Wednesday, June 26, 2019 Last Updated 43 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 24 Dec 2017 01.06 AM

കഥ(കല)യുടെ ഗൂഢഞരമ്പുകള്‍

uploads/news/2017/12/177406/book.jpg

വേറിട്ട കാഴ്‌ചകളിലേക്കുള്ള കലയുടെ താക്കോലാണു ചെറുകഥയെന്നു പറയാറുണ്ട്‌. 'ഗൂഢം' എന്ന കഥാസമാഹാരത്തിലെ രാജീവ്‌ ശിവശങ്കറിന്റെ കഥകളും അത്തരം താക്കോലുകളാണ്‌. കാഴ്‌ചയിലേക്കു മാത്രമല്ല, പുതിയ ചിന്തകളിലേക്ക്‌, ജീവിത പരിസരങ്ങളിലേക്ക്‌, മനസിന്റെ ഇരുണ്ട മൂലകളിലേക്ക്‌, വാക്കുകളുടെ വേറിട്ട അര്‍ഥതലങ്ങളിലേക്ക്‌ ഒക്കെ അതു വാതില്‍ തുറക്കുന്നു. 2013ല്‍ തമോവേദം എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പട്ടതുമുതല്‍ ഈ എഴുത്തുകാരനെ ശ്രദ്ധിക്കാറുണ്ട്‌. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏഴു നോവലുകള്‍ ഇദ്ദേഹത്തിന്റേതായി പുറത്തുവന്നെങ്കിലും ഒരു കഥാസമാഹാരമേ ഉള്ളല്ലോ എന്ന്‌ ആലോചിക്കാറുണ്ടായിരുന്നു. ദൈവമരത്തിലെ ഇല എന്ന ആദ്യ കഥാസമാഹാരത്തിന്‌ മനോരാജ്‌ സ്‌മാരക പുരസ്‌കാരം ലഭിച്ചിട്ടും അടുത്തതിറങ്ങാന്‍ ഇത്ര വൈകിയതെന്തെന്നത്‌ അന്വേഷിച്ചറിയേണ്ട കാര്യമാണ്‌.
കൈപ്പിടിയിലൊതുങ്ങി എന്നു തോന്നിത്തുടങ്ങുമ്പോള്‍ അപ്രതീക്ഷിതമായി പറന്നുയരുന്ന പക്ഷിയാകണം, മികച്ച കഥകള്‍ എന്നു പടിഞ്ഞാറന്‍ നിരൂപകര്‍ പറയാറുണ്ട്‌. ഗൂഢം എന്ന സമാഹാരത്തിലെ അതേ പേരുള്ള കഥ ഇതിനു മികച്ച ഉദാഹരണമത്രേ. വായനക്കാരന്റെ കൈപിടിച്ചു നടക്കുന്നതിനിടയില്‍ പൊടുന്നനെ കഥാകാരന്‍ അപ്രത്യക്ഷനാവുകയോ അതുവരെ ആലോചിക്കാത്ത തിരിവിലേക്ക്‌ കഥയെ വഴിതിരിച്ചുവിടുകയോ ചെയ്യുന്നു. പഴയ പത്മരാജന്‍ കഥകളിലെപ്പോലെ നാടന്‍പരിസരങ്ങളില്‍നിന്ന്‌ ഉള്ളില്‍ നീറിപ്പിടിച്ച പ്രതികാരവാഞ്‌ഛയാണ്‌ ഗൂഢം എന്ന കഥയുടെ കേന്ദ്രബിന്ദു. പക്ഷേ, നാല്‍പത്തിയേഴുവര്‍ഷവും മൂന്നുമാസവും കഴിഞ്ഞ്‌ കൗമാരകാല സൗഹൃദങ്ങള്‍ തേടിയെത്തുന്ന തമ്പാനാണ്‌ ഇതിലെ നായകന്‍. കഥാവസാനം, തമ്പാന്‍ കത്തിയെടുക്കുമ്പോള്‍ അതുവരെ ഒളിച്ചുവച്ചൊരു രഹസ്യമറിഞ്ഞ്‌ വായനക്കാരന്റെയും നെഞ്ചുപിടയ്‌ക്കുന്നു. സത്യത്തില്‍, കരിയിലപ്പാടത്തെ വിലാസിനിയെ ഒളിഞ്ഞുനോക്കുന്ന കഥാപാത്രത്തിന്റെ മനസിലെ എരിയും പുളിയും തുടക്കത്തിലേ അറിഞ്ഞിട്ടും അയാളെ നമ്മള്‍ സംശയിക്കാതിരിക്കുന്നത്‌ എഴുത്തിന്റെ മാന്ത്രികതകൊണ്ടുമാത്രമാണ്‌. ഇതേ മാന്ത്രികസ്‌പര്‍ശം നിറഞ്ഞ മറ്റൊരു കഥയാണ്‌ വിവാഹവാര്‍ഷികം. ക്രിസ്‌മസ്‌ നക്ഷത്രം തൂക്കാന്‍ പള്ളിമുറ്റത്തെ വാകമരത്തില്‍ കയറി വീണു നടുവൊടിഞ്ഞുമരിച്ച തൊമ്മിയുടെ മകന്‍ ആന്റോയാണ്‌ ഒറ്റനക്ഷത്രം എന്ന കഥയിലെ നായകന്‍. ബൈബിള്‍ വചനമുദ്ധരിച്ച്‌ ചക്കരപ്പറമ്പിലച്ചന്റെ മുന്നില്‍ അയാളുയര്‍ത്തുന്ന ഓരോ ചോദ്യവും തീച്ചൂടുള്ളതാണ്‌. കൂട്ടം തെറ്റിയകുഞ്ഞാടിനെ പിന്തുടരുന്ന നല്ലിടയനുവേണ്ടി നിലകൊള്ളുന്ന സഭ ആട്ടിറച്ചികഴിക്കുന്നതിലെ യുക്‌തിയും പള്ളിപുതുക്കിപ്പണിയുന്നതിലും പ്രധാനം കൂട്ടമാനഭംഗക്കേസില്‍ പിഴച്ചുപെറ്റ ക്രിസ്‌ത്യാനിപ്പെണ്ണിന്റെ ജീവിതത്തിനു സുരക്ഷിതത്വത്തിന്റെ പുല്‍ക്കൂടൊരുക്കുന്നതാണെന്നുമൊക്കെ അയാള്‍ പറയുമ്പോള്‍ വായനക്കാരനും അതില്‍ പക്ഷംചേരുന്നു.
ഒറ്റനക്ഷത്രത്തിന്റെ കഥാപരിസരം പള്ളിയും ക്രിസ്‌മസുമാണെങ്കില്‍ കൃഷ്‌ണലീല എന്ന കഥയുടേത്‌ അമ്പലവും സപ്‌താഹവുമാണ്‌. ചിദാനന്ദത്തിന്റെ പാല്‍ക്കടല്‍ അലയടിക്കുന്ന കണ്ണുകളുള്ള അച്യുതന്‍നായര്‍ എന്ന കഥാപാത്രം ജീവിതം ഏതര്‍ഥത്തിലും സംപൂജ്യമാണെന്ന്‌ ആധ്യാത്മികതയുടെ നൂലിന്‍തുമ്പുപിടിച്ചു സമര്‍ഥിക്കുന്നു. മറ്റുള്ളവര്‍ മാനസിക രോഗിയെന്നു സംശയിക്കുന്ന അയാളെ സുഹൃത്തായ വിജയന്‍മാഷ്‌ കാറിലിരുത്തി ആശുപത്രിയിലേക്കു പുറപ്പെടുമ്പോള്‍ അച്യുതന്‍നായര്‍ ഉരുവിടുന്നത്‌ ഭഗവദ്‌ഗീതയിലെ പ്രസിദ്ധമായ വരികളാണ്‌. പൊടുന്നനെ കാര്‍ തേരാകുന്നു. അച്യുതന്‍നായര്‍ ശ്രീകൃഷ്‌ണനിലേക്കും വിജയന്‍ അര്‍ജുനനിലേക്കും പരിവര്‍ത്തനപ്പെടുന്നു. കഥാപാത്രങ്ങളുടെ പേരുപോലും എത്ര സൂക്ഷ്‌മായിട്ടാണു നിശ്‌ചയിച്ചിരുന്നതെന്ന്‌ അപ്പോഴേ നമ്മളറിയുന്നുള്ളൂ. കുടുംബനാഥന്‍, ഷുഗര്‍ഫ്രീ, െ്രെകം ഫയല്‍ എന്നീ കഥകളും ജാലകക്കാഴ്‌ചകള്‍ എന്ന നീണ്ട കഥയും നാഗരിക ജീവിതത്തിന്റെ കൃത്രിമച്ചേരുവകളെക്കുറിച്ചു സംസാരിക്കുന്നു. വൃദ്ധന്റെ പ്രണയാതുരതയാണ്‌ ഷുഗര്‍ഫ്രീ ചര്‍ച്ചചെയ്യുന്നതെങ്കില്‍ ഭാര്യയെ നടുസ്‌ഥാനത്തുനിര്‍ത്തി ജീവിതം നയിക്കുന്ന പുരുഷന്റെ കാപട്യത്തെ കുടുംബനാഥനും ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുന്ന ഭര്‍ത്താവിന്റെ ക്രിമിനല്‍ സ്വഭാവത്തെ െ്രെകം ഫയലും ചര്‍ച്ച ചെയ്യുന്നു. നാവേറ്‌ എന്ന കഥ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്‌. മെട്രോ നഗരത്തില്‍ നിന്നു തുരത്തപ്പെടുന്ന നായ്‌ക്കളെക്കുറിച്ചാണ്‌ ഈ കഥ പറയുന്നത്‌.
ജാലകക്കാഴ്‌ചകള്‍ ഒരു കുറ്റാന്വേഷണകഥകൂടിയാണ്‌. ഭാവഭദ്രമായ ചലച്ചിത്രം പോലെ ഈ കഥ ആസ്വദിക്കാം. സിനിമാ ഫ്രെയിംപോലെ കൃത്യമായ കാഴ്‌ചകളിലൂടെയാണ്‌ ഫ്‌ലാറ്റ്‌ ജീവിതം നമുക്കുമുമ്പില്‍ പങ്കുവയ്‌ക്കപ്പെടുന്നത്‌. ചിലകാലമിങ്ങനെ എന്ന കഥയും ഒരു തരത്തില്‍ കുറ്റാന്വേഷണമാണ്‌. പക്ഷേ, ഇതിന്‌ ഫാന്റസിയുടെ കൊതിപ്പിക്കുന്നൊരു തലമുണ്ട്‌. പ്രാണസഞ്ചാരം എന്ന നോവലിലും ഒരു പരിധിവരെ തമോവേദത്തിലും പരലോകജീവിതവും അതിന്റെ വിഭ്രാമകസാധ്യതയും ഈ കഥാകാരന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌. നാലാം നാള്‍ എന്ന നീണ്ട കഥയും ഇതേ വഴിയിലൂടെ സഞ്ചരിക്കുന്നതാണ്‌. വിശ്വനാഥക്കുറുപ്പുമാഷിന്റെയും ഭാമടീച്ചറിന്റെയും ജീവിതത്തെ ഒരു ക്യാമറപോലെ പിന്തുടരുന്ന കഥാകാരന്‍ വായനക്കാരനെ ഒപ്പം കൂട്ടുകയും കഥാവസാനം ഒരു വലിയ നടുക്കവും നിലവിളിയും സമ്മാനിക്കുകയും ചെയ്യുന്നു.

ഗൂഢം (കഥാസമാഹാരം)
രാജീവ്‌ ശിവശങ്കര്‍
ലോഗോസ്‌ ബുക്‌സ്
വില: 150 രൂപ

ബാലചന്ദ്രന്‍

Ads by Google
Sunday 24 Dec 2017 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW