Wednesday, January 10, 2018 Last Updated 19 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Dec 2017 01.29 PM

കൊച്ചുകുട്ടികള്‍ എത്ര മണിക്കൂര്‍ ഉറങ്ങണം

കുട്ടികളുടെ ആരോഗ്യം
uploads/news/2017/12/177781/asdrkidscar261217.jpg

ചുമയും കഫക്കെട്ടും അലട്ടുന്നു


എന്റെ മകന് 11 വയസ്. ഒരുമാസം കുട്ടിക്ക് പനിയും ചുമയും വന്നിരുന്നു. മരുന്ന് കഴിച്ച് പനി മാറിയെങ്കിലും ഇതുവരെ ചുമയ്ക്ക് ഒരു കുറവുമില്ല. പല മരുന്നുകളും കഴിച്ചുനോക്കി കുറവിെല്ലന്നു മാത്രമല്ല കഫക്കെട്ടും ഉണ്ട്. ആന്റിബയോട്ടിക്‌സ് രണ്ട് കോഴ്‌സ് കഴിച്ചിരുന്നു. കഫം വെളിയില്‍ പോകാത്തതുകൊണ്ട് കുട്ടി ഇടയ്ക്കിടെ ഛര്‍ദിക്കുകയും ചെയ്യുന്നുണ്ട്. കഫക്കെട്ടും ചുമയും മാറുന്നതിന് പ്രതിവിധികള്‍ ഉണ്ടോ?
----- ശ്രീദേവി ,മുളപ്പുറം

ആന്റിബയോട്ടിക്‌സ് കഴിച്ചതിനു ശേഷം പനി മാറിയെങ്കിലും ചുമ കുറവില്ലാത്തതാണ് ഇവിടെ കുട്ടിയെ അലട്ടുന്നത്. മരുന്നു കഴിച്ചിട്ടും ചുമ കുറവില്ലാത്തതിനാല്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഉള്ളില്‍ കടന്ന അന്യവസ്തുക്കള്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്.

ഇതിനെ ഫോറിന്‍ ബോഡി ആസ്പിരേഷന്‍ എന്നാണ് പറയുന്നത്. ഇങ്ങനെയെന്തെങ്കിലും തകരാര്‍ ഉണ്ടോ എന്നറിയാന്‍ എക്‌സ്‌റേ എടുത്തു പരിശോധിച്ചു നോക്കുന്നത് നന്നായിരിക്കും. തുടര്‍ന്നും ചുമയ്ക്ക് മാറ്റമില്ലെങ്കില്‍ ആസ്ത്മയാണോ കാരണമെന്ന് കണ്ടെത്തണം. എന്തായാലും ഒരു ശിശുരോഗവിദഗ്ധനെ കാണിക്കുന്നത് നന്നായിരിക്കും.

പതിനഞ്ചു വയസിനു താഴെ മാത്രം പ്രായമുള്ള കുട്ടികള്‍ ചുമച്ച് കഫം തുപ്പിക്കളയാറില്ല. പകരം അവര്‍ അത് വിഴുങ്ങിക്കളയുകയാണ് ചെയ്യുന്നത്. കുട്ടി അധികനേരം ചുമയ്ക്കുകയാണെങ്കില്‍ ഛര്‍ദിച്ച് കഫം പുറത്തുപോകുന്നതായാണ് കാണുന്നത്.

ഇത് കുട്ടികളില്‍ സാധാരണ കണ്ടുവരുന്നു. ഇതിന് പ്രത്യേകിച്ച് ചികിത്സകളൊന്നും ആവശ്യമില്ല. പക്ഷേ, ചുമ രണ്ടാഴ്ചയായി കുറവില്ലാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റെന്തെങ്കിലും തകരാര്‍ ഉണ്ടോ എന്ന് പരിശോധിക്കണം.

കൊച്ചുകുട്ടികള്‍ എത്ര മണിക്കൂര്‍ ഉറങ്ങണം


എന്റെ ഒന്നരവയസായ മകന്‍ രാത്രി ഏറെ വൈകിയാണ് ഉറങ്ങുന്നത്. പുലര്‍ച്ചെ നേരത്തെ ഉണരുകയും ചെയ്യും. ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് പന്ത്രണ്ടുമണിക്കൂറെങ്കിലും ശരിയായ ഉറക്കം ആവശ്യമല്ലേ. പകല്‍സമയത്ത് അരമണിക്കൂര്‍ ഉറങ്ങിയെങ്കിലായി. കുട്ടിക്ക് ശരിയായ ഉറക്കംകിട്ടാന്‍ എന്താണു ചെയ്യേണ്ടത്.? ഉറക്കക്കുറവ് ആരോഗ്യത്തെ ബാധിക്കുമോ?
----- അഞ്ചു വിനോദ് ,കായംകുളം

കൊച്ചുകുട്ടികള്‍ പന്ത്രണ്ട് മണിക്കൂര്‍ ഉറങ്ങണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ആറോ എട്ടോ മണിക്കുര്‍ ഉറക്കം മാത്രം മതിയാവും. ചില കുട്ടികളില്‍ ഉറക്കം മറ്റ് കുട്ടികളെ അപേക്ഷിച്ച് കുറവായിരിക്കാം.

അതുകൊണ്ടാണ് നിങ്ങളുടെ കുട്ടി രാത്രി വളരെ വൈകി ഉറങ്ങുന്നതും നേരത്തേ ഉണരുന്നതും. ഉറക്കം കുറവുള്ള കുട്ടികളെ പകല്‍ സമയം ഉറക്കാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ വന്നാല്‍ കുട്ടി രാത്രി നന്നായി ഉറങ്ങിക്കൊള്ളും.

മൂത്രത്തില്‍ പഴുപ്പ്


എന്റെ രണ്ടു വയസുള്ള ആണ്‍ കുഞ്ഞിന് മൂത്രത്തില്‍പഴുപ്പാണ്. വയറുവേദനയുമുണ്ട്. കണ്ടെത്താന്‍ വൈകിയതുമൂലം പനിപിടിച്ച് കുറച്ചുദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. എന്തുകൊണ്ടാണ് ഇത്രയും ചെറിയ പ്രായത്തില്‍ മൂത്രത്തില്‍ പഴുപ്പ് ഉണ്ടായത്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
----- ജീവന്‍ സുരേഷ്,കയ്പമംഗലം

ചെറുപ്രായത്തില്‍ മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നത് സൂക്ഷിക്കണം. പലകാരണങ്ങള്‍കൊണ്ട് കുഞ്ഞുങ്ങളില്‍ മൂത്രത്തില്‍ പഴുപ്പ് ഉണ്ടായെന്നുവരാം. അതിനാല്‍ കുട്ടിക്കുണ്ടാകുന്ന മൂത്രത്തില്‍ പഴുപ്പിന്റെ കാരണം എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സകള്‍ നടത്തേണ്ടതുണ്ട്.

മൂത്രം, രക്തം എന്നിവ കള്‍ച്ചര്‍ ചെയ്യണം. കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കണം. അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എം.യു.സി മുതലായ പരിശോധനകള്‍ വഴി രോഗകാരണം കണ്ടെത്താം.

തൊണ്ടവേദന


മകള്‍ക്ക് 11 വയസ്. കുട്ടിക്ക് മൂക്കടപ്പും തൊണ്ടവേദനയും അടിക്കടി അനുഭവപ്പെടുന്നു. പനി ഉണ്ടാകാറില്ല. മൂക്ക് അടഞ്ഞിരിക്കുന്നതുപോലെയാണ്. ശ്വാസം വലിക്കാനും ഇതുമൂലം ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഉപ്പുവെള്ളം വായില്‍ കൊള്ളുമ്പോള്‍ തൊണ്ട വേദന മാറുന്നു. മൂക്കടപ്പു മാറ്റാന്‍ തുള്ളിമരുന്ന് ഒഴിക്കുന്നത് നല്ലതാണോ? തുളളിമരുന്നിന്റെ പേരു പറഞ്ഞുതരാമോ? എന്താണ് അടിക്കടി ഉണ്ടാകുന്ന മൂക്കടപ്പിനും തൊണ്ടവേദനയ്ക്കും കാരണം?
----- സ്വാതി ,അടൂര്‍

കത്തില്‍ നിന്നും വായിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തി ല്‍ നിങ്ങളുടെ കുഞ്ഞിന് അഡിനോയ്ഡ് ഗ്രന്ഥിയുടെ അമിത വളര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. അടിക്കടി ഉണ്ടാകുന്ന മൂക്കടപ്പും തൊണ്ടവേദനയും ഇതിന്റെ ലക്ഷണമാണ്. ഒരു ഇഎന്‍ടി സ്‌പെഷലിസ്റ്റ് ഡോക്ടറെ കാണുന്നത് നന്നായിരിക്കും. ചെറിയ സര്‍ജറി വേണ്ടിവന്നേക്കാം. എന്നുകരുതി ഭയപ്പെടേണ്ടതായി ഒന്നുമില്ല.

കണ്ണില്‍ വേദനയും കണ്ണാടിയും


ഞാന്‍ 8 വയസുള്ള കുട്ടിയുടെ അമ്മയാണ്. ഏതാനും ദിവസമായി മകള്‍ക്ക് കണ്ണുവേദനയാണെന്ന് പറയുന്നു. കൃഷ്ണമണിയുടെ ഭാഗത്താണ് വേദന അനുഭവപ്പെടുന്നത്. ചിലപ്പോള്‍ വേദന ഒട്ടുമില്ലെന്ന് പറയും. കാഴ്ചശക്തിക്ക് കുഴപ്പമൊന്നുമില്ല. ഇടയ്ക്കിടെ കണ്ണില്‍നിന്ന് വെള്ളം വരുന്നുണ്ട്. ഡോക്ടറെ കാണാന്‍ അവള്‍ സമ്മതിക്കുന്നില്ല. കാലാവസ്ഥയുടെ മാറ്റമാണോ കാരണം? കണ്ണാടി വയ്‌ക്കേണ്ടി വരുമോ? കണ്ണാടി വയ്ക്കുന്ന കാര്യം മോള്‍ക്ക് വലിയ മടിയാണ്. കണ്ണില്‍ ഒഴിക്കുന്ന മരുന്നുകള്‍കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ?
----- ശാലിനി സന്തോഷ്, മൂവാറ്റുപുഴ

കണ്ണില്‍ പൊടിയടിച്ചതുകൊണ്ടോ അന്യവസ്തുക്കള്‍ കണ്ണില്‍ പോയതുകൊണ്ടോ ഇതുപോലെ സംഭവിക്കാം. നിങ്ങളുടെ കുട്ടിയുടെ പ്രശ്‌നം അങ്ങനെയാവാനേ വഴിയുള്ളൂ. അധികം പഴകിയ വേദനയൊന്നുമല്ലല്ലോ. ഏതാനും ദിവസമല്ലേ ആയിട്ടുള്ളൂ. ഗുരുതരപ്രശ്‌നമാകാന്‍ തരമില്ല.

പ്രത്യേകിച്ച് കാഴ്ചയ്ക്ക് തകരാറില്ലാത്ത സ്ഥിതിക്ക്. അപ്പോഴേക്കും കണ്ണാടി വയ്‌ക്കേണ്ടിവരുമോ എന്നു ചോദിക്കാന്‍ വരട്ടെ. കണ്ണില്‍നിന്നും തുടര്‍ച്ചയായി വെള്ളം വരുകയും വേദനയുമുണ്ടെങ്കില്‍ നേത്രരോഗവിദഗ്ധനെ കാണിക്കുക. മിക്കവാറും കണ്ണില്‍ മരുന്ന് ഒഴിക്കുന്നതിലൂടെ ബുദ്ധിമുട്ട് ഒഴിവാക്കാനാവും.

ചിക്കപോക്‌സ്


മകള്‍ക്ക് 16 വയസ്. കഴിഞ്ഞവര്‍ഷം അവള്‍ക്ക് ചിക്കന്‍പോക്‌സ് വന്നിരുന്നു. ശരീരത്തിലും മുഖത്തുമെല്ലാം നിറയെ കുരുക്കള്‍ പൊങ്ങിയിരുന്നു. എന്നാല്‍ ചിക്കന്‍പോക്‌സ് മാറിയിട്ട് ഇത്ര നാളായിട്ടും കറുത്ത പാടുകള്‍ ഇതുവരെ കുറഞ്ഞിട്ടില്ല. മകള്‍ക്ക് ഇരുണ്ട നിറമാണ്. പാടുകള്‍ കൂടിയാകുമ്പോള്‍ വല്ലാതെ ഇരുണ്ട നിറമാകുന്നു എന്നാണ് പരാതി. പച്ചമഞ്ഞള്‍ തേയ്ക്കുന്നുണ്ട്. എന്താണ് ഇത്രയും നാളായിട്ടും പാടുകള്‍ കുറയാത്തത്?
----- ലത , ഉള്ളൂര്‍

ചിക്കന്‍പോക്‌സ് വന്ന പാടുകള്‍ പൂര്‍ണമായും ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ സമയം ചിലപ്പോള്‍ വേണ്ടിവന്നേക്കാം. ശരീരപ്രകൃതിയും ത്വക്കിന്റെ സ്വഭാവവുമനുസരിച്ചായിരിക്കുമിത്.

പാടുകള്‍ മാറിക്കിട്ടാന്‍ പ്രത്യേക മരുന്നോ ഓയിന്റ്്‌മെന്‍േറാ പുരട്ടേണ്ടതില്ല. കുട്ടിയുടെ നിറവുമായി പാടിന് യാതൊരു ബന്ധവുമില്ല. ശരീരത്തിലെ പാടുകളെ അക്ഷേിച്ച് മുഖത്തെ പാടുകള്‍ വൈകി മാത്രമേ മായുകയുള്ളൂ.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
TRENDING NOW