Tuesday, January 09, 2018 Last Updated 25 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Dec 2017 03.08 PM

സിനിമയില്‍ ഞാനും ഇരയാകേണ്ടി വന്നിട്ടുണ്ട്- വിദ്യാബാലന്‍

uploads/news/2017/12/177798/CiniINWVidyabalan261217.jpg

ചിരികൊണ്ട് ആരെയും ആകര്‍ഷിക്കാന്‍ കഴിവുള്ള നടിയാണ് വിദ്യാബാലന്‍. നല്ല നടിയല്ലാന്നു പറഞ്ഞ് വിദ്യയെ സിനിമാലോകം ഒരിക്കല്‍മാറ്റിനിര്‍ത്തി. പക്ഷേ ഇന്ന് അവര്‍ ബോളിവുഡ് അടക്കിവാഴുന്ന മുന്‍നിര നായികയാണ്. നിരവധി അവാര്‍ഡിന് അര്‍ഹയായ നടി.

അങ്ങനെയുള്ള വിദ്യയുടെ പുതിയ സിനിമയാണ് തുമാരി സുലു. ഈ സിനിമയില്‍ ഒരു ആര്‍.ജെ.യുടെ വേഷമാണ് വിദ്യ ചെയ്യുന്നത്. ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് സിനിമയിലെ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് വിദ്യ.

നടിയെന്ന പോലെ തന്നെ വിദ്യ സ്‌നേഹനിധിയയ ഭാര്യകൂടിയാണ്. എല്ലാ രീതിയിലും സിദ്ധാര്‍ത്ഥ് റോയ് കപൂറിനൊപ്പം ജീവിതം ആഘോഷിക്കുകയാണ്. നടിയില്‍നിന്നും ഭാര്യയിലേക്കുള്ള മാറ്റങ്ങളെക്കുറിച്ചും സിനിമയിലെ അനുഭവങ്ങളെക്കുറിച്ചും വിദ്യ മനസ് തുറക്കുന്നു.

? പുതിയ സിനിമയായ തുമാരി സുലു-ന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍.


ഠ എല്ലാവരും ഒരു മനസോടെയാണ് സെറ്റിലുണ്ടായിരുന്നത്. ഓരോ ടീമിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിരുന്നു. സംവിധായകന്‍ ത്രിവേണി സെറ്റില്‍ വലിപ്പച്ചെറുപ്പമില്ലാതെ ഒരു സുഹൃത്തിനെപ്പോലെയായിരുന്നു പെരുമാറിയത്. ഓരോ ദിവസവും ഓരോ ആഘോഷം പോലയായിരുന്നു.

? വിദ്യയില്‍ ഒരു നടിയുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞപ്പോഴായിരുന്നു.


ഠ മാധുരി ദീക്ഷിതിന്റെ 'തെസാബ്' സിനിമയിലെ 'ഏക് ദോ തീന്‍' എന്ന പാട്ടിലെ അഭിനയരംഗം കണ്ടതു മുതലാണ് എന്നില്‍ അഭിനയ മോഹം ഉടലെടുക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ സിനിമകള്‍ കാണിച്ചിരുന്നു. അതൊക്കെ എന്നെ ആകര്‍ഷിച്ചിരുന്നു.

അന്നൊന്നും ആര്‍ട്ട് സിനിമയും കൊമേഴ്‌സ്യല്‍ സിനിമയും തമ്മിലുള്ള വ്യത്യാസം എനിക്കറിയില്ലായിരുന്നു. എന്റെ സഹോദരിയാണ് കലയും വാണിജ്യകലയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിത്തന്നത്. കണ്ണുകളാണ് അഭിനയത്തിന്റെ പ്രാധാന്യമെന്ന് സഹോദരി പറയുമായിരുന്നു.

? വിവാഹശേഷമുള്ള അഭിനയജീവിതം


ഠ വിവാഹത്തെക്കുറിച്ച് പലരും പല രീതിയിലാണ് എന്നോട് പറഞ്ഞത്. എന്റെ പ്രൊഫഷനെ അത് ബാധിക്കും. സിനിമയില്‍ എനിക്ക് വളരാനാകില്ല. കല്യാണം കഴിക്കുന്നത് വലിയൊരു മണ്ടത്തരമാണെന്നുവരെ പറഞ്ഞവരുണ്ട്. ഇതെല്ലാം കേട്ടിട്ടും ഞാന്‍ എന്റെ പങ്കാളിയോടൊപ്പം ജീവിക്കാനാണ് ആഗ്രഹിച്ചത്.

ഇതെല്ലാം ഞാന്‍ എന്റെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനോടു പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞ നടികള്‍ക്ക് പഴയതുപോലെ നടന്മാരോടൊപ്പം ഒന്നിച്ചഭിനയിക്കാന്‍ കഴിയില്ല. ഒരു പരിധിവരെ അത് ശരിയാണ്. എന്നാല്‍ സിദ്ധാര്‍ത്ഥ് പറയുന്നത് മറിച്ചാണ്.

നീ വിവാഹിതയാണോ, അല്ലയോ എന്നുള്ളതല്ല മറിച്ച് സിനിമ എങ്ങനെ മാറുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത് എന്ന് അദ്ദേഹം പറയുമായിരുന്നു. വിവാഹം ഒരു മണ്ടത്തരമല്ല എന്ന് അന്നു ഞാന്‍ തിരിച്ചറിഞ്ഞു.

uploads/news/2017/12/177798/CiniINWVidyabalan261217a.jpg

? വിവാഹം കഴിക്കാന്‍ മറ്റു നടിമാര്‍ക്കും ഉപദേശം നല്‍കാറുണ്ടോ...


ഠ ഒരിക്കലുമില്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. നിങ്ങള്‍ക്ക് സമയം ചെലവഴിക്കാന്‍ താല്പര്യമുള്ള വ്യക്തിയെ നിങ്ങള്‍ തന്നെ കണ്ടെത്തുക. നിങ്ങള്‍ സ്വയം ഒരു വ്യക്തിയെ കണ്ടെത്തിയില്ലെങ്കില്‍ അവിടെ ജീവിതം അവസാനിച്ചു എന്ന് കരുതരുത്.

നിങ്ങള്‍ നിര്‍ബന്ധമായും വിവാഹം കഴിക്കണമെന്ന് ഞാന്‍ ആരോടും നിര്‍ദ്ദേശിക്കാറില്ല. പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു ജോലി അത്യാവശ്യമാണ്. അത് നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ സംരക്ഷിക്കാന്‍ സഹായിക്കും. സ്വന്തം ഇഷ്ടത്തിനനുസരിച്ച് വേണം നമ്മള്‍ ജീവിക്കാന്‍.

? സിനിമയില്‍ നടിമാര്‍ സുരക്ഷിതരാണോ.


ഠ ഇന്ന് സിനിമാ വ്യവസായം തന്നെ ഒരു സെക്‌സിയസ്റ്റായി മാറിയിരിക്കുന്നു. എന്റെ കരിയറിലെ ആദ്യകാലങ്ങളില്‍ ഞാനും ഇതുപോലെ പല അപമര്യാദകളും നേരിടേണ്ടി വന്നിട്ടുണ്ട്.

സിനിമ മേഖല വളരെ നല്ലതാണ്. പക്ഷേ എനിക്കും പല മോശമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നടനൊപ്പം ഡെയിറ്റ് ചെയ്താല്‍ ഒരു പുതുമുഖ നടിക്കു കിട്ടുന്ന അവസരങ്ങള്‍ ചെറുതല്ല. ഒരുപാട് സിനിമകള്‍, താമസിക്കാന്‍ പ്രത്യേക ഹോട്ടലുകള്‍ അങ്ങനെ പലതും. ഞാനും ഇതിന് ഇരയാകേണ്ടി വന്നിട്ടുണ്ട്.

? വിദ്യ ഫെമിനിസ്റ്റാണോ..


ഠ അതെ. പക്ഷേ ഞാന്‍ ഒരു പുരുഷവിരോധിയല്ല. ഈ രണ്ടു പദങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഒരു പുരുഷന് ശ്വസിക്കാനും ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാനുമുള്ള അവകാശങ്ങള്‍ എനിക്കുമുണ്ട്. എന്നാണ് എന്റെ വിശ്വാസം. ഞാന്‍ ഒരു സ്ത്രീയായതുകൊണ്ട് അതിനര്‍ഹയല്ല എന്നു പറയാന്‍ പറ്റില്ല.

നല്ല ഒരു നടിയോ ഭാര്യയോ എന്ന് ചോദിച്ചപ്പോള്‍ നല്ല നടിയാണെന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞ വിദ്യക്ക് ഇനി 40 വര്‍ഷമെങ്കിലും അഭിനയിക്കണമെന്നാണ് ആഗ്രഹം. അന്നും ഇന്നും സിനിമയിലെ കലയില്‍ ഒരുമാറ്റവും എനിക്കു തോന്നുന്നില്ലെന്ന് പറയുമ്പോഴും ഇനിയും അഭിനയിക്കണം അതിലൂടെ സന്തോഷം കണ്ടെത്തണമെന്ന് വിദ്യാബാലന്‍ പറയുന്നു.

- അശ്വനി കൃഷ്ണ

Ads by Google
TRENDING NOW