ചതാണ്. ഇരിങ്ങാലക്കുടയില്‍ പോയി, അവിടുത്തെ കമ്മിറ്റിക്കാരോടു തിരക്കിയിട്ട് ഇവിടെ കാണാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞുവന്നതാണ്. ഞാന്‍ എറണാകുളത്തെ ഷോ മാറ്റിവച്ച് അപ്പോള്‍ത്തന്നെ വീട്ടിലേക്കു തിരിച്ചു.

പോകുന്ന വഴി ബസിന്റെ ജനാലച്ചാരെയിരുന്ന് വഴിയിലെ കാഴ്ചകള്‍ കാണുമ്പോള്‍ ഇന്നലെ അച്ഛന്‍ മരിച്ച സമയം, ആ വിവരമറിയാതെ ഞാനനുഭവിച്ച വേദനയെപ്പറ്റിയോര്‍ത്തു. ഒരു രാത്രി മുഴുവനും, പിന്നെ ഞാന്‍ ഓടി വീട്ടില്‍ എത്തുന്നതുവരെയും അച്ഛന്‍ എന്നെ കാത്തുകിടക്കും.

സമയനിഷ്ഠ ഏറെ വിലമതിച്ച അച്ഛന്‍, അതെങ്ങനെ സഹിക്കുമെന്ന് ഞാന്‍ ഓര്‍ത്തു. ഇന്നലെമുതല്‍ അകാരണമായി ഞാനനുഭവിച്ച ഹൃദയവേദന അച്ഛന്‍ എന്നെ മരണം അറിയിച്ചതിന്റെ ഭാഗമായിരുന്നോ? മാത്രമല്ല, എന്നും അച്ഛന്റെ നിഴലായി നടക്കാനാഗ്രഹിച്ച എനിക്ക് അവസാനനാളുകളില്‍ അച്ഛനൊപ്പം ചേര്‍ന്നിരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം എന്നെ
കുത്തിനോവിച്ചു.

ഞാന്‍ വീട്ടിലെത്താന്‍ കാത്തിരിക്കുകയായിരുന്നു എല്ലാവരും. എന്നോടു വിടപറഞ്ഞ് അച്ഛന്‍ അഗ്്‌നിയിലേക്ക് ലയിക്കുമ്പോള്‍ എനിക്ക് എന്തൊക്കെയോ നഷ്ടപ്പെടുകയായിരുന്നു. വര്‍ഷമിത്ര കഴിഞ്ഞിട്ടും നികത്താനാവാത്ത ആ വിടവ് ഇന്നും അതുപോലെ അവശേഷിക്കുന്നു.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW