വസ്ത്രങ്ങളില്‍ പുത്തന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കുന്നവരാണ് അധികവും. അതില്‍ പ്രധാനമാണിപ്പോള്‍ കലംകാരി. വസ്ത്രങ്ങളില്‍ ചായങ്ങള്‍ വിതറി പെണ്ഹൃദയങ്ങ ള്‍ കീഴടക്കുകയാണ് കലംകാരി...
സാരിയിലും ബ്ലൗസിലും ചുരിദാറിലും എന്തിനേറെ പറയുന്നു, നിത്യേന ഉപയോഗിക്കുന്ന ഹാന്‍ഡ് ബാഗില്‍ പോലും കലംകാരി ഡിസൈന്‍ നിറയുകയാണ്. കാഴ്ചയ്ക്കേറെ പുതുമ നല്കുന്ന കലംകാരി ഡിസൈനുകളെക്കുറിച്ച്...
കലയും കലംകാരിയും
ഒരു കാലത്ത് പെണ്‍കുട്ടികള്‍ക്കിടയില്‍ തരംഗമായിരുന്നു കലംകാരികള്. എന്നാല്‍ കലംകാരിയെ അല്പമൊന്ന് പിന്നിലാക്കി ജൂട്ടും മറ്റ് തുണിത്തരങ്ങളും പെണ്മനം കീഴടക്കി.
പക്ഷേ പകവീട്ടാനെന്നോണം കലംകാരി വീണ്ടും വിപണിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ന് ഒരു കലംകാരി ചുരിദാറോ, സാരിയോ ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. കടുംനിറത്തിലുള്ള കലംകാരിക്കാണ് ആവശ്യക്കാരേറെയുള്ളത്. കാപ്പി, നീല, തവിട്ട്, ചുവപ്പ്, കറുപ്പ് ഈ നിറങ്ങളോടാണ് ഏവര്‍ക്കും പ്രിയം.
കലംകാരിയുടെ ഉത്ഭവം
ഏകദേശം മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കലംകാരി ഡിസൈന്‍ നെയ്ത്തുകാര്‍ രൂപകല്പന ചെയ്തെടുത്തത്. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയില്‍ നിന്നുള്ള നെയ്ത്തുകാരാണ് കലംകാരി രൂപകല്പന ചെയ്ത് തുടങ്ങിയതെന്നാണ് കേട്ടറിവ്.
കൈകളുപയോഗിച്ചോ തടിക്കട്ടികളില് ചായം മുക്കി അടിച്ചതോ ആയ പരുത്തിത്തുണികളാണ് കലംകാരി. ചെടികളും മരങ്ങളുമാണ് കലംകാരിക്കായി ചായക്കൂട്ടുകള്‍ ഒരുക്കുന്നത്. ഏത് കാലാവസ്ഥയിലും ധരിക്കാന്‍ അനുയോജ്യമാണ് കലംകാരി തുണിത്തരങ്ങള്‍.
രണ്ടു തരത്തിലുള്ള കലംകാരികളാണ് ഇന്ത്യയിലുള്ളത്. ശ്രീകാളഹസ്തി കലംകാരിയും മാച്ചിലിപട്നം കലംകാരിയും. ഇതില്‍ ശ്രീകാളഹസ്തി കലംകാരിയില്‍ മെഷീനുപകരം കൈകളുപയോഗിച്ചാണ് നിറങ്ങള്‍ ചേര്‍ക്കുന്നത്.
കുര്‍ത്തികളും ഫ്രോക്കുകളും
സാരിയിലും ബ്ലൗസിലും മാത്രമല്ല, ഫ്രോക്കുകളിലും ഇപ്പോള്‍ കലംകാരി പ്രിന്റുണ്ട്. ഒരു വശത്ത് മാത്രം കലംകാരി പ്രിന്റുള്ള ടോപ്പുകളുമുണ്ട്. ബോര്‍ഡറിലും കൈയിലും സ്ലീവിലും മാത്രം കലംകാരിയുള്ള ഫ്രോക്കുകളുണ്ട്. അമ്പ്രല്ലാകട്ടിങുള്ള ഫ്രോക്കുകളാണ് കലംകാരിക്ക് അനുയോജ്യം. 500 രൂപ മുതല്‍ ഇവ വിപണിയില്‍ ലഭ്യമാണ്.
കലംകാരി പലാസോ
ടീനേജുകാര്‍ക്കിടയില്‍ കൂടുതല്‍ പ്രീതി നേടിയ ഒന്നാണ് പലാസോ പാന്റുകള്‍. ഇപ്പോള്‍ പലാസോകളിലും കലംകാരി പ്രിന്റിനാണ് കൂടുതല്‍ ഡിമാന്റ്. അലങ്കാരങ്ങള്‍ കുറഞ്ഞ ടോപ്പിനൊപ്പം ഒരു പലാസോ കൂടി ധരിച്ചാല്‍ അതിനൊരു പുതുമയുണ്ട്. 500 രൂപ മുതല്‍ കലംകാരി പ്രിന്റുള്ള പലാസോകള്‍ വിപണിയില്‍ ലഭ്യമാണ്.
സാരിയിലും കലംകാരി തരംഗം
വിവാഹങ്ങള്‍ക്കും മറ്റ് ഫങ്ഷനുകള്‍ക്കും സാരി ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരേറെയാണ്. അങ്ങനെയുള്ളവര്‍ക്ക് പട്ടുസാരിയിലും കലംകാരിയെ ഒപ്പം കൂട്ടാം. പട്ടുസാരിക്ക് അതിനോട് ചേരുന്ന കലംകാരി പ്രിന്റോടു കൂടിയ ബ്ലൗസ് ധരിച്ചാല്‍ ട്രെഡീഷണല്‍ ലുക്കിനൊപ്പം അല്പം വ്യത്യസ്തതയും കൊണ്ടുവരാം.
ശില്പ ശിവ വേണുഗോപാല്‍