Wednesday, June 26, 2019 Last Updated 50 Min 30 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Sunday 24 Dec 2017 12.33 PM

കെട്ടിയിട്ട ആട്

ആട് 2 ഒന്നാംഭാഗത്തേക്കാള്‍ തമാശ കുറഞ്ഞ, ആ കള്‍ട്ട് പരിവേഷം മുതലാക്കാനുള്ള ഒരു പാക്കേജ്ഡ് മസാല മാത്രമാണ് . ഭാഗികമായി എന്റര്‍ടെയ്‌നര്‍. ആട് ഒരു ഭീകരജീവിയുടെ ആദ്യഭാഗത്തിന്റെ ആരാധകനാണെങ്കില്‍ ട്രൈ ചെയ്യുക. ആദ്യഭാഗം ആശയക്കുഴപ്പത്തിലാണ് പെടുത്തിയതെങ്കില്‍ ഈ ആട്ടിന്‍കൂട്ടില്‍ കയറാതിരിക്കുകയാവും നന്ന്. മുട്ടനാടിന്റെ ഇടി തലയ്ക്കു കിട്ടിയപോലെ ആകെയൊരു മന്ദിപ്പായിരിക്കും.
aadu 2 malayalam movie review

ഠ മുന്നറിയിപ്പ്

കഴിഞ്ഞ തവണത്തെപ്പോലെ നിരൂപണങ്ങളില്‍ വഴി തെറ്റാതിരിക്കുക. സിനിമ തിയറ്ററില്‍ ചെന്നു കണ്ടു വിലയിരുത്തുക( കടപ്പാട്: മിഥുന്‍ മാനുവല്‍ തോമസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്)
നിങ്ങളുടെ കാശ്, നിങ്ങളുടെ ഡാറ്റ, നിങ്ങളുടെ സമയം. സിനിമയെക്കുറിച്ച് വായിക്കലും സിനിമ കാണലും നിങ്ങളുടെ മാത്രം ഇഷ്ടം...

ഠ ആട് 2..ഒറ്റനോട്ടത്തില്‍

മലയാളത്തിലെ വിനോദസിനിമയുടെ ചരിത്രത്തില്‍ സവിശേഷതയുള്ള അധ്യായമാണ് ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമ. തിയറ്ററില്‍ പരാജപ്പെട്ടിട്ടും ടോറന്റ്, സി.ഡി. പകര്‍പ്പുകളിലൂടെ സിനിമാചര്‍ച്ചാകമ്യൂണിറ്റികളില്‍(സമൂഹമാധ്യമങ്ങളിലെ) കള്‍ട്ട് കോമഡിയായി രൂപപ്പെട്ട സിനിമയുടെ രണ്ടാം ഭാഗം. ഒരു കാര്‍ട്ടൂണ്‍ സിനിമയാണെന്ന് അണിയറക്കാര്‍ മുന്‍കൂര്‍ ജാമ്യവും എടുക്കുന്നു. എന്നാല്‍ ആട് 2 ഒന്നാംഭാഗത്തേക്കാള്‍ തമാശ കുറഞ്ഞ, ആ കള്‍ട്ട് പരിവേഷം മുതലാക്കാനുള്ള ഒരു പാക്കേജ്ഡ് മസാല മാത്രമാണ് ആട് 2. ഭാഗികമായി എന്റര്‍ടെയ്‌നര്‍. ആട് ഒരു ഭീകരജീവിയുടെ ആദ്യഭാഗത്തിന്റെ ആരാധകനാണെങ്കില്‍ ട്രൈ ചെയ്യുക. ആദ്യഭാഗം ആശയക്കുഴപ്പത്തിലാണ് പെടുത്തിയതെങ്കില്‍ ഈ ആട്ടിന്‍കൂട്ടില്‍ കയറാതിരിക്കുകയാവും നന്ന്. മുട്ടനാടിന്റെ ഇടി തലയ്ക്കു കിട്ടിയപോലെ ആകെയൊരു മന്ദിപ്പായിരിക്കും.

aadu 2 malayalam movie review

ഠ ആട് 1

നിരൂപകര്‍ പരാജയപ്പെടുത്തിയതെന്ന് അണിയറക്കാരും ആട് ആരാധകരും ഇടയ്ക്കിടെ അയവിറക്കാറുള്ള ആട് ഒരു ഭീകരജിവിയാണ് സ്പൂഫ് കോമഡി വിഭാഗത്തില്‍പ്പെടുത്താവുന്ന മലയാളത്തിലെ തന്നെ വേറിട്ടൊരു എന്റര്‍ടെയ്‌നര്‍ പരീക്ഷണമായിരുന്നു. വളരെ രസകരമായി തോന്നിയ തുടക്കത്തിനുശേഷം കൈവിട്ട പരീക്ഷണങ്ങളോടെ പിഴച്ചുപോയി എന്നു തോന്നിച്ച കാഴ്ച. മണ്ടന്മാരുടെ ഒരു സംഘം സമ്മാനമായി കിട്ടിയ ആടുമായുണ്ടാക്കിയ പുലിവാലുകളാണ് സിനിമ. എന്നാല്‍ സാന്ദ്രതോമസിന്റെ അടക്കമുള്ള അത്ര രസകരമല്ലാത്ത കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ആ സിനിമ അതിന്റെ സ്പൂഫ് ജെനുവിനിറ്റി നഷ്ടപ്പെടുത്തി എന്നാണ് അന്നു തോന്നിയത്. എങ്കിലും പാര്‍ട്ടു പാര്‍ട്ടായി വീതം വച്ചാല്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ ആടിലെ രംഗങ്ങള്‍ ചിരിപാക്കേജായിരുന്നു. പ്രത്യേകിച്ച്, ധര്‍മജനും വിനായകനും അടങ്ങുന്നവരെ ഫ്രഷ് കോമഡി. മലയാളികളുടെ ഓണ്‍ലൈന്‍ ട്രോളിന്റെ വളര്‍ച്ചയില്‍ വരെ നിര്‍ണായകപങ്കുമുണ്ട് ആ വേറിട്ട തമാശകള്‍ക്ക്.

ഠ ആട് 2 ഒന്നുംകൂടി നോക്കിയാല്‍

ആട് ഒന്നിലെ പിഴവ് ആര്‍ത്തിക്കാതിരിക്കാനുള്ള ഒരു ഘടനയും കഥാപാത്രങ്ങളുടെ സെലക്ഷനുമാണ് ആട് രണ്ടിന്റേത്. കുറച്ചുകൂടി വിശാലമായ കാന്‍വാസ്, കുറച്ചുകൂടി കളര്‍ഫുള്‍. നായകനും ആടിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ ഷാജി പാപ്പാന്‍(ജയസൂര്യ) കുറച്ചുകൂടി ഹീറോയിസം ഉള്ളയാളാണ്. ആദ്യപാര്‍ട്ടില്‍ നീലക്കൊടുവേലി തേടിയുള്ള അന്വേഷണമാണെങ്കില്‍ ഇക്കുറി നോട്ട് നിരോധനമാണ് പശ്ചാത്തലം.

ഠ ആട് ആനന്ദിപ്പിച്ചത്

ആദ്യപകുതിയും, വിനായകനും. ആദ്യപകുതി രസകരമാണ്. ഷാജിപാപ്പനും സംഘവും വീണ്ടും വടംവലിയുമായി ഇറങ്ങുന്നു. സമ്മാനംകിട്ടുന്ന ട്രോഫി( ഇക്കുറി ആടല്ല, സ്വര്‍ണകപ്പാണ്)യുമായി കുഴപ്പങ്ങളില്‍പ്പെടുന്നു. ഇതിനിടയില്‍ പ്രധാനമന്ത്രി നോട്ടും നിരോധിക്കുന്നു. ആദ്യഭാഗത്തെപ്പോലെ നോണ്‍സ്‌റ്റോപ്പ് ചിരിയില്ലെങ്കിലും ഇടയ്ക്കിടയ്ക്കു ചിരിയുയര്‍ത്താന്‍ ഷാജിപാപ്പനും സംഘത്തിനും കഴിയുന്നുണ്ട്. 'ഡ്യൂഡ്' വിനായകനാണ് ടോപ് സ്‌കോറര്‍. ബാങ്കോക്കിലെ അധോലോകരാജാവായ ഡ്യുഡ് ഒരു തമിഴന്റ തട്ടുകടയിലെ പൊറോട്ട അടിക്കാരനാണ്. അതിലൊരു സസ്‌പെന്‍സുണ്ടെങ്കിലും ആ ഐറണിയും വിനായകന്റെ പെര്‍ഫോമന്‍സും വളരെ രസകരമാണ്. വിനാനകന്‍ സിംപ്ലി ടെറിഫിക്കാണ്. സിനിമയിലെ ഡയലോഗ് ഒന്നുമാറ്റിപ്പറഞ്ഞാല്‍ ദിസ് ഈസ് ഹിസ് എന്റര്‍ടെയ്ന്‍മെന്റ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ആ ഫ്‌ളോ ഇല്ല. സര്‍ബത്ത് ഷമീറായി വിജയ് ബാബുവിന് കുറുകൂടി പെര്‍ഫോമന്‍സുണ്ട്. തന്റെ ബ്രാന്‍ഡ് കഥാപാത്രത്തെ ജയസൂര്യക്കു കുറച്ചുകൂടി ഊര്‍ജത്തോടെ അവതരിപ്പിക്കാനാകുന്നുണ്ട്. ചവിട്ടാന്‍ വരുമ്പോള്‍ നടു ഉളുക്കിപോകുന്ന, ഭാര്യ ഡ്രൈവറുടെ കൂടെ ഒളിച്ചോടുന്ന നായകന്‍ ഒരുഗ്രന്‍ തമാശയായിരുന്നു. എന്നാല്‍ ഇക്കുറി ഷാജി പാപ്പാനെ കുറച്ചു ഹീറോയിസം ഉള്ള മണ്ടനായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമ സ്പൂഫ് കോമഡി വിട്ട് ഹീറോയിസത്തിലേക്കു കടന്നതോടെ വരണ്ടുപോകുകയും ഒരു സാധാരണതട്ടിക്കൂട്ട് സിനിമയായി പരിണമിക്കുകയും ചെയ്യുന്നു.

aadu 2 malayalam movie review

ഠ ആട് ബോറടിപ്പിച്ചത്

രണ്ടാം പകുതി. ആദ്യസിനിമ രണ്ടുമണിക്കൂറില്‍ ഒതുങ്ങിയെങ്കില്‍ ഇക്കുറി രണ്ടരമണിക്കൂറുണ്ട്. അതുകൊണ്ടുതന്നെ നിറയെ കഥാപാത്രങ്ങളാണ്. നോട്ട്‌നിരോധനത്തിന്റെ ആഫ്ടര്‍ ഇഫക്ട് എന്നപോലെ ഈ കഥാപാത്രങ്ങളെയെല്ലാം കൂട്ടിമുട്ടിക്കാനും അതിലേക്ക് ഷാജിപാപ്പാനെ എത്തിക്കാനുമാണ് രണ്ടാംപകുതി ശ്രമിക്കുന്നത്. വിനായകന്റെ തകര്‍പ്പന്‍ സ്‌ക്രീന്‍ പ്രസന്‍സ് ഒഴിച്ചാല്‍ ഏറെ വിരസമാണ് ഈ പകുതി. കഥാപാത്രങ്ങളുടെ അതിപ്രസരം ചിരിക്കുള്ള വക കുറയ്ക്കുകയും, പുറത്തുവയ്ക്കണമെന്ന് അണിയറക്കാര്‍ ആവശ്യപ്പെടുന്ന ചിന്ത ഓട്ടോമാറ്റിക്കായി തിരിച്ചുവന്ന് ബോറടിക്കുന്നുവെന്ന് ഓര്‍മിപ്പിക്കയും ചെയ്തു.

ആട് ആരാധകര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു ഇമേജിന്റെ പൊതുബോധത്തില്‍ മാത്രം ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണിത്. ഒരു സ്വതന്ത്ര സിനിമയായി പരിഗണിച്ചാല്‍ വി.കെ. പ്രകാശിന്റെ ത്രി കിങ്‌സ്, ഗുലുമാല്‍ മോഡല്‍ സിനിമ മികച്ച സാങ്കേതിക, ദൃശ്യ നിലവാരത്തോടെ പറഞ്ഞതാണെന്നു പറയേണ്ടിവരും.

ഠ ആടിനെ കെട്ടിയ മിഥുന്റെ കയര്‍

ആടു പരാജയപ്പെട്ടെങ്കിലും ആന്‍ മരിയ കലിപ്പിലാണ്, അലമാര സിനിമകളിലൂടെ താന്‍ എന്റര്‍ടെയ്ന്‍മെന്റ് സിനിമകളൊരുക്കാന്‍ മിടുക്കനാണെന്ന് മിഥുന്‍ മാനുവല്‍ തോമസ് തെളിയിച്ചിട്ടുണ്ട്. ആ അനുഭവസമ്പത്ത് ആട് രണ്ടിന് ഗുണകരമാകുന്നുണ്ട്. മികച്ച ദൃശ്യപരിചരണവും തീം മ്യൂസിക്കുകളുമായി പരാജയം ഭക്ഷിച്ചു പുനര്‍ജീവിച്ച ആടിനെ കളര്‍ഫുള്ളാക്കുന്നുണ്ട്. വിഷ്ണു നാരായണാണ് ക്യാമറ. ഷാന്‍ റഹ്മാന്‍ സംഗീതവും. ദബാങ്ങിലെ പാട്ടിനെ ഓര്‍മിപ്പിക്കുന്ന ഒരു നൃത്തഗാനവും സിനിമയിലുണ്ട്. ആദ്യഭാഗത്തിലെപ്പോലെ ആടിനെ മിഥുന്‍ അഴിച്ചുവിട്ടിട്ടില്ല, ഇടയ്‌ക്കൊക്കെ പിടിച്ചുകെട്ടുന്നുണ്ട്, അതിന്റെ ഗുണവും ദോഷവും ആസ്വാദനത്തിനുണ്ട്.

പേരില്‍ ആടുള്ളതായതുകൊണ്ടാവാം, പിങ്കി ആടിനെ തള്ളയാടാക്കി ഇക്കുറി നിലനിര്‍ത്തിയിട്ടുണ്ട്. ചെമ്പന്‍ വിനോദ് ജോസ്, സാന്ദ്ര തോമസ് എന്നിവരാണ് പ്രധാനമായും ഇക്കുറി അപ്രത്യക്ഷരായിട്ടുള്ളത്. സാന്ദ്രയുടെ കഥാപാത്രവും അതിനുവേണ്ടി ചെലവഴിച്ച സമയവും ട്വിസ്റ്റും ആദ്യസിനിമയുടെ ഒഴുക്കു കളഞ്ഞെന്നും ആ സിനിമയുടെ പരാജയത്തിന്റെ പ്രധാനകാരണങ്ങളൊന്നായി എന്നും ആട് ഒന്നാംഭാഗം പിന്നീടു കണ്ടപ്പോഴും തോന്നിയിട്ടുണ്ട്. രണ്ടാംഭാഗത്തില്‍ ഒഴിവാക്കിയത് ഏതായാലും നന്നായി. ഭഗത് മാനുവല്‍ , ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, വിജയ് ബാബു, ശ്രിന്‍ഡ, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, ബിജുക്കുട്ടന്‍, സുധി കോപ്പ, നെല്‍സണ്‍ എന്നിവര്‍ ഇക്കുറിയും ഉണ്ട്. ആദ്യഭാഗത്തിലെപ്പോലെ തന്നെ നായിക ഇക്കുറിയും ഇല്ല. തേപ്പിന്റെ ഓര്‍മയില്‍ ഷാജി പാപ്പാന്‍ ഈസ് സ്റ്റില്‍ സിംഗിള്‍.

അവസാനവാക്ക്: ആട് ഒരു ഭീകരജീവിയാണ്. അതുകൊണ്ടു താല്‍പര്യമുള്ളവര്‍ എല്ലാവരും പോയിക്കാണുക. അല്ലെങ്കില്‍ പിന്നെയും മൂന്നാംഭാഗവുമായി വന്ന് കൂടുതല്‍ ഭീകരനാവാന്‍ സാധ്യതയുണ്ട്. (നിരൂപകന്മാരോടു പോയി പണി നോക്കാന്‍ പറയുക.)

evshibu1@gmail.com

മൈക്രോവേവ് ഓവന്‍ ഇല്ലാതെ വീട്ടില്‍ തന്നെ കേക്ക് ഉണ്ടാക്കാം, വെറും ഒരു മണിക്കൂര്‍കൊണ്ട്...

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Sunday 24 Dec 2017 12.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW