പ്രസവത്തിനിടെ കൂളായി പരീക്ഷ എഴുതി യുവതി. യുവതിയുടെ പരീക്ഷ എഴുത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നെയ്സിയ തോമസ് എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലെ താരം. യു.എസിലെ ജോണ്സണ് കൗണ്ടി കമ്മ്യൂണിറ്റി കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് നെയ്സിയ തോമസ്. തന്റെ അവസാന വര്‍ഷ പരീക്ഷയാണ് നെയ്സിയ പ്രസവത്തിനിടെ എഴുതിയത്.
നെയ്സിയ പരീക്ഷ എഴുതുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം അമ്മ തന്നെ എടുത്ത ചിത്രമാണ് നെയ്സിയയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കിയത്. നെയ്സിയയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്റെ അമ്മയെടുത്ത ചിത്രമാണിത്. എന്റെ ജീവിതത്തിന്റെ കൃത്യമായ വിവരണം. ഒരു കുഞ്ഞിന് ജന്മം നല്കാന് പോകുകയാണ് ഞാന്‍. പക്ഷേ ഫൈനല്‍ പരീക്ഷ ഇനിയും കഴിഞ്ഞിട്ടില്ല-നെയ്സിയ ട്വീറ്റ് ചെയ്തു.
ഡിസംബര്‍ 12നാണ് നെയ്സിയ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രി കിടക്കയിലാണെങ്കിലും പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് നെയ്സിയ അറിയിച്ചു. ആന്റണി ജോണ്സണ് എന്നാന് നവജാത ശിശുവിന് പേര് നല്‍കിയിരിക്കുന്നത്.