Monday, September 10, 2018 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
ഇ.വി. ഷിബു
Thursday 28 Dec 2017 02.01 PM

സെക്കന്റ് ഷോ ടോപ് ടെന്‍

പോയവര്‍ഷത്തെ അവതരണമികവും ബോക്‌സ് ഓഫീസ് ശ്രദ്ധയും നേടിയ 2017 ലെ 10 സിനിമകള്‍....
uploads/news/2017/12/178446/secondshowtopten281217.jpg

സമ്പൂര്‍ണമായി സംവിധായകര്‍ സംഭവങ്ങളായ വര്‍ഷമായിരുന്നു 2017. മുന്‍വര്‍ഷം പോലെ കോടിക്കിലുക്കാത്തലല്ല ബോക്‌സ്ഓഫീസ് ശ്രദ്ധ നേടിയത്, മലയാളസിനിമയെ മുന്നോട്ടു നയിക്കാന്‍ശേഷിയുള്ള സംവിധായകര്‍ ഇവിടെത്തന്നെയുണ്ട് എന്നു ബോധിപ്പിച്ചാണ് 2017 വിടപറയുന്നത്.

കഥപറയുന്ന രീതികൊണ്ട്, പറച്ചിലിലെ ലാളിത്യവും പുതുമയും നിലവാരവും കൊണ്ട്, ഫോര്‍മുലകളെ പടിക്കു പുറത്തുനിര്‍ത്തിയാണ് ഏറെ സിനിമകളും ശ്രദ്ധ നേടിയത് എന്നതും ശ്രദ്ധേയം.

കോടിക്ലബുകളുടെ അവകാശവാദവുമായി സൂപ്പര്‍താരസിനിമകള്‍ ഈ വര്‍ഷമുണ്ട്. അവയെ, അവയുടെ വഴിക്കുവിടാം. ഫാന്‍സിന്റെ ഇരമ്പവും ആള്‍ക്കൂട്ട ബഹളങ്ങളുമായിരുന്നു അവ, പലതും പണത്തിന്റെ മേളക്കൊഴുപ്പ് മാത്രം.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും മുതല്‍ രക്ഷാധികാരി ബൈജുവരെ നീണ്ട നിര. വലിയ സിനിമകളില്‍ ഗുണനിലവാരം കൊണ്ട് എടുത്തുകാണിക്കാനുള്ളത് രാമലീല മാത്രമാണ്.

മികവ് തെളിയിച്ച ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശേരി, ബേസില്‍ ജോസഫ് എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍, അല്‍ത്താഫ് സലീം, ഫാന്റം പ്രവീണ്‍, മഹേഷ് നാരായണന്‍, അരുണ്‍ ഗോപി എന്നീ പുതുമുഖങ്ങളും പോയവര്‍ഷത്തെ പ്രതീക്ഷാനിര്‍ഭരമാക്കി. അവതരണമികവുംബോക്‌സ് ഓഫീസ് ശ്രദ്ധയും നേടിയ 2017ലെ 10 സിനിമകള്‍.

uploads/news/2017/12/178446/secondshowtopten281217a.jpg

1. തൊണ്ടിമുതലും ദൃക്‌സാക്ഷിയും


ദിലീഷ് പോത്തന്‍: മഹേഷിന്റെ പ്രതികാരം യാദൃച്ഛികമായി സംഭവിച്ച ഒരു 'ബട്ടര്‍ഫ്‌ളൈ ഇഫക്ടല്ല' എന്നുറപ്പിച്ച ദിലീഷ് പോത്തന്‍ ചിത്രം. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും സവിശേഷവും ശ്രദ്ധേയവുമായ സിനിമ. കോടിയുടെ എണ്ണത്തില്‍ ചിലപ്പോള്‍ ബോക്‌സ്ഓഫീസില്‍ ഒന്നാമതായിരിക്കില്ല. എന്നാല്‍ വാണിജ്യസിനിമയുടെ കലാ, ഗുണ മേന്മയെ പുതിയ തലത്തിലേക്ക് എത്തിച്ച അത്യുഗ്രന്‍ സൃഷ്ടിയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഒരേസമയം ജനപ്രിയവും എന്നാല്‍ ഉള്‍ക്കനവും ജീവിതഗന്ധിയുമായ സിനിമ. മഹേഷിന്റെ പ്രതികാരം പോലെ ആവര്‍ത്തിച്ചുള്ള കാഴ്ചയ്ക്കു നിര്‍ബന്ധിക്കുന്ന, വശംവദനാക്കുന്ന 'പോത്തേട്ടന്‍ ബ്രില്ല്യന്‍സ്'.! ഫഹദ് ഫാസിലിന്റെ ഗംഭീര അഭിനയം ഒരിക്കല്‍കൂടി, നിമിഷ സജയന്‍ എന്ന പുതുമുഖ നടി, സുരാജ് വെഞ്ഞാറമ്മൂടിന്റെ സവിശേഷമായ അഭിനയം ഇതെല്ലാം ഒരുക്കിയ തൊണ്ടിമുതല്‍ ഒരു സോഷ്യല്‍ കമന്ററി എന്ന നിലയിലും ഒരു ' സിസ്റ്റം അനാലിസിസ്' എന്ന നിലയിലും അടരുകളുളള സൂക്ഷ്മമായ പഠനം പോലും അര്‍ഹിക്കുന്ന ഒന്നാംകിട വാണജ്യസിനിമയായിരുന്നു. വരുന്നവര്‍ഷം 'കുമ്പളങ്ങി ഡയറീസ്' എന്ന സിനിമയായി ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും വരുന്നുണ്ട്. ഒരു തകര്‍പ്പന്‍ ഹാട്രിക്കിന് മുന്‍കൂര്‍ ആശംസകള്‍, ഈ പുതുവത്സരത്തിന്.
uploads/news/2017/12/178446/secondshowtopten281217b.jpg

2 അങ്കമാലി ഡയറീസ്


ലിജോ ജോസ് പെല്ലിശേരി: ഒരുപതിറ്റാണ്ടായി മലയാളത്തിലുണ്ട് ലിജോ എന്ന പേര്. എങ്കിലും ആ പ്രതിഭയുടെ കൂടുതുറന്നുവിട്ടത് ശരിക്കും കണ്ടത് ആമേനിലൂടെയാണ്. എന്നാല്‍ പിന്നാലെ വന്ന കൊടുംപരീക്ഷണം ഡബിള്‍ ബാരല്‍ കാഞ്ചിവലിക്കും മുമ്പേ പൊട്ടിത്തകര്‍ന്നു. ലിജോ പക്ഷേ പരീക്ഷണം വിട്ടൊരു പരീക്ഷയില്ല എന്നുറപ്പിച്ചുതന്നെ പറഞ്ഞു, അതായിരുന്നു അങ്കമാലി ഡയറീസ്, കട്ട ലോക്കല്‍ എന്ന ടാഗ്‌ലൈനോടു വന്ന ആ സിനിമ 2017നെ ഭ്രമിപ്പിച്ച, വിസ്മയിപ്പിച്ച, കൊതിപ്പിച്ച പക്കാ മലയാളം ഇന്റര്‍നാഷണലായിരുന്നു. അങ്കമാലിയുടെ പ്രാദേശിക, സംസ്‌കാരികതയെ അവിടെത്തെ യുവത്വത്തോടു ചേര്‍ത്തു പറഞ്ഞ സിനിമയുടെ അടിസ്ഥാനപ്രമേയം വയലന്‍സായിരുന്നെങ്കിലും ലിജോയുടെ ക്രാഫ്റ്റ് ആ സിനിമയെ മലയാളത്തിനു പരിചയമില്ലാത്ത ദൃശ്യഭാഷ കാട്ടിത്തന്നു. അന്‍പതിലധികം പുതുമുഖങ്ങളുമായി വന്ന അങ്കമാലി ഡയറീസ് വാണിജ്യവിജയവും നേടി. മരണം പ്രമേയമാക്കിയ ഈ. മാ. യൗ ഡിസംബറില്‍ റിലീസ് നിശ്ചയിച്ചതായിരുന്നെങ്കിലും റിലീസ് ദിവസം അപ്രതീക്ഷിതമായി മാറ്റുകയാണുണ്ടായത്. ഈ. മാ. യൗവിലൂടെ ഈ വര്‍ഷവും ലിജോ വകയൊരു മാജിക് പ്രതീക്ഷിക്കാം.
uploads/news/2017/12/178446/secondshowtopten281217c.jpg

3. ടേക്ക് ഓഫ്


മഹേഷ് നാരായണന്‍: അതൊരു 'ടേക്ക് ഓഫ്' തന്നെയായിരുന്നു, മഹേഷ് നാരായണന്‍ എന്ന സംവിധാകയന്റെയും പാര്‍വതി എന്ന നടിയുടെയും ഇന്റര്‍നാഷണല്‍ നിലവാരത്തിലേയ്ക്കുള്ള തകര്‍പ്പന്‍ ടേക്ക്ഓഫ്. വിശ്വരൂപം അടക്കമുള്ള സിനിമകളുടെ എഡിറ്ററായിരുന്ന മഹേഷ് നാരായണന്റെ സംവിധായകനായുള്ള കന്നിസിനിമയായിരുന്നു ടേക്ക് ഓഫ്. എന്നാല്‍ മലയാളസിനിമയുടെ ബജറ്റ് പരിമിധികളെ സമര്‍ഥമായി മറികടന്ന ടേക്ക്ഓഫിന് ശരിക്കുമൊരു രാജ്യാന്തര സിനിമയുടെ എടുപ്പുണ്ടായിരുന്നു. ഐ.എസ്. കലാപത്തിനിടെ ഇറാഖില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥപറഞ്ഞ സിനിമയ്ക്ക് രാഷ്ട്രീയബോധവുമുണ്ടായിരുന്നു. ഗോവ ചലച്ചിത്രമേളയില്‍ ജൂറിയുടെ രജതമയൂരവും മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്കു സമ്മാനിച്ചുമാണ് മഹേഷ് നാരായണനും സംഘവും തകര്‍പ്പന്‍ ലാന്‍ഡിങ് നടത്തിയത്. വാണിജ്യവിജയയത്തിലും ടേക്ക്ഓഫ് മികച്ചനേട്ടം കൊയ്തു.
uploads/news/2017/12/178446/secondshowtopten281217d.jpg

4. ഗോദ


ബേസില്‍ ജോസഫ്: ടേക്ക്ഓഫിനെപോലെ തന്നെ മാറിയ മലയാള സിനിമയുടെ നവമുഖം ലോകത്തിനുമുന്നില്‍ കാട്ടിക്കൊടുത്ത കാഴ്ചമാണ് ബേസിലിന്റെ ഗോദ. കുഞ്ഞിരാമായണം എന്നൊരു തമാശക്കഥയൊരുക്കിയ ബേസില്‍ ജോസഫിന്റെ രണ്ടാമത്തെ സിനിമയായിരുന്നു ഗോദ. ടൊവിനോ തോമസും പഞ്ചാബി താരം വാമിഖയും മുഖ്യവേഷത്തിലെത്തിയ ഗോദയുടെ ഏറ്റവും വലിയ ഹൈലൈറ്റ് സംവിധായകന്റെ അസാധാരണ കരസ്പര്‍ശമായിരുന്നു. താനല്‍പം വല്യ രാമായണം എഴുതാന്‍ ശേഷിയുള്ളവനാണെന്നു തെളിയിച്ചു ബേസില്‍. പോരായ്മകളും അപൂര്‍ണതകളും ഉണ്ടെങ്കിലും മലയാളസിനിമയുടെ ഒരു പോരാട്ടാവേദിയായി ഗോദ മാറി. തിയറ്ററിലും വിജയമായിരുന്ന ഗോദയ്ക്ക് മള്‍ട്ടിപ്ലെക്‌സിലെ സമരം കളക്ഷനിലെ ഒരു
വലിയ മാര്‍ജിന്‍ കുറയ്ക്കുന്നതിനു കാരണമായിട്ടുണ്ട്.
uploads/news/2017/12/178446/secondshowtopten281217e.jpg

5. പറവ


സൗബിന്‍ ഷാഹിര്‍: പ്രേമത്തിലെ പി.ടി. സാര്‍ സംവിധായകനായി, കഴിഞ്ഞവര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ അരങ്ങേറ്റം. പ്രേമത്തിനുശേഷമുള്ള അന്‍വര്‍ റഷീദിന്റെ നിര്‍മാണം. സിനിമയുടെ ദൃശ്യവ്യാകരണം നന്നായി വഴങ്ങുന്ന സംവിധായകനാണ് താനെന്നു തെളിയിച്ചായിരുന്നു സൗബിന്റെ അരങ്ങേറ്റം. ദുല്‍ക്കര്‍ സല്‍മാന്‍ സിനിമയിലുണ്ടായിരുന്നെങ്കിലും ഒരിക്കലും ഒരു ദുല്‍ക്കര്‍ സിനിമയായിരുന്നില്ല പറവ. മട്ടാഞ്ചേരിയിലെ കാഴ്ചകളെ ഒരു പ്രാവ് പറത്തല്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ പറവയില്‍ കുട്ടികളായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. ഒരു വിഷ്വല്‍, മ്യൂസിക്കല്‍ ഹിറ്റ് ആയിരുന്നു പറവ.
uploads/news/2017/12/178446/secondshowtopten281217f.jpg

6. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള


അല്‍ത്താഫ് സലീം: വീണ്ടും കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ അരങ്ങേറ്റങ്ങളിലൊന്ന്. പ്രേമത്തിലും സഖാവിലുമൊക്കെ ചെറിയ വേഷങ്ങള്‍ ചെയ്ത അല്‍ത്താഫ് സലീം, നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ സിനിമ. നിവിനായിരുന്നു നിര്‍മാണവും. രോഗം ഏറെക്കുറെ ഡിപ്രസിങ് ആയ അവസ്ഥയാണ്., അതും കാന്‍സര്‍. ആ രോഗാവസ്ഥയെ ഒരു ഫണ്‍ റൈഡാക്കി അതിജീവനത്തിന്റെ കഥ പറഞ്ഞ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള അതിന്റെ ക്രാഫ്റ്റ് കൊണ്ടു ശ്രദ്ധേയം. കൈവിട്ടുപോകുമായിരുന്ന ഒരു പ്രമേയം നാടീകയതകളില്ലാതെ എന്നാല്‍ റിയലിസ്റ്റിക്കും രസകരവുമായി സ്‌ക്രീനില്‍ ഭംഗിയായി അവതരിപ്പിക്കാന്‍ ആല്‍ത്താഫിനായി. ശാന്തികൃഷ്ണയെ സിനിമയില്‍ തിരികെ എത്തിച്ച അല്‍ത്താഫ് ഐശ്വര്യ ലഷ്മിയിലൂടെ ഒ
രു പുതിയ നായികയെയും സമ്മാനിച്ചു.
uploads/news/2017/12/178446/secondshowtopten281217g.jpg

7. രക്ഷാധികാരി ബൈജു


രഞ്ജന്‍ പ്രമോദ്: സംവിധാനം ചെയ്ത സിനിമകള്‍ ബോക്‌സ്ഓഫീസില്‍ ദയനീയമായി പരാജയപ്പെട്ട ചരിത്രമാണ് രഞ്ജന്‍ പ്രമോദിന്. അവസാന സിനിമ റോസ് ഗിറ്റാറിനാല്‍ വലിയ തിയറ്റര്‍ ദുരന്തമായിരുന്നു. എന്നാല്‍ മാറിയ കാലത്തെ പ്രേക്ഷകഅഭിരുചി രഞ്ജനു തുണയായ സിനിമയാണ് രക്ഷാധികാരി ബൈജു. വളരെ സത്യസന്ധമായ വളച്ചുകെട്ടലില്ലാത്ത സിനിമ എന്നുവേണം രക്ഷാധികാരി ബൈജുവിനെ വിശേഷിപ്പിക്കാന്‍. ഒരു നാട്ടിന്‍പുറ മൈതാനത്തിന്റെ അരികില്‍ കൊണ്ടുവച്ച ഒരു കാമറപോലായിരുന്നു സിനിമ അനുഭവപ്പെട്ടിരുന്നുത്. സിനിമയുടെ വേഗത വാണിജ്യസിനിമയുടെ പ്രേക്ഷകര്‍ സ്വീകരിക്കുന്നത് എങ്ങനെയെന്നു സംശയം തോന്നിയിരുന്നെങ്കിലും നല്ലനിലയില്‍ തന്നെ ബൈജു സ്വീകരിക്കപ്പെട്ടു.
uploads/news/2017/12/178446/secondshowtopten281217h.jpg

8. ഉദാഹരണം സുജാത

ഫാന്റം പ്രവീണ്‍: നില്‍ ബാത്തേ സന്നത്ത എന്ന ഹിന്ദി സിനിമയുടെ റിമേക്കായിരുന്നു ഉദാഹരണം സുജാത. എന്നാല്‍ ഫാന്റം പ്രവീണ്‍ എന്ന നവാഗത സംവിധായകന്റെ അരങ്ങേറ്റം കുറിച്ച ഉദാഹരണം സുജാത പോയവര്‍ഷത്തെ തരക്കേടില്ലാത്ത സിനിമകളൊന്നായി ബോക്‌സ് ഓഫീസിലും പരിണമിച്ചു. മടങ്ങിവരവിനുശേഷം മഞ്ജുവാര്യരറുടെ ഏറ്റവും മികച്ച പ്രകടനവും ഏറ്റവും സത്യസന്ധമായ സിനിമയും ഉദാഹരണം സുജാതയായിരുന്നു.

uploads/news/2017/12/178446/secondshowtopten281217i.jpg

9. രാമന്റെ ഏദന്‍തോട്ടം

രഞ്ജിത്ത് ശങ്കര്‍: രഞ്ജിത്ത് ശങ്കറിന്റെ സോഷ്യല്‍ സബ്ജക്ടുകളില്‍നിന്നു മാറി ഒരു വൈകാരിക സിനിമ. കുഞ്ചാക്കോ ബോബനും അനു സിത്താരയും മുഖ്യവേഷത്തിലഭിനയിച്ച രാമന്റെ ഏദന്‍തോട്ടം ട്രീറ്റ്‌മെന്റിലെ ചില പാളിച്ചകളും ചില സദാചാര ഭയാശങ്കകളും ഒഴിവാക്കിയിരുന്നെങ്കില്‍ മലയാളത്തിലിറങ്ങിയ മികച്ച സിനിമകളൊന്നാകാനുള്ള ശേഷിയുണ്ടായിരുന്നു. എങ്കിലും ഒരു ചെറുകഥ പോലെ സുഖമുള്ളൊരു പ്രമേയവും അവതരണവും ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടും രാമന്റെ ഏദന്‍തോട്ടത്തിന് ഉണ്ടായിരുന്നു. രഞ്ജിത്തിന്റെ പുണ്യാളന്‍ അഗര്‍ബത്തീസ് രണ്ടാം ഭാഗം ഇറങ്ങിയെങ്കിലും അതൊരു ബ്രാന്‍ഡ് വില്‍പന മാത്രമായിരുന്നു.

uploads/news/2017/12/178446/secondshowtopten281217j.jpg

10. രാമലീല

അരുണ്‍ ഗോപി: വിവാദങ്ങള്‍കൊണ്ടാണെങ്കിലും അരുണ്‍ ഗോപിയും രാമലീലയും മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റായ രാമലീലയുടെ സംവിധായകനാണ് നവാഗതനായ അരുണ്‍ഗോപി. ദിലീപ് എന്ന സൂപ്പര്‍താരം നടിയെ ബലാത്സംഗം ചെയ്ത ഗൂഢാലോചനകേസില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കുമ്പോഴാണ് രാമലീല തിയറ്ററിലെത്തുന്നത്. ലോകസിനിമയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വിവാദം രാമലീലയുടെ റിലീസിനെച്ചൊല്ലി ഉണ്ടായി. ഏതായാലും വിവാദം തുണച്ചു. ഒരു ദിലീപ് ചിത്രത്തിനും ഉണ്ടാകാത്ത വരവേല്‍പ്പും ബോക്‌സ്ഓഫീസ് വിജയവും രാമലീല സ്വന്തമാക്കി, ഒരുപക്ഷേ സിനിമ അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍. ഡീസന്റായ ഒരു പൊളിറ്റക്കല്‍ ത്രില്ലര്‍ എന്ന ഗണത്തില്‍പെടുത്താവുന്ന രാമലീലയുടെ ഏറ്റവും അനുകൂല ഘടകം നോ നോണ്‍സെന്‍സ് എന്ന ശൈലിയില്‍ സിനിമയെ സമീപിച്ച അരുണ്‍ ഗോപി എന്ന നവാഗത സംവിധായകനാണ്. പുതുമുഖത്തിന്റെ പതര്‍ച്ചയില്ലാതെ ദിലീപ് എന്ന നടന്റെ ടിപ്പിക്കല്‍ മാനറിസങ്ങളെ ധൈര്യപൂര്‍വം ഒഴിവാക്കിയ അരുണ്‍ ഗോപിയും 2017ന്റെ നേട്ടമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW