Sunday, June 16, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Dec 2017 01.22 PM

ചിരിയും ചിന്തയുമായി തനഹ

uploads/news/2017/12/177778/CiniLOcTThanaha.jpg

ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങള്‍ കഥയായി മാറുമ്പോള്‍ അത്തരം കഥകള്‍ സാധാരണക്കാരന്റെ ജീവിതവുമായി സമരസപ്പെടുന്നത് സ്വാഭാവികം മാത്രം.

മലയാളസിനിമയില്‍ സമീപകാലത്തിറങ്ങിയ പല സിനിമകളിലും കഥ പറയുന്ന രീതികള്‍ക്ക് വ്യത്യാസം വന്നിരിക്കുന്നു. നല്ല സിനിമകളിലൂടെ പ്രേക്ഷകര്‍ മനസ്സില്‍ ഇടംനല്‍കിയ യുവതാരങ്ങള്‍ പോലും കഥാപാത്രങ്ങളുമായി ഇഴുകിചേര്‍ന്ന് അഭിനയിക്കാന്‍ നില്‍ക്കാതെ ഡയലോഗ് പറഞ്ഞ് നിര്‍വികാരതയോടെ നില്‍ക്കുകയാണ്.

വീട്ടിലിരുന്ന് ടെലിവിഷനില്‍ സിനിമ കണ്ടിരുന്ന പ്രേക്ഷകനെ തിയേറ്ററിലേക്ക് കൊണ്ടുവന്ന ചില സിനിമകളുടെ സാന്നിധ്യം പ്രതീക്ഷ നല്‍കുമ്പോഴാണ് വീണ്ടും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന കഥകളുമായി തിയേറ്ററില്‍നിന്ന് പ്രേക്ഷകനെ അകറ്റുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നത്.

വളരെയേറെ പ്രതീക്ഷയോടെ ചെയ്ത പല പടങ്ങളും മൂക്കും കുത്തി താഴെ വീഴുമ്പോഴാണ് നല്ല കഥകള്‍ക്ക് ചലച്ചിത്രഭാഷ്യം നല്‍കുന്നതിനായി കുറച്ച് ചെറുപ്പക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

തൃശൂരില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള വാടാനപ്പള്ളിയിലാണ് തനറഞയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഞങ്ങള്‍ തനഹയുടെ സെറ്റിലെത്തുമ്പോള്‍ പോലീസ് വേഷത്തിലുള്ള ഇര്‍ഷാദിന്റെയും ശിവജി ഗുരുവായൂരിന്റെയും ചില സീനുകള്‍ ഛായാഗ്രാഹകന്‍ വിപിന്‍ സുധാകര്‍ ക്യാമറയിലേക്ക് പകര്‍ത്തുകയായിരുന്നു.

വാടാനപ്പള്ളി ടൗണില്‍നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഒരു ഗ്രാമമായതിനാല്‍ ഷൂട്ടിങ് കാണാന്‍ ധാരാളം ആളുകള്‍ ഇവിടെ എത്തിയിരുന്നു. പ്രകാശ് കുഞ്ഞന്‍ കൂരയില്‍ ആണ് തനഹ സംവിധാനം ചെയ്യുന്നത്. അണ്ണാറക്കണ്ണനും തന്നാലായത്, ഭഗവതിപുരം, മൂന്നാംനാള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം പ്രകാശ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് തനഹ.

തൃശൂര്‍ സിറ്റി പോലീസ് സ്‌റ്റേഷനിലെ ആന്റി ഗുണ്ടാ സ്‌ക്വാഡിലെ സബ്ഇന്‍സ്‌പെക്ടര്‍ ശെല്‍വരാജ് കുളക്കണ്ടത്തിലാണ് തനഹയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.ചിത്രീകരണത്തിന്റെ ഇടവേളയില്‍ സംവിധായകന്‍ പ്രകാശ് കുഞ്ഞന്‍കൂരയിലാണ് തനഹയുടെ കഥാവിശേഷം സിനിമാമംഗളവുമായി പങ്കുവച്ചത്.

തനഹയെന്നാല്‍ ഒരു കുട്ടിയുടെ പേരാണ്. ചെറുപ്പക്കാര്‍ ഫ്രീക്കന്മാരാകുന്ന കാലമാണിത്. കേരളത്തിലെ യുവാക്കള്‍ ഫ്രീക്കന്‍ സംസ്‌കാരത്തിലേക്ക് വഴിമാറുമ്പോഴാണ് ഫ്രീക്കന്മാരായ രണ്ടു ചെറുപ്പക്കാര്‍ പോലീസിലെത്തുന്നത്. കുട്ടിത്തം മാറാത്ത വിഷ്ണുവിന്റെയും റോയ് മാത്യുവിന്റെയും കഥയാണിത്.

നെടുമംഗലം പോലീസ് സ്‌റ്റേഷനിലെ ചെറുപ്പക്കാരായ കോണ്‍സ്റ്റബിള്‍മാരാണ് വിഷ്ണുവും റോയ് മാത്യുവും. ഇരുവരുടെയുടെ അച്ഛന്മാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജോലി കിട്ടിയത്. സുഹൃത്തുക്കളായിരുന്ന അച്ഛന്മാരെ പോലെ വിഷ്ണുവും റോയിയും ആത്മസുഹൃത്തുക്കളാണ്. സ്‌റ്റേഷനിലെ കുട്ടിത്തംമാറാത്ത ചെറുപ്പക്കാരായ ഇരുവര്‍ക്കും പോലീസ് കോണ്‍സ്റ്റബിളാണെന്ന പക്വതയൊന്നുമില്ല. ഇരുവരുടെയും ആത്മസുഹൃത്താണ് മണ്‍സൂര്‍. വിഷ്ണുവിനും റോയിക്കും പല പ്രശ്‌നങ്ങളുമുണ്ടാകുമ്പോള്‍ ഉപദേശവുമായി മണ്‍സൂര്‍ മുന്നിലുണ്ടാകും.

uploads/news/2017/12/177778/CiniLOcTThanaha1.jpg

വിഷ്ണു സ്ത്രീകളെ കണ്ടാല്‍ എല്ലാം മറക്കുന്നയാളാണ്. റോയ്മാത്യു പ്ലസ്ടു വരെയെ പഠിച്ചിട്ടുള്ളു. ജോലിയില്‍ ഒട്ടും താല്പര്യമില്ലാത്ത വിഷ്ണുവും റോയിയും പോലീസ് സ്‌റ്റേഷനിലെത്തുമ്പോള്‍ ടെന്‍ഷന്‍ ബാധിച്ച് മറ്റൊരു ലോകത്തെത്തുകയാണ്.

ഒരുനാള്‍ കുപ്രസിദ്ധ മോഷ്ടാവായ പരപ്പാറ ജെയിംസിനെ കോടതിയിലെത്തിക്കേണ്ട ഉത്തരവാദിത്തം വിഷ്ണുവിന്റെും റോയിയുടെയും തലയിലാവുന്നു. പരപ്പാറ ജെയിംസെന്ന മോഷ്ടാവിലൂടെ സുപ്രധാനമായ ഒരു കൊലപാതകത്തിന് തുമ്പുണ്ടാക്കുന്ന വഴിയിലൂടെ വിഷ്ണുവും റോയിയും സഞ്ചരിക്കുകയാണ്. റോയ് മാത്യുവിന് പെണ്ണ് നോക്കാന്‍ പോകേണ്ട ദിവസം അടുത്തപ്പോള്‍ റോയിയുടെ കൂടെ പോകണമെന്ന് വിഷ്ണുവിന് ആഗ്രഹമുണ്ടായിരുന്നു.

ലീവിനായി വിഷ്ണു പലരെയും കണ്ടതോടെ ലീവെടുക്കാന്‍ സമ്മതം ലഭിക്കുന്നു. റോയിക്ക് പെണ്ണ് നോക്കാന്‍ ആത്മഹസുഹൃത്തായ വിഷ്ണുവും കൂടെ പോകുന്നു. ആഹ്‌ളാദത്തിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ ഒരു ഇന്‍സിഡന്റുണ്ടാകുന്നു. ഇതോടെ തനഹയുടെ കഥ മറ്റൊരു വഴിത്തിരിവിലൂടെ കടന്നുപോകുന്നു.

സീരിയസ്സായ കഥാവഴികളാണെങ്കിലും കോമഡിയിലൂടെയാണ് തനഹയുടെ കഥ പുരോഗമിക്കുന്നത്.
ഈ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്നത് അഭിലാഷ് നന്ദകുമാറാണ്. മസ്‌കറ്റില്‍ റിഗ്ഗില്‍ ഉദ്യോഗസ്ഥനായ നന്ദകുമാറിന്റെയും അംബികയുടെയും മകനായ അഭിലാഷ് കോയമ്പത്തൂര്‍ വാര്‍ക്ക് കോളജില്‍നിന്നും എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഷോര്‍ട്ട് ഫിലിമുകളിലും മ്യൂസിക് ആല്‍ബങ്ങളിലുമൊക്കെ അഭിനയിക്കാന്‍ തുടങ്ങിയത്.

തന്റെ പോലീസ് ജീവിതത്തില്‍ കാണേണ്ടിവന്ന ചില അനുഭവങ്ങളാണ് തനഹയുടെ കഥയ്ക്ക് പ്രചോദനമായതെന്നും സിനിമയ്ക്ക് അനുയോജ്യമായ ഒട്ടേറെ കഥകള്‍ തന്റെ പക്കലുണ്ടെന്നും ചിത്രത്തിന്റെ രചന നിര്‍വഹിച്ച ശെല്‍വരാജ് കുളക്കണ്ടത്തില്‍ സൂചിപ്പിച്ചു.

ഇവാനിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംബികാ നന്ദകുമാര്‍ നിര്‍മിക്കുന്ന തനഹയുടെ നിര്‍മ്മാണ നിയന്ത്രണം നിര്‍വഹിക്കുന്നത് ശശി പൊതുവാളാണ്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാ വിഷ്ണുവായി പുതുമുഖം അഭിലാഷ് നന്ദകുമാറും റോയി മാത്യുവായി ടിറ്റോ വില്‍സണും മോഷ്ടാവ് പരപ്പാറ ജെയിംസായി ശ്രീജിത്ത് രവിയും അഭിനയിക്കുന്നു. ഇര്‍ഷാദ്, ശിവജി ഗുരുവായൂര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സാജന്‍ പള്ളുരുത്തി, ശരണ്യ ആനന്ദ്, അഞ്ജലി ഉപാസന, തൃശൂര്‍ എല്‍സി, താരാ കല്യാണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ടൈറ്റില്‍ കാര്‍ഡ്:
ബാനര്‍- ഇവാനിയ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- അംബിക നന്ദകുമാര്‍, സംവിധാനം- പ്രകാശ് കുഞ്ഞന്‍കൂരയില്‍, ക്യാമറ- വിപിന്‍ സുധാകര്‍, സ്‌ക്രിപ്റ്റ്- ശെല്‍വരാജ കുളക്കണ്ടത്തില്‍, എഡിറ്റര്‍- ശ്യാം ശശിധരന്‍, സംഗീതം- റിജോഷ് ആലുവ, ഗാനരചന- ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശശി ആര്‍. പൊതുവാള്‍, കല- എം. ബാവ, വസ്ത്രം- നിസാര്‍ റഹ്മത്ത്, മേക്കപ്പ്- റഷീദ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബി കെ. മാള, അസോ. ഡയറക്ടര്‍- മോഹന്‍ തോമസ്, സഹസംവിധാനം- വിജില്‍ രത്‌നവ്, വിശ്വിന്‍ അശോക്, നിധീഷ് ഇരിട്ടി, സുര്‍ജിത്ത് മിത്ര, പ്രൊഡക്ഷന്‍ മാനേജര്‍- ഷാജി തിരുവാങ്കുളം, സജി, ഡിസൈന്‍- ജിസ്സന്‍ പോള്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: സുരേഷ് കുനിശ്ശേരി

Ads by Google
Ads by Google
Loading...
TRENDING NOW