Tuesday, April 23, 2019 Last Updated 21 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Dec 2017 04.22 PM

കണ്‍മണി എന്ന കുഞ്ഞുമാലാഖ

നടി മുക്തയുടെ കുടുംബവിശേഷങ്ങള്‍
uploads/news/2017/12/177811/Weeklymultha261217c.jpg

"റിങ്കുവേട്ടന് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയും അദ്ദേഹത്തിന്റെ കാര്യങ്ങളിലും വീട്ടുകാര്യങ്ങളിലും മുടക്കം വരുത്താതെ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ നല്ലൊരു കുടുംബിനിയായി മാറിയെന്ന് ധൈര്യത്തോടെ പറയാം. ''

കുട്ടിക്കുറുമ്പും കളിചിരിയുമാണ് ഇപ്പോള്‍ മരിയാഭവനില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. ഒരു വയസ്സേ ആയിട്ടുള്ളുവെങ്കിലും കണ്‍മണി എന്ന കുസൃതിക്കുടുക്കയുടെ കാര്യം ബഹുരസമാണ്.

പിച്ചവച്ച് നടക്കുന്ന തന്റെ കുഞ്ഞുമാലാഖയുടെ കാലുകള്‍ അല്പം പോലും ഇടറാതെ സൂക്ഷിക്കാനായി അമ്മ മുക്തയും പിന്നാലെയുണ്ട്. വീണ്ടും ഒരു ക്രിസ്മസിനെക്കൂടി വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കിയാര എന്ന ഈ സുന്ദരിക്കുട്ടിയും ഏവര്‍ക്കും പ്രിയങ്കരിയായ മുക്തയും.

തങ്ങളുടെ കുഞ്ഞുവിശേഷങ്ങള്‍ മുക്ത പറയാന്‍ തുടങ്ങിയപ്പോള്‍ അമ്മയെ പറയാന്‍ അനുവദിക്കാതെ കണ്‍മണി തന്റെ കുഞ്ഞുകരങ്ങള്‍ കൊട്ടിയടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.

ഒടുവില്‍ അവളെ മുക്ത തന്റെ മടിയിലിരുത്തി ഒരു പാവക്കുട്ടിയെ കൈയിലേക്ക് വച്ചുകൊടുത്തപ്പോള്‍ ആ തങ്കക്കുടത്തിന്റെ മുഖത്ത് ചിരിവിടര്‍ന്നു. കുഞ്ഞരിപ്പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ടിരുന്നു.

കണ്‍മണിയുടെ കുസൃതികള്‍?


വാവ മഹാവികൃതിയാണ്. ഇപ്പോള്‍ ചെറുതായി പിച്ചവയ്ക്കാനൊക്കെത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് എപ്പോഴും മോളുടെ പിറകെയാണ്. എന്റെ കണ്ണുതെറ്റിയാല്‍ തീര്‍ന്നു. എന്തെങ്കിലും കുസൃതി കാണിക്കുമ്പോള്‍ 'കണ്‍മണി' എന്നൊന്ന് നീട്ടി വിളിച്ചാല്‍ മതി, ഒരുകള്ളച്ചിരിയുണ്ട്.

പിന്നെ ഒരു കൊഞ്ചക്കവും. സത്യം പറഞ്ഞാല്‍ ഞാനിപ്പോള്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ട് നില്‍ക്കുകയാണ്(ചിരിക്കുന്നു). കണ്‍മണിയെ എണ്ണതേപ്പിക്കുമ്പോഴും പാട്ട് പാടി ഉറക്കുമ്പോഴും വാവയ്‌ക്കൊപ്പം കളിക്കുമ്പോഴും എന്റെ മനസില്‍ തെളിയുന്ന മുഖം അമ്മയുടേതാണ്.

uploads/news/2017/12/177811/Weeklymultha261217.jpg

ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ എന്റെയൊപ്പം നടക്കുന്നതും ആ പ്രായത്തില്‍ ഞാന്‍ ചെയ്യുന്ന കുസൃതികളൊക്കെ പാവം എന്റെ അമ്മ സഹിച്ചതോര്‍ത്ത് ഞാന്‍ നമിക്കുന്നു. പക്ഷേ ഒന്നു ഞാന്‍ പറയാം, എനിക്ക് ഇത്രയും കുസൃതികള്‍ ഉണ്ടായിരുന്നില്ല കേട്ടോ.

റിമിച്ചേച്ചിയുടെ സ്വഭാവമാണ് വാവയ്ക്ക് കിട്ടിയിരിക്കുന്നത്. എപ്പോഴും എനര്‍ജെറ്റിക്കാണ്. വാവയ്ക്ക് ഉറക്കം വളരെക്കുറവാണ്. എപ്പോഴും കളിച്ചുകൊണ്ടിരിക്കണം.

എന്റെ വീട്ടിലെത്തിയാല്‍ പിന്നെ മോള്‍ക്ക് എന്നെ വേണ്ട. ഇത്തവണ മോളുടെ രണ്ടാമത്തെ ക്രിസ്മസാണ്. ഞാന്‍ പ്രസവിച്ചുകിടന്ന സമയത്തായിരുന്നു ആദ്യത്തെ ക്രിസ്മസ്.

അതുകൊണ്ട് ക്രിസ്മസ്പാപ്പയെക്കുറിച്ചോ നക്ഷത്രങ്ങളെക്കുറിച്ചോ ഒന്നും അറിയാന്‍ പ്രായമുണ്ടായിരുന്നില്ലല്ലോ. ഇത്തവണ ക്രിസ്മസ്പാപ്പയെയും ക്രിസ്മസ് ട്രീ അലങ്കരിച്ച് വെച്ചിരിക്കുന്നതുമൊക്കെ കാണിച്ചുകൊടുക്കണം.

നായിക ഭാര്യയായി മാറിയപ്പോള്‍?


വിവാഹം എന്നത് എന്റെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. എപ്പോഴും പാറിപ്പറന്നുനടക്കുന്ന ഒരാളായിരുന്നു ഞാന്‍. റിങ്കുവേട്ടന്‍ എന്റെ ജീവിതത്തിലേക്ക് വന്നത് അപ്രതീക്ഷിതമായാണ്. സ്‌റ്റേജ്‌പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് പുറത്ത് പലപ്പോഴായി ഞാനും റിമിച്ചേച്ചിയും പോയിട്ടുണ്ട്.

ഞങ്ങള്‍ക്ക് കൂട്ടായി അമ്മമാരും ഉണ്ടാകും. അതുകൊണ്ട് തന്നെ ഞങ്ങളുടെ കൂട്ട് ഇരുവീട്ടുകാരെയും തമ്മില്‍ അടുപ്പിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ മമ്മിയ്ക്ക് പകരം റിങ്കുവേട്ടന്‍ ചേച്ചിയോടൊപ്പം വന്നുതുടങ്ങി. അങ്ങനെ തുടങ്ങിയ പരിചയം വൈകാതെ സൗഹൃദത്തിലെത്തി. ഈ സമയത്താണ് ആലോചന വരുന്നത്.

കുടുംബങ്ങള്‍ തമ്മില്‍ അടുത്തറിയാവുന്നതുകൊണ്ട് തന്നെ വിവാഹത്തിന് സമ്മതമായിരുന്നു.എങ്കിലും ഏതൊരു പെണ്‍കുട്ടിയെയും പോലെ വിവാഹത്തിന്റെ ടെന്‍ഷന്‍ എനിക്കും ഉണ്ടായിരുന്നു.

എത്രമാത്രം അടുത്തറിയാവുന്ന കുടുംബമാണെങ്കില്‍ക്കൂടി എന്റെ വീട്ടില്‍ ചെയ്യുന്നതുപോലെ തോന്നുന്ന സമയത്ത് കിടക്കാനും എഴുന്നേല്‍ക്കാനുമൊന്നും പറ്റില്ലല്ലോ.

uploads/news/2017/12/177811/Weeklymultha261217b.jpg

ഭര്‍ത്തൃവീട്ടില്‍ വന്ന ശേഷം ആ ശീലങ്ങള്‍ മാറി.അതുകൊണ്ട് ഗുണങ്ങളേ ഉണ്ടായിട്ടുള്ളൂ. വിവാഹം കഴിഞ്ഞ് ഓരോ ദിവസങ്ങള്‍ കഴിയുമ്പോഴും ഭാര്യ എന്നതിന്റെ ഉത്തരവാദിത്വങ്ങള്‍ ഞാന്‍ പഠിക്കുകയായിരുന്നു.

റിങ്കുവേട്ടന് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ ഉണ്ടാക്കിക്കൊടുക്കുകയും അദ്ദേഹത്തിന്റെ കാര്യങ്ങളിലും വീട്ടുകാര്യങ്ങളിലും മുടക്കം വരുത്താതെ ശ്രദ്ധിക്കുന്നുമുണ്ട്.

ഞാന്‍ നല്ലൊരു കുടുംബിനിയായി മാറിയെന്ന് ധൈര്യത്തോടെ പറയാം. എല്ലാത്തിനുമുപരി റിങ്കുവേട്ടനെപ്പോലെ സ്‌നേഹസമ്പന്നനായ ഒരാളെ ഭര്‍ത്താവായി കിട്ടിയതാണ് എന്റെ ഭാഗ്യം. എന്നേക്കാള്‍ പാവമാണ് ഏട്ടന്‍.

എനിക്ക് മൂക്കിന്‍തുമ്പത്താണ് ദേഷ്യം. നിസാരകാര്യങ്ങള്‍ക്ക് പോലും ചിലപ്പോള്‍ വഴക്കുണ്ടാക്കും. പിണങ്ങിക്കഴിഞ്ഞാല്‍ വഴക്ക് തീര്‍ക്കാന്‍ ഞാന്‍ മുന്‍കൈയെടുക്കുകയുമില്ല.

അതിപ്പോള്‍ തെറ്റ് എന്റെ ഭാഗത്തായാല്‍ക്കൂടി. എന്നാല്‍ ഏട്ടന്‍ അങ്ങനെയല്ല കേട്ടോ. എന്ത് പിണക്കമുണ്ടെങ്കിലും അതൊക്കെ അന്ന് തന്നെ പറഞ്ഞുതീര്‍ക്കണമെന്നാണ് ഏട്ടന്റെ പോളിസി.

എന്നിട്ടേ ഉറങ്ങാന്‍ കിടക്കൂ. ആള്‍ക്ക് ഞാനുണ്ടാക്കുന്ന ചിക്കന്‍കറി ഭയങ്കര ഇഷ്ടമാണ്. ഞങ്ങളുടെ വിവാഹം ഉറപ്പിച്ച സമയത്ത് ഞാന്‍ മിക്കപ്പോഴും ചിക്കന്‍ കറിയുണ്ടാക്കി പാഴ്‌സലായി വീട്ടില്‍ കൊണ്ടുകൊടുക്കുമായിരുന്നു.

അമ്മയായതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റം?


സിനിമയില്‍ നിന്നും മാറി വീട്ടുകാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കുറെനാളുകള്‍ വേണ്ടിവന്നു. ഈ സമയത്താണ് ഗര്‍ഭിണിയാകുന്നത്. ഞങ്ങള്‍ക്കിടയിലേക്ക് ഒരാള്‍ക്കൂടി വരുന്ന സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു. ആണോ പെണ്ണോ എന്തുമായിക്കോട്ടെ, ആരോഗ്യമുള്ള ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.

അങ്ങനെ ഞങ്ങള്‍ കാത്തിരുന്ന നക്ഷത്രം എത്തി. ഞങ്ങള്‍ അവള്‍ക്ക് 'കിയാര' എന്നുപേരിട്ടു. വീട്ടില്‍ കണ്‍മണിയെന്നു വിളിച്ചു. പ്രസവിച്ച് 28-ാമത്തെ ദിവസം മുതല്‍ വാവയെ ഞാന്‍ തന്നെയാണ് കുളിപ്പിച്ചുതുടങ്ങിയത്.

uploads/news/2017/12/177811/Weeklymultha261217a.jpg

മോളുണ്ടായശേഷം അവള്‍ ആദ്യമായി കമിഴ്ന്നുകിടന്നത്, നീന്തിത്തുടങ്ങിയത്, നടന്നുതുടങ്ങിയത് തുടങ്ങി വാവയെ സംബന്ധിക്കുന്ന ഓരോ കാര്യങ്ങളും ഞാന്‍ മൊബൈലില്‍ ഷൂട്ട് ചെയ്തുവച്ചിട്ടുണ്ട്, പോരാത്തതിന് ഡയറിയില്‍ എഴുതിവെച്ചിട്ടുമുണ്ട്. ഇതൊക്കെ ഒരു രസമല്ലേ. പക്ഷേ എന്റെ വീട്ടിലെത്തിക്കഴിഞ്ഞാല്‍ രണ്ട് കുട്ടികളാകും.

ഒന്ന് കണ്‍മണി, പിന്നെയൊന്ന് ഞാന്‍(ചിരിക്കുന്നു). വാവയെ എന്റെ അമ്മയെ ഏല്പിച്ചിട്ട് ഞാന്‍ റൂമില്‍ പോയി കിടന്നുറങ്ങും. എത്ര ഉറക്കമായാലും ശരി, അവളുടെ കൈയൊന്നനങ്ങിയാല്‍ ഞാനറിയും.

സിനിമയിലേക്കുള്ള തിരിച്ചുവരവ്?


വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ പലരും അത് ചോദിച്ചുതുടങ്ങി. വാവയുടെ വരവുകൂടിയായപ്പോള്‍ ചോദ്യകര്‍ത്താക്കളുടെ എണ്ണവും വര്‍ധിച്ചു. അഭിനയത്തോട് വളരെ പാഷനുള്ള വ്യക്തിയാണ് ഞാന്‍. അതൊരിക്കലും നിര്‍ത്താന്‍ പറ്റില്ല.

മാത്രമല്ല, നല്ല പ്രോജക്ടുകള്‍ കിട്ടുമ്പോള്‍ അഭിനയിക്കണമെന്നാണ് ഏട്ടനും കുടുംബവും പറയുന്നത്. അത് തന്നെ വലിയൊരു അനുഗ്രഹമാണ്. കാരണം മിക്കവരും വിവാഹം കഴിഞ്ഞ് അഭിനയത്തിലേക്ക് തിരിച്ചുവരുന്നതോടെയാണ് ദാമ്പത്യത്തില്‍ വിള്ളല്‍ വീഴുന്നത്.

എന്നാല്‍ ഏട്ടന്റെ കുടുംബത്തില്‍ നിന്നും എനിക്ക് വളരെയധികം സപ്പോര്‍ട്ട് കിട്ടുന്നുണ്ട്. റിമിച്ചേച്ചിയുടെ കാര്യം തന്നെ എടുക്കാം. റോയിസ് ചേട്ടന്‍ ചേച്ചിയെ എത്രമാത്രം സപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെയുള്ള കുടുംബത്തില്‍ വന്നുകയറിയതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അവര്‍ എതിര് പറയില്ല.

വാവയ്ക്ക് ഇപ്പോള്‍ ഒരു വയസായതേയുളളു. ഈ സമയത്ത് കുഞ്ഞിനെ തനിച്ചാക്കിഅഭിനയിക്കാന്‍ പോകുന്നതിനോട് എനിക്ക് താല്‍പര്യമില്ല. എന്നാല്‍ സീരിയലുകളില്‍ നിന്നും ഒരുപാട് ഓഫറുകള്‍ കിട്ടുന്നുണ്ട്. എനിക്കും ഇഷ്ടമാണ്. അതാകുമ്പോള്‍ വാവയുടെ കാര്യങ്ങളും നോക്കാം.

പക്ഷേ കിട്ടിയ ഓഫറുകളില്‍ ഭൂരിഭാഗം സീരിയലുകളുടെയും ലൊക്കേഷന്‍ തിരുവനന്തപുരത്തായിരുന്നു. വാവയെ വിട്ട് അവിടംവരെ ദിവസേന യാത്ര ചെയ്യാന്‍ അല്പം ബുദ്ധിമുട്ടാണ്. എറണാകുളത്താണ് ലൊക്കേഷനെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും. നല്ല കഥയായിരിക്കണം എന്നുമാത്രം.

ദേവിന റെജി
ഫോട്ടോ: ആതിര സിദ്ധാര്‍ത്ഥ്

രോഹിണിക്കാര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ സൂക്ഷിക്കണം, വിദേശത്ത് ജോലി ചെയ്യുന്ന മകയിരക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍... തിരുവാതിരക്കാര്‍ക്ക് താരകയോഗം
2018 നിങ്ങള്‍ക്കെങ്ങിനെ ?

Ads by Google
Tuesday 26 Dec 2017 04.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW