Monday, December 03, 2018 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 03.28 PM

ജീവിതമെന്ന കടംകഥ

uploads/news/2017/12/178110/shihabudhin271217a.jpg

ഒരു കടംകഥപോലെയാണ്, കടംകഥ തന്നെയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിലിന്റെ ജീവിതം. മലയാള ചെറുകഥയില്‍ തന്റേതായ സ്ഥാനം നേടിയ കഥാകൃത്തിന്റെ ജീവിതവഴിയിലൂടെ...

മലയാള സാഹിത്യത്തിലെ കരുത്തനായ കഥാകാരന്‍ ടി. പത്മനാഭന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാകൗമുദി വാരികയില്‍ വളര്‍ന്നു വരുന്ന ഒരു യുവ കഥാകൃത്തിന്റെ ഒരു കഥയെ കുറിച്ച് ഇങ്ങനെ എഴുതി:ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ പരിണാമദശയിലെ ഒരേട് എന്നൊരു കഥ വായിക്കാനിടയായി.

ഇത്രയും മികച്ചൊരു കഥ അടുത്ത കാലത്തൊന്നും ഞാന്‍ വായിച്ചിട്ടില്ല. ആശയവും ഭാഷയും സങ്കേതവുമൊക്കെ ഇക്കഥയില്‍ മഹത്തായ ഏകജൈവരൂപമായി മാറുന്നു. എനിക്കൊരിക്കലും ഇങ്ങനെയൊരു കഥയെഴുതാന്‍ കഴിയില്ല.

അത്ര പെട്ടെന്നൊന്നും ആരെയും അഭിനന്ദിക്കുന്ന കൂട്ടത്തിലല്ല ടി. പത്മനാഭന്‍. വെറുതെ പുകഴ്ത്തി പറയുന്ന പ്രകൃതക്കാരനുമല്ല. അതുകൊണ്ടു തന്നെ അദ്ദേഹം കലവറയില്ലാതെ അഭിനന്ദിച്ചനുഗ്രഹിച്ച ആ കഥാകാരനെ മലയാള കഥാലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കിയത്. ആ കഥാകാരനാകട്ടെ അവരുടെ പ്രതീക്ഷ തെറ്റിച്ചുമില്ല.

ഒരുപിടി നല്ല കഥകള്‍ കൊ ണ്ട് മലയാള സാഹിത്യത്തെ ധന്യമാക്കിയ ആ കഥാകാന്റെ പേര് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്നാണ്. 200ലേറെ കഥകള്‍. പത്തോളം കഥാ സമാഹാരങ്ങള്‍. കഥകളില്‍ ചിലത് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടു.

വിവിധ സര്‍വകലാശാലകളില്‍ പാഠ്യ വിഷയമായി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പി. പത്മരാജന്‍ പുരസ്‌കാരം, വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍.

മലയാളത്തിലെ ആദ്യകാല മെഗാ സീരിയലുകളില്‍ ഒന്നായ ഏഷ്യാനെറ്റിലെ കസവിന്റെ കഥയും തിരക്കഥയും ശിഹാബുദ്ദീന്റെതാണ്.

കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തെ കഥയില്‍ താത്പര്യമുള്ളവനാക്കി മാറ്റിയത് ഉമ്മയും ഉപ്പുമ്മയും(ഉപ്പയുടെ ഉമ്മ) ചേര്‍ന്നാണ്. അവരുടെ കഥകള്‍ കേള്‍ക്കാനായി കാത്തിരുന്ന കുട്ടിക്കാലം ശിഹാബുദ്ദീന് ഇപ്പോഴും നല്ല ഓര്‍മയുണ്ട്.

ഉപ്പുമ്മ പറഞ്ഞ കഥ


ഉമ്മയും ഉപ്പുമ്മയും(ഉപ്പയുടെ ഉമ്മ)പറഞ്ഞ കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. അവ എന്റെ ഭാവനയെ വല്ലാതെ ത്രസിപ്പിക്കുകയും വിസ്മയഭരിതമാക്കുകയും ചെയ്തു. ആയിരത്തൊന്ന് രാവുകളിലെ കഥകളായിരുന്നു ഉമ്മ പറഞ്ഞു തന്നത് എന്ന് പിന്നീടാണ് മനസിലായത്.

ഇസ്ലാമിക്ക് ഗ്രന്ഥമായ മൊഹിയൂദ്ദീന്‍മാലയില്‍ നിന്നുള്ള കഥകളാണ് ഉപ്പുമ്മ പറഞ്ഞു കേള്‍പ്പിച്ചത്. അസാമാന്യമായ ഇമേജറികളുടെ കലവറയാണ് ഈ കൃതി. ഇന്നും എന്റെ മഹത്തായ ക്ലാസിക് ഈ പുസ്തകമാണ്. ഉമ്മയുടെയും ഉപ്പുമ്മയുടെയും കൈകളിലെ കഥകളുടെ സ്‌റ്റോക്ക് തീര്‍ന്നപ്പോള്‍ കഥാ പുസ്തകങ്ങള്‍ തേടി പലയിടങ്ങളിലും അലഞ്ഞു.

ബാല പ്രസിദ്ധീകരണങ്ങള്‍ വരുത്തുന്ന വായനശാലകളിലേക്ക് ആറും ഏഴും കിലോ മീറ്ററുകള്‍ വരെ നടന്നു പോയിട്ടുണ്ട്. കഥകള്‍ എനിക്കന്ന് അമൃതു പോലെയായിരുന്നു. അതിനിടെ സ്‌കൂള്‍ പഠനം തട്ടിയും മുട്ടിയും ഒരു വിധത്തില്‍ നടന്നു പോയി.

പക്ഷേ, സ്‌കൂള്‍ പഠനം ഏറെ കാലം തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ഒമ്പതാം ക്ലാസില്‍ വച്ച് അത് നിര്‍ത്തേണ്ടി വന്നു. വീട്ടിലെ കൊടിയ ദാരിദ്ര്യം തന്നെ കാരണം. പിന്നെ ജീവിക്കാനായി കെട്ടിയ വേഷങ്ങള്‍ക്ക് കൈയും കണക്കുമില്ല. തിക്താനുഭവങ്ങളുടെ തീക്കടല്‍ നീന്തിക്കടക്കാന്‍ പെടാപ്പാടു പെട്ട നാളുകളായിരുന്നു അത്.

വീട്ടിനടുത്തുള്ള ഒരു ഹോട്ടലില്‍ പാത്രം കഴുകലും വെള്ളം കോരലുമായിട്ട് തുടങ്ങി. തുടര്‍ന്ന് തടിമില്ലിലെ ചാപ്പകുത്തുകാരന്‍, അളവുകാരന്‍, മരം ചുമട്ടുകാരന്‍, ലോറി ക്ലീനര്‍, രോഗികളുടെ കൂട്ടിരിപ്പുകാരന്‍, ട്യൂട്ടോറിയല്‍ കോളജ് അധ്യാപകന്‍, മരമില്ലിലെ രാത്രി വാച്ച്മാന്‍, ഹോം ട്യൂഷന്‍ മാഷ്, പുസ്തക കച്ചവടക്കാരന്‍, കണ്ണൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വരിസംഖ്യാ പിരിവുകാരന്‍, സബ് എഡിറ്റര്‍, അസിസ്‌ററന്റ് അക്കൗണ്ടന്റ്, പിയര്‍ലസ് ഏജന്റ്, സ്‌റ്റോര്‍ കീപ്പര്‍...അങ്ങനെ കാല് വെന്ത നായയെ പോലെ ജീവിക്കാനായി ഞാന്‍ നെട്ടോട്ടമോടിക്കൊേണ്ടയിരുന്നു.

ഒന്നന്വേഷിച്ചാല്‍ ഒരു ജീവിതകാലത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ മേഖലയില്‍ തൊഴിലെടുത്ത ആളെന്ന നിലയില്‍ ഒരു പക്ഷേ, ഗിന്നസ് ബുക്കിലോ കുറഞ്ഞത് ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലോ എനിക്കൊരു ഇടം കിട്ടാനും മതി!

മാസങ്ങളോളം റേഷന്‍ പച്ചരിച്ചോറും അമ്പഴങ്ങ മുളകിലിട്ടതും മാത്രമായിരുന്നു ഭക്ഷണം. മൂന്നു നേരം കഞ്ഞി കിട്ടുന്ന ഒരു കാലമായിരുന്നു അന്നെന്റെ സ്വര്‍ഗ സങ്കല്‍പം. അതിനിടെ എങ്ങനെയൊക്കെയോ പത്താം ക്ലാസ് പാസായി.

ഞങ്ങളുടെ ഗ്രാമത്തില്‍ അക്കൊല്ലം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് എനിക്കായിരുന്നു210! കാരണം, പൊയ്ത്തുംകടവ് എന്ന എന്റെ പ്രദേശത്ത് ഞാന്‍ മാത്രമെ അക്കൊല്ലം ജയിച്ചുള്ളു. അത്ര പിന്നോക്കാവസ്ഥയിലായിരുന്നു എന്റെ നാട്.

ജീവിതം ദാരിദ്ര്യത്തിന്റെ ആഴക്കടലിലാണ്ട് ദു:ഖവും ദുരിതവും ദുരന്തവുമായി തീരുന്ന ആ കാലത്ത് അതില്‍ നിന്ന് ഒരല്‍പം ആശ്വാസം കെണ്ടത്തിയത് വായനയിലൂടെയാണ്. വായന പതുക്കെ കഥയെഴുത്തിലേക്കെത്തിച്ചു.

കഥയുടെ വഴിയേ


1982ലാണ് നിസ്സഹായന്‍ എന്ന എന്റെ ആദ്യകഥ അച്ചടിച്ചു വരുന്നത്. പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ച കഥകള്‍ പോയതിലും വേഗം തിരിച്ചു വരുന്നതു കണ്ട് അന്ധാളിച്ച്, നിസ്സഹായനായി നില്‍ക്കുന്ന കാലത്താണ് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ആ കഥ അച്ചടിച്ചു വന്നത്. സ്വര്‍ഗം കിട്ടിയ പ്രതീതിയായിരുന്നു. ആരൊക്കെയോ അംഗീകരിച്ചതു പോലെ ഒരു തോന്നല്‍. അതു നല്‍കിയ ആവേശത്തില്‍ തുടരെ കഥകളെഴുതി. (ആദ്യകഥ അച്ചടിച്ചു വന്ന ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പീര്യോഡിക്കല്‍സ് എഡിറ്ററാണ് ഇപ്പോള്‍ ശിഹാബൂദ്ദീന്‍ പൊയ്ത്തുംകടവ് എന്നത് വിധിനിയോഗം.)

ആദ്യ കഥ അച്ചടിച്ചു വരുന്നതിനിടയി ല്‍ പ്രീഡിഗ്രി പാസായി കഴിഞ്ഞിരുന്നു. പിന്നീട് ബിരുദ പഠനം തലശ്ശേരി ബ്രണ്ണന്‍ കോളജില്‍. അക്കാലത്തു നിരന്തരം കഥകളെഴുതുകയും പ്രസിദ്ധീകരണങ്ങള്‍ക്കും കഥാമത്സരങ്ങള്‍ക്കും അയക്കുകയും ചെയ്തു.

uploads/news/2017/12/178110/shihabudhin271217a1.jpg

പില്‍ക്കാലത്ത് കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ദിനേശന്‍ കരിപ്പള്ളിയായി ക്ലാസിലെ പ്രധാന ചങ്ങാതി. ദിനേശന് അന്ന് പ്രമുഖ എഴുത്തുകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി അടുപ്പമുണ്ടായിരുന്നു.

പുനത്തിലുമായി ചെലവഴിച്ച നിമിഷങ്ങളെപ്പറ്റി ദിനേശന്‍ എന്നോട് വന്നു പറയും. ഞാനത് കൊതിയോടെ കേട്ടിരിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ ഒഴിച്ച് മറ്റൊരു സാഹിത്യകാരനേയും ഞാനന്ന് നേരില്‍ കണ്ടിട്ടില്ല. സാഹിത്യകാരന്‍മാരെ സിനിമാ താരങ്ങള്‍ക്കും മുകളിലായി കണ്ട് ഞാനന്ന് ആരാധിച്ചിരുന്നു.

വലിയ അടുപ്പക്കാരെ പോലെ കുഞ്ഞീക്ക എന്നാണ് അവന്‍ പുനത്തിലിനെക്കുറിച്ച് പറയുക. ആയിടയ്‌ക്കൊരു നാള്‍ പുനത്തില്‍ ഒരു കഥാമത്സരത്തിന്റെ പ്രധാന ജഡ്ജായി പോയതും അപ്പോള്‍ വായിച്ച ഒരു കഥയെ കുറിച്ച് അഭിപ്രായം പറഞ്ഞ കാര്യവും അവന്‍ എന്നെ അറിയിച്ചു. കഥ വായിച്ച് താന്‍ ഞെട്ടിപ്പോയെന്ന്് പുനത്തില്‍ പറഞ്ഞത്രെ.

ഇടവഴിയില്‍ ഒരാള്‍ക്ക് ഒരു കണ്ണ് വീണു കിട്ടുന്നതും അതിന്റെ ഉടമയെ തേടി നടക്കുന്നതുമാണ് കഥയുടെ ഉള്ളടക്കം. ഞാനന്ന് ക്ലാസ് നോട്ട്ബുക്കില്‍ തന്നെയാണ് കഥകളെഴുതാറ്.

ദിനേശന്‍ പറയുന്നത് കേട്ട് പുസ്തകം തുറന്ന് ഒരു കഥ കാണിച്ചിട്ടു ഞാന്‍ ചോദിച്ചു, നിന്റെ കുഞ്ഞീക്ക പറഞ്ഞ കഥ ഇതല്ലേ? ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ് എന്ന ആ കഥ എഴുതിയത് ഞാനാണ്.. ദിനേശന്‍ വിശ്വാസിക്കാനാവാതെ അന്തംവിട്ടിരുന്നു!

താമസിയാതെ ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ് എന്ന പേരില്‍ ആദ്യ കഥാസമാഹാരമിറങ്ങി. കണ്ണൂരില്‍ നടന്ന പ്രകാശനച്ചടങ്ങ് മലയാളത്തിലെ രണ്ട് സാഹിത്യ മഹാരഥന്‍മാരുടെ അപൂര്‍വ സംഗമം കൊ ണ്ട് അവിസ്മരണീയമായി. പ്രൊഫ. എം.എന്‍. വിജയനായിരുന്നു പുസ്തക പ്രകാശനം നടത്തിയത്. അധ്യക്ഷന്‍ സാക്ഷാല്‍ ടി. പത്മനാഭനും.

കഥാസമാഹാരമിറങ്ങി അധികം വൈകാതെ തപാലില്‍ എനിക്കൊരു കത്തു കിട്ടി. എഴുത്തുകാരനായ വിലാസിനിയുടെ. കഥകളെ കുറിച്ച് പഠിച്ച് സവിസ്തരം അദ്ദേഹമതില്‍ പ്രതിപാദിച്ചിരുന്നു. പ്രത്യേകിച്ചും ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ് എന്ന കഥയെക്കുറിച്ച്. ഒരു ചെറിയ കഥാകാരനായ എന്നെ മലയാളത്തിലെ വലിയൊരു കഥാകാരന്‍ മനസ് നിറഞ്ഞ് അനുഗ്രഹിച്ചതായി അതു കണ്ടപ്പോഴെനിക്ക് തോന്നി.

താമസിയാതെ കഥാകൃത്തായ എം. സുകുമാരനില്‍ നിന്നും അതേ കഥാസമാഹാരത്തെ അഭിനന്ദിച്ചു കൊണ്ട് ഒരു കത്തെനിക്കു കിട്ടി. അതിലും ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ് എന്ന കഥയാണ് അദ്ദേഹം ഏറെ പ്രശംസിച്ചത്.

ഏറെ വൈകാതെആര്‍ക്കും വേണ്ടാത്താരു കണ്ണിനെക്കുറിച്ച് മലയാളത്തിലെ ഏറ്റവും നല്ലൊരു കഥാപഠനം എഴുതിക്കൊണ്ട് പ്രമുഖ സാഹിത്യകാരനായ എന്‍. പ്രഭാകരനും മനസറിഞ്ഞ് എന്നെ അനുഗ്രഹിച്ചു. എന്തായാലും ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ് ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി എന്നു പറയാം.

അന്ന് നിരന്തരമായി കഥാമത്സരങ്ങള്‍ക്ക് കഥകള്‍ അയക്കുമായിരുന്നു. ബംഗലൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ മലയാളി സമാജങ്ങള്‍ സജീവമായി സാഹിത്യ മത്സരങ്ങള്‍ നടത്തുന്ന കാലമാണത്. അങ്ങനെ കുറേയേറെ സമ്മാനങ്ങള്‍ കിട്ടി. സമ്മാനത്തുക കൊണ്ട് വീട്ടിലെ ദാരിദ്ര്യത്തിന്റെ കാഠിന്യം അല്പമൊന്ന് കുറയ്ക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

ആയിടയ്ക്ക് മദ്രാസ് മലയാളി സമാജം നടത്തിയ കഥകവിതാ മത്സരങ്ങള്‍ക്കുള്ള സമ്മാന തുകയായി എനിക്ക് 3,000 രൂപ കിട്ടി. അതില്‍ നിന്നു ചായ കച്ചവടം തുടങ്ങാന്‍ നല്ലൊരു തുക ഞാന്‍ ഉപ്പയ്ക്ക് നല്‍കി. ആദ്യം നല്ല കച്ചവടവും വരുമാനവും കിട്ടി. വീട്ടിലെ കാര്യങ്ങള്‍ ഒരു വിധം ഭംഗിയായി നടക്കുമെന്ന അവസ്ഥയുമായി. പക്ഷേ, പതുക്കെ ഉപ്പ ഉഴപ്പാന്‍ തുടങ്ങി.

കച്ചവടം പൊളിഞ്ഞു. സമ്മാനം കിട്ടിയതില്‍ ബാക്കിയായ പണവും ചെലവഴിച്ചു. അതും പോയി. സമ്മാനത്തുകയില്‍ നിന്ന് ഒരു രൂപ പോലും എനിക്കെടുക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് ഏറ്റവും വലിയ ട്രാജഡി.

പ്രചോദനങ്ങള്‍ക്കു മുന്നില്‍


എഴുത്തില്‍ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ. നാട്ടിലെ വായനശാലയില്‍ നിന്നു ആദ്യമെടുത്ത പുസ്തകം ആനവാരിയും പൊന്‍കുരിശുമാണ്.

എന്റെ കുടുംബക്കാരും, പരിചയക്കാരും, അനുഭവങ്ങളുമാണ് എന്റെ മിക്ക കഥകളിലും വരുന്നത്. അപരിചിതമായ കാര്യങ്ങളെ കഥയാക്കാന്‍ എനിക്കറിയില്ല. കാട്ടിലേക്കു പോകല്ലേ കുഞ്ഞേഎന്ന കഥയില്‍ എന്റെ ഉമ്മ തന്നെയാണ് പ്രധാന കഥാപാത്രം. ഉപ്പുമ്മ, അവിടെ നീ ഉണ്ടാകുമല്ലൊ എന്ന കഥയില്‍ കടന്നു വരുന്നുണ്ട്.

വളപട്ടണത്തെ ഒരു മരമില്ലില്‍ മൂന്നര വര്‍ഷം വാച്ച്മാനായ അനുഭവമാണ് മരമില്ലിലെ കുറുക്കന്‍ എന്ന കഥ. പൊയ്ത്തുംകടവ് എന്ന ഗ്രാമത്തില്‍ ഭ്രാന്തനായി അലഞ്ഞു നടന്ന ഒരാളാണ് മഞ്ഞു കാലത്തിലെ അസൈനാര്‍ക്ക.

ഒരു രാത്രി മലബാര്‍ എക്‌സ്പ്രസില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്ത ദുരനുഭവങ്ങളാണ് കോളിളക്കം ഉണ്ടാക്കിയ മലബാര്‍ എക്‌സ്പ്രസ് എന്ന കഥയായി മാറിയത്.

സിനിമക്ക് കഥയെഴുതാന്‍ മദ്രാസില്‍ ചെന്ന് അതു നടക്കാതായപ്പോഴാണ് സീരിയലില്‍ എത്തിപ്പെട്ടത്. പി.എന്‍. മേനോനായിരുന്നു കസവിന്റെ സംവിധായകന്‍. അദ്ദേഹത്തിന്റെ കൂടെയുള്ള അനുഭവങ്ങള്‍ അത്ര സുഖകരമല്ല. പറഞ്ഞുറപ്പിച്ച പ്രതിഫലം കിട്ടിയില്ല. പട്ടിണി കിടക്കേണ്ടി വന്നു.

മറ്റൊന്ന് തിരക്കഥയില്‍ അനാവശ്യമായ കൈകടത്തലുകള്‍ നടത്തി. അതിന്റെ പേരില്‍ പലതവണ മേനോനുമായി ഉടക്കി. പോരുന്നത് മോശമല്ലേ എന്നു കരുതി സഹിച്ചു. കസവ് തീരാറായപ്പോള്‍ ദൂരദര്‍ശനു വേണ്ടി ബഷീര്‍ കഥകള്‍ക്കു തിരക്കഥ എഴുതാന്‍ ഏല്‍പ്പിച്ചു, പറ്റില്ലെന്ന് പറഞ്ഞ് പോന്നു.

ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് 1992ല്‍ എന്റെ വിവാഹം. ഭാര്യ നജ്മ പട്ടാമ്പിക്കടുത്ത് കുറ്റനാട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. മൂത്ത മകന്‍ റസല്‍ മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്നു. രണ്ടാമന്‍ റയാന്‍ എന്‍ജിനീയറിംഗിന് പഠിക്കുന്നു. മകള്‍ റസിയ ബി.എസ്സ്.സി വിദ്യാര്‍ഥിനിയാണ്. നാലാമത്തെ മകന്‍ ഉണ്ണി എന്ന റിസ്വാന്‍ 10ാം ക്ലാസില്‍ പഠിക്കുന്നു.

മിനീഷ് മുഴപ്പിലങ്ങാട്

Ads by Google
Ads by Google
Loading...
TRENDING NOW