Sunday, June 16, 2019 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Dec 2017 02.57 PM

കാറ്റ് പോലെ രബീന്ദ്ര സംഗീതം

മലയാളം ഹൃദയത്തിലും നാവിലും സൂക്ഷിക്കുമ്പോഴും, മഹാനായ കവി രബീന്ദ്രനാഥ ടാഗോറിന്റെ വരികളിലൂടെ രബീന്ദ്ര സംഗീതവുമായി യാത്ര തുടരുകയാണ് കൊല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന അശ്വതി സഞ്ജു.
uploads/news/2017/12/177797/Aswathysanju261217.jpg

കൊല്‍ക്കത്തയില്‍ ജനിച്ചുവളരുകയും മലയാളം ഹൃദയത്തിലും നാവിലും സൂക്ഷിച്ച് ഒപ്പം മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ വരികളിലൂടെ രബീന്ദ്രസംഗീതത്തെ ജീവിതത്തോടൊപ്പം ചേര്‍ത്തിരിക്കുകയാണ് അശ്വതി സഞ്ജു.

ബംഗാളി വരികള്‍ അതിമനോഹരമായ സംഗീതത്തിലൂടെ ഒരു മഴ കൊള്ളുന്നതുപോലെ മലയാളികള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് ഗായിക പറയുന്നത്. യുവഗായിക അശ്വതി സഞ്ജു കന്യകയോട് സംസാരിക്കുന്നു.

എന്തുകൊണ്ടാണ് പാടാന്‍ ടാഗോര്‍ കവിതകള്‍ തിരഞ്ഞെടുത്തത്. എങ്ങനെയാണ് ഇത്തരമൊരു ഗാനശാലയിലേക്ക് എത്തിച്ചേര്‍ന്നത്?


ഭാരതീയ സംഗീത സംസ്‌കാരത്തിന്റെ ഏറ്റവും മൗലികമായ സ്വരഭേദമാണ് വിശ്വകവി രബീന്ദ്രനാഥ ടാഗോര്‍ രചിച്ച് ചിട്ടപ്പെടുത്തിയ ഭാവസാന്ദ്രവും വൈകാരികവുമായ രബീന്ദ്രസംഗീതം.

അതിന്റെ അനുപമ വശ്യതയില്‍ കീഴ്‌പ്പെടാത്തവരുണ്ടാവില്ല. ഏതൊരു ബംഗാളിയുടെയും ജീവിതത്തെ ഭാവുകത്വപരമായി സ്വാധീനിച്ച കലാരൂപവും മറ്റൊന്നല്ല.

ബംഗാളി ജീവിതത്തെ സ്വാധീനിച്ച കവിയാണദ്ദേഹം. ഇവിടുത്തെ സാധാരണക്കാര്‍ പോലും ആ മഹാകവിയുടെ വരികള്‍ ഇപ്പോഴും ചുണ്ടോട് ചേര്‍ക്കുന്നു. പുതു തലമുറയ്ക്കും ടാഗോര്‍ കവിതകള്‍ ഏറെ പ്രിയപ്പെട്ടതാണ്. ബംഗാളില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ഇതെല്ലാം ചെറുപ്പത്തിലേ മനസ്സിലാക്കാന്‍ കഴിഞ്ഞു.

വീടിനകത്ത് മലയാളം നിറഞ്ഞുനില്‍ക്കുമ്പോഴും എന്റെ ജീവിതത്തില്‍ സംഗീത സംബന്ധിയായ കാമനകളില്‍ രബീന്ദ്ര സംഗീതം കടന്നുവരുന്നത് പ്രത്യേകിച്ചും ഇവിടുത്തെ ചുറ്റുപാടുകളുടെ സ്വാധീനം കൊണ്ടായിരിക്കാം.

രബീന്ദ്ര ഭാരതി കലാശാലയിലെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതപഠനത്തിലൂടെയും പ്രഗത്ഭരില്‍ നിന്നും ഈ സംഗീത സമ്പ്രദായത്തെ കുറിച്ച് മനസ്സിലാക്കിയപ്പോള്‍ അതിനു മറ്റു സംഗീത ശാഖകളില്‍ നിന്നുള്ള വ്യത്യസ്തത എന്നെ വല്ലാതെ ആകര്‍ഷിക്കുകയായിരുന്നു.

പാടിയപ്പോള്‍ കൊല്‍ക്കത്തക്കാരുടെ പ്രതികരണമെന്തായിരുന്നു?


കൊല്‍ക്കത്തയിലെ ഏതൊരു സദസ്സിനും രബീന്ദ്രസംഗീതം പ്രിയപ്പെട്ടതാണ്. ബംഗാളിയല്ലാത്ത എന്റെ സ്വരം ഇവിടെയുള്ളവര്‍ക്ക് ഇഷ്ടമാകുമോ എന്നൊരാശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ പാടുമ്പോഴൊക്കെ മലയാളികള്‍ക്കൊപ്പം തന്നെ ബംഗാളികളും വലിയ പ്രോത്സാഹനം തന്നെയാണ് തന്നത്.

തുടര്‍ന്നും ഈ ഗാനശാഖയിലൂടെ പുതുമകള്‍ കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. ബംഗാളികള്‍ ഇഷ്ടപ്പെടുക എന്നതു തന്നെയാണല്ലോ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

പാടുമ്പോള്‍ നേരിട്ട പ്രതിസന്ധികള്‍...?


രബീന്ദ്ര സംഗീതാസ്വാദകരുടെ ഒരു പ്രശ്‌നം വരികളുടെ അര്‍ത്ഥമറിയായ്മയാണ്. പ്രത്യേകിച്ചും 'താളമേള' കസര്‍ത്തുകള്‍ക്ക് സ്ഥാനമില്ലാത്ത, ഏതു മാനസികാവസ്ഥയിലും ആലപിക്കാനും ആസ്വദിക്കാനും ഉതകുന്ന സ്വരപ്രക്രിയകളുടെ അയത്‌ന ലളിതമായ സംസ്‌കാരം 'അടിപൊളി' ആസ്വാദകര്‍ക്ക് രുചിക്കണമെന്നില്ല.

ഈണത്തിലുപരി, വരികളിലെ ടാഗോര്‍ ഭാവനകളാണ് രബീന്ദ്ര സംഗീതത്തിന്റെ കാതല്‍. ബംഗാളിനു പുറത്താലപിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളും പരിഗണിക്കാറുണ്ട്. കേരളത്തിലൊക്കെയാണെങ്കില്‍ പാടും മുന്‍പ് വരികളുടെ അര്‍ത്ഥം ശ്രോതാക്കള്‍ക്ക് വിവരിച്ചുകൊടുക്കാറു ണ്ട്.

കേരളത്തില്‍ എന്തായിരുന്നു പ്രതികരണം? എവിടെയൊക്കെയാണ് പാടിയത്?


എം. ടി. വാസുദേവന്‍ നായര്‍ സാറിന്റെ സാന്നിധ്യത്തില്‍ തുഞ്ചന്‍പറമ്പിലാണ് ഞാനാദ്യം പാടിയത്. തുഞ്ചത്തെഴുത്തച്ഛന്‍ എന്ന മഹാകവിയുടെ പേരിലുള്ള മണ്ണിലിരുന്ന് എം. ടി സാറിന്റെ സാന്നിധ്യത്തില്‍ പാടിയ ആ രാത്രി ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തതാണ്.

ഞാന്‍ പാടുന്നത് കേള്‍ക്കാന്‍ എം. ടി സാര്‍ വന്നിരുന്നതിനേക്കാള്‍ വലിയ അംഗീകാരം ജീവിതത്തില്‍ കിട്ടാനില്ല.

രബീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ തുഞ്ചന്‍ മണ്ണില്‍ എന്റെ എളിയ കവിതയിലൂടെ സമര്‍പ്പിക്കുക കൂടിയായിരുന്നു അന്ന്. കേരളത്തിന്റെ മറ്റിടങ്ങളിലും പരിപാടികളെല്ലാം ആസ്വാദകര്‍ക്കിഷ്ടപ്പെട്ടുവെന്നാണ് അനുഭവം.

മറ്റ് ഗാനശാഖയില്‍നിന്നു രബീന്ദ്രസംഗീതത്തിന് എന്തെല്ലാം പ്രത്യേകതകളാണ് ഉള്ളത്?


രബീന്ദ്ര സംഗീതത്തില്‍ പരാമര്‍ശിക്കപ്പെടാത്ത മനുഷ്യാവസ്ഥകളില്ല. പ്രണയവും വിരഹവും ജനിമൃതികളും, ഈശ്വര പ്രകീര്‍ത്തനങ്ങളും പ്രകൃതിയും മറ്റും, മനുഷ്യജീവിതത്തിന്റെ എക്കാലത്തേക്കും വേണ്ടിയുള്ള വാക്കുകളാണ് മഹാകവി എഴുതിവെച്ചതെന്ന് തോന്നിയിട്ടുണ്ട്.

കര്‍ഷകനും ബുദ്ധിജീവിക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രകൃതിക്കും വേണ്ടി എഴുതിയ ആ വരികള്‍ ഇതരസംഗീതത്തില്‍ നിന്ന് കവിതയുടെ ആത്മാവ് സൂക്ഷിക്കുന്ന ഒരു സംഗീതധാരയാണെന്ന് തോന്നിയിട്ടുണ്ട്.

ടാഗോര്‍ കൃതികളില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു വായിച്ച പുസ്തകം ഏതാണ്?


ടാഗോറിന്റെ മിക്ക കൃതികളും എനിക്കിഷ്ടമാണ്. ആ വായന ഈ സംഗീത യാത്രക്കുള്ള മരുന്നാണ്. ഞങ്ങളുടെ വീട്ടില്‍ സംഗീതത്തോടൊപ്പം തന്നെ ടാഗോര്‍ കൃതികളും സൂക്ഷിക്കുന്നു.

മലയാളത്തില്‍ ആരുടെയൊക്കെ പാട്ടുകളാണ് പാടാറ്?


ബാബുരാജിന്റെ പാട്ടുകള്‍ എപ്പോഴുമുണ്ട് എന്റെ ചുണ്ടില്‍. ഏത് കാലത്തേക്കുമായി ഗാനങ്ങള്‍ എത്ര ലളിതവും എന്നാല്‍ ആഴത്തിലുമാണ് ബാബുരാജ് പാട്ടുകള്‍ ചിട്ടപ്പെടുത്തി വച്ചിരിക്കുന്നത്.

അദ്ദേഹം നമ്മുടെ ഹൃദയത്തെ തൊടുകയല്ല, മറിച്ച് ബാബുരാജ് സംഗീതത്തിന്റെ ഹൃദയമായി നമ്മളില്‍ നിറയുകയാണ്. പിന്നെ സലിം ചൗധരിയുടെ ഗാനങ്ങളും കവി നസ്‌റുള്‍ ഇസ്‌ലാമിന്റെ ഗാനങ്ങളും ആലപിക്കാറുണ്ട്.

ഈ സംഗീത ജീവിതത്തെ കുടുംബങ്ങള്‍ എങ്ങനെയാണ് കാണുന്നത്?


അച്ഛന്‍ വേണുഗോപാലും അനിയന്‍ ശ്രീനാഥും സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. കുടുംബത്തില്‍ നിറഞ്ഞുനിന്ന സംഗീതാന്തരീക്ഷം എന്നും സംഗീതത്തെ സ്‌നേഹിക്കാനും ആ മേഖലയില്‍ പ്രവര്‍ത്തിക്കാനും സഹായകമായിട്ടുണ്ട്.

നടന്‍ കൂടിയായ സഞ്ജുവാണ് ഭര്‍ത്താവ്. അദ്ദേഹത്തില്‍ നിന്നുമുള്ള പ്രോത്സാഹനവും ഏറെയാണ്. ഇവരെല്ലാം ഈ സംഗീതധാരയെ വളര്‍ത്താനായി ഒപ്പമുണ്ട്. അതൊരു ഭാഗ്യമല്ലെ.

ഭാവിയെപ്പറ്റി...?


രബീന്ദ്ര സംഗീതത്തെ കേരളത്തില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട സമൂഹങ്ങളിലേക്കും എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിന് അച്ഛന്റെ കേരളത്തിലെ സൗഹൃദവേരുകള്‍ ഏറെ സഹായകമായമാകുന്നുണ്ട്.

ഒപ്പം തന്നെ ബംഗാളിന്റെ വിവിധ ഗ്രാമങ്ങളിലേക്കും സഞ്ചരിക്കാനാണ് ആഗ്രഹം. മാത്രമല്ല, ഏതെല്ലാം തരത്തില്‍ ഈ സംഗീതധാരയില്‍ പുതിയ സംഗീതത്തെ ലയിപ്പിക്കാനും കൂടി ശ്രമിക്കുന്നുണ്ട്.

ഷഹനാസ് എം. എ

Ads by Google
Tuesday 26 Dec 2017 02.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW